വാഷിങ്ടൺ: യു.എസ് ഓപ്പണിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രമുഖ ടെന്നീസ് താരം സെറീന വില്യംസിനെ വംശീയമായ അധിക്ഷേപിച്ച് രംഗത്തിറക്കിയ കാർട്ടൂണിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയരുന്നു. റുപ്പർട്ട് മുർഡോക്കിനെ ന്യൂസ് കോർപ്പ് ആണ് സെറീനയെ അധിക്ഷേപിച്ച് കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. അമേരിക്കൻ അവകാശ പ്രവർത്തകൻ റേവ് ജാക്സൺ, പ്രമുഖ എഴുത്തുകാരി ജെ.കെ റോളിങ്ങ് തുടങ്ങിയവർ കാർട്ടൂണിനെ വിമർശിച്ച് രംഗത്തെത്തി.

എന്നാൽ കാർട്ടൂണിലൂടെ താൻ വംശീയ അധിക്ഷേപം ഉദ്ദേശിച്ചിട്ടില്ലെന്ന ന്യായീകരണവുമായി കാർട്ടൂണിസ്റ്റ് മാർക്ക് നൈറ്റ് രംഗത്ത് വന്നിട്ടുണ്ട്. ''ആളുകൾക്ക് ബുദ്ദിമുട്ട് ഉണ്ടാക്കിയതിൽ ഖേദം ഉണ്ട്. എന്നാൽ കാർട്ടൂൺ പിൻവലിക്കാൻ സാധിക്കില്ല. ആളുകൾ ഇതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ്'' നൈറ്റ് മാധ്യമങ്ങളോട് പറഞ്ഞു.

 

എന്നാൽ ഇതുകൊണ്ടൊന്നും പ്രതിഷേധങ്ങൾ അവസാനിക്കുന്നില്ല. ''ലജ്ജാകരം'' എന്നാണ് നാഷണൽ അസോസിയേഷൻ ഓഫ് ബ്ലാക്ക് ജേർണലിസ്റ്റ് കാർട്ടൂണിനെ വിശേഷിപ്പിച്ചത്

.

19ാം നൂറ്റാണ്ടിലും, 20-ാം നൂറ്റാണ്ടിലും കറുത്ത വർഗക്കാരെ പരിഹസിക്കാൻ ഉപയോഗിച്ച രീതിയിലാണ് കാർട്ടൂൺ വരച്ചിരിക്കുന്നതെന്ന് വാഷിങ്ടൺ പോസ്റ്റ് നിരീക്ഷിക്കുന്നുണ്ട്. മത്സര വിജയിയായ നവോമി ഒസാകയെ വെള്ളക്കാരി ആയി ചിത്രീകരിച്ചിരിക്കുന്നതിനേയും ആളുകൾ വിമർശിക്കുന്നുണ്ട്.