ജിദ്ദ : വൈജ്ഞാനിക നവസങ്കേതങ്ങളെയും സംരംഭങ്ങളെയും പരിചയപ്പെടുത്തുന്നതിനും പഠനവിധേയമാക്കുന്നതിനുമായി രിസാല സ്റ്റഡി സർക്കിൾ വിസ്ഡം വിഭാഗം നോട്ടെക് (KnowTech) എന്ന പേരിൽ വൈജ്ഞാനിക സാങ്കേതിക പ്രദർശനം സംഘടിപ്പിക്കുന്നു.

ഇന്നവേഷൻ രംഗത്തെ പ്രവാസി യുവാക്കളുടെ ഇടപെടലുകളുടെയും പ്രവർത്തനങ്ങളുടെയും വ്യവസ്ഥാപിത പ്രദർശനവേദിയാകും നോട്ടെക്കുകൾ. ആധുനിക ശാസ്ത്ര സാങ്കേതിക മേഖലയിലെ നവീനതകളും ടെക്നോളജി, പ്രൊഫഷനൽ രംഗത്തെ സാധ്യതകളും പ്രദർശിപ്പിക്കുന്നതിനൊപ്പം നവസങ്കേതങ്ങളെ പരിചയപ്പെടുത്തുന്ന സെമിനാറുകൾ, ചർച്ചകൾ, മത്സരങ്ങൾ, ആസ്വാദനങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് വിവിധ ഘടകങ്ങളിലായി രണ്ടു വർഷത്തിലൊരിക്കൽ നോട്ടെക്കുകൾ നടക്കുകയെന്ന് ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.

സാങ്കേതിക, വൈജ്ഞാനിക രംഗത്തെ പുതിയ കണ്ടുപിടുത്തങ്ങളും ഉത്പന്നങ്ങളും പ്രദർശിപ്പിക്കാൻ യുവ ഗവേഷകർക്ക് നോട്ടെക് അവസരം നൽകും. സാങ്കേതിക രംഗത്തെ പ്രതിഭകൾക്ക് മികവ് തെളിയിക്കുന്നതിനുള്ള മത്സരങ്ങൾ, ടെക്‌നോളജി എക്‌സ്‌പോ, പ്രസന്റെഷൻ തുടങ്ങിയ വിവിധ സംരംഭങ്ങൾ നോട്ടെക് എക്‌സ്‌പോയിലുണ്ടാകും. ദ ബ്രൈൻ, ഗ്രാഫിക്‌സ് ഡിസൈനിങ്, ഡിജിറ്റൽ ഫോട്ടോഗ്രഫി, സോഫ്‌റ്റ്‌വെയറുകൾ, സോഷ്യൽ മീഡിയ ആപ്പുകൾ, ടൂട്ടറിങ്, ആരോഗ്യം, ഗാർഹികം, സാമ്പത്തികം, കമ്പ്യൂട്ടർ, മൊബൈൽ, ഇന്റർനെറ്റ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെടുത്തുന്ന നവ സാങ്കേതകവിദ്യകൾ, ലൈഫ് ടിപ്സ്, കരിയർ ഗൈഡൻസ് ഡോക്യുമെന്ററി, സ്പോട്ട് ക്രാഫ്റ്റിങ്, തുടങ്ങിയ മത്സര ഇനങ്ങളുമുണ്ടാകും.

പുതിയ ആശയങ്ങൾ അവതരിപ്പിക്കാൻ സന്ദർശകർക്ക് അവസരം നൽകുന്ന ക്രിയേറ്റീവ് കമ്യൂൺ, സോഷ്യൽ മീഡിയ അവയർനെസ്, സൈബർ സെക്യൂരിറ്റി, സിറ്റിസൺ ജേർണലിസം, ഗതാഗത സുരക്ഷ തുടങ്ങിയ മേഖലകളിൽ ക്ലാസുകൾ, ഓപൺ ടോക്ക്, പ്രൊജക്ട് പ്രസന്റേഷൻ, വീഡിയോ റിവ്യൂ, ബുക് റിവ്യൂ, അപ്ലിക്കേഷൻ ഷോക്കോസ്, ശാസ്ത്രമേള, സ്‌കൂൾ പവലിയൻ, ബുക് ഷെൽഫ്, എഡ്യൂ എക്‌സ്‌പോ എന്നിവയും നടക്കും. മൊബൈൽ ആപ്പിലൂടെ രജിസ്റ്റർ ചെയ്താണ് നോട്ടെക്കിൽ പങ്കെടുക്കാൻ അവസരം നൽകുക. ഈ വർഷത്തെ നോട്ടെക് ആർ എസ് സിയുടെ സെക്ടർ, സെൻട്രൽ, നാഷനൽ ഘടകങ്ങളിൽ ഈ മാർച്ച് മാസമാണ് നടക്കുക. എക്‌പോയിൽ പങ്കെടുക്കുന്നതിന് 0532061033 എന്ന നമ്പറിൽ ബന്ധപ്പെടുക. ജിദ്ദ സെൻട്രൽ നോട്ടെക് എക്‌സ്‌പോ മാർച്ച് 23 നാണ് നടക്കുക.

പരിപാടിയുടെ നടത്തിപ്പിനായി അബ്ദുൽ റഹ്മാൻ മളാഹിരി,മുജീബ് എ ആർ നഗർ,ബഷീർ എറണാകുളം തുടങ്ങിയവരെ ഉപദേശക സമിതി അംഗങ്ങളായി 51 അംഗം നോടെക്ക് ഡ്രൈവ് ടീമിനെ രൂപീകരിച്ചു.

ഷാഫി മുസ്ലിയാർ, സയ്യിദ് സൈനുൽ ആബിദ് തങ്ങൾ,ബഷീർ ഹാജി നീരോൽ പാലം എന്നിവരെ യഥാക്രമം സ്വാഗത സംഘം ചെയർമാൻ ജനറൽ കൺവീനർ ഫിനാൻസ് കൺവീനർ എന്നിങ്ങനെ തിരഞ്ഞെടുക്കപ്പെട്ടു. ഹസൻ സഖാഫി മുസ്തഫ സഅദി യഹ്യ നൂറാനി എന്നവർ വൈസ് ചെയർമാന്മാരും ഖലീൽ റഹ്മാൻ റാഷിദ് മാട്ടൂൽ എന്നിവർ ജോയിൻ കൺവീനർമാരും ആയി യോഗം തിരഞ്ഞെടുത്തു.

സെൻട്രൽ ചെയർമാൻ നൗഫൽ മുസ്ലിയാരുടെ അധ്യക്ഷതയിൽ ജനറൽ കൺവീനർ നസിം പാലക്കൽ സ്വാഗതവും സയ്യിദ് സൈനുൽ ആബിദ് തങ്ങൾ നന്ദിയും പറഞ്ഞ യോഗത്തിൽ അബ്ദുന്നാസർ അൻവരി, മുഹ്സിൻ സഖാഫി, അലി ബുഖാരി, സുജീർ പുത്തൻ പള്ളി, നൗഫൽ വടകര, റഷീദ് പന്തല്ലൂർ, എന്നിവർ സംബന്ധിച്ചു.