- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുരന്തം ഉണ്ടായത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ ബന്ധുവിന്റെ കല്യാണത്തിന് പോയപ്പോൾ; 28 വർഷങ്ങൾക്കിപ്പുറവും ഇവിടെ പെയ്തിറങ്ങുന്നതും വീശിയടിക്കുന്നതും ആസിഡ്; കെഎംഎംഎൽ ദുരിതം വിതച്ചതോടെ മനുഷ്യവാസം അസാധ്യമായ ചിറ്റൂർ ഗ്രാമവും അവിടുത്തെ 700 കുടുംബങ്ങളും
കരുനാഗപ്പള്ളി: 2021-22 വർഷത്തിൽ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (കെ.എം.എം.എൽ) നേടിയ ലാഭം 310 കോടി രൂപയാണ്. ഈ സ്ഥാപനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലാഭക്കൊയ്ത്ത്. പക്ഷേ, ഈ ലാഭത്തിന് സംസ്ഥാനം കുരുതി കൊടുക്കുന്നത് 700 ഓളം കുടുംബങ്ങളെയാണ്. അവരുടെ ജീവനുകളെയാണ്.
കൊല്ലം കെഎംഎംഎല്ലിന് സമീപം പന്മന പഞ്ചായത്തിലെ ചിറ്റൂരും പരിസരവും ഇന്ന് ആസിഡ് ഗ്രാമമാണ്. മഴയായി പെയ്തിറങ്ങുന്നതും വേനൽക്കാറ്റായി വീശിയടിക്കുന്നതും ആസിഡ്. ജീവവായുവിന് പകരം ആസിഡ് വായു ശ്വസിക്കുകയാണ് ഈ ഗ്രാമത്തിലെ ജനങ്ങൾ. മണ്ണിനും വയലിനും വീടുകൾക്കും കെട്ടിനിൽക്കുന്ന വെള്ളത്തിനും ആസിഡ് കലർന്നതിന്റെ ഓറഞ്ച് നിറമാണ് ഇവിടെ. രണ്ടരപതിറ്റാണ്ടായി ഭരണാധികാരികളുടെ കനിവ് കാത്തിരിക്കുകയാണ് ഈ ജനങ്ങൾ.
ആരോഗ്യ വിഭാഗവും മലിനീകരണ നിയന്ത്രണ ബോർഡും മനുഷ്യാവകാശ കമ്മീഷനും വാസയോഗ്യമല്ലെന്നു വിധി എഴുതിയ നാട്ടിലാണ് ഇവർ കഴിയുന്നത്. തെരഞ്ഞെടുപ്പുകാലത്ത് എത്തുന്ന രാഷ്ട്രീയക്കാർ നൽകുന്ന വാഗ്ദാനങ്ങളിൽ പൊതിഞ്ഞ് ചിറ്റൂരുകാർക്ക് കിട്ടുന്നത് വൻ ചതികളാണ്. പിന്നീട് മനുഷ്യരെന്ന പരിഗണനപോലുമില്ല.
കെഎംഎംഎല്ലിന്റെ ഭൂമിക്കടിയിലെ സംഭരണിയിൽ നിന്ന് അയേൺ ഓക്സൈഡ് ചോർന്നതോടെയാണ് ഈ നാട് നരകമായി മാറിയത്. 1994ലായിരുന്നു ഈ ദുരന്തം. അന്ന് സ്ഥാപനത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ബന്ധുവിന്റെ കല്യാണത്തിന് പോയതിനാൽ ചോർച്ച പുറംലോകമറിഞ്ഞിരുന്നില്ല.
സമീപത്തെ തോട്ടിലും ഓടയിലും കിണറുകളിലും രാസലായനി ഒഴുകിപ്പരന്നു. സകല കിണറുകളിലും വിഷജലം നിറഞ്ഞു. പാടങ്ങൾ കരിഞ്ഞുണങ്ങി, ആസിഡിന്റെ നീറ്റൽ തൊലിപ്പുറത്തേക്ക് പടർന്നു. മണ്ണിന്റെ അകാലമരണമായിരുന്നു അന്ന് അവിടെ സംഭവിച്ചത്.
കെഎംഎംഎൽ നാശംവിതച്ച ഈ ജനത്തെ രക്ഷിക്കണമെന്ന മുറവിളിയോട് സർക്കാരിന് അനുകൂലായ നിലപാടല്ല. പ്രദേശത്തെ ജനങ്ങൾക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകി മാറ്റിപ്പാർപ്പിക്കണമെന്ന ആവശ്യം നടപ്പാക്കാൻ ഭരണകൂടം തയ്യാറാകുന്നില്ല. ഈ മണ്ണ് സർക്കാർ ഏറ്റെടുത്ത് ഇവരെ ജീവിക്കാൻ അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം. ജനിച്ചുവളർന്ന നാട് ഉപേക്ഷിച്ചുപോകാനല്ലാതെ വേറെ വഴിയില്ലാതെ നിൽക്കുന്നത് 700ഓളം കുടുംബങ്ങളാണ്.
2014 ൽ പ്രതിപക്ഷ നേതാവായിരുന്ന വി എസ്. അച്യുതാനന്ദൻ ഉൾപ്പെടെയുള്ളവർ ചിറ്റൂരിൽ എത്തിയിരുന്നു. മലിനമാക്കപ്പെട്ട 150 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ഉമ്മൻ ചാണ്ടി സർക്കാർ ഭരണാനുമതി നൽകിയിരുന്നു. ഇതിന് 125 കോടി രൂപ ബജറ്റിൽ ഉൾപ്പെടുത്തി. പക്ഷേ പിന്നീട് ഭരണമാറ്റം സംഭവിച്ചതോടെ എല്ലാം അവസാനിച്ചു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന ഇ.പി. ജയരാജൻ സ്ഥലം സന്ദർശിച്ചു. ചിറ്റൂർ, പൊന്മന, കളരി പന്മന പ്രദേശങ്ങളിലെ 180.34 ഏക്കർ ഭൂമി കിൻഫ്ര മുഖേന ഏറ്റെടുക്കാൻ 2017 നവംബർ 18ന് ഉത്തരവിറക്കി. സ്ഥലങ്ങളെ വിവിധ കാറ്റഗറികളായി തിരിച്ചു അടിസ്ഥാന വില നിശ്ചയിച്ചു. ജില്ലാതല ഫെയർ കോംപൻസേഷൻ കമ്മിറ്റി രൂപീകരിച്ച് അടിസ്ഥാന വില അംഗീകരിച്ചു. 90 % വീട്ടുകാരും വില്ലേജ് ഓഫിസിൽ എത്തി വസ്തു വിട്ടുനൽകാമെന്നു സമ്മതപത്രം നൽകി. വസ്തു ഏറ്റെടുക്കുന്നതിന് സർവേ നടപടികളും മഹസറും പൂർത്തിയാക്കി. എല്ലാം ശരിയായെന്നു നാട്ടുകാർ കരുതി. പക്ഷേ 2019 ഒക്ടോബർ 19ന് ഏറ്റെടുക്കൽ പൂർണമായി റദ്ദു ചെയ്തു സർക്കാർ ഉത്തരവ് ഇറക്കി. പണം ഇല്ലാത്തതാണ് കാരണമെന്ന് വിശദീകരിച്ചു.
ജീവവായുവും കുടിവെള്ളവും പോലുമില്ലാത്ത ജനങ്ങൾ ഇന്ന് നരകയാതനയിലാണ്. മരണപ്പെട്ടാൽ മൃതദേഹം കുളിപ്പിക്കാൻ പോലും കെഎംഎംഎൽ കൊണ്ടെത്തിക്കുന്ന ജലത്തിനായി കാത്തിരിക്കുകയാണ് ഇവർ. എല്ലാ വീടുകളിലും കിണർ ഉണ്ടെങ്കിലും രാസലായനി കലർന്ന അതിലെ ജലം ഉപയോഗിക്കാനാകില്ല. ജലനിധി പദ്ധതി പ്രകാരം വീടുകളിൽ കുടിവെള്ള കണക്ഷൻ നൽകിയിട്ടുണ്ടെങ്കിലും ദിവസവും കുറച്ചു സമയമാണ് ജലം ലഭിക്കുന്നത്. കെഎംഎംഎൽ ടാങ്കറിൽ ജലം എത്തിച്ചു കൊടുക്കുകയാണ് പതിവ്. ശുചിമുറിയിലേക്കുള്ള ജലത്തിനു പോലും കെഎംഎംഎല്ലിന്റെ ജലവണ്ടി കാത്തിരിക്കേണ്ടി വരുന്നു.
മുഖ്യമന്ത്രി, വ്യവസായമന്ത്രി, ധനമന്ത്രി. പ്രതിപക്ഷ നേതാവ്, സ്ഥലം എംഎൽഎ ഡോ. സുജിത്ത് വിജയൻ പിള്ള, സമീപ മണ്ഡലങ്ങളിലെ എംഎൽമാരായ കോവൂർ കുഞ്ഞുമോൻ. സി.ആർ. മഹേഷ്, യു.പ്രതിഭ എന്നിവർക്ക് ആസിഡ് ഗ്രാമം ജനകീയ സമര സമിതി നിവേദനം നൽകി. ഒരു മറുപടി പോലും ഇത് വരെ ലഭിച്ചില്ല.