തിരുവനന്തപുരം: കിഫ്ബിയിൽ കെ എൻ ബാലഗോപാലിന് തോമസ് ഐസകിനോട് വിശ്വാസം പോര. സ്വന്തം വഴിയിലാകും കെ എൻ ബാലഗോപാലിന്റെ യാത്ര. തോമസ് ഐസക്കിന്റെ ബജറ്റിൽ നിറഞ്ഞത് കിഫ്ബി പദ്ദതികളായിരുന്നു. എന്നാൽ ബാലഗോപാൽ എത്തുമ്പോൾ ആ സാമ്പത്തിക ശാത്രം മാറുകയാണ്. കഴിഞ്ഞ 5 വർഷം സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കു ചുക്കാൻ പിടിച്ച കിഫ്ബിക്കു മന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ കാര്യമായ റോളില്ല.

കിഫ്ബി സംസ്ഥാനത്തെ കടക്കണിയിലാക്കുമെന്ന ചർച്ച സജീവമാണ്. അതുകൊണ്ടു തന്നെ കരുതലോടെ മാത്രമേ കിഫ്ബിയുമായുള്ള ഇടപെടുലുകൾ ബാലഗോപാൽ നടത്തൂ. തോമസ് ഐസക്കിന്റെ ധനകാര്യ മാനേജ്‌മെന്റ് അടിമുടി മാറ്റും. കിഫ്ബി സിഇഒയായ കെഎം എബ്രഹാം മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ പ്രിൻസിപ്പൽ സെക്രട്ടറിയാണ്. അതുകൊണ്ട് തന്നെ കെ എം എബ്രഹാമിനെ കൂടി വിശ്വാസത്തിലെടുത്താകും കിഫ്ബിയെ പതിയെ പിൻസീറ്റിലേക്ക് മാറ്റുക. കിഫ്ബിക്ക് പുറത്ത് വരുമാന വർ്ദ്ധനവിലൂടെ വികസനത്തിന് പണം കണ്ടെത്താനാണ് ധനമന്ത്രി ബാലഗോപാലിന് താൽപ്പര്യം.

4 പദ്ധതികൾക്കു മാത്രമാണു മന്ത്രി കിഫ്ബിയെ ആശ്രയിച്ചത്. തീരസംരക്ഷണത്തിനായുള്ള 1500 കോടി രൂപയുടെ പദ്ധതിയാണ് ഏറ്റവും പ്രമുഖം. തീരദേശ ഹൈവേയ്ക്കു വശങ്ങളിലായി പരിസ്ഥിതി സൗഹൃദ സൗകര്യ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനു ഭൂമി ഏറ്റെടുക്കാനായി 240 കോടി രൂപയും കിഫ്ബിയിൽ നിന്നു കണ്ടെത്തും. അതിന് അപ്പുറത്തേക്ക് വലിയ പദ്ധതികളൊന്നും ഇല്ല. 5 അഗ്രോ പാർക്കുകളും തൃശൂരിലെ പുതുക്കാട്ട് കെഎസ്ആർടിസി മൊബിലിറ്റി ഹബും സ്ഥാപിക്കുന്നതു കിഫ്ബിയുടെ സഹായത്തോടെയായിരിക്കുമെന്നും ബജറ്റിലുണ്ട്.

60,000 കോടിയുടെ വികസന പദ്ധതികൾ ഏറ്റെടുത്ത കിഫ്ബി ഇനി കൂടുതൽ ബാധ്യത താങ്ങാൻ കഴിയാത്ത അവസ്ഥയാണ്. കൈവശമുള്ള പദ്ധതികൾ പൂർത്തിയാക്കാൻ ഫണ്ട് കണ്ടെത്തേണ്ടതുമുണ്ട്. ഇതിനുള്ള ധന സമാഹരണവും ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കലുമാണു കിഫ്ബിക്കും സർക്കാരിനും മുന്നിലെ വലിയ വെല്ലുവിളി. അതിനാൽ പുതിയ പദ്ധതികൾക്കു സാധ്യത കുറവാണ്.

ചങ്ങാത്ത മുതലാളിത്തത്തിലൂന്നിയുള്ള വലതുപക്ഷ കാഴ്ചപ്പാടിന് ബദലായി, ഇടതുപക്ഷശീലങ്ങൾ പ്രവൃത്തിപഥത്തിലെത്തിക്കാനാണ് ബാലഗോപാലിന്റെ ശ്രമം. സുസ്ഥിര വികസനമെന്ന ഇടതുസങ്കല്പത്തെ കൈയൊഴിയുന്നില്ലെന്നും ആരോഗ്യ, സാമൂഹ്യ വികസന ഊന്നലുകൾ വഴി പ്രഖ്യാപിക്കുന്നു. ഇതിനൊപ്പമാണ് പഴയ കിഫ്ബിയെ കൈവിടുന്നത്. ഇത് തോമസ് ഐസക്കിന്റെ സാമ്പത്തിക ശാസ്ത്രത്തിനോടുള്ള താൽപ്പര്യക്കുറവാണ്. ജനുവരിയിൽ തോമസ് ഐസക് അവതരിപ്പിച്ച ബഡ്ജറ്റിനെ പ്രകീർത്തിച്ച ബാലഗോപാൽ, . ജി.എസ്.ടി നഷ്ടപരിഹാരം, ധനകാര്യകമ്മിഷൻ അവാർഡ് എന്നിവയിലെ കേന്ദ്രവിവേചനത്തെയും കേന്ദ്ര വാക്‌സിൻ നയത്തെയും രൂക്ഷമായി വിമർശിച്ചു.

ആഴക്കടൽ വിവാദം:തൊടാതെ തൊട്ട്ആഴക്കടൽ മത്സ്യബന്ധനം വിദേശ ട്രോളറുകൾക്ക് തീറെഴുതിയെന്ന്, തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രതിപക്ഷമുയർത്തിയ വിമർശനത്തിനുള്ള മറുപടിയും ബഡ്ജറ്റ്പ്രസംഗത്തിലുണ്ട്. 'ആഴക്കടൽ മത്സ്യബന്ധനം വിദേശട്രോളറുകൾക്ക് തുറന്ന് കൊടുത്തത് നരസിംഹറാവുവിന്റെ കോൺഗ്രസ് സർക്കാരാണ്. ഇപ്പോഴത്തെ എൻ.ഡി.എ സർക്കാരാകട്ടെ തീരക്കടലിന് മേൽ സംസ്ഥാനങ്ങൾക്കുള്ള നിയന്ത്രണാവകാശങ്ങളും കവരാൻ ശ്രമിക്കുന്നു. തീരക്കടലിലും ആഴക്കടലിലും ഖനനത്തിന് കോർപ്പറേറ്റുകൾക്ക് അനുവാദം നൽകുന്നു. ഇതിനെല്ലാം കടകവിരുദ്ധമാണ് ഇടതുനിലപാട്'- മന്ത്രി വ്യക്തമാക്കി.