കോഴിക്കോട്: രണ്ട് ലക്ഷത്തിൽ കൂടുതൽ ഉള്ള പണം ഇടപാടുകൾ ബാങ്കിലൂടെ മാത്രമേ നടത്താൻ പാടുള്ളൂവെന്നതാണ് നിയമം. അതുകൊണ്ട് തന്നെ കെ.എം. ഷാജി എംഎൽഎയുടെ വീടുകളിൽ നിന്നു വിജിലൻസ് പിടിച്ചെടുത്തതു 47.65 ലക്ഷം രൂപ അദ്ദേഹത്തിന് തീർത്തും തിരിച്ചടിയാകും. അനധികൃത സ്വത്തുസമ്പാദനക്കേസുമായി ബന്ധപ്പെട്ടു ഷാജിയെ അടുത്ത ദിവസം വിജിലൻസ് ചോദ്യം ചെയ്യും. ഈ ചോദ്യം ചെയ്യലിൽ ഈ രൂപയുടെ സ്രോതസ്സ് വെളിപ്പെടുത്തേണ്ടി വരും. ഇത് വെളിപ്പെടുത്തക അത്ര എളുപ്പവുമാവില്ല. കേന്ദ്ര ഏജൻസികളും ഈ പണത്തിന്റെ ഉറവിടം അന്വേഷിക്കുന്നുണ്ട്.

വിജിലൻസ് നടത്തുന്നത് അതിവേഗ നടപടികളാണ്. പണത്തിന്റെ സ്രോതസ്സ് തെളിയിക്കാൻ നോട്ടിസ് നൽകും. ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ തിങ്കളാഴ്ച രാവിലെ 10ന് ആരംഭിച്ച പരിശോധന പൂർത്തിയായത് അടുത്ത ദിവസം ഉച്ചയ്ക്കു രണ്ടിനാണ്. കണ്ണൂർ മണലിലെ വീട്ടിൽ നിന്നു 47,35,500 രൂപയും കോഴിക്കോട് മാലൂർകുന്നിലെ വീട്ടിൽ നിന്ന് 30,000 രൂപയുമാണു പിടികൂടിയത്. ഇതിൽ 30,000 രൂപ വലിയ തലവേദനയാകില്ല. നേരത്തെ ബന്ധുവിന്റെ വസ്തു ഇടപാടിന് വേണ്ടിയുള്ള പണമായിരുന്നു കണ്ണൂരിൽ ഉണ്ടായിരുന്നതെന്നായിരുന്നു ഷാജി പറഞ്ഞത്. എന്നാൽ ഇത് ഇപ്പോൾ മാറ്റി പറയുകയാണ്.

കണ്ണൂരിലെ വീട്ടിൽ നിന്നു കിട്ടിയ പണം തിരഞ്ഞെടുപ്പു പ്രവർത്തനത്തിനായി ലഭിച്ച സംഭാവനയാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണു ഷാജി. തന്റെ തിരഞ്ഞെടുപ്പു ഫണ്ടിനു പുറമേ, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ പാർട്ടിക്കു ലഭിച്ച സംഭാവനകളും ഇതിലുണ്ടെന്നു ഷാജി പറയുന്നു. സ്രോതസ്സ് തെളിയിക്കാനുള്ള രേഖകൾ കൈവശമുണ്ടെന്നും ഷാജി പറയുന്നു. ഈ പണം പാർട്ടി ഫണ്ടാക്കി മാറ്റാനാണ് ശ്രമം. ബന്ധുവിന്റെ പണമെന്ന ന്യായം തലവേദനയാകുമെന്ന് ഉറപ്പാണ്. ഇത് മനസ്സിലാക്കിയാണ് പാർട്ടി ഫണ്ടെന്ന ന്യായം പറയുന്നത്.

കോഴിക്കോട്ടെ വീട്ടിൽ നിന്ന് 59 പവനും കണ്ണൂരിലെ വീട്ടിൽ നിന്ന് 7.5 പവനും സ്വർണവും പിടികൂടി. പണമിടപാടുമായി ബന്ധപ്പെട്ട 77 രേഖകളും രണ്ടു സ്ഥലത്തു നിന്നുമായി പിടിച്ചെടുത്തു. വിദേശ കറൻസികളും കോഴിക്കോട്ട് നിന്നു പിടിച്ചെടുത്ത സാധനങ്ങളുടെ പട്ടികയിലുണ്ട്. എന്നാൽ ഇത് വിവിധ രാജ്യങ്ങളിലെ ഒന്നോ രണ്ടോ കറൻസി വീതമാണെന്നു വിജിലൻസ് അധികൃതർ അറിയിച്ചു. ഷാജിയുടെ വിദേശയാത്രയുടെ വിശദാംശങ്ങളും ശേഖരിച്ചു. പരിശോധനയുടെ വിശദാംശങ്ങൾ വിജിലൻസ് അടുത്ത ദിവസം കോടതിയിൽ സമർപ്പിക്കും. പിന്നീടാകും ഷാജിയെ ചോദ്യം ചെയ്യുന്നതുൾപ്പെടെയുള്ള തുടർനടപടികൾ.

രണ്ട് ലക്ഷത്തിൽ കൂടുതൽ തുക നിയമപരമായി സൂക്ഷിക്കാനുള്ള അവകാശം ആർക്കുമില്ല. തെരഞ്ഞെടുപ്പ് ചെലവുകൾക്കായി കിട്ടുന്ന പണം പ്രത്യേക ഫണ്ടിലേക്ക് മാറ്റണമെന്നാണ് നിയമം. ഇതിനും വ്യക്തമായ മാർഗ്ഗ രേഖയുണ്ട്. അതിനാൽ ഈ തുക മുഴുവൻ തെരഞ്ഞെടുപ്പ് ഫണ്ടെന്ന് പറഞ്ഞാലും പണിയാകും. അതുകൊണ്ടാണ് പാർട്ടി ഫണ്ടിന് കിട്ടിയതെന്ന ന്യായം കൂടി പറയുന്നത്. അതിനുള്ള രസീതും നൽകാനാണ് നീക്കം. അങ്ങനെ ആ പണം തിരിച്ചു കിട്ടുമെന്നാണ് ഷാജിയുടെ പ്രതീക്ഷ.

ഏതായാലും ഷാജിയുടെ രാഷ്ട്രീയ മോഹങ്ങൾക്ക് ഈ കേസ് തിരിച്ചടിയാണ്. അഴിക്കോട്ടെ മത്സരത്തിൽ ജയിക്കുകയും യുഡിഎഫിന് അധികാരം കിട്ടുകയും ചെയ്താൽ മന്ത്രിയായി ഷാജിയെ പരിഗണിക്കാൻ സാധ്യത ഏറെയായിരുന്നു. ഈ വിവാദങ്ങളോടെ അതിനുള്ള സാധ്യത പൂർണ്ണമായും അടഞ്ഞു. ലീഗിന് അധികാരത്തിൽ പങ്കാളിത്തം കിട്ടിയാലും എംഎൽഎയായി നിയമസഭയിൽ ഉണ്ടെങ്കിൽ മന്ത്രിയാകാൻ ഷാജിക്ക് കഴിയില്ല. ഈ വിവാദങ്ങളിൽ കുറ്റവിമുക്തനാവാതെ ലീഗ് ഷാജിക്ക് മന്ത്രിപദമൊന്നും കൊടുക്കില്ല.

അതിനിടെ കെ.എം.ഷാജിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസ് വിജിലൻസ് കോടതി 23ലേക്കു മാറ്റി. ജഡ്ജി അവധിയായതിനാലാണിത്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പ്രഥമ അന്വേഷണ റിപ്പോർട്ട് പരിഗണിച്ച് ഷാജിക്കെതിരെ കേസെടുക്കണമെന്ന ഹർജിയാണ് ഇന്നലെ പരിഗണിക്കാനിരുന്നത്. എന്നാൽ വിജിലൻസ് 11നു തന്നെ ഷാജിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഷാജിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത വിവരം ഞായറാഴ്ച തന്നെ വിജിലൻസ് സ്‌പെഷൽ സെൽ എസ്‌പി കോടതിയെ അറിയിച്ചിരുന്നു.