മലപ്പുറം: മുസ്ലിംലീഗ് സ്ഥാനാർത്ഥി പ്രഖ്യാപനം നേരത്തെ നടത്തി തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയെങ്കിലും സീറ്റ് വിഭജന വിഷയത്തിൽ പാർട്ടിക്കുള്ളിൽ അസ്വസ്ഥത പുകയുകയാണ്. സിറ്റിംങ് എംഎ‍ൽഎമാരിൽ ചിലരെ മാറ്റി നിർത്തിയതും യൂത്ത് ലീഗ് ഭാരവാഹികൾക്ക് സീറ്റി നൽകാത്തതുമാണ് പാർട്ടിക്കുള്ളിൽ മുറുമുറുപ്പിന് ഇടയാക്കിയിരിക്കുന്നത്. യു.ഡി.എഫിന്റെ അനുമതി ലഭിച്ച സാഹചര്യത്തിലായിരുന്നു ആദ്യഘട്ടത്തിൽ ഇരുപത് സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളുടെ പേര് പാർട്ടി പ്രഖ്യാപിച്ചത്.

ഘടക കക്ഷികളുമായി വച്ചുമാറ്റം നടന്നേക്കാവുന്ന നാലു സീറ്റുകളിലെ പ്രഖ്യാപനം പിന്നീട് ഉണ്ടാകും. എന്നാൽ ഇനി പ്രഖ്യാപിക്കാനിരിക്കുന്ന നാല് സീറ്റുകളിൽ യൂത്ത് ലീഗ് നേതാക്കളെ പരിഗണിച്ച് പ്രശ്‌നം പരിഹരിക്കാനാണ് നീക്കം. എന്നാൽ നിലവിലെ എംഎ‍ൽഎയായ കെ.എൻ.എ ഖാദറിനെ മത്സര രംഗത്തു നിന്ന് മാറ്റിയതാണ് പുതിയ പൊട്ടിത്തെറിക്ക് വഴിവച്ചിരിക്കുന്നത്. ഇത്തവണ മത്സര രംഗത്ത് നിന്നും മാറ്റിയ വള്ളിക്കുന്ന് എംഎ‍ൽഎ കെ.എൻ.എ ഖാദറിനെ മലപ്പുറം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കും ജില്ലാ സെക്രട്ടറിയായിരുന്ന അബ്ദുൽ ഹമീദ് മാസ്റ്ററെ വള്ളിക്കുന്നിലേക്കും മത്സരിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം.

എന്നാൽ ശക്തമായ നിലപാടുകളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാറുള്ള കെ.എൻ.എ ഖാദറിനെ പാർട്ടി ബോധപൂർവം മാറ്റിയതാണെന്നാണ് അറിയുന്നത്. ഇടതുപക്ഷ പാളയത്തിൽ നിന്നും മുസ്ലിംലീഗിലെത്തിയ ഖാദറിന് ലീഗുമായി ഇണങ്ങി പ്രവർത്തിക്കാൻ ഇപ്പോഴും സാധിച്ചില്ലെന്നാണ് ഒരു വിഭാഗം നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇതിന്റെ ഭാഗമായിട്ടാണ് നിലവിളക്ക് വിഷയത്തിൽ ഖാദർ സ്വതന്ത്രമായ നിലപാട് എടുത്തതെന്നാണ് സമസ്തയോട് ചേർന്ന് പ്രവർത്തിക്കുന്ന ലീഗ് നേതാക്കളുടെ വിലയിരുത്തൽ. മുഖം നോക്കാതെയുള്ള രാഷ്ട്രീയ നിലപാട് കൈമുതലാക്കിയ കെ.എൻ.എ ഖാദറിനെ മത്സര രംഗത്തെത്തിക്കാൻ മണ്ഡലത്തിലെ ചില നേക്കൾ ശ്രമിച്ചിരുന്നു.

എന്നാൽ എംഎ‍ൽഎമാരുടെ പ്രവർത്തന സർവെ റിസൾട്ട് പ്രകാരമായിരിക്കും പുതിയ ലിസ്റ്റ് എന്നായിരുന്നു നേതൃത്വത്തിന്റെ മറുപടി. എംഎൽഎമാരുടെ പ്രവർത്തനം വിലയിരുത്താൻ നേരത്തെ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി നിയോഗിച്ച കമ്മീഷൻ റിപ്പോർട്ട് കെ.എൻ.ഖാദറിന് എതിരാണെന്നാണ് അറിയുന്നത്. എന്നാൽ മികച്ച വികസന പ്രവർത്തനങ്ങൾ മണ്ഡലത്തിൽ നടത്തിയതായും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഖാദറിന്റെ കർക്കശമായ സംഘടനാ പാടവവും അനുഭവ സമ്പത്തും ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഉപയോഗപ്പെടുത്താനാണ് പാർട്ടിയുടെ തീരുമാനം.

എന്നാൽ താൻ നടത്തിയ വികസന പ്രവർത്തനങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സീറ്റില്ലാത്തതിൽ പരിഭവമില്ല, പുതയ സ്ഥാനം ഉത്തരവാദിത്വത്തോടെ നടത്താൻ പറ്റുമെന്നും കെ.എൻ.എ ഖാദർ മറുനാടൻ മലയാളിക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. പാർട്ടി എടുത്ത തീരുമാനത്തിന്റെ ശരി തെറ്റുകൾ പരിശോധിക്കേണ്ടതില്ലെന്നും എംഎ‍ൽഎ സർവ്വേയുടെ അടിസ്ഥാനത്തിലാണോ ഇപ്പോൾ സീറ്റ് നിർണയിച്ചതെന്ന് വ്യക്തമാക്കേണ്ടത് പാർട്ടിയാണെന്നും അദ്ദേഹം മറുനാടനോട് വ്യക്തമാക്കുകയുണ്ടായി.

പുതിയ ഉത്തരവാദിത്വത്തെ സംബന്ധിച്ചും ഇത്തവണ തന്റെ പേരില്ലാത്ത പുതിയ സ്ഥാനാർത്ഥി ലിസ്റ്റിനെ കുറിച്ചും കെ.എൻ.എ ഖാദർ മറുനാടൻ മലയാളിയോടു പ്രതികരിച്ചതിങ്ങനെ: മലപ്പുറം പോലുള്ള ഒരു ജില്ലയിൽ പാർട്ടി സെക്രട്ടറി സ്ഥാനം വലിയൊരു ഉത്തരവാദിത്തമാണ്. സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത് നടത്താൻ പറ്റുമെന്നാണ് എന്റെ ആത്മവിശ്വാസം സീറ്റ് ലഭിക്കാത്തതിൽ യാതൊരു പരിഭവവും ഇല്ല. അതൊക്കെ പാർട്ടി തീരുമാനിച്ച കാര്യമല്ലെ. എന്നെ പാർട്ടി ഏൽപിച്ച കാര്യങ്ങളൊക്കെ നന്നായി ചെയ്തിട്ടുള്ളതാണ്. ഞാൻ പ്രതിനിധീകരിച്ച വള്ളിക്കുന്ന് മണ്ഡലത്തിൽ ഏതാണ്ട് മുന്നൂറ് കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഞാൻ കൊണ്ടു വന്നിട്ടുണ്ട്. നിങ്ങൾ ആർക്കും എന്റെ മണ്ഡലത്തിൽ പോയി ഇവിടത്തെ എംഎ‍ൽഎ എങ്ങിനെ ഉണ്ടായിരുന്നെന്ന് ചോദിച്ചാൽ മതി. അവിടത്തെ ജനങ്ങളടെയും പൊതു സമൂഹത്തിന്റെയും അഭിപ്രായം അറിയാൻ കഴിയും. ജാതി മത രാഷ്ട്രീയ കക്ഷി ഭേതമില്ലാതെ പ്രാദേശിക വ്യത്യാസമില്ലാതെ നല്ലരീതിയിൽ ഞാൻ വികസനം കൊണ്ടു വന്നിട്ടുണ്ട്. കഴിഞ്ഞ എത്രയോ വർഷങ്ങളായി ഇത്രയും വികസനം ഇവിടെ നടന്നിട്ടില്ല. ഇത്രയേറെ വികസനം ഒരുമിച്ചു വന്ന മറ്റൊരു സ്ഥലം ഉണ്ടാവില്ല. മണ്ഡലത്തിലെ ഓരോ ജനവും ഇതു പറയും. ജനങ്ങൾക്ക് അതിനുള്ള എന്നോട് നന്നിയുമുണ്ട്.

മത്സരിക്കുന്നവരുടെ ലിസ്റ്റിൽ എന്റെ പേരു ചേർക്കേണ്ടത് പാർട്ടിയല്ലേ തീരുമാനിക്കേണ്ടത്. പാർട്ടിയുടെ തീരുമാനമനുസരിച്ച് പ്രവർത്തിക്കും. പാർട്ടി ഇപ്പോൾ ഏൽപിച്ച ഉത്തരവാദിത്വത്തെ വലുതായിട്ടാണ് കാണുന്നത്. ഇന്ത്യയിൽ തന്നെ മുസ്ലിംലീഗിന്റെ ഏറ്റവും വലിയ ജില്ലാ കമ്മിറ്റിയാണ് മലപ്പുറം. അതിന്റെ സെക്രട്ടറിയാവുക എന്നുള്ളത് നല്ല കാര്യമല്ലേ. ഞാൻപാർട്ടിയോടു പ്രത്യേക ആവശ്യങ്ങളൊന്നും ഉന്നയിച്ചിട്ടില്ല. മുസ്ലിംലീഗ് പാർട്ടി സാധാരണ ചെയ്യാറുള്ളതു പോലെ ചർച്ചകൾ നടത്തി എല്ലാ വശങ്ങളും ആലോചിച്ചാണ് ആരൊക്കെ എവിടെയൊക്കെ വേണമെന്ന് തീരുമാനിച്ചത്. അങ്ങിനെ പാർട്ടി എടുത്ത ഒരു തീരുമാനത്തിലെ ശരി തെറ്റുകൾ പരിശോധിക്കേണ്ട ആവശ്യമില്ലല്ലോ. എംഎ‍ൽഎമാരുടെ പ്രവർത്തനമെല്ലാം പാർട്ടി വിലയിരുത്തിയിട്ടുള്ളതാണ്. ഇനി വിലയിരുത്തിയാലും ഇല്ലെങ്കിലും ഇപ്പോൾ പാർട്ടി ഒരു തീരുമാനം എടുത്തിട്ടുണ്ട്. അത് നടപ്പായിക്കൊണ്ടിരിക്കുകയാണ്. എംഎ‍ൽഎമാരുടെ പ്രവർത്തനം വിലയിരുത്താൻ പാർട്ടി സർവ്വെ നടത്തിയോ, അതിന്റെ റിസൾട്ട് അനുസരിച്ചാണോ ഇപ്പോൾ സ്ഥാനാർത്ഥി ലിസ്റ്റ് പ്രഖ്യാപിച്ചത് എന്നൊക്കെ മറുപടി പറയേണ്ടത് പാർട്ടിയാണ്. എന്നെ പാർട്ടി എപ്പോൾ ഏൽപിക്കുന്ന പണികളും ചുമതലകളും നല്ല രീതിയിൽ ചെയ്തിട്ടുണ്ട്. ഇപ്പോഴും എനിക്ക് നല്ലൊരു ഉത്തരവാദിത്വം പാർട്ടി തന്നിട്ടുണ്ട്. അത് ഭംഗിയായി നിറവേറ്റാൻ ഞാൻ പരിശ്രമിക്കും. പാർലമെന്ററി രംഗത്തേക്ക് പാർട്ടി വിളിക്കുകയാണെങ്കിൽ അങ്ങോട്ടും പോകും മറ്റു ഉത്തരവാദിത്തങ്ങളാണെങ്കിൽ അതു ഏറ്റെടുക്കും. ഞാൻ സീറ്റിന്റെ പുറകെ പോകുന്നില്ല. ഇനി നാലു സീറ്റാണ് ബാക്കിയുള്ളതെങ്കിൽ യോഗ്യരായ നാൽപതു പേരും പാർട്ടിയിലുണ്ട്.