ലണ്ടൻ: ബ്രിട്ടനെ ഞെട്ടിച്ച് ലണ്ടനിലെ പാർലമെന്റ് മന്ദിരത്തിനു മുന്നിൽ വെടിവയ്‌പ്പും കത്തിക്കുത്തും. അതിവേഗം കാറോടിച്ചെത്തിയ അക്രമി നിരവധിപ്പേരെ ഇടിച്ചുതെറിപ്പിച്ചു. ആക്രമണത്തിൽ രണ്ടു പേർ മരിച്ചതായാണ് റിപ്പോർട്ട്. മധ്യ ലണ്ടനിലെ പാർലമെന്റ് ഹൗസിനു പുറത്താണ് ആക്രമണം ഉണ്ടായത്. അപ്രതീക്ഷിതമായി പാർലമെന്റിലുണ്ടായ ആക്രമണത്തെത്തുടർന്ന് ബ്രിട്ടൻ ഭീകരാക്രണ ഭീതിയിലായി. പ്രധാനമന്ത്രി തെരേസാ മേയെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. സംഭവത്തെ ഭീകരാക്രണമായിട്ടാണു പരിഗണിക്കുന്നതെന്നു പൊലീസ് പറഞ്ഞു.

പാർലമെന്റ് മന്ദിരത്തിനു പുറത്തുള്ള വെസ്റ്റ് മിനിസ്റ്റർ പാലത്തിലാണ് ആക്രണം നടന്നത്. കത്തിയുമായി കാറോടിച്ച് എത്തിയയാളാണ് ആക്രമണം നടത്തിയത്. പാലത്തിന്റെ വേലിയിൽ കാറിടിച്ചു നിർത്തിയ അക്രമി പുറത്തിറങ്ങി പാർലമെന്റ് മന്ദിരത്തിനു കാവൽ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ കത്തിക്കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. അക്രമി ഒരു പൊലീസ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേൽപ്പിച്ചു. എട്ടിഞ്ച് നീളമുള്ള കത്തിയുപയോഗിച്ചായിരുന്നു ആക്രമണം. തുടർന്ന് അക്രമിയെ പൊലീസ് വെടിവച്ചു കീഴ്‌പ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് പാർലമെന്റിനു ചുറ്റുമുള്ള റോഡുകൾ പൊലീസ് അടച്ചു.

അക്രമി വെസ്റ്റ് മനിസ്റ്റർ പാലത്തിലൂടെ അതിവേഗം കാറോടിച്ച് നിരവധി കാൽനടക്കാരെയും സൈക്കിൾ യാത്രികരെയും ഇടിച്ചുതെറിപ്പിച്ചു. തുടർന്നാണ് ഇയാൾ പാർലമെന്റ് വളപ്പിൽ പ്രവേശിക്കാൻ ശ്രമിച്ചത്. അക്രമിയുടെ വാഹനം ഇടിച്ച് ഒരു സ്ത്രീ മരിച്ചതായാണ് റിപ്പോർട്ട്. കുത്തേറ്റ ഒരു പൊലീസുകാരനും മരിച്ചതായി റിപ്പോർട്ടുണ്ടെങ്കിലും സ്ഥിരീകരണമില്ല. 40 വയസ് പ്രായമുള്ള ഏഷ്യൻ വംശജനാണ് അക്രമം നടത്തിയതെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. അക്രമിയുടെ കാറിടിച്ച പലരും റോഡിൽ ചിതറിക്കിടന്നു. ചിലർ തേംസ് നദിയിലേക്കു നിപതിച്ചു. 

പാർലമെന്റ് സമ്മേളിക്കുന്ന വെസ്റ്റ് മിനിസ്റ്റർ കൊട്ടാരത്തിനു സമീപമുള്ള വെസ്റ്റ് മിനിസ്റ്റർ പാലത്തിൽ പ്രാദേശിക സമയം വൈകിട്ട് 2.45നാണ് ആക്രമണം ഉണ്ടായത്. ഈ സമയത്ത് ജനപ്രതിനിധി സഭയുടെ പാർലമെന്റ് സമ്മേളനം നടക്കുകയായിരുന്നു. വെടിവയ്പുണ്ടായ ഉടനെ സമ്മേളനം റദ്ദാക്കി. ആക്രമണം ഉണ്ടായ ഉടൻ തന്നെ പ്രധാനമന്ത്രി തേരേസാ മേയെ വാഹനത്തിൽ സുരക്ഷിത സ്ഥാനത്ത് മാറ്റി. മന്ദിരത്തിനുള്ളിൽ എംപിമാർക്കും ഉദ്യോഗസ്ഥർക്കും കനത്ത കാവൽ ഏർപ്പെടുത്തി. പാർലമെന്റ് കെട്ടിടം പൂർണമായം പൊലീസ് സംരക്ഷണത്തിലായി.

സംഭവത്തെ തുടർന്ന് പാർലമെന്റിനുള്ളിൽ ഉണ്ടായിരുന്നവരോട് പുറത്തിറങ്ങരുതെന്ന് നിർദ്ദേശം നല്കി. ആയുധധാരിയായ ഒരാളെ പാർലമെന്റ് കെട്ടിടത്തിനു പുറത്ത് കണ്ടതായി ദൃസാക്ഷികളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. പരുക്കേറ്റ ആളുകളെ ഇവിടെനിന്നു നീക്കുന്നത് കണ്ടതായും റിപ്പോർട്ടുകളുണ്ട്. ഹെലികോപ്റ്റർ ആംബുലസ് അടക്കം രംഗത്തെത്തി. 

ഒരു പൊലീസുകാരനു കുത്തേറ്റവിവരം ഹൗസ് ഓഫ് കോൺസ് നേതാവ് ഡേവിഡ് ലിഡിങ്ടൺ സ്ഥിരീകരിച്ചു. അക്രമിയെ പൊലീസ് വെടിവച്ചു കീഴ്‌പ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. മൂന്നു-നാലുവട്ടം വെടിയൊച്ച കേട്ടതായി എംപിമാർ പറഞ്ഞതായി ബിബിസിയും റിപ്പോർട്ട് ചെയ്തു. പൊലീസിന്റെ നിർദ്ദേശത്തെ തുടർന്ന് വെസ്റ്റ്മിനിസ്റ്റർ ഭൂഗർഭ സ്റ്റേഷൻ അടച്ചിട്ടുണ്ട്.

അക്രമിയുടെ കാറിടിച്ച് നിരവധി കാൽനട യാത്രക്കാർക്കും സൈക്കിൾ യാത്രികർക്കും പരിക്കേറ്റു. വേലിയിൽ കാറിടിച്ചുനിർത്തിയ അക്രമി പുറത്തിറങ്ങി ഒരു പൊലീസുകാരനെ കത്തികൊണ്ടു കുത്തുകയായിരുന്നു. തുടർന്ന് ഇയാളെ ഇയാളെ പൊലീസ് വെടിവച്ചു കീഴ്‌പ്പെടുത്തുകയായിരുന്നു.

40 വയസ് പ്രായമുള്ള ഏഷ്യൻ വംശജനാണ് ആക്രമണം നടത്തിയതെന്ന് റിപ്പോർട്ടുണ്ട്. എട്ട് ഇഞ്ച് നീളമുള്ള കത്തിയുമായാണ് ഇയാൾ ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.