- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജന്മനാ സമ്പന്നനാണെന്ന് പറഞ്ഞ ഷാജി ചോദ്യം ചെയ്യലിൽ പറഞ്ഞത് വീടുവെക്കാൻ സഹായിച്ചത് ഭാര്യ വീട്ടുകാരെന്ന്; അന്വേഷണം പിഡബ്ല്യുഡി എഞ്ചിനീയറായി വിരമിച്ച ഭാര്യപിതാവിലേക്കും; ഇഞ്ചി കൃഷിയെ സംബന്ധിച്ച രേഖകളും ഹാജരാക്കാൻ കഴിഞ്ഞില്ല; മാരത്തോൺ ചോദ്യം ചെയ്യലിൽ തകർന്നു വീണത് ഷാജി കെട്ടിപ്പൊക്കിയ പ്രതിരോധങ്ങൾ; അഴിക്കോട്ടെ ലിഗ് എംഎൽഎയും കുരുക്കിൽ
കോഴിക്കോട്: പുറത്തുവരുന്ന സൂചനകൾ അനുസരിച്ച് എംസി ഖമറുദ്ദീൻ അകപ്പെട്ടതിനേക്കാൾ വലിയ കുരുക്കിലാണ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും അഴീക്കോട് എംഎൽഎയുമായ കെഎം ഷാജി അകപ്പെട്ടിരിക്കുന്നത്. രണ്ട് ദിവസങ്ങളിലായി തുടർന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മാരത്തോൺ ചോദ്യം ചെയ്യലിൽ ആരോപണങ്ങളെ കുറിച്ച് ഷാജി കെട്ടിപ്പൊക്കിയ പ്രതിരോധങ്ങളെല്ലാം തകർന്നു വീണിരിക്കുകയാണ്.
സ്വത്ത് സമ്പാദനത്തെ കുറിച്ചുള്ള ആരോപണങ്ങൾ ഉയർന്ന ഘട്ടത്തിൽ അതിനെ പ്രതിരോധിക്കാനായി ഷാജി പറഞ്ഞിരുന്നത് തനിക്ക് കർണാടകയിലും വയനാട്ടിലുമെല്ലാം ഇഞ്ചിക്കൃഷിയുണ്ടെന്നും അതിൽ നിന്ന് വരുമാനം ലഭിക്കുന്നുണ്ട് എന്നായിരുന്നു. മാത്രമല്ല താൻ ജന്മനാ സമ്പന്നനാണ് എന്നുമെല്ലാം ആരോപണങ്ങളെ പ്രതിരോധിക്കാനായി കെഎം ഷാജി പറഞ്ഞിരുന്നെങ്കിലും ആ പ്രതിരോധ ശ്രമങ്ങളെല്ലാം ഇഡിക്ക് മുമ്പിൽ പൊളിഞ്ഞു
കോഴിക്കോട്ടെ ആഡംബര വീടിനെ കുറിച്ചുള്ള ആരോപണങ്ങൾ ഉയർന്ന സമയത്ത് മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കെഎം ഷാജി തനിക്ക് കർണാടകയിൽ ഇഞ്ചിക്കൃഷിയുണ്ടെന്നും അവിടെ നിന്നുള്ള വരുമാനം കൂടി ഉപയോഗപ്പെടുത്തിയാണ് വീട് നിർമ്മിച്ചത് എന്നും പറഞ്ഞത്. എന്നാൽ രണ്ട് ദിവസമായി തുടർന്ന ചോദ്യം ചെയ്യലിൽ ഇഞ്ചിക്കൃഷിയെ സാധൂകരിക്കുന്ന രേഖകളൊന്നും ഷാജിക്ക് ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. കെഎം ഷാജി കോടികളുടെ വരുമാന സ്രോതസ്സായി പറഞ്ഞ ഇഞ്ചിക്കൃഷി നടത്തിയ സ്വന്തം ഭൂമിയുടെ രേഖയോ പാട്ടക്കരാറോ ഇഞ്ചി വിൽപന നടത്തിയതിന്റെ ബില്ലുകളോ ഷാജിക്ക് ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല.
കണ്ണൂരിൽ നടത്തിയ പൊതുയോഗത്തിലാണ് ഷാജി താൻ ജന്മനാ സമ്പന്നനാണെന്നും ആരിൽ നിന്നും കോഴവാങ്ങിയും കൈക്കൂലി വാങ്ങിയും വീടുണ്ടാക്കേണ്ട ഗതികേട് തനിക്കില്ലെന്നും പറഞ്ഞത്. മാത്രവുമല്ല ഇടതുനേതാക്കളെ പോലെ ചെറ്റകുടിലിലല്ല താൻ ജനിച്ചതെന്നും പതിനൊന്നായിരം സ്ക്വയർഫീറ്റുള്ള തറവാട്ടിലാണ് താൻ ജനിച്ചത് എന്നുമായിരുന്നു അന്ന് ഷാജി പറഞ്ഞത്. എന്നാൽ ഇഡിയുടെ ചോദ്യം ചെയ്യലിൽ കോഴിക്കോട്ടെ തന്റെ വീടുണ്ടാക്കാൻ 10 ലക്ഷം രൂപ ലോൺ എടുത്തെന്നും രണ്ട് വാഹനങ്ങൾ വിൽപന നടത്തിയിട്ടുണ്ടെന്നും ഷാജി ഇഡിക്ക് മൊഴി നൽകിയിട്ടുണ്ട്. ഇതിൽ വാഹനങ്ങൾ വിൽപന നടത്തിയതിന്റെ രേഖകൾ ഹാജരാക്കാനും ഷാജിക്ക് കഴിഞ്ഞിട്ടില്ല.
മാത്രവുമല്ല വീടുണ്ടാക്കാൻ ഭാര്യ വീട്ടുകാർ സഹായിച്ചെന്നും മൊഴി നൽകിയിട്ടുണ്ട്. ഇതോടെ അന്വേഷണം കെഎം ഷാജിയുടെ ഭാര്യപിതാവിലേക്കും നീളുമെന്ന് ഉറപ്പായിരിക്കുകയാണ്. പിഡബ്ല്യഡിയിൽ എക്സിക്യുട്ടീവ് എഞ്ചിനീയറായി വിരമിച്ച കെഎം ഷാജിയുടെ ഭാര്യപിതാവിന്റെ സർവ്വീസ് കാലയളവിലെ ട്രാക്ക് റെക്കോർഡ് ഇഡി പരിശോധിക്കും. ഇത്തരത്തിൽ ആരോപണങ്ങൾ ഉയർന്ന ഘട്ടത്തിൽ അതിനെ പ്രതിരോധിക്കാനായി ഷാജി ഉയർത്തിയ പ്രതിരോധങ്ങളെല്ലാം ഇപ്പോൾ ഇഡിയുടെ ചോദ്യം ചെയ്യലിൽ തകർന്നിരിക്കുകയാണ്. ഇതിന് പുറമെ ഷാജി നടത്തിയിട്ടുള്ള വിദേശ യാത്രകളെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
5 വർഷത്തിനുള്ളിൽ 150 തവണയെങ്കിലും കെഎം ഷാജി വിദേശ യാത്ര നടത്തിയിട്ടുണ്ടെന്നാണ് ഐഎൻഎൽ നേതാവ് എൻകെ അബ്ദുൽ അസീസ് ഇഡിക്ക് നൽകിയ പരാതിയിൽ പറയുന്നത്. ഈ യാത്രകളെല്ലാം ഷാജിയുടെ ഹവാലാ ഇടപാടുകളുമായി ബന്ധിപ്പിക്കുന്നതാണെന്നും പരാതിയിൽ പറയുന്നുണ്ട്. ഇതിനു പുറമെ കെഎം ഷാജിയുടെ ഭാര്യ ആശ ഷാജി നൽകിയ മൊഴികളിലെ വൈരുദ്ധ്യങ്ങളും കെഎം ഷാജിയെ കൂടുതൽ പ്രതിസന്ധിയിലാക്കും.
തനിക്ക് സ്വന്തമായി വരുമാനമില്ലെന്നും തന്റെ പേരിലുള്ള ആസ്തികൾ വാങ്ങിക്കൂട്ടിയത് ഭർത്താവാണെന്നും ഭർത്താവിന്റെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് തനിക്ക് അറിയില്ലെന്നുമാണ് ആശ ഷാജി ഇഡി മുൻപാകെ പറഞ്ഞിട്ടുള്ളത്.