കോട്ടയം: രക്തബന്ധമില്ലാത്ത ഒരാളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി സ്വന്തം കരൾ പകുത്തു നൽകി ആശുപത്രി അധികൃതരുടെ ചികിത്സാ പിഴവിനാൽ മരണം വരിക്കേണ്ടി വന്ന കുഞ്ചാക്കോ ഒരു നാടിന്റെ മുഴുവൻ നോവായി മാറിയിരിക്കയാണ്. അമൃത ആശുപത്രിയുടെ ചികിത്സാ പിഴവാണ് നാട്ടുകാരുടെ പ്രിയങ്കരനായ കുഞ്ചാക്കോ ചേട്ടന്റെ ജീവൻ നഷ്ടമാകാൻ കാരണമെന്നാണ് ബന്ധുക്കൾ ആരോപിച്ചത്. ഈ ആരോപണത്തിലേക്ക് നയിച്ച കാര്യങ്ങൽ എന്തൊക്കെയാണെന്ന് വ്യക്തമാക്കി കുഞ്ചാക്കോയുടെ ഭാര്യ ലിസമ്മ രംഗത്തെത്തി. അവയവദാനം നടത്തിയ വ്യക്തിയാണ് മരണപ്പെട്ടതെന്നും അത് ചെറിയ കാര്യമായി കാണാൻ സാധിക്കില്ലെന്നും കുഞ്ചാക്കോയുടെ ഭാര്യ ലിസമ്മ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അമൃതാ ആശുപത്രിയിൽ വച്ച് റോജി എന്ന യുവാവിന് വേണ്ടി കരൾ പകുത്തുന്ന നൽകിയ കുഞ്ചാക്കോ ശസ്ത്രക്രിയയെ തുടർന്നുണ്ടായ പിഴവിനെ തുടർന്നും ആശുപത്രി അധികൃതരുടെ അവഗണനയാലുമാണ് മരണപ്പെട്ടതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. റോജി ജോസഫിന് കരൾ ദാനംചെയ്യുന്നതിനുവേണ്ടി ഡോക്ടർമാർ നിർദ്ദേശിച്ചപ്രകാരം രണ്ടുമാസത്തോളം ആഹാരജീവിതനിയന്ത്രണങ്ങളിലൂടെ ഡോക്ടർക്ക് തൃപ്തികരമായ നിലയിലേയ്ക്ക് എത്തിച്ച ശേഷമാണ് കുഞ്ചാക്കോ ഓപ്പറേഷന് വിധേയമായത്. ഒന്നും ഭയപ്പെടാൻ ഇല്ലെന്നും ഡോക്ടർമാർ അന്ന് പറഞ്ഞിരുന്നു. എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞതോടെ ഒരു പേഷ്യന്റിന് പരിചരിക്കുന്ന വിധത്തിൽ പരിചരണം കുഞ്ചാക്കോയ്ക്ക് ലഭിച്ചില്ലെന്നും ബന്ധുക്കൾ പറയുന്നു.

നവംബർ പതിനാറാം തീയ്യതിയാണ് കുഞ്ചാക്കോ ശസ്ത്രക്രിയക്ക് വേണ്ടി അമൃത ഹോസ്പ്പിറ്റലിൽ അഡ്‌മിറ്റായത്. 17ാം തിയ്യതി ഓപ്പറേഷൻ തീയ്യറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഓപ്പറേഷൻ നടത്തിയ ശേഷം ധൃതിപ്പെട്ട് വാർഡിലേക്ക് മാറ്റിയതും വേണ്ടത്ര പരിചരണം നൽകാത്തതും മൂലം കുഞ്ചാക്കോയുടെ മുറിവിൽ പഴുപ്പുണ്ടായെന്നും ഭാര്യ ലിസമ്മ പറയുന്നു. എന്നാൽ വാർഡിലേക്ക് മാറ്റുമ്പോൾ ബന്ധുക്കൾ ഉണ്ടായിരുന്നില്ല. ഓപ്പറേഷന് ശേഷം 22-ാം തീയതി ഞായറാഴ്ച രാവിലെ നഴ്‌സുമാർ കുളിക്കാനും പല്ലുതേക്കാനുമൊക്കെ പറഞ്ഞെങ്കിലും കുഞ്ചാക്കോ കുളിച്ചില്ല. പനിയും ഓക്‌സിജന്റെ ലെവലുമൊക്കെ നോക്കിയിട്ട് എല്ലാം നോർമലാണെന്നാണ് നഴ്‌സുമാർ പറഞ്ഞത്. ഉച്ചയോടുകൂടി പ്രഷർ നോക്കാൻ വന്ന നഴ്‌സുമാരോട് ഇന്നലെ ഐസിയുവിന്റെ വാതിൽക്കൽ മൂന്നു മണിക്കൂർ നേരം ആരുമില്ലാതെ കിടന്നപ്പോൾ ഒന്നു നോക്കണ്ടായിരുന്നോ എന്നു കുഞ്ചാക്കോ ചോദിച്ചു. െഎസിയുവിൽ നിന്ന് ഇറക്കിക്കഴിഞ്ഞാൽ അവർക്ക് െഎസിയുവിലെ പേഷ്യന്റ് അല്ലാത്തതിനാലും വാർഡിൽ വരാത്തതിനാൽ പേപ്പർ ഒന്നും കിട്ടാതെ ഞങ്ങൾക്ക് നോക്കാനാവില്ല എന്നാണ് നഴ്‌സ് അപ്പോൾ മറപടി പറഞ്ഞതെന്നും ലിസമ്മ വ്യക്തമാക്കി.

അടുത്ത ദിവസം പതിവിലധികം വേദനയായിരുന്നതിനാൽ കുഞ്ചാക്കോയ്ക്ക് ഭക്ഷണവും കഴിക്കാൻ സാധിച്ചില്ല. വയറ്റിൽ നിന്നും പോകാൻ മരുന്നുവച്ചിരുന്നതിനാൽ വയറ്റിൽ നിന്നും പോയിക്കഴിഞ്ഞപ്പോൾ കുറെ ആശ്വാസമുണ്ടെന്നും പറഞ്ഞു. പിന്നീട് 24-ാം തീയതി കുഞ്ചാക്കോയെ സ്‌കാൻ ചെയ്യാൻ കൊണ്ടുപോകുകയാണ്. എല്ലാം നോർമലാണെന്നും കരൾ വളരാൻ തുടങ്ങിയിട്ടുണ്ടെന്നും ഡ്യൂട്ടി ഡോക്ടർ അറിയിച്ചു. ഉച്ച കഴിഞ്ഞപ്പോൾ വേദന കഠിനമായതിനാൽ ഡ്യൂട്ടി ഡോക്ടർ വന്ന് വേദനസംഹാരി നൽകുകയാണ് ഉണ്ടായതെന്നും ലിസമ്മ ചൂണ്ടിക്കാട്ടി.

വേദന കൂടിയ സാഹചര്യത്തിൽ ഡ്യൂട്ടി ഡോക്ടർ വന്ന് പിന്നീട് കുഞ്ചാക്കോയെ ഒബ്‌സെർവേഷൻ റൂമിലേക്ക് മാറ്റുകയായിരുന്നു. ഒന്നുകൂടി സ്‌കാൻ ചെയ്തപ്പോൾ വയറ്റിൽ പഴുപ്പുണ്ടെന്നും കീഹോളിലൂടെ പുറത്തെടുക്കാമെന്നും പറഞ്ഞു. ഉടൻ തന്നെ റിക്കവറി റൂമിലേക്ക് മാറ്റുകയും കീഹോളിലൂടെ പഴുപ്പ് മാറ്റുകയും ചെയ്തു. വൈകുന്നേരമായപ്പോൾ ഐസിയുവിലേക്ക് വീണ്ടും മാറ്റി.

അടുത്ത ദിവസം ഐസിയുവിൽ ചെന്ന് കുഞ്ചാക്കോയെ കണ്ടു. വയറ്റിലെ പഴുപ്പ് മാറ്റിയപ്പോൾ ഒത്തിരി ആശ്വാസമുണ്ടെന്നാണ് പറഞ്ഞത്. 10.30 ആയപ്പോൾ എന്നെയും റോജിയുടെ സഹോദരനെയും ഡോക്ടർ വിളിപ്പിച്ചു. കുഞ്ചാക്കോയുടെ വയറ്റിൽ നിന്ന് 3.5 ലിറ്റർ പഴുപ്പ് ഉണ്ടായിരുന്നെന്നും ആമാശയഭിത്തിയിൽ ഒരു സുഷിരമുണ്ടെന്നും അതടയ്ക്കാൻ എൻഡോസ്‌കോപ്പി ചെയ്യണമെന്നും പറഞ്ഞു. വൈകിട്ട് 5 മണിയായപ്പോൾ കുഞ്ചാക്കോയെ ഐസിയുവിൽ പോയി കണ്ടപ്പോൾ വേദന കഠിനമാണെന്നും ഒന്നും കഴിക്കാൻ പറ്റുന്നില്ലെന്നും പറഞ്ഞു.

അടുത്ത ദിവസവും കുഞ്ചാക്കോ കഠിനമായ വേദനയാണ് അനുഭവിച്ചത്. 28ാം തീയ്യതി എൻഡോ്‌കോപ്പി ചെയ്യാൻ ഒപ്പിട്ടു കൊടുക്കണം എന്നു ആശുപത്രി അധികൃതർ പറഞ്ഞു. ഇതനുസരിച്ച് അങ്ങനെ ചെയ്യുകയും ചെയ്തു. എൻഡോസ്‌കോപ്പി കഴിഞ്ഞ നെഞ്ചിനും കരളിനും ശ്വാസം മുട്ടൽ ഉണ്ടെന്നമാണ് ആശുപത്രി അധികൃതർ പറയുന്നത്. പിന്നീട് കുഞ്ചാക്കോയെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഉച്ചയ്ക്ക് 1.30 ആയപ്പോൾ എൻഡോസ്‌കോപ്പി കഴിഞ്ഞ് 5 മിനിട്ട് കഴിഞ്ഞപ്പോൾ ഡോക്ടർമാരും നഴ്‌സുമാരും പരിഭ്രാന്തരായി ഓടുന്നതാണ് ഞാൻ കാണുന്നത്. കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങളോട് റൂമിലേക്ക് വരാൻ ഡോക്ടർമാർ ആവശ്യപ്പെട്ടു. ഹാർട്ട് ബീറ്റ് 30 ലേക്ക് താഴ്ന്നുപോയെന്നും എത്ര പരിശ്രമിച്ചിട്ടും അതുയർത്താൻ സാധിക്കുന്നില്ല. രക്ഷപ്പെടുന്ന കാര്യം സംശയമാണെന്നും പറഞ്ഞു. പിന്നീട് ഞാൻ അറിയുന്നത് മരണം സംഭവിച്ചു എന്നാണ്. - ലിസമ്മ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

കൃത്യമായ പരിചരണം ലഭിക്കാത്തതും ചികിത്സയിലെ പിഴവും മൂലമാണ് ഭർത്താവ് മരിച്ചതെന്ന് സംശയിക്കുന്നതായി ലിസമ്മ പറഞ്ഞു. ഒരു സാധാരണക്കാരന് ജീവൻ നൽകാൻ വേണ്ടി കരൾ നൽകിയ കുഞ്ചാക്കോയുടെ ജീവിതം നഷ്ടമായ സാഹചര്യം മറ്റാർക്കും ഉണ്ടാകരുതെന്നും അവർ വ്യക്തമാക്കി.