തൃശൂർ: ഇന്ത്യൻ കോഫി ഹൗസിൽ നിന്ന് ഭക്ഷണം കഴിക്കാത്ത മലയാളികൾ വളരെ ചുരുക്കമായിരിക്കും. 1957ൽ എ കെ ജിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഇന്ത്യൻ കോഫി ഹൗസ് കേരളത്തിന്റെ ഓരോ ഭക്ഷണ പ്രേമിയുടേയും ഒരു പ്രധാന സെലക്ഷനാണ്. അന്ന് കോഫി ഹൗസ് രൂപീകരിച്ചത് എകെജിയാണെഹ്കിലും സംഘത്തിന്റെ സ്ഥാപക സെക്രട്ടറി പരേതനായ തൃശൂർ സ്വദേശി എൻ എസ് പരമേശ്വരൻപിള്ളയാണ്. ആ പരമേശ്വരൻപിള്ളയുടെ ഭാര്യയും ആറ് പതിറ്റാണ്ടുകൾക്ക് മുമ്പ് കോഫി ഹൗസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളുമായ കെ.എൻ ലളിത ഇന്ന് കോഫി ഹൗസിന്റെ തലപ്പത്തെത്തുമ്പോൾ ആയിരക്കണക്കിന് തൊഴിലാളികളുടെ സ്നേഹാദരമാണ് തെളിഞ്ഞ് കാണുന്നത്.

ഇന്ത്യാ കോഫി ബോർഡ് വർക്കേഴ്സ് സഹകരണ സംഘം തെരഞ്ഞെടുപ്പിൽ സ്ഥാപകാംഗം കെ എൻ ലളിത എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് കോഫി ബോർഡ് ചരിത്രത്തിലെ ഒരു വലിയ ഏടായി മാറുകയാണ്. ഇന്ന് കേരളത്തിലെ ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതമായ ഇന്ത്യൻ കോഫി ഹൗസിന്റെ രൂപീകരണത്തിൽ 81കാരിയായ കെ എൻ ലളിതയുടെ സ്വാധീനം വളരെ വലുതാണ്. വിവാഹിതയായി ഒരു വർഷം തികയും മുമ്പ് ആദ്യത്തെ ഇന്ത്യൻ കോഫി ഹൗസ് തൃശൂർ സ്വരാജ് റൗണ്ടിൽ തുറക്കാൻ തൊഴിലാളികൾക്കു പണമില്ലാതെ വന്നപ്പോൾ താലി മാലയടക്കമുള്ള പത്തു പവനോളം പണ്ടങ്ങൾ ഊരിക്കൊടുത്തു ചരിത്രത്തിന്റെ ഭാഗമായ വ്യക്തിയാണ് കെ.എൻ ലളിത. 'ഇനി കോഫി ഹൗസാണ് ലളിതയുടെ ആഭരണം' എന്നാണ് അന്ന് എ കെ ജി ഈ സംഭവത്തെ വിശേഷിപ്പിച്ചത്.

'അറുപതുകൊല്ലം മുമ്പ് കോഫി ഹൗസ് ആരംഭിക്കാൻ താലി മാലയടക്കമുള്ള പത്തു പവനോളം പണ്ടങ്ങൾ ഊരിക്കൊടുത്തു. ഇന്ന് കോഫി ഹൗസ് അടയ്ക്കാതിരിക്കാനാണ് ഈ പ്രായത്തിലും രംഗത്തുവന്നത്' എന്നാണ് കോഫി ഹൗസിന്റെ സാരധ്യമേറ്റെടുത്ത് കെ.എൻ ലളിത പറയുന്നത്. കഴിഞ്ഞ പതിറ്റാണ്ടിലേറെയായി സംഘത്തിലെ അഴിമതിയിലും ധൂർത്തിലും മുങ്ങിയ നിലവിലെ ഭരണസമിതിയെ ഈ തെരഞ്ഞെടുപ്പിൽ അംഗങ്ങൾ തൂത്തെറിയുമെന്നതിന്റെ നാന്ദിയാണ് കെ എൻ ലളിതയുടെ വിജയമെന്നാണ് കോഫി ബോർഡ് സഹകരണ സംഘം അംഗങ്ങളുടെ അഭിപ്രായം

കോഫി ഹൗസിന്റെ പ്രൊമോട്ടർമാരിൽ ജീവിച്ചിരിക്കുന്ന ഒരേ ഒരാൾ എന്ന നിലയ്ക്ക് കോഫി ഹൗസിനെ സംരക്ഷിക്കേണ്ടത് തന്റെ കടമയാണ്. കോഫി ഹൗസിനു പിന്നിൽ ഒരു തത്വശാസ്ത്രമുണ്ട്, ഒരു രാഷ്ട്രീയമുണ്ട്. താൻ എതിരില്ലാതെ ഭരണസമിതി അംഗമായി. ബാക്കി പത്ത് സ്ഥാനങ്ങളിലേക്ക് 19ന് വോട്ടെടുപ്പു നടക്കും. സിഐടിയുവും എഐടിയുസിയും ചേർന്നുള്ള സഹകരണ ജനാധിപത്യ സംരക്ഷണ മുന്നണിയുടെ സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. കോഫി ഹൗസിനെ നയിക്കാൻ എ കെ ജിയുടെ നേരവകാശികളെത്തന്നെ തെരഞ്ഞെടുക്കണമെന്ന് പുതിയ തലമുറ ജീവനക്കാരോട് അഭ്യർത്ഥിക്കുന്നു'- എന്നാണ് കെ.എൻ ലളിത പറയുന്നത്.

വെള്ളിയാഴ്ചത്തെ പത്രികാസമർപ്പണം പൂർത്തിയായപ്പോഴാണ് തിരുവനന്തപുരംമുതൽ തൃശൂർവരെയുള്ള കോഫി ബോർഡ് സഹ. സംഘം തെരഞ്ഞെടുപ്പിൽ സിഐടിയു പ്രതിനിധിയായ കെ എൻ ലളിത എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. സംഘത്തിലെ അഴിമതിയിലും ധൂർത്തിലും മുങ്ങിയ നിലവിലെ ഭരണ സമിതിക്കെതിരെ സിഐടിയു എഐടിയുസി യൂണിയനുകൾ സംയുക്തമായാണ് സഹകരണ ജനാധിപത്യ സംരക്ഷണ മുന്നണി രൂപീകരിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

എകെജിയുടെ കാലം മുതൽ ജനങ്ങൾക്കിടയിൽ സ്തുത്യർഹമായ സേവനം നടത്തി വന്നിരുന്ന ഇന്ത്യൻ കോഫി ഹൗസുകൾ പിന്നീട് അഴിമതിയുടെയും ക്രമക്കേടുകളുടെയും കേന്ദ്രമായി. തൊഴിലാളികളോടും ജീവനക്കാരോടും വഞ്ചനാപരമായ നടപടി ഭരണ സമിതി സ്വീകരിച്ചതോടെ പലരും കടക്കെണിയിൽ അമരുകയും ചെയ്തു. അതുകൊണ്ട് തന്നെ ലളിതയുടെ തെരഞ്ഞെടുപ്പ് വിജയത്തെ പ്രതീക്ഷയോടെയാണ് കോഫി ഹൗസിനെ സ്‌നേഹിക്കുന്നവർ കാണുന്നത്.