മലപ്പുറം: അഭ്യൂഹങ്ങൾക്ക് വിട നൽകി ഒടുവിൽ വേങ്ങര ഉപതിരഞ്ഞെടുപ്പിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയും മുൻ എംഎ‍ൽഎയുമായ അഡ്വ. കെ.എൻ.എ ഖാദറിനെ സ്ഥാനാർത്ഥിയായി പാണക്കാട്ട് വെച്ച് അൽപ സമയം മുമ്പാണ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചത്. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെ നാളെ പ്രഖ്യാപിക്കേണ്ട സ്ഥാനാർത്ഥിത്വം നേതൃത്വം ഇന്ന് തന്നെ പ്രഖ്യാപിക്കുകയായിരുന്നു.

സിറ്റിംങ്ങ് എംഎ‍ൽഎയായിരിക്കെ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഖാദറിന് സീറ്റ് നിഷേധിച്ചത് ഏറെ വിവാദമായിരുന്നു. സീറ്റ് നിഷേധിച്ചതിലെ അതൃപ്തി ഖാദർ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ശേഷം ജില്ലാ സെക്രട്ടറി സ്ഥാനം ഖാദറിന് നൽകി നേതൃത്വം ബാലൻസ് ചെയ്യുകയായിരുന്നു. എന്നാൽ വേങ്ങരയിൽ ഒഴിവ് വന്നതോടെ തുടക്കം മുതൽ ഖാദറിന്റെ പേര് ഉയർന്ന് കേട്ടിരുന്നു. ഏറെ പ്രതീക്ഷയോടെയായിരുന്നു ഖാദറുമായി ബന്ധപ്പെട്ട വൃത്തങ്ങളും പ്രതികരിച്ചിരുന്നത്. ഏറെ പ്രതിസന്ധികൾ ഉണ്ടായിരുന്നിട്ടും പ്രതീക്ഷ തെറ്റിക്കാതെയായിരുന്നു ഖാദറിന് വീണ്ടും നിയമസഭയിലേക്കുള്ള ടിക്കറ്റ് കിട്ടിയിരിക്കുന്നത്.

നിലവിൽ, പാർട്ടിയുടെ ശക്തികേന്ദ്രമായ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയായി തിളങ്ങി നിൽക്കേയാണ് ഖാദറിന്റെ സ്ഥാനാർത്ഥിത്വം. ഏറെ രാഷ്ട്രീയ പാരമ്പര്യമുള്ള കെ.എൻ.എ ഖാദർ മികച്ച പാർലമെന്റേറിയനും ലീഗിന്റെ പൊതുമുഖവുമാണ്. സ്ഥാനാർത്ഥിത്വം ചൊല്ലിയുണ്ടായ അഭിപ്രായ ഭിന്നതകളും യുവാക്കൾക്ക് സീറ്റ് നിഷേധിച്ചതിലുള്ള മുറുമുറുപ്പുമാണ് ഖാദറിന് നറുക്ക് വീണത്.

സിപിഐ ദേശീയ കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയും ആയിരിക്കെ 30 വർഷം മുമ്പാണ് കെ.എൻ.എ ഖാദർ മുസ്ലിം ലീഗിൽ ചേരുന്നത്. തുടർന്ന് ഖാദർ ദീർഘകാലം ലീഗിന്റെ തൊഴിലാളി സംഘടനയായ എസ്.ടി.യു സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചു. ലീഗിന്റെ ബുദ്ധിജീവികളിൽ ഒരാളായി ഖാദർ അറിയപ്പെട്ടു തുടങ്ങി. 2001 ൽ കൊണ്ടോട്ടിയിൽ നിന്നും 2011ൽ വള്ളിക്കുന്നിൽ നിന്നും ഖാദർ നിയമസഭയിലെത്തി. 2016ൽ നിയമസഭാ സീറ്റ് നിഷേധിച്ചതിനു പിന്നാലെ പാർട്ടിയുടെ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനം തേടിയെത്തുകയായിരുന്നു.

മൂന്നാം തവണ നിയമസഭയിലേക്ക് മത്സരിക്കുന്ന ഖാദറിന് പ്രായം 65 പിന്നിട്ടു. നിലവിൽ യുവാക്കളെ പരിഗണിക്കാതിരുന്നതിൽ പാർട്ടിക്കുള്ളിൽ നിലനിൽക്കുന്ന മുറുമുറുപ്പ് കെ.എൻ.എ ഖാദറിനെ കൊണ്ടുവരുന്നതിലൂടെ മറികടക്കാൻ സാധിക്കുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്. യൂത്ത് ലീഗുമായി അടുത്തിടപഴകുന്ന വ്യക്തി കൂടിയാണ് കെ.എൻ.എ ഖാദർ. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച സാഹചര്യത്തിൽ. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ഖാദർ മാറും. പകരം ലീഗ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ലീഗിലെ സീനിയർ നേതാവുമായ അഡ്വ. യു. എ ലത്തീഫ് ജില്ലാ സെക്രട്ടറിയായെത്തും. അവസാന ഘട്ടത്തിൽ വേങ്ങരയിലേക്ക് പരിഗണിച്ചവരുടെ കൂട്ടത്തിൽ പ്രധാനിയായിരുന്നു യു.എ ലത്തീഫ്.

കെ.എൻ അലവി മുസ്ലിയാരുടെയും ആയിശയുടെയും മകനായി 1950ൽ വടക്കേമണ്ണയിൽ ജനനം.ബി.എ, എൽ.എൽ.ബി വിദ്യാഭ്യാസ യോഗ്യത. സിപിഐ യുടെ വിദ്യാർത്ഥി യുവജന സംഘടനകളിലൂടെ രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കം. 1987 ൽ മുസ്ലിം ലീഗിൽ ചേർന്നു. ജില്ലാ വൈസ് പ്രസിഡന്റായിട്ടായിരുന്നു തുടക്കം. റീജണൽ ട്രാൻസ്‌പോർട്ട് അഥോറിറ്റി, കെ.എസ്.ആർ.ടി സി കമ്മിറ്റി, കേരള വഖഫ് ബോർഡ്, ഹജ്ജ് കമ്മിറ്റി, കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ്, മോയിൽ കുട്ടി വൈദ്യർ സ്മാരെ കമ്മിറ്റി ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ കെ.എൻ.എ ഖാദർ വഹിച്ചിട്ടുണ്ട്.