- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ എൽ 10: മതവേലിക്കെട്ട് ഭേദിച്ച സാംസ്കാരിക വിപ്ലവം; മന പൊളിക്കാൻ മലപ്പുറത്ത് ബോംബ് തിരയുന്ന വിഷപ്രചാരകർക്കുള്ള മലബാറിന്റെ ഉചിതമായ മറുപടി; വ്യത്യസ്ത ഗെറ്റപ്പിൽ ഗോളടിച്ച് ഉണ്ണിമുകുന്ദൻ; രസംകൊല്ലിയാവുന്നത് കഥയിലെ കാമ്പില്ലായ്മ
മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട, സമീപകാലത്തെ രാഷ്ട്രീയവും സാംസ്കാരികവുമായ വ്യവഹാരങ്ങൾ എടുത്തുപരിശോധിച്ചാൽ കെ എൽ 10 എന്നത് വെറും വാഹനരജിസ്ട്രഷൻ നമ്പറല്ലെന്ന് അർക്കും ബോധ്യമാവും. മലപ്പുറം രജിസ്‌ട്രേഷനിനുള്ള ഒരു വണ്ടി അസമയയത്ത് റോഡരികിൽ കിടക്കുന്നതു കണ്ടാൽ, മാദ്ധ്യമ കേന്ദ്രീകൃതമായ പൊതുബോധം സൃഷ്ടിച്ച ഒരു സംശയരോഗം പൊട്ടിമുളക്
മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട, സമീപകാലത്തെ രാഷ്ട്രീയവും സാംസ്കാരികവുമായ വ്യവഹാരങ്ങൾ എടുത്തുപരിശോധിച്ചാൽ കെ എൽ 10 എന്നത് വെറും വാഹനരജിസ്ട്രഷൻ നമ്പറല്ലെന്ന് അർക്കും ബോധ്യമാവും. മലപ്പുറം രജിസ്‌ട്രേഷനിനുള്ള ഒരു വണ്ടി അസമയയത്ത് റോഡരികിൽ കിടക്കുന്നതു കണ്ടാൽ, മാദ്ധ്യമ കേന്ദ്രീകൃതമായ പൊതുബോധം സൃഷ്ടിച്ച ഒരു സംശയരോഗം പൊട്ടിമുളക്കാറുണ്ട്. കുഴൽപ്പണസ്വർണക്കടുത്തുമുതൽ തീവ്രവാദംവരെയുള്ള നൂറുനൂറു ആകുലതകൾ ഞൊടിയടയിൽ നിറക്കാൻ ആ ഒരൊറ്റ വണ്ടി നമ്പർ കൊണ്ട് കഴിയുന്നു.പക്ഷേ ഇത് സാമാന്യവത്ക്കരണം മാത്രമാണെന്നും, കേരളത്തിൽ എല്ലായിടത്തുമുള്ള ഗ്രാമങ്ങളെപ്പോലെതന്നെ ശാന്തരും സൗഹൃദപ്രിയരായ ഒരു സമൂഹമാണ് മലപ്പുറത്തുള്ളതെന്നും അവിടെ ഒരു തവണയെങ്കിലും താമസിച്ചവർക്ക് ബോധ്യമാവും. പക്ഷേ ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങളോ.
മലപ്പുറത്ത് റംസാൻ മാസത്തിൽ സ്‌കൂളുകളിൽ അമുസ്ലീങ്ങളായ കുട്ടികൾക്ക് ഭക്ഷണപോലും കൊടുക്കാറില്‌ളെന്ന വിഷലിപ്തമായ കാമ്പയിനാണ് ഏറ്റവും ഒടുവിൽ ഫേസ്‌ബുക്കിലൂടെയും 'ജനം' ടിവീയിലൂടെയുമൊക്കെ ഉണ്ടായത്. ബീഫ് തീറ്റ മുതൽ സ്വവർഗരതിവരെയുള്ള നൂറുകണക്കിന് ആക്ഷേപങ്ങൾ സംഘികൾ ഫേസ്‌ബുക്കിൽ മലപ്പുറം ജില്ലയെക്കുറിച്ച് അടിച്ചുവിടുന്നതുകാണുമ്പോൾ ഈ ലേഖകനൊക്കെ അന്തംവിട്ട് പേകാറുണ്ട്. ഈയിടെ സുബ്രമണ്യം സ്വാമി മലപ്പുറം ജില്ലയെക്കുറിച്ച് വിഷം ചീറ്റിയത് ആവർത്തിക്കുന്നില്ല. തൊഗാഡിയതൊട്ട് നമ്മുടെ ശശികല ടീച്ചവരെയുള്ളവർക്ക് പ്രസംഗത്തിനിടയിൽ തൊട്ടുതലോടാനും, ഇതാ ഒരു കുട്ടിപാക്കിസ്ഥാൻ എന്ന് അധിക്ഷേപിക്കാനുമുള്ള പ്രദേശമാണ് മലപ്പുറം. (നമ്മുടെ ആറാംതമ്പുരാൻ ജഗന്നാഥൻ പറഞ്ഞത് ഓർക്കുന്നില്ലേ. മന പൊളിക്കാനുള്ള ബോംബ് വേണമെങ്കിൽ മലപ്പുറത്തുനിന്ന് പെട്ടെന്ന് കൊണ്ടുവരാമെന്ന്!)
പക്ഷേ ഇങ്ങനെയുള്ള പ്രചാരണങ്ങൾക്കിടയിലാണ് കെ.എൽ.പത്തിന്റെ വരവ്.ഇത്തരം ഒരു സംഭവങ്ങും സിനിമ പരാമർശിക്കുന്നിലെങ്കിലും ഈ കാലത്തിന്റെ പ്രത്യേകതകൊണ്ട് ഇതൊരു രാഷ്ട്രീയ ചിത്രമാവുകയാണ്.ഇതുവരെ വെള്ളിത്തിരയുടെ പൊതുഇടത്തിലേക്ക് എത്താത്ത ഒരു പ്രദേശത്തിന്റെ ചിത്രം ഏതാണ്ടൊക്കെ സത്യസന്ധമായി കാണിച്ചു തന്നതിനാണ് കെ എൽ 10 എന്ന സിനിമയുടെ സംവിധായകൻ മുഹ്‌സിൻ പരാരിയെ ആദ്യമായി അഭിവാദ്യം ചെയ്യുന്നത്.ഫുട്ബോൾ കമ്പക്കാരും,സൽക്കാരപ്രിയരും സമാധാനകാംക്ഷികളുമായ മലബാറുകാരുടെ കഥ, ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുമ്പോൾ അതിന് ഒരു മൊഞ്ചുണ്ട്. വ്യത്യസ്തമായൊരു രാഷ്ട്രീയ പരിസരമുണ്ട്. പക്ഷേ അത് പുർണാർഥത്തിൽ ഫലിപ്പിക്കാൻ ഈ സിനിമക്ക് ആയിട്ടില്‌ളെങ്കിലും, ഈ മാറ്റം ശ്രദ്ധേയമാണ്.
മതവേലിക്കെട്ട് ഭേദിച്ച സാംസ്കാരിക വിപ്ലവം
നോക്കൂ, ഒരു അഗ്രഹാരത്തിൽ എന്താണ് സംഭവിക്കുന്നതെന്നും, എങ്ങനെയാണ് അരിപ്പൊടികൊണ്ട് കോലം എഴുതുന്നത് എന്നൊക്കെ നാം എത്രയോതവണ സിനിമയിൽ കണ്ടതാണ്.അതുകൊണ്ടുതന്നെ ഒരു അഗ്രഹാര ബ്രാഹ്മണൻ എന്നത് നമ്മുടെ മനസ്സിൽ സാത്വികമായ ഒരു പൊതുബോധമാണ് സൃഷ്ടിക്കുന്നത്. പള്ളിമേടകളിലെയും പുരോഹിതരുടെയും കഥകൾ നാം ഒരുപാട് കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഫലിതപ്രിയരും അൽപ്പം വെള്ളമടിയും വാചകമടിയുമൊക്കെയുള്ള, എന്നാൽ എല്ലാവിധ സത്കർമ്മങ്ങൾക്കും പിന്തുണയേകുന്ന മികച്ച വ്യക്തിത്വങ്ങൾ എന്നബോധമാണ് ഒരു ക്രൈസ്തവ
പുരോഹിതനെ കാണുമ്പോൾ ഉണ്ടാവുക. എന്നാൽ മുസ്ലിം സമുദായത്തിലേക്ക് കടന്നാലോ. മരിയാദക്ക് നിസ്‌ക്കരിക്കുന്ന ഒരു ഷോട്ടുപോലും നമ്മുടെ മുഖ്യധാരാ സിനിമയിൽ കണ്ടതായി ഓർമയിലില്ല. ഉസ്താദ് ഹോട്ടലിനെ 'സുബാനള്ളാ' എന്നുതുടങ്ങുന്ന ഗാനം സുപ്രഭാതത്തിനുപകരം കേട്ടത്, ഈയടുത്ത കാലത്ത് മാത്രമാണെല്ലോ.അതുകൊണ്ടുതന്നെ അപരവത്ക്കരണത്തിന് എളുപ്പം കഴിയുന്ന വിഭാഗമായി ഈ സമുദായംമാറിയതിൽ അത്ഭുദമില്ല. പർദയിട്ട ഒരു സ്ത്രീയെയോ, താടിവളർത്തിയ ഒരു മൗലവിയെയോ കാണുമ്പോൾ മേൽപ്പറഞ്ഞ പോസറ്റീവ് അവബോധം പൊതുജനത്തിനിടയിൽ സൃഷ്ടിക്കപ്പെടാത്തതിന് ഇതും ഒരു കാരണമാണ്.
(മാത്രമല്ല, തോന്നിയപോലെ പെണ്ണുകെട്ടുന്നവരും, മൊഴിചൊല്ലുന്നവരും കാശിനുവേണ്ടി എന്തുചെയ്യാൻ മടിക്കാത്തവരുമാണെന്ന് മുസ്ലിംസമുദായത്തെ താറടിക്കുന്ന സിനിമകളും ധാരാളമുണ്ടായിരുന്നു.ഈയിടെവരെ നമ്മുടെ സ്‌കിറ്റുകളിലെ മുസ്ലിം കഥാപാത്രങ്ങളൊക്കെ ഈ ജനുസ്സിൽപെട്ടവരായിരുന്നു. മൂന്നും നാലും പെണ്ണും കെട്ടി, വായിൽ മൈക്ക് കയറ്റി്വച്ചപോലെ ഉച്ചത്തിൽ ആമിനാ, ബുഷ്‌റാ എന്നൊക്കെ അലറുന്ന മനുഷ്യർ ഇക്കാലത്ത് എവിടെയാണാവോ) അടുത്തകാലം വരെ സിനിമയെ ഹറാമായി തള്ളിയ മുസ്ലിം സംഘടകൾതന്നെയാണ് ഇക്കാര്യത്തിൽ ആദ്യം പ്രതിക്കൂട്ടിൽ ആവുന്നുതും. (ഇപ്പോഴും ജിന്നും, ശിർക്കും പറഞ്ഞ് സമയം കളയുന്ന ഇത്തരം സംഘടകളെ ഈ സിനിമ പരിഹസിക്കുന്നുമുണ്ട്.അതുകൊണ്ടുതന്നെ ചില ഇസ്ലാമിക തുക്കടാ സംഘടനകൾ ഈ ചിത്രത്തിനെതിരെ തിരയാനും നല്ല സാധ്യതയുണ്ട്) ലോകത്തിലെ ഏറ്റവും ശക്തമായ മാദ്ധ്യമത്തിനുനേരെ പുറംതിരഞ്ഞ് തുരുത്തുകൾ സൃഷ്ടിക്കാനാണ് അവർ ശ്രമിച്ചത്. പക്ഷേ കേരളത്തിലെ എല്ലാം സമുഹങ്ങളലുമെന്നപോലെ ചെറുപ്പക്കാർക്കിടയിൽ മലബാറിലും ഉണ്ടാകുന്ന മാറ്റമാണ് ഇത്തരം സിനിമകൾ ഉണ്ടാകുന്നതിൽ കലാശിക്കുന്നത്. ആ രീതിയിൽ നോക്കുമ്പോൾ വലിയ സാംസ്കാരിക വിപ്‌ളവം തന്നെയാണ് കെ എൽ 10. പക്ഷേ കലാപരമായി വിലയിരത്തുമ്പോഴോ?
ഇത് ഒരു ജിന്ന് പറയുന്ന കഥയാണ്!
ന്യൂജൻ സിനിമകളിൽ പലതരത്തിലുള്ള നരേഷനുകൾ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിലൊന്ന് ആദ്യമാണ്. നമ്മുടെ ഫ്രീക്ക് പയ്യനായ ശ്രീനാഥ് ഭാസിയാണ് ജിന്നായി വന്ന് തകർന്നത്. അവിടെതുടങ്ങുന്നകെ എൽ 10ന്റെ പുതുമകൾ. മുഖ്യാധാര സിനിമ വേണ്ടവിധത്തിൽ അഭിസംബോധനചെയ്തിട്ടില്ലാത്ത പല സാംസ്കാരിക ഇടങ്ങളിലൂടെയുള്ള അക്ഷേപഹാസ്യത്തിൽ പൊതിഞ്ഞ യാത്രയാവുകയാണ് കെ എൽ 10. ഇടക്കൊക്കെ ഗട്ടറിൽ ചാടുന്നുണ്ടെങ്കിലും മൊത്തത്തിൽ ഈ യാത്ര വലിയ കുഴപ്പമില്ല .പക്ഷേ കാതലുള്ള ഒരു സിനിമയാക്കി വികസിപ്പിക്കാനുള്ള അവസരം മുഹ്‌സിൻ പരാരി കളഞ്ഞു കുളിച്ചു. അതാണ് ഈ സിനിമയുടെ ദൗർബല്യവും. എന്നാൽ കാശുകൊടുത്ത് കയറുന്ന പ്രേക്ഷകന് പുതുമയുടെയും പൊട്ടിച്ചിരിയുടെയും ഒരുപാട് നിമിഷങ്ങൾ ചിത്രം സമ്മാനിക്കുന്നുണ്ട്. മൊത്തത്തിൽ നൂറിൽ അറുപത് മാർക്ക് കൊടുക്കാവുന്ന ചിത്രമാണിത്. പക്ഷേ പ്രമേയത്തിൽ മനസ്സിരുത്തിയൊന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ എൺപത് മാർക്കകിട്ടാവുന്നതാക്കി ഇതിനെ മാറ്റാമായിരുന്നു.
അറബിക് കോളജിൽനിന്ന് ബിരുദം നേടിയ, മികച്ച ഫുട്ബോൾ കളിക്കാരനായ അഹമ്മദിന്റെ ( ഉണ്ണിമുകുന്ദൻ) പ്രണയസാക്ഷാത്ക്കാരത്തിനായുള്ള യാത്രയുടെ കഥയാണിത്. കാമുകി ഷാഹിദക്കൊപ്പം ( ചാന്ദ്‌നി ശ്രീധരൻ) കണ്ണൂരിലേക്ക് വിവാഹം രജിസ്റ്റർചെയ്യാനായി ഒരു കെ.എൽ.പത്ത് കാറിൽ ഒളിച്ചോടുകയാണ് അഹമ്മദ്. ഇതറിഞ്ഞ് അഹമ്മദിന്റെ ചേട്ടൻ അജ്മലും ( സൈജുകുറുപ്പും ) സംഘവും അവരെ പിടിക്കാനായി തൊട്ടുപിന്നാലെ വച്ചടിക്കുന്നു. അജുവർഗീസും, നീരജ്മാധവും അടങ്ങുന്ന യുവസംഘമാണ് ഈ ടീമിലുള്ളത് എന്നതുകൊണ്ടുതന്നെ ബോറടിയില്ലാത്ത തമാശകളുമായി ചിത്രം ചൂടുപിടിക്കുന്നു. ഇതിൽ കോഴിക്കോടിന്റെ രുചിപ്പെരുമായും, മലബാറിന്റെ കാൽപ്പത്തുഭ്രാന്തും എല്ലാം കടന്നുവരുന്നുണ്ട്. കാമുകിയെ നഷ്ടപ്പെട്ടപ്പോഴാണോ, ലോകകപ്പ് ഫൈനലിൽ അർജന്റീനക്കെതിരെ ജർമ്മനിയുടെ ഗോറ്റ്‌സേ ഗോളടിച്ചപ്പോഴാണോ നിനക്ക് കൂടുതൽ സങ്കടം തോന്നിയതെന്ന് അജുവർഗീസ് ചോദിക്കുമ്പോൾ ഉണ്ണിമുകന്ദന്റെ മറുപടി ജർമ്മനി ഗോളടിച്ചപ്പോഴെന്നാണ്! സിനിമയുടെ തുടക്കത്തിൽ പെനാൽട്ടി കിക്ക് നേരിടുന്ന ഗോളി പ്രാർത്ഥിക്കുന്നത് 'പടച്ചവനേ ഇത് ഗോളാക്കല്ലേ, ഞാനിനി ഒരിക്കലും വെള്ളിയാഴ്ച ജുമാ ഒഴിവാക്കി സിനിമക്ക് പോവില്‌ളെന്നാണ്'!അതുപോലെതന്നെ പുരുഷന്മാർ മാത്രമുള്ള ഒരു അറബി കോളജിൽ ഒരു പെൺകുട്ടിവരുമ്പോഴുള്ള രംഗങ്ങളെല്ലാം നർമത്തിൽ ചാലിച്ച് സമ്പുഷ്ടമാക്കാൻ സംവിധായകന് ആയിട്ടുണ്ട്. ഉസ്താദുമാർ ദൈവഭയം വർധിപ്പിച്ചും,നരകത്തെക്കുറിച്ച് പറഞ്ഞ് പേടിപ്പിച്ച് നിർത്തിയിട്ടും മനുഷ്യന്റെ അടിസ്ഥാനചോദന അണപൊട്ടുന്നത് അതിഗംഭീരമായ കോമഡിയിലൂടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകളുടെ കഥ നാം പലതവണ കേട്ടിട്ടുണ്ടെിലും അറബിക് കോളജിലെ ജീവിതം അപുർവമാണ്. ബോംബുണ്ടാനുള്ള സാങ്കേതികവിദ്യയും, തീവ്രവാദവുമൊന്നുമല്ല ഇവിടെ പഠിപ്പിക്കുന്നതെന്നും, മറ്റു കാമ്പസുകളിലെപോലെ തന്നെ ഫിലിംഫെസ്റ്റിവലുകളും സംവാദങ്ങളും സൗഹൃദക്കുട്ടങ്ങളുമായി തിളച്ചുനിൽക്കുന്ന യൗവനം ഇവിടെയുമുണ്ടെന്നും 'വിഷപ്രചാരകരെ' കെ.എൽ പത്ത് ഓർമ്മിപ്പിക്കുന്നു.
നായകന്റെ പൃഷ്ടം താങ്ങികളല്ലാതെ സഹതാരങ്ങൾ
ഒട്ടും താരകേന്ദ്രീകൃതമല്ല ഈ സിനിമയെന്നതും പ്രത്യേകതയാണ്.അക്കാര്യത്തിൽ ഉണ്ണിമുകന്ദനെ സമ്മതിക്കണം. നായകന്റെ പൃഷ്ടംതാങ്ങികളല്ലാതെ, സഹതാരങ്ങൾക്കും സ്വന്തമായി അസ്തിത്വമുള്ള ചിത്രമാണിത്. കൈ്‌ളമാക്‌സിൽ നായകൻ ഗോളടിച്ചു ജയിപ്പിക്കുന്ന ക്‌ളീഷെ ഇവിടെയില്ല. നായകന് നായികയേക്കാൾ പ്രായം കുറവാണെന്ന മലയാള വാണിജ്യസിനിമയിലെ അത്യപൂർവതയും ഇവിടെയുണ്ട്.അഹമ്മദിന്റെയും ഷാഹിദയുടെയും വിവാഹം രജിസ്റ്റർ ചെയ്യാൻ പറ്റാത്തത് വരന് 21വയസ്സ് തികഞ്ഞുവെന്ന് സർട്ടിഫിക്കേറ്റിൽ വ്യക്തതയില്ലാത്തതിനാലാണ്. തടികുറച്ചും ശരീരഭാഷയാകെ മാറ്റിയും ഉണ്ണിമുകുന്ദൻ ഈ കഥാപാത്രത്തോട് തീർത്തും നീതിപുലർത്തുന്നുണ്ട്. നിവിൻപോളിയെപ്പോലെ പ്രായം എത്രീതിയിലും മാറ്റാൻ കഴിവുള്ള നടനായി ഉണ്ണിയും മാറുകയാണോ?
മാമുക്കോയ ഉൾപ്പെടയുള്ള സീനിയർ നടന്മാരടക്കം, അഭിനയിച്ചവരിൽ ആരും ഇതിൽ മോശമായിട്ടില്ല.അഹമ്മദ് സിദ്ദീഖിചെയ്ത റോഷൻ എന്ന വിപ്‌ളവ സ്വപ്നങ്ങളുള്ള ചെറുപ്പക്കാരന്റെ കാരിക്കേച്ചർ സ്വഭാവമുള്ള കഥാപാത്രവും മികച്ചതായി.ഗ്രാമത്തിന്റെ ബഹുസ്വരസ്വതയെക്കുറിച്ച് ഉത്കണ്ഠപ്പെടുന്ന ഈ ഇടതുപക്ഷ ബുദ്ധിജീവി ഗ്രാമത്തിലെ മുസ്ലിം കുട്ടികളെ സംഘടിപ്പിച്ച് ക്രിസ്മസ് കരോൾ നടത്തുകയാണ്! ഇത്തരം ആഴത്തിലുള്ള രാഷ്ട്രീയ ചിന്തകൾക്ക് ഹാസ്യത്തിൽ പൊതിഞ്ഞ് മേമ്പൊടിയിടുമ്പോഴും, 'അവർക്ക ് അവരുടെ രാഷ്ട്രീയം എനിക്ക് എന്റെ രാഷ്ട്രീയം' എന്ന നിഷപക്ഷതയിൽ അവസാനിക്കയാണ് ഈ ചിത്രം.ബിജിപാലിന്റെ ഇമ്പമുള്ള നാടൻശീലുകളാർന്ന സംഗീതവും വിഷ്ണുനാരായണന്റെ ക്യാമറയും ചിത്രത്തിന് മുതൽക്കുട്ടുതന്നെ.
പക്ഷേ കഥയും തിരക്കഥയും കൂടി ഒരുക്കിയ മുഹ്‌സിൻ പരാരി പ്രമേയ വികസനത്തിൽ കുറച്ചുകൂടി ശ്രദ്ധിക്കണമായിരുന്നു. നോൺലീനിയറായി ഫ്‌ളാഷ്ബാക്കിലൂടെ കഥപറഞ്ഞ് പോവുമ്പോൾ ചില കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധം വിശദീകരിക്കാത്തത് ആസ്വാദനത്തിന് കല്ലുകടിയാവുന്നു. കുഞ്ഞുണ്ണിയെന്ന കഥാപാത്രം ഉദാഹരണം. അഹമ്മദിന് കാറിൽനിന്ന് കണ്ടുകിട്ടുന്ന കുറെപണത്തിന്റെ പിന്നിലെ ഗുട്ടൻസും ചിത്രം വ്യക്തമായി പറയുന്നില്ല. ഒരു ഊമക്കത്ത് ടൈപ്പ് ചെയ്തതിന്റെ പേരിൽ ഒരുത്തനൊരു നാനോ കാർകിട്ടുന്നുണ്ട്! ഇതിനെല്ലാം ഉപരിയായി ഒരേ സമുദായത്തിൽപെട്ട, എതാണ്ട് ഒരേ സാമ്പത്തികമുള്ള രണ്ടുപേർക്ക് വിവാഹിരാവാൻ എന്താണിത്ര പൊല്ലാപ്പെന്ന് സംവിധായകന് മനസ്സിലാക്കിത്തരാൻ ആവുന്നില്ല. പിന്നെ, പ്രത്യേകിച്ച് വേലയൊന്നുമില്ലാതെ പന്തുകളിയും തീറ്റഭ്രാന്തുമായി ജീവിക്കുന്ന ചെറുപ്പക്കാരാണ് ഇവരെന്ന് ആരെങ്കിലും ആക്ഷേപിച്ചാൽ കുറ്റം പറയാൻ കഴിയില്ല. കഥാപാത്രങ്ങളുടെ ഡീറ്റെയ്ൽസിലേക്ക് പോകാതിരിക്കുക എന്ന ന്യൂജൻ ബാധ്യതകൊണ്ട് വന്നുപെട്ടതാവണം ഇത്.
'മയ' മഴയുടെ പര്യായമാവുമ്പോൾ!
പലപ്പോഴും തീർത്തും പരിഹസിക്കപ്പെടുന്ന മലബാർ വാമൊഴിവഴക്കത്തിന്റെ സൗന്ദര്യവും ചിത്രം കാണിച്ചുതരുന്നുണ്ട്. 'മയ'യെന്ന് താൻ പറഞ്ഞതിനെ പരിഹസിക്കുന്ന നായികയോട,് മഴയുടെ പര്യായമാണിതെന്ന് അഹമ്മദ് പറയുന്നത് കൃത്യമായ രാഷ്ട്രീയ പ്രസ്താവനയാണ്. 'മയപെയ്തു, പുയവെള്ളം' എന്ന ഗാനവും ഇതോടൊപ്പം ഹിറ്റായി കഴിഞ്ഞു. നാട്ടുഭാഷകൾക്കുമേൽ വന്ന സിനിമാറ്റിക്ക് ആധിപത്യമാണ് വള്ളുവനാടൻ മലയാളമാണ് യഥാർഥ തെളിമലയാളമെന്ന നടപ്പുരീതിയുണ്ടാക്കിയത്. ( തിരുവനന്തപുരത്തുകാർപോലും വള്ളുവനാടൻ മലയാളം പറയുന്ന രീതിയിലായിരുന്നു കുറച്ചുകാലം മുമ്പുവരെയുള്ള നമ്മുടെ പടങ്ങൾ. ഭാഗ്യലക്ഷ്മിയെപ്പോലുള്ളവരുടെ ഡബ്ബിംങ്ങും ഇതിന് മാറ്റുകൂട്ടുകയാണ് ചെയ്തത്) മറ്റുള്ളവരടെ ഭക്ഷണശീലങ്ങളെ, വസ്ത്രധാരത്തെ, സാംസ്കാരിക പ്രത്യേകകതകളെ, പ്രാദേശിക ഭാഷകളെയാക്കെ പരഹസിച്ചുകൊണ്ടാണ് എക്കാലവും ഫാസിസ്റ്റുകൾ കടന്നുവരികയെന്നത് ചരിത്രമാണ്. ആ രീതിയിൽ നോക്കുമ്പോൾ പ്രദേശികമായ സാംസ്കാരിക സ്വത്വങ്ങളെ പരിഗണിക്കുന്നു ഈ ചിത്രം ഫാസിസ്റ്റ് വിരുദ്ധം കൂടിയാവുന്നു. സംവിധായകൻ ഇതൊന്നും അറിഞ്ഞ് ചെയ്തതല്‌ളെങ്കിലും.
വാൽക്കഷ്ണം: ഈ ചിത്രത്തെക്കുറിച്ച് പറയുമ്പോൾ എറ്റവും കൂടുതൽ അഭിനന്ദിക്കേണ്ടത് സഹനിർമ്മാതാവും വിതരണക്കാരനുമായ ലാൽ ജോസിനെയാണ്. വെറും 26വയസ്സുള്ള പുതുമുഖമായ മുഹ്‌സിൻ പരാരിക്ക് അവസരം കൊടുത്തത് അദ്ദേഹമാണല്ലോ. മുമ്പൊക്കെയായിരുന്നെങ്കിൽ കാൽനൂറ്റാണ്ടുകാലം അസിസ്റ്റന്റ് ഡയറക്ടറായി ജീവിതാവസാനത്തിലായിരിക്കും ഒരു സിനിമചെയ്യാൻ അവസരം കിട്ടുക. ലാലുവിന്റെ നല്ല മനസ്സിന് നന്ദി. വ്യത്യസ്തമായ സിനിമകളുടെ ബ്രാൻഡ് അംബാസിഡറായി ലാൽജോസ് കുതിക്കട്ടെ.