കോഴിക്കോട്: അനധികൃത വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് കെ.എം. ഷാജി എംഎൽഎയുടെ ഭാര്യ ആശയ്ക്ക് കോഴിക്കോട് കോർപറേഷൻ നോട്ടീസ്. ഡിസംബർ 17-ന് ഹാജരായി വിശദീകരണം നൽകാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കെ.എം ഷാജിയുടെ കോഴിക്കോട് മാലൂർകുന്നിലെ വീട് ആശയുടെ പേരിലുള്ള ഭൂമിയിലാണ്. ഇതിന്റെ നിർമ്മാണം അനധികൃതമാണെന്നു നേരത്തെ കോർപറേഷൻ കണ്ടെത്തിയിരുന്നു. ഇതിന്റെ ക്രമവത്കരണവുമായി ബന്ധപ്പെട്ട തുടർനടപടികളുടെ ഭാഗമായിട്ടാണു നോട്ടീസയച്ചിരിക്കുന്നത്.

അനധികൃത നിർമ്മാണമാണെങ്കിലും എംഎൽഎയുടെ മാലൂർകുന്നിലെ വീട് പൊളിക്കേണ്ടി വരില്ല. പകരം പിഴയൊടുക്കിയാൽ മതിയെന്ന് കോഴിക്കോട് കോർപറേഷൻ അറിയിച്ചു. ഇതനുസരിച്ചു പുതുക്കിയ പ്ലാൻ എംഎൽഎ അംഗീകാരത്തിനായി കോർപറേഷന് സമർപ്പിച്ചിട്ടുണ്ട്.

മൂവായിരം സ്‌ക്വയർഫീറ്റിനു നൽകിയ അനുമതിയിൽ 5600 സ്‌ക്വയർഫീറ്റ് വീട് നിർമ്മിച്ചെന്നായിരുന്നു കോഴിക്കോട് കോർപറേഷന്റെ കണ്ടെത്തൽ. അനധികൃത നിർമ്മാണമെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് വീട് പൊളിച്ചുനീക്കാൻ ഒരാഴ്‌ച്ച മുൻപ് നോട്ടിസ് നൽകിയത്. എന്നാൽ എംഎൽഎയുടെ വിശദീകരണം പരിശോധിച്ച കോർപറേഷൻ വീട് പൊളിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. പകരം പിഴയൊടുക്കിയാൽ മതി.

37 സെന്റിൽ നിർമ്മിച്ച വീടിന് ഒന്നരലക്ഷം രൂപ പിഴ അടയ്‌ക്കേണ്ടി വരും. 1,38,590 രൂപ പിഴയടക്കമുള്ള നികുതി ഇനത്തിലും അനധികൃത നിർമ്മാണത്തിനുള്ള പിഴയായി 15,500 രൂപയുമാണ് അടയ്‌ക്കേണ്ടത്. ഇതടയ്ക്കാമെന്ന് കാട്ടി കെ.എം. ഷാജി എംഎൽഎ പുതുക്കിയ പ്ലാൻ അംഗീകാരത്തിനായി കോർപറേഷന് നൽകി.