കോഴിക്കോട്: അഴീക്കോട് എംഎൽഎയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെഎം ഷാജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യുന്നു. ഇഡി ഓഫീസിൽ ഹാജരായി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കോഴിക്കോട് ഓഫീസിലാണ് ഷാജി ഇപ്പോൾ ഹാജരായാരിക്കുന്നത്. എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുമെന്ന് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുന്നോടിയായി ഷാജി മാധ്യമങ്ങളോട് പറഞ്ഞു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കോഴിക്കോട് സബ്സോണൽ ഓഫീസിലാണ് ഷാജി ഹാജരായത്. ഇവിടെ വച്ചാണ് ചോദ്യം ചെയ്യൽ.

അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ്ടു കോഴ്സ് അനുവദിക്കുന്നതിന് വേണ്ടി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് കെഎം ഷാജിയെ ഇഡി ചോദ്യം ചെയ്യുന്നത്. കെഎം ഷാജിയെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി ഇന്നലെ അദ്ദേഹത്തിന്റെ ഭാര്യ ആശ ഷാജിയെയും ഇഡി ചോദ്യം ചെയ്തിരുന്നു. 10 മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിൽ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചാണ് അന്വോഷിച്ചത്. കെഎം ഷാജിയുടെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് കൃത്യമായി അറിയില്ലെന്ന മറുപടിയാണ് ആശ ഷാജി നൽകിയിരിക്കുന്നത്. കോഴിക്കോടും കണ്ണൂരിലുമുള്ള വീടുകൾ ആശയുടെ പേരിലാണ്.

ഈ വിടുകളുടെ നിർമ്മാണത്തെ കുറിച്ചും സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചുമാണ് ഇഡി അന്വേഷിച്ചത്. ആശ ഷാജിയുടെ 10 വർഷത്തെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇഡി പരിശോധിക്കുന്നുണ്ട്. അനധികൃത സ്വത്ത് സമ്പാദനത്തിന് കെഎം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഇന്നലെ കോടതി ഉത്തരവിട്ടിരുന്നു. അഭിഭാഷകനായ എംആർ ഹരീഷിന്റെ പരാതിയിൽ കോഴിക്കോട് വിജിയൽൻസ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രാധമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിജിലൻസ് എസ്‌പിക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.