തിരുവനന്തപുരം: അഭിപ്രായങ്ങൾ മുഖത്തു നോക്കി പറയും, അത് ആർക്ക് അനിഷ്ടമുണ്ടായാലും പറയുന്ന കാര്യത്തിൽ ഉറച്ചു നിൽക്കും. കേരളാ പൊലീസിനെ നയിക്കാൻ പുതുതായി നിയോഗിതനായ ഡിജിപി ടി പി സെൻകുമാറിന്റെ പൊതുവിലുള്ള പ്രകൃമാണ് ഇത്. ചെയ്യുന്ന ജോലിയോട് സത്യസന്ധതയും കൂറും പുലർത്തുന്ന ഉദ്യോഗസ്ഥനായ അദ്ദേഹം തീർത്തും ലളിത ജീവിതത്തിന്റെ ഉടമ കൂടിയാണ്. പലപ്പോഴും നിലപാടുകളിലെ കാർക്കശ്യം കാരണം പൊലീസ് കുപ്പായത്തിൽ നിന്നും മാറ്റപ്പെട്ട വ്യക്തികൂടിയാണ് സെൻകുമാർ. എങ്കിലും തന്റെ കർത്തവ്യത്തോട് മടികാണിക്കാതെ ആത്മർത്ഥതയോടെ ചെയ്യുന്ന ജോലി ഫലപ്രദമായി ചെയ്യുകയായരുന്നു സെൻകുമാർ ചെയ്തത്. കാക്കി ഇട്ടാണെങ്കിലും അല്ലെങ്കിലും ജോലിയുടെ കാര്യത്തിൽ വിട്ടുവീഴ്‌ച്ച ഇല്ലാത്ത സമീപനം സ്വീകരിച്ചതുകൊണ്ടു കൂടിയാണ് സെൻകുമാറിനെ തേടി ഒടുവിൽ ഡിജിപി പദവിയും എത്തിയത്.

തൃശ്ശൂർ കാടുകുറ്റി സ്വദേശിയണ് സെൻകുമാർ. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്ദര ബിരുദം കരസ്ഥമാക്കിയ ശേഷം ഇക്കണോമിക സർവീസിൽ എത്തിയ അദ്ദേഹത്തിന് 1983ലാണ് ഐപിഎസ് പദവി ലഭിച്ചത്. കാസർകോഡായിരുന്നു ആദ്യ നിയമനം. ഇവിടെ എഎസ്‌പിയായി ജോലി തുടങ്ങിയ സെൻകുമാർ പിന്നീട് അതിവേഗം ഉന്നതപദവിയിലേക്ക് പോകുകയായിരുന്നു. തുടർന്ന് വിവിധ ജില്ലകളിൽ എസ്‌പിയായി പ്രവർത്തിച്ചു. ഇക്കാലയളവിൽ പ്രമാദമായ പല കേസുകളുടെയും അന്വേഷണ ചുമതലയും സെൻകുമാറിന് ആയിരുന്നു. പൊലീസിന്റെ വിവിധ മേഖലകളിൽ മാറി മാറി പ്രവർത്തിച്ചു. മൂന്നു പതിറ്റാണ്ടു നീണ്ട സർവ്വീസിനിടെ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളുടെ അന്വേഷണത്തിന് നേതൃത്വം നൽകി.

വിതുര, പന്തളം പെൺവാണിഭകേസുകൾ, മാഞ്ചിയം-തേക്ക്-ആട്,ലിസ് സാമ്പത്തിക തട്ടിപ്പുകൾ, ഫ്രഞ്ച് ചാരകേസ് തുടങ്ങി പ്രമാദമായ കേസകളുട അന്വേഷണ ചുമതല സെൻകുമാറിനായിരുന്നു. ബിവറേജസ് കോർപ്പറേഷൻ, കെ.എസ്.ആർ.ടി.സി, മോട്ടോർ വാഹനവകുപ്പ് എന്നീ സ്ഥാപനങ്ങളുടെ മേധാവിയായും പ്രവർത്തിച്ചു. ഇതിൽ കെഎസ്ആർടിസി മേധാവിയായിരിക്കേ പുതിയ ബസുകളും പരിഷ്‌ക്കാരങ്ങളും ഏർപ്പെടുത്തി മികച്ച പ്രവർത്തനമാണ് അദ്ദേഹം കാഴ്‌ച്ചവച്ചത്. പലപ്പോഴും നേർവഴിയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം ഒരു വിഭാഗത്തിനിടയിൽ എതിപ്പിന് കാരണവുമാകുകയും ചെയ്തു.

പൊലീസ് സേനയിൽ അച്ചടക്കവും മനുഷ്യാവകാശവും സംരക്ഷിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്ന അദ്ദേഹം തന്റെ അഭിപ്രായം തുറന്നു പറഞ്ഞതിന്റെ പേരിൽ വിവാദത്തിൽ ചാടുകയും ചെയ്തു. കലാഭവൻ മണിയെ അനുകൂലിച്ച് പ്രസംഗിച്ച സംഭവമായിരുന്നു അതിൽ ഒന്ന്. കലാഭവൻ മണിയോടുള്ള ഉദ്യോഗസ്ഥരുടെ മനോഭാവത്തെ ഉദ്ദേശിച്ചു നടത്തിയ അഭിപ്രായം ചിലർ വിവാദമാക്കുകയായിരുന്നു. മണിക്ക് പകരം സൂപ്പർസ്റ്റാറുകൾ ആയിരുന്നെങ്കിൽ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നാണ് കൊല്ലത്ത് പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ സെൻകുമാർ പറഞ്ഞത്. വെള്ളക്കാരെ സല്യൂട്ട് ചെയ്യാനും കറുത്തവരെ ചവിട്ടിത്തേക്കുന്നതുമായ സമീപനം ഇനിയും മാറിയിട്ടില്ല എന്നാണ് ഈ സംഭവം കാണിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഈ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ കോടതി കേറേണ്ട സാഹചര്യവും അദ്ദേഹത്തിന് ഉണ്ടായി.

കേസുകളിലെ സാക്ഷികൾക്ക് നീതി നിഷേധിക്കുന്ന കോടതിക്കെതിരെ അദ്ദേഹം തുറന്നടിച്ചതും നേരത്തെ ചർച്ചയായിരുന്നു. ഇന്റലിജന്റ്‌സ് എഡിജിപിയായിരുന്ന വേളയിൽ ജോലിയുടെ പേരിൽ അദ്ദേഹം തീവ്രവാദികളുടെ നോട്ടപ്പുള്ളി ആകുകയും ചെയ്തു. ഇതിന്റെ പേരിൽ പൊലീസ് പ്രത്യേകം സുരക്ഷ വാഗ്ദാനം ചെയ്തപ്പോഴും അദ്ദേഹം അത് നിരസിക്കുകയും ചെയ്്തു. ഇന്റലിജന്റ്‌സ് സംവിധാനത്തെ ഉടച്ചുവാർക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ അദ്ദേഹം കാഴ്‌ച്ചവച്ചിരുന്നു. സത്യസന്ധനായ ഉദ്യോഗസ്ഥൻ എന്ന് പേര് കേൾപ്പിച്ച സെൻകുമാർ ഏറെകാലവും പ്രവർത്തിച്ചത് കേരളത്തിൽ തന്നെയായിരുന്നു. 32 വർഷം അദ്ദേഹം കേരളത്തിൽ ജോലി നോക്കി.

എന്തും രാഷ്ട്രീയ വിവാദമാകുന്ന കേരളത്തിലെ സാഹചര്യത്തിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥൻ കൂടിയായിരുന്നു സെൻകുമാർ. ഏത് തസ്തികയിലും വിശ്വസിച്ച് സെൻകുമാറിനെ ഏൽപ്പിക്കാം എന്ന ബോധ്യം സർക്കാറിനും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ ജയിലിലെ ഫോൺവിളി വിവാദമായപ്പോൾ സെൻകുമാറിനെ ജയിൽമേധാവിയായി സർക്കാർ തീരുമാനിച്ചത്. സാമ്പതതിക ശാസ്ത്രത്തിൽ ബിരുദാനത്ത ബിരുദത്തിന് പുറമേ നിയമ ബിരുദവുമുള്ള പുതിയ പൊലീസ് മേധാവി റോഡപകടകളെ കുറിച്ചുള്ള ഗവേഷണവും പൂർത്തിയാക്കിയിട്ടുണ്ട്. 2017 ജൂൺ വരെയാണ് സെൻകുമാറിന്റെ സർവ്വീസ് കാലാവധി.