തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയ കെ. എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യ കേസിൽ കുറ്റം ചുമത്തലിന് മുന്നോടിയായി കുറ്റപത്രത്തിന്മേൽ വാദം ബോധിപ്പിക്കാൻ കോടതി ഉത്തരവിട്ടു. ഡിസംബർ 1 ന് പ്രോസിക്യൂഷനും പ്രതികളും വാദം ബോധിപ്പിക്കാനാണുത്തരവ്. ഒന്നാം പ്രതിയായ ഐ എ എസുകാരനായ ശ്രീറാം വെങ്കിട്ടരാമനും കൂട്ടു പ്രതി കാറുടമയും പരസ്യ മോഡലും ശ്രീറാമിന്റെ പെൺ സുഹൃത്തുമായ വഫാ നജീമും തിങ്കളാഴ്ച കോടതിയിൽ ഹാജരായില്ല. പ്രോസിക്യൂഷനും പ്രതിഭാഗവും കൂടുതൽ സമയം തേടിയതിനെ തുടർന്നാണ് ജഡ്ജി മിനി. എസ്.ദാസ് ഡിസംബർ 1 ലേക്ക് കേസ് മാറ്റിയത്.

2019 ഓഗസ്റ്റ് 3 ന് പുലർച്ചെ 1 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് വാഹനമോടിക്കാൻ പാടില്ലായെന്ന നിയമം നിലവിലിരിക്കെ ആയതിന് വിപരീതമായി ഒന്നാം പ്രതിയായ ശ്രീറാം മദ്യ ലഹരിയിൽ രണ്ടാം പ്രതിയായ വഫാ ഫിറോസെന്ന പെൺ സുഹൃത്തിനൊപ്പം വഫയുടെ വക കെ എൽ 01-ബി എം 360 നമ്പർ വോക്‌സ് വാഗൺ കാർ മനുഷ്യജീവന് ആപത്തു വരത്തക്കവിധം അപകടമായ രീതിയിലും അമിത വേഗതയിലും ഓടിച്ചു. താൻ ചെയ്യുന്ന പ്രവൃത്തി മറ്റൊരാളുടെ മരണത്തിന് ഇടയാക്കുമെന്ന അറിവോടെ പ്രവർത്തിച്ച് കവഡിയാർ ഭാഗത്തു നിന്നും കാറോടിച്ചു വരവേ മ്യൂസിയം പബ്ലിക്ക് ഓഫീസ് മുൻവശം റോഡിൽ വച്ച് കെഎൽ 01 സി സി 881 നമ്പർ ബൈക്ക് യാത്രികനായ ബഷീറിനെ ബൈക്കിന്റെ പുറകുവശം കാറിടിപ്പിച്ച് കൊലപ്പെടുത്തി നരഹത്യാ കുറ്റം ചെയ്തു. കാർ ബൈക്കിലിടിപ്പിച്ച് ബൈക്കിനെയും കൊണ്ട് 17 മീറ്റർ നിരങ്ങി നീങ്ങി ഫുട്പാത്തിനുള്ളിലേക്ക് മതിലിൽ ഇടിച്ചു കയറ്റുകയും ഇടിയുടെ ആഘാതത്തിൽ ഫുട്പാത്ത് ക്രാഷ് ബാരിയറായ ലോഹ ബാരിക്കേഡിനും ഒരു ഇലക്ട്രിക് പോസ്റ്റിനും നാശനഷ്ടം സംഭവിപ്പിച്ചതിലൂടെ സർക്കാരിന് 27, 847 രൂപയുടെ സാമ്പത്തിക നഷ്ടം വരുത്തി.

ഒന്നാം പ്രതി പരിശോധനക്കായി രക്തസാമ്പിൾ നൽകാതെ വൈകിപ്പിച്ച് തെളിവുകൾ നശിപ്പിച്ചതായും പ്രതികൾ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ കളവായ വിവരം നൽകിയെന്നും വഫാ ഫിറോസ് ശ്രീറാമിനെ മദ്യപിച്ച് വാഹനമോടിക്കാനും അപകടകരമായ രീതിയിലും അമിത വേഗതയിലും വാഹനമോടിക്കാൻ പ്രേരിപ്പിക്കുകയും സഹായിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്ത് പ്രതികൾ കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവർത്തിച്ച് ശിക്ഷാർഹമായ കുറ്റങ്ങൾ മനസ്സാലെ ചെയ്തുവെന്നാണ് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്. ഇതേ റോഡിലൂടെ അമിതവേഗതയിൽ കാറോടിച്ചതിന് വഫയ്ക്ക് മൂന്നു തവണ പിഴ ചുമത്തിയതായും കുറ്റപത്രത്തിലുണ്ട്.

കാറിടിപ്പിച്ച് തെറിച്ച് വീണ് ഗുരുതര പരിക്കേറ്റ ബഷീറിനെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. ഐ. എ. എസ്. ലഭിക്കും മുമ്പ് എം.ബി.ബി.എസ്.പാസ്സായിട്ടുള്ള ഡോക്ടർ ശ്രീറാം തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് സ്വകാര്യ പഞ്ചനക്ഷത്ര ആശുപത്രിയിലും ചികിത്സ തേടിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. രക്തത്തിൽ മദ്യത്തിന്റെ അളവ് കുറയുന്നത് വരെ രക്തസാമ്പിൾ പരിശോധനക്ക് രക്തമെടുക്കാൻ ഡോക്ടർമാർക്ക് വഴങ്ങാതെയും സമ്മതിക്കാതെയും മണിക്കൂറുകൾ തള്ളി നീക്കി. മദ്യത്തിന്റെ അംശം രക്തത്തിൽ ശാസ്ത്രീയമായും നിയമപരമായും നിർണ്ണയിക്കുന്നത് 100 മില്ലി ലിറ്റർ രക്തത്തിൽ 30 മില്ലി ഗ്രാമിൽ കൂടുതൽ മദ്യത്തിന്റെ സാന്നിദ്ധ്യമുണ്ടെന്ന് രക്ത പരിശോധയിൽ തെളിയുമ്പോഴാണ്. ഇത് ഒരാൾ മദ്യപിച്ച് മണിക്കൂറുകൾ താണ്ടിയുള്ള പരിശോധനയിൽ ലഭ്യമാകില്ല. ഇത് നല്ലവണ്ണം അറിയാവുന്നതിനാലാണ് വൈദ്യശാസ്ത്രം പഠിച്ച ഡോക്ടർ കൂടിയായ പ്രതി രക്ത പരിശോധനക്ക് വിധേയനാകാതെ മദ്യ തെളിവ് നശിപ്പിക്കാനായി ആദ്യം മുതൽക്കേ രക്ത പരിശോധനക്ക് ബുദ്ധിപൂർവ്വം വഴങ്ങാത്തത്.

സംഭവം നടന്ന് അഞ്ചു മിനിറ്റിനകം തൊട്ടടുത്തുള്ള മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ക്രൈം എസ്‌ഐ ജയപ്രകാശും പൊലീസ് പാർട്ടിയും സംഭവ സ്ഥലത്ത് എത്തി. മദ്യപിച്ചതായി സംശയമുണ്ടെങ്കിൽ പ്രതിയെ ശ്വാസ പരിശോധനയും രക്ത പരിശോധനയും ചെയ്യിക്കേണ്ടത് പൊലീസിന്റെ കടമയും കർത്തവ്യവുമാണ്. എന്നാൽ സംഭവം നടന്ന് പ്രതിയെ ഉടൻ കസ്റ്റഡിയിൽ ലഭിച്ചിട്ടും പ്രതിയെയും കൂട്ടി ആശുപത്രിയിലെത്തി 15 മിനിറ്റിനകം ചെയ്യേണ്ട രക്ത പരിശോധന പ്രതിയുമായി ഒത്ത് കളിച്ച് 10 മണിക്കൂർ കഴിഞ്ഞ് ചെയ്തതിനാലാണ് രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്താനാവാത്തത്.

മ്യൂസിയം പൊലീസ് ഉന്നത സ്വാധീനത്താൽ പ്രതികളുമായി ഒത്തു കളിച്ച് തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നുവെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് ഓഗസ്റ്റ് 5 ന് പ്രത്യേക അന്വേഷണ സംഘത്തെ അന്വേഷണം ഏൽപ്പിക്കുകയായിരുന്നു. ഓഗസ്റ്റ് 4 ന് രാവിലെ 9.45 ന് മെഡിക്കൽ കോളേജാശുപത്രിയിലെ ഡോക്ടറെ കൂട്ടി പൊലീസ് കിംസ് ആശുപത്രിയിലെത്തി ശ്രീറാമിന്റെ രക്തസാമ്പിൾ എടുത്തു. എന്നാൽ മണിക്കൂറുകൾ വൈകിയുള്ള രക്ത പരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. ആദ്യം ശ്രീറാമിനെ പരിശോധിച്ച ജനറൽ ആശുപത്രിയിലെ ഡോക്ടർ നൽകിയ ആക്‌സിഡന്റ് കം വൂണ്ട് സർട്ടിഫിക്കറ്റിൽ ശ്രീറാമിന്റെ ശ്വാസോച്ഛാസത്തിൽ മദ്യത്തിന്റെ മണമുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 304 (ii) ( തന്റെ പ്രവൃത്തിയാൽ മറ്റൊരാൾക്ക് മരണം സംഭവിക്കുമെന്ന അറിവോടെയുള്ള കുറ്റകരമായ നരഹത്യ ) , 201 ( കുറ്റക്കാരെ ശിക്ഷയിൽ നിന്ന് മറയ്ക്കാനായി തെളിവുകൾ അപ്രത്യക്ഷമാക്കൽ , കളവായ വിവരം നൽകൽ ) , മോട്ടോർ വാഹന നിയമത്തിലെ വകുപ്പുകളായ 184 ( മനുഷ്യ ജീവന് ആപത്ത് വരത്തക്ക വിധം അപകടമായ രീതിയിൽ വാഹനമോടിക്കൽ) , 185 ( മദ്യപിച്ച് വാഹനമോടിക്കൽ ) , 188 (മനുഷ്യജീവന് ആപത്ത് വരത്തക്കവിധം അപകടകരമായും അമിത വേഗതയിലും വാഹനമോടിക്കാനും മദ്യപിച്ച് വാഹനമോടിക്കാനും പ്രേരിപ്പിക്കുകയും സഹായിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്യൽ ) , പൊതുമുതൽ നശീകരണം തടയൽ നിയമത്തിലെ വകുപ്പ് 3 (1) (2) (പൊതു മുതൽ നശിപ്പിച്ച് സർക്കാർ ഖജനാവിന് നഷ്ടം വരുത്തൽ ) എന്നീ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.

ശ്രീറാം ഓടിച്ച വഫയുടെ ഫോക്‌സ് വാഗൺ കാർ കൃത്യ സമയം മണിക്കൂറിൽ 120 കി.മീ. വേഗത്തിലായിരുന്നുവെന്ന് ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു. വെള്ളയമ്പലത്തിലെ കെ.എഫ്.സി. ക്ക് മുന്നിൽ നിന്നുള്ള സി.സി.റ്റി.വി. ദൃശ്യം പരിശോധിച്ചതിലാണ് വാഹനം അമിത വേഗതയിലാണെന്ന് കണ്ടെത്തിയത്. എഫ്എസ്എൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കൃത്യ വാഹനത്തിന് കൃത്യസമയം യാതൊരു വിധമായ യന്ത്ര തകരാറുമുണ്ടായിരുന്നില്ലെന്നും പെഡെൽ ബ്രേക്കും ഹാൻഡ്
ബ്രേക്കും ശരിയായ രീതിയിൽ പ്രവർത്തന ക്ഷമമായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയുള്ള മോട്ടോർ വാഹന വകുപ്പിന്റെ സാക്ഷ്യപത്രം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ശ്രീറാമിന്റെ വസ്ത്രത്തിൽ കണ്ടെത്തിയ രക്തം അപകടത്തിൽ മരിച്ച ബഷീറിന്റെതാണെന്ന് എഫ് എസ് എൽ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. അതേ സമയം നിർണ്ണായക തെളിവുകൾ ഉൾക്കൊള്ളുന്ന ബഷീറിന്റെ മൊബൈൽ ഫോണിനെപ്പറ്റി കുറ്റപത്രം നിശ്ശബ്ദം. അത് ഒന്നാം പ്രതി ശ്രീരാം വെങ്കിട്ടരാമന്റെ സുഹൃത്തായ രണ്ടാം പ്രതി വഫയോ പൊലീസോ മുക്കിയതായി ആരോപണമുണ്ട്.

മ്യൂസിയം പൊലീസ് പ്രതി ഭാഗം ചേർന്ന് പൊലീസും പ്രതിയും ഒത്തുകളിച്ച കേസിൽ ആന്റി ക്ലൈമാക്‌സിലൂടെയാണ് ഒന്നാം പ്രതിക്ക് ജാമ്യം ലഭിക്കാനിടയായത്. കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ ബ്യൂട്ടീഷ്യനും മോഡലുമായ സെക്‌സ് ബോംബ് വഫാ ഫിറോസിന്റെ കാർ ഇടിപ്പിച്ച് സിറാജ് ദിനപ്പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ 2019 ഓഗസ്റ്റ് ആറിനാണ് ശ്രീറാമിന് കോടതി ജാമ്യമനുവദിച്ചത്. പൊലീസ് പ്രതി ഭാഗം ചേർന്ന് അർദ്ധരാത്രി 1 മണിക്ക് നടന്ന സംഭവത്തിന് പ്രതിയെ സ്‌പോട്ട് അറസ്റ്റ് ചെയ്തിട്ടും രക്ത സാമ്പിൾ എടുക്കാതെ സ്വകാര്യ പഞ്ചനക്ഷത്ര ആശുപത്രിയിൽ വിട്ടയച്ചും പിറ്റേന്ന് രാവിലെ 7 . 26 ന് ദുർബലമായ വകുപ്പിട്ട് പ്രതിയില്ലാത്ത എഫ് ഐ ആർ ഇട്ട മ്യൂസിയം പൊലീസിന്റെ വീഴ്ചകളുമാണ് പ്രതിക്ക് ജാമ്യം നേടിക്കൊടുക്കാൻ കാരണമായത്