മലപ്പുറം: പ്രവാസി അദ്ധ്യാപകൻ തന്റെ മരണത്തിന് മണിക്കൂറുകൾക്കു മുമ്പ് വാട്‌സ് അപ്പിൽ പോസ്റ്റ് ചെയ്ത ശബ്ദ സന്ദേശം വാട്‌സ് ആപ്പ് വഴി വ്യാപകമായി പ്രചരിക്കുന്നു. ജിദ്ദ കിങ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റിയിലെ ഐ.ടി വിഭാഗം അദ്ധ്യാപകൻ മുഹമ്മദ് അസ്‌ലമാണ് മരണത്തെ കുറിച്ച് സംസാരിക്കുന്ന ശബ്ദം മരണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് വാട്‌സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. പ്രവാസിയും കെ.എം.സി.സിയുടെ സജീവ പ്രവർത്തകനുമായിരുന്ന മുഹമ്മദ് അസ്‌ലം(37) തിങ്കളാഴ്ച ഹൃദയാഘാതം മൂലമാണ് ജിദ്ദയിൽ മരണപ്പെട്ടത്. പ്രവാസി മലയാളികളുടെ സഹായ കേന്ദ്രവും മനുഷ്യ സ്‌നേഹത്തിന്റെ ആൾരൂപത്തെയുമാണ് അസ്‌ലമിന്റെ വേർപാടോടെ നഷ്ടമായത്.

സഹപ്രവർത്തകന്റെ ആകസ്മിക മരണം പ്രവാസി സമൂഹത്തെ ഒന്നടങ്കത്തെ ദുഃഖത്താലാഴ്‌ത്തി. മുസ്ലിംലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സിയുടെ തിരൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയാണ് അസ്‌ലം. പ്രവാസി മലയാളികളുമായി ബന്ധപ്പെട്ട നിരവധി സാമൂഹ്യ പ്രശ്‌നങ്ങളിൽ അസ്‌ലമിന്റെ നേതൃത്വത്തിൽ ഇടപെടൽ നടത്തിയിരുന്നു. മലയാളികളായ പ്രവാസികളുടെ മക്കൾ പഠിക്കുന്ന ഇന്ത്യൻ എംബസി സ്‌കൂളുകളിലെ ഫീസ് വർധനവിനെതിരെ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച രക്ഷിതാക്കളുടെ കൂട്ടായ്മയുടെ കൺവീനറായിരുന്നു അസ്‌ലം. ഫീസ് വർധനവ് പിൻവലിക്കുന്നതിന് കോൺസൽ ജനറലുമായും മറ്റു അധികൃതരുമായും നടത്തിയ ചർച്ചകൾക്ക് നേതൃത്വം നൽകിയതും അസ്‌ലമായിരുന്നു. ഫീസ് വർധനവിനെതിരെ പ്രതിഷേധവും ചർച്ചയും തുടരുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ ആകസ്മിക മരണം സംഭവിച്ചത്.

എന്നാൽ മരണം മൻകൂട്ടി അറിഞ്ഞതു പോലെ ചില സൂചനകൾ നൽകിയായിരുന്നു അസ്‌ലമിന്റെ വേർപാട്. മരണത്തെ നമ്മൾ ഭയപ്പെടേണ്ടന്ന് സൂചിപ്പിച്ചായിരുന്നു ശബ്ദ സന്ദേശത്തിന്റെ തുടക്കം. പിന്നീട് ഒരാൾ മരിച്ചതായി ഉറക്കത്തിൽ കണ്ട തന്റെ സ്വപ്നവും തുടർന്ന് ഒരു ഫോൺ കോൾ എത്തുന്നതും തന്റെ സുഹൃത്തിന്റെ പിതാവ് മരിച്ച വിവരവുമാണ് സന്ദേശത്തിൽ. നമുക്കെല്ലാം ദൈവം നല്ല മരണം നൽകട്ടെയെന്നും മരിച്ചാൽ ആളുകൾ നല്ലതു പറയട്ടെയുന്നും പറഞ്ഞായിരുന്നു അസ്‌ലം ആ വാട്‌സ് ആപ്പ് സന്ദേശം അവസാനിപ്പിക്കുന്നത്.

എന്നാൽ തികച്ചും യാദൃശ്ചികമായി അസ്‌ലം പോസ്റ്റിയ ശബ്ദ സന്ദേശം കേട്ട സുഹൃത്തുക്കൾ അടുത്ത ദിവസം പുലർച്ചെ അറിയുന്നത് പ്രിയ സുഹൃത്തിന്റെ മരണ വാർത്തയായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ നെഞ്ചു വേദന ഉണ്ടായ അസ്‌ലമിനെ സുഹൃത്തുക്കൾ ജിദ്ദ നാഷണൽ ഹോസ്പിറ്റലിൽ എത്തിക്കുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. പത്ത് വയസിനു താഴെ പ്രായമുള്ള രണ്ട് ആൺകുട്ടികളാണ് അസ്‌ലമിനുള്ളത് ഭാര്യ ഷഹനാസും പിതാവ് അബൂബക്കറും അസ്‌ലമിനോടൊന്നിച്ച് ജിദ്ദയിലാണ് താമസം.

മൃതദേഹം ജിദ്ദ റുവൈസ് മഖ്ബറയിൽ ഖബറടക്കി. ജീവകാരുണ്യ, വിദ്യാഭ്യാസ, സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അസ്‌ലം തിരുന്നാവായ കൊടക്കൽ അജിതപ്പടി സ്വദേശിയാണ്. സൗദി അറേബ്യയിലെ വിവിധ കെ.എം.സി.സി ഘടകങ്ങൾ അസ്‌ലമിന്റെ മരണത്തിൻ അനുശോചനം അറിയിച്ചു.