കണ്ണൂർ: കാസർഗോഡ് ജില്ലയിലാരംഭിച്ച ബിജെപി- സിപിഐ (എം) സംഘർഷം കണ്ണൂർ ജില്ലയിലേക്കും പടർന്നു. കണ്ണൂർ അഴീക്കോട് പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും അക്രമങ്ങൾ അരങ്ങേറുകയാണ്.

ബിജെപി. ജില്ലാ പ്രസിഡന്റ് കെ.രഞ്ജിത്തിന്റെ പള്ളിയാംമൂലയിലെ വീടിനു നേരെ ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് ബോംബേറുണ്ടായത്. വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. വീട്ടിലുള്ള ആർക്കും പരിക്കേറ്റില്ല. അഴീക്കോട് പൊലീസിനുനേരെയും ബോംബേറുണ്ടായി. പൊലീസ് തിരിച്ച് ഗ്രനേഡ് എറിഞ്ഞ് അക്രമികളെ തുരത്തിയോടിച്ചു.

അഴീക്കോട് നീർക്കടവിലും മീൻകുന്നിലും സിപിഐ(എം), ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെയും പാർട്ടി ഓഫീസുകൾക്കു നേരെയും അക്രമങ്ങൾ വ്യാപിക്കുകയാണ്. ബിജെപി.പ്രവർത്തകന്റെ അടച്ചിട്ട വീട്ടിൽനിന്നും 22 പവൻ സ്വർണാഭരണങ്ങൾ കൊള്ളയടിച്ചതായും പരാതിയുണ്ട്. ഗർഭിണിക്ക് നേരേയും ബോംബേറുണ്ടായി. എന്നാൽ പരിക്കേറ്റിട്ടില്ല. താളിക്കാവ് ബിജെപി.പ്രവർത്തകർക്കു നേരെയുണ്ടായ ബോംബേറിൽ രണ്ടു പേർക്ക് പരിക്കേറ്റു. നീർക്കടവിലെ കാപ്പിലെ പീടിക ഭാഗത്തെ പന്ത്രണ്ടു വീടുകൾക്കും മീൻകുന്നിൽ അഞ്ചു വീടുകൾക്കും നേരെ അക്രമണമുണ്ടായി. ഇവിടെ സിപിഐ(എം) ഓഫീസ് അക്രമിക്കപ്പെട്ടു.

തിരുവോണ ദിവസം രാത്രിയോടെ ആരംഭിച്ച അക്രമസംഭവങ്ങൾ അതിരു വിടുകയായിരുന്നു. നിരവധി വീടുകളും വാഹനങ്ങളും തകർക്കപ്പെട്ടു. വീട്ടുപകരണങ്ങൾ തകർത്തെറിഞ്ഞ് നശിപ്പിച്ചിരിക്കയാണ്. അക്രമങ്ങൾ നടക്കുന്ന വേളയിൽ പല വീട്ടമ്മമാരും അടുക്കളയിലും മറ്റും ഒളിച്ചിരുന്നു. പുരുഷന്മാർ ഓടി രക്ഷപ്പെട്ടു. വീട്ടു മുറ്റത്തു നിർത്തിയിട്ടിരുന്ന ഇരു ചക്ര വാഹനങ്ങൾ വ്യാപകമായി നശിപ്പിക്കപ്പെട്ടു. പൊലീസ് ഏകപക്ഷീയമായാണ് പെരുമാറുന്നതെന്ന് വീട്ടമ്മമാർ പരാതിപ്പെട്ടു. അക്രമങ്ങൾ നടത്തുന്നത് സിപിഐ(എം) ആണെന്ന് ബിജെപി.യും ബിജെപി.യാണെന്ന് സിപിഐ(എം)യും പരസ്പരം ആരോപിക്കുന്നു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളുമായി നൂറോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പതിമൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

നിസ്സാര പ്രശ്‌നങ്ങളാണ് കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലെ രാഷ്ട്രീയ സംഘർഷത്തിലും കൊലപാതകത്തിലും കലാശിക്കുന്നത്. പോസ്റ്റർ കീറിയെന്ന പേരിലോ കൊടി കാണാതായെന്ന പേരിലോ തുടങ്ങുന്ന തർക്കങ്ങൾ വളർന്നു സംഘർഷങ്ങളിലേക്കും പിന്നെ കൊലപാതകങ്ങളിലേക്കും എത്തിച്ചേരും. ഒടുവിൽ ജില്ല മുഴുവനും സമാധാനഭംഗത്തിന് കാരണമാകും. കാസർകോടും സംഭവിച്ചതതായിരുന്നു. കാസർഗോട്ടെ സിപിഐ(എം) പ്രവർത്തകന്റെ കൊലപാതകത്തോടെയാണ് കണ്ണൂർ ജില്ലയിൽ അക്രമസംഭവങ്ങൾ വ്യാപിച്ചത്. മട്ടന്നൂർ മേഖലയിലും ഇരുപാർട്ടിയും സംഘർഷാവസ്ഥ സൃഷ്ടിച്ചിരിക്കയാണ്.

ഈ മേഖലകളിൽ വ്യാപകമായി ബോംബുകളും മാരകായുധങ്ങളും ശേഖരിച്ചു വച്ചിട്ടുണ്ട്. വയനാട്, കാളാംതോട് എന്നിവിടങ്ങളിൽ ബോംബു സ്‌ക്വാഡും ഡോഗ്‌സ്‌ക്വാഡും തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടുകിട്ടിയില്ല. ഇന്നു വീണ്ടും തിരച്ചിൽ നടത്തുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു