- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദൈവ നിരാസവും സ്വതന്ത്ര ലൈംഗികതയും പ്രചരിപ്പിക്കുന്നത് ചെറുക്കും; എസ്എഫ്ഐയെ നിയന്ത്രിക്കാൻ സിപിഎം തയ്യാറാവണമെന്ന് കെഎൻഎം മർകസുദ്ദഅ്വ; അകാരണമായി മുസ്ലിം ചെറുപ്പക്കാരെ വേട്ടയാടുന്ന കേരള പൊലീസിലെ ഫ്രാക്ഷനുകളെ നിലക്ക് നിർത്താൻ ആഭ്യന്തര വകുപ്പ് തയ്യാറാവണമെന്നും ആവശ്യം
കോഴിക്കോട്: എസ്എഫ്ഐയെ രൂക്ഷമായി വിമർശിച്ച് കെഎൻ എം മർകസുദ്ദഅ് വ. സ്വതന്ത്ര ലൈംഗികതയെയും സ്വവർഗ രതിയെയും പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണ് എസ് എഫ് ഐ എന്നാണ് കെ എൻ എമ്മിന്റെ ആക്ഷേപം. സാമൂഹ്യ അരാജകത്വത്തിലേക്ക് നയിക്കുന്ന സ്വതന്ത്ര ലൈംഗികതയെയും സ്വവർഗ രതിയെയും ബോധപൂർവം പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന തങ്ങളുടെ വിദ്യാർത്ഥി സംഘടനയുടെ സാംസ്കാരിക വിരുദ്ധവും അപകടകരവുമായ പ്രവണതയെ നിയന്ത്രിക്കാൻ സി പി എം. നേതൃത്വം തയ്യാറാവണമെന്ന് കെ എൻ എം മർകസുദ്ദഅ് വ സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പ് ആവശ്യപ്പെട്ടു.
വിശ്വാസപരവും ധാർമികവുമായ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന കേരളീയ സമൂഹത്തിലേക്ക് പ്രത്യയ ശാസ്ത്രപരമായ മത വിരുദ്ധ-ധാർമികതാ വിരുദ്ധ നയ നിലപാടുകൾ വിപണനം നടത്താനുള്ള ശ്രമങ്ങളെ ശക്തമായി ചെറുക്കുമെന്ന് കെ എൻ എം മർകസുദ്ദഅ് വ വ്യക്തമാക്കി. കേരള പൊലീസിന്റെ സൈബർ വിങ് കേരളത്തിലെ പ്രതികരണ ശേഷിയുള്ളവരുടെ നാവടപ്പിക്കാനുള്ള സംവിധാനമാണെങ്കിൽ അതനുവദിക്കുകയില്ല.
സമുദായങ്ങളെ തമ്മിലടിപ്പിച്ച് ഛിദ്രതയും വിദ്വേഷവും വളർത്തി രാഷ്ട്രിയ ലാഭം കൊയ്യാൻ സംഘ പരിവാർ നടത്തുന്ന ഗൂഢ പദ്ധതികളെ തുറന്നു കാണിക്കുന്നവരെ കയ്യാമം വെക്കാൻ കേരള പൊലീസിലെ സൈബർ വിങ് നടത്തുന്ന ശ്രമങ്ങളെ ഇനിയും സഹിക്കാൻ കേരളീയ മുസ്ലിം സമൂഹം തയ്യാറല്ല. അകാരണമായി മുസ്ലിം ചെറുപ്പക്കാരെ വേട്ടയാടുന്ന കേരള പൊലീസിലെ ഫ്രാക്ഷനുകളെ നിലക്ക് നിർത്താൻ ആഭ്യന്തര വകുപ്പ് തയ്യാറാവണം.
കേരള വഖഫ് ബോർഡ് നിയമനങ്ങൾ പി എസ് സിക്ക് വിട്ട നടപടി പിൻവലിക്കാനോ അതുമായി ബന്ധപ്പെട്ട് മുസ്ലിം സംഘടനാ നേതാക്കളുമായി ചർച്ച നടത്താനോ തയ്യാറാവാത്ത സർക്കാർ നിലപാടിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടപ്പിൽ വരുത്തിയ എ ഐ പി സ്കൂളുകളിലെ നിയമനങ്ങൾ റദ്ദ് ചെയ്ത സംസ്ഥാന സർക്കാർ നടപടി പിൻവലിച്ച് നിയമനാംഗീകാരം നല്കണമെന്നും കെ. എൻഎം മർകസുദ്ദഅ് വ എക്സിക്യൂട്ടീവ് മീറ്റ് ആവശ്യപ്പെട്ടു. കെ. എൻ. എം മർകസുദ്ദഅ് വ സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പ് ജന: സെക്രട്ടറി സി പി ഉമർ സുല്ലമി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. എംഅഹ്മദ് കുട്ടി മദനി, കെ അബൂബക്കർ മദനി, സി മമ്മു കോട്ടക്കൽ, പ്രൊഫ. ശംസുദ്ദീൻ പാലക്കോട്, അഡ്വ. പി മുഹമ്മദ് ഹനീഫ, എം എം ബഷീർ മദനി, കെപി അബ്ദുറഹ്മാൻ സുല്ലമി തുടങ്ങിയവർ പ്രസംഗിച്ചു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.