മലപ്പുറം: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. പാർട്ടിയിലെ മുതിർന്ന നേതാവായ കെഎൻഎ ഖാദറാണ് സ്ഥാനാർത്ഥി. ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന ഖാദറിനെ നാടകീയ നീക്കങ്ങൾക്കൊടുവിൽ അവസാന നിമിഷമാണ് സ്ഥാനാർത്ഥിയാക്കി പ്രഖ്യാപിച്ചത്. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് മഞ്ചേരി മുൻ നഗരസഭാ ചെയർമാൻ അഡ്വ. യുഎ ലത്തീഫ് എന്നിവരെ പിന്തള്ളിയാണ് ലീഗ് കെഎൻഎ ഖാദറിനെ ലീഗ് സ്ഥാനാർത്ഥിയാക്കിയത്. യു.എ ലത്തീഫ് കെ.എൻ.എ ഖാദറിന് പകരം ജില്ലാ സെക്രട്ടറിയാവും.

പാർട്ടിയുടെ പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.  മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയാണ് ഖാദർ. സ്ഥാനാർത്ഥി നിർണയത്തിന് തൊട്ടു മുന്നേ വരെ യു.എ ലത്തീഫാണ് സ്ഥാനാർത്ഥിയെന്ന വാർത്ത വന്നിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയാണ് മത്സരത്തിൽ തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്നും സംസ്ഥാന നേതൃത്വം ഏൽപ്പിച്ചാൽ ഉത്തരവാദിത്വം ഭംഗിയായി നിർവ്വഹിക്കുമെന്നും യു.എ ലത്തീഫ് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.

പി.കെ കുഞ്ഞാലിക്കുട്ടിയുടെ പിന്തുണയാണ് ലത്തീഫിന് സഹായിച്ചിരുന്നത്. എന്നാൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനിരിക്കെ ലത്തീഫ് മാധ്യമങ്ങളോട് സംസാരിച്ചതിൽ കെ.എൻ.എ ഖാദറിന് പ്രതിഷേധമുണ്ടായിരുന്നു. ഇക്കാര്യം അദ്ദേഹം പാണക്കാട് തങ്ങളെ അറിയിക്കുകയും സ്ഥാനാർത്ഥിത്വം ലഭിച്ചില്ലെങ്കിൽ രാജിവെക്കുമെന്ന് ഭീഷണി മുഴക്കിയെന്നുമാണ് പുറത്തുവരുന്ന വാർത്തകൾ. തനിക്ക് സ്ഥാനാർത്ഥിത്തം ലഭിക്കില്ലെന്ന വിധത്തിൽ വാർത്തകൾ വന്നതോടെ കെഎൻഎ ഖാദർ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ടു.

സ്ഥാനാർത്ഥി ചർച്ചകളിൽ മുന്നിലുണ്ടായിരുന്ന ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് ഇന്നലെ പിന്മാറിയിരുന്നു. പാർട്ടി അണികളുടെ കടുത്ത വിമർശനത്തെ തുടർന്നായിരുന്നു പിന്മാറ്റം. വേങ്ങര ഉൾക്കൊള്ളുന്ന മഞ്ചേരി പാർലിമെന്റ് മണ്ഡലത്തിലും നിയമ സഭയിലേക്ക് ലീഗിന്റെ സ്വന്തം സീറ്റുകളിൽ പോലും പരാജയം ഏറ്റു വാങ്ങുകയും ചെയ്ത, പൊതു സമൂഹത്തിൽ സ്വീകാര്യതയില്ലാത്ത മജീദിനെ മത്സരിപ്പിക്കേണ്ടെന്ന അഭിപ്രായവുമായി നിരവധി പേരാണ് രംഗത്ത് വന്നത്. ഇതിന് പുറമെ ഭൂരിഭാഗം സുന്നികളുള്ള വേങ്ങര മണ്ഡലത്തിൽ സലഫി ആശയക്കാരനായ മജീദിനെ മത്സരിപ്പിച്ചാൽ തിരിച്ചടിയുണ്ടാകുമെന്നും ആശങ്കയുണ്ടായിരുന്നു.

സോഷ്യൽ മീഡിയയിൽ തുറന്നടിച്ച യൂത്ത് ലീഗ് ദേശീയ നേതാവും ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻ അംഗവുമായ എൻ എ കരീമിനെതിരെ പാർട്ടി നടപടിയുമെടുത്തു. ഇതിന് തൊട്ടു പിറകെയാണ് കെപിഎ മജീദിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ശബ്ദം ശക്തമായത്. നേരത്തെ വള്ളിക്കുന്ന്, കൊണ്ടോട്ടി മണ്ഡലങ്ങളിൽ നിന്നുള്ള എംഎൽഎയായിരുന്ന കെ.എൻ.എ ഖാദർ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും തിരഞ്ഞെടുപ്പ് രംഗത്ത് തിരിച്ചെത്തുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പികെ കുഞ്ഞാലിക്കുട്ടി നേടിയ 38,000 വോട്ടുകളുടെ ഭൂരിപക്ഷം മറിടന്നുള്ള ഒരു മികച്ച വിജയം വേങ്ങരയിൽ വേണമെന്ന ചിന്തയാണ് യു.എ.ലത്തീഫിന് പകരം കെഎൻഎ ഖാദറിനെ തന്നെ കളത്തിലിറക്കാൻ കാരണമെന്നാണ് ലീഗ് നേതാക്കൾ വിശദീകരിക്കുന്നതെങ്കിലും സ്ഥാനാർത്ഥിത്വത്തിനായി ഖാദർ കടുത്ത സമ്മർദ്ദം നടത്തിയെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, വേങ്ങര ഉപതിരഞ്ഞെടുപ്പിൽ പി.പി.ബഷീറിനെ സി.പി.എം സ്ഥാനാർത്ഥിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ തിരുവനന്തപുരത്തു ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷമാണ് പ്രഖ്യാപനം നടത്തിയത്. തിരൂരങ്ങാടി ഏരിയാ കമ്മിറ്റി അംഗമായ ബഷീർ തന്നെയായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥി. ബിജെപി സ്ഥാനാർത്ഥിയായി ശോഭ സുരേന്ദ്രൻ വരുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. എന്നാൽ ശോഭ മത്സരിക്കാൻ സമ്മതം അറിയിച്ചിട്ടില്ല. ലീഗ് സ്ഥാനാർത്ഥി വിജയിക്കുമെന്ന് ഉറപ്പുള്ള മണ്ഡലത്തിൽ ഫലം എന്തുതന്നെ ആയാലും അത് സംസ്ഥാന രാഷ്ട്രീയത്തെ ബാധിക്കില്ല.