കാസർകോട്: ജില്ലാ ആസ്ഥാന നിയോജക മണ്ഡലത്തിൽ കെ.എം.ഷാജി മൽസരിക്കാൻ വരുന്നതിനെതിരെ ജില്ലാ മുസ്‌ലിം ലീഗിലെ പ്രബലവിഭാഗം നേതാക്കൾ രംഗത്ത്. ഷാജിക്ക് ഉറച്ച സീറ്റെന്ന നിലയിൽ കാസർകോട് മണ്ഡലം നൽകാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.

ലീഗിന്റെ കൊടിക്കീഴിൽ കുറ്റിച്ചൂലിനെ മൽസരിപ്പിച്ചാലും ജയിക്കുന്ന മണ്ഡലത്തിൽ ജില്ലയ്ക്ക് പുറത്ത് നിന്ന് മറ്റൊരാളെ പരിഗണിക്കുന്നതിന് എതിരെയാണ് ജില്ലാ നേതാക്കൾക്ക് ഇടയിൽ അമർഷം പുകയുന്നത്. ഒന്നാം തീയതി എംജി റോഡിൽ സജ്ജീകരിച്ച താൽക്കാലിക മുസ്ലിം ലീഗ് ഓഫീസിൽ അർധരാത്രി വരെ യോഗം നീണ്ടുനിന്നു.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ.അബ്ദുല്ലയ്ക്കാണ് ആദ്യം സാധ്യത കൽപിച്ചിരുന്നതങ്കിലും. പിന്നീട് എൻ.എ.നെല്ലിക്കുന്നിന് വീണ്ടുമൊരു അവസരം കൂടി നൽകണമെന്നും പാർട്ടിയിലെ ഒരുവിഭാഗം ആവശ്യപ്പെട്ടിരുന്നു. രണ്ടുതവണ വിജയിച്ച നെല്ലിക്കുന്ന് വീണ്ടും മൽസരിക്കുകയും യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കുകയും ചെയ്താൽ മന്ത്രിസ്ഥാനം ലഭിക്കുമെന്നും പ്രവർത്തകർക്ക് ഇടയിൽ അഭ്യൂഹമുണ്ടായിരുന്നു.

ഇതിനിടെയാണ് കെ.എം.ഷാജിയെ കാസർകോട്ടേയ്ക്ക് പരിഗണിക്കുന്നു എന്ന വാർത്ത വീണ്ടും പരന്നത്. തുടർന്ന് പാർട്ടിക്കുള്ളിൽ ഉയർന്ന ഭിന്ന സ്വരം ഇതിനകം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. അതേസമയം അനുകൂല നിലപാട് അല്ലെങ്കിൽ പരസ്യമായി പ്രതികരിക്കേണ്ടി വരുമെന്ന് ചില നേതാക്കൾ യോഗത്തിൽ വ്യക്തമാക്കി.