- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലായിൽ കെ എം മാണിയുടെ പൂർണകായ പ്രതിമ; ഈ മാസം 24ന് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പ്രതിമ അനാച്ഛാദനം ചെയ്യും
കോട്ടയം: പാലായിൽ കെ എം മാണിയുടെ പൂർണകായ പ്രതിമ വരുന്നു. അരനൂറ്റാണ്ടിലധികം പാലായെ നിയമസഭയിൽ പ്രതിനിധീകരിച്ച കെ.എം. മാണിയുടെ പൂർണകായ പ്രതിമ പാലാ കൊട്ടാരമറ്റത്തെ നഗരസഭാ സ്ഥലത്താണ് പ്രതിമ സ്ഥാപിക്കുന്നത്. നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ 24 നു വൈകന്നേരം അഞ്ചിന് പ്രതിമ നാടിനു സമർപ്പിക്കും. യൂത്ത് ഫ്രണ്ട് -എം സംസ്ഥാന കമ്മിറ്റിയുടെയും കെ.എം. മാണി ഫൗണ്ടേഷന്റെയും നേതൃത്വത്തിലാണ് പ്രതിമ സ്ഥാപിക്കുന്നത്.
8.50 അടി ഉയരമുള്ള പ്രതിമ സിമൻറിലും മാർബിൾ പൊടിയിലുമാണ് നിർമിച്ചിരിക്കുന്നത്. കെ.എം. മാണി പൊതുവേദിയിലെത്തിയിരുന്ന വെള്ള മുണ്ടും ജുബയും വേഷത്തിലാണ് പ്രതിമയുടെയും നിർമാണം. 24ന് നടക്കുന്ന ചടങ്ങിൽ പൊതു പ്രവർത്തകരോടൊപ്പം കെ.എം. മാണിയുടെ കുടുംബാംഗങ്ങളും പങ്കെടുക്കും. കെ.എം. മാണിയോടുള്ള ആദരവ് പ്രകടിപ്പിച്ചാണ് ഇത്തരമൊരു പ്രതിമ സ്ഥാപിക്കുന്നതെന്നു യൂത്ത് ഫ്രണ്ട് -എം സംസ്ഥാന പ്രസിഡൻറ് സാജൻ തൊടുകയും ജനറൽ സെക്രട്ടറി ബിജു കുന്നേപറന്പിലും പറഞ്ഞു. കെ.എം. മാണിക്ക് സ്മാരക മന്ദിരം നിർമിക്കാൻ കഴിഞ്ഞ ബജറ്റിൽ അഞ്ചു കോടി രൂപ എൽഡിഎഫ് സർക്കാർ നീക്കിവച്ചിരുന്നു.
ജനമനസുകളിൽ എന്നും ഓർമയായി നിൽക്കുന്ന കെ.എം. മാണിയുടെ പ്രതിമ അദ്ദേഹത്തോടുള്ള ആദരസൂചകമായി പാലാ നഗരമധ്യത്തിൽ സ്ഥാപിക്കുന്നതിന് നഗരസഭ തീരുമാനമെടുത്തിരുന്നു. തുടർന്ന് പ്രതിമയുടെ നിർമാണ ജോലികൾ പുരോഗമിക്കുകയായിരുന്നു.അടിമാലി സ്വദേശിക ളായ ഷിജോ ജോൺ, ലൈജു ജയിംസ് എന്നീ ശിൽപികൾ ചേർന്നാണ് പ്രതിമ നിർമ്മിച്ചത്.
പാലായിൽ നിന്ന് കേരളരാഷ്ട്രീയത്തിലേക്ക് കെ.എം.മാണി കടന്ന് വരുന്നത് 1965 ലാണ്. അന്നു മുതൽ മാണിയുടെ മരണം വരെയും പാലായ്ക്ക് മാണിയല്ലാതെ മറ്റൊരു നാഥനില്ലായിരുന്നു. രാഷ്ട്രീയത്തിലെ ഉയർച്ചതാഴ്ച്ചകളിലും പാല മാണിക്കൊപ്പം നിന്നു. 1975ലെ അച്യുതമേനോൻ മന്ത്രിസഭയിൽ ധനമന്ത്രിയായി തുടങ്ങിയ മാണി ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗമായ വ്യക്തി, ഏറ്റവും കൂടുതൽ തവണ മന്തിയായി സത്യപ്രതിജ്ഞ ചെയ്ത എംഎൽഎ എന്നീ റെക്കോഡുകൾക്കും ഉടമയാണ്
1977-ൽ എ.കെ ആന്റണി മന്ത്രിസഭയിൽ ആഭ്യന്തരവകുപ്പ് മന്ത്രിയായ മാണി 80-ൽ വീണ്ടും ധനമന്ത്രിയായി, ഒപ്പം നിയമവകുപ്പിന്റെ അധികചുമതലയും. 86ൽ കൃഷിവകുപ്പും 87ൽ ജലസേചനവകുപ്പും നിയമവകുപ്പും മാണി കൈകാര്യം ചെയ്തു. അതേവർഷം മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോൾ ജലസേചനവകുപ്പിന് പകരം റവന്യൂവകുപ്പ് അദ്ദേഹത്തിന് ലഭിച്ചു. 1991 ലും 2001ലും റവന്യൂ വകുപ്പിന്റെയും നിയമവകുപ്പിന്റെയും ചുമതല മാണിക്കായിരുന്നു.
2004ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും റവന്യു മന്ത്രി. 2011 ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വീണ്ടും ധനകാര്യമന്ത്രി. ആകെ 13 ബജറ്റുകൾ അവതരിപ്പിച്ചു. 12 തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 25 വർഷക്കാലം മന്ത്രിയായി പ്രവർത്തിച്ച മാണിയുടെ പേര് 1979 ൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർന്ന് കേട്ടെങ്കിലും നറുക്ക് വീണത് സി.എച്ച്.മുഹമ്മദ് കോയക്കായിരുന്നു. അഭിഭാഷകൻ കൂടിയായ കെ.എം.മാണി 12 ഓളം കൃതികൾ രചിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ