കൊല്ലം: ചലച്ചിത്ര-സീരിയൽ രംഗത്തെ സൗമ്യതയുടെ മുഖമായിരുന്നു കൊച്ചനയിൻ. നടനും ജില്ലാ സഹകരണബാങ്ക് സീനിയർ മാനേജരായിരുന്ന കൊച്ചനിയൻ (ആർ.ഗോവിന്ദപ്പിള്ള) ഔദ്യോഗിക ജീവിതത്തിന് ശേഷം സിനിമയിൽ കുടുതൽ സജീവമായി. ഏവരേയും സ്വഭാവ സവിശേഷതകൊണ്ട് ആകർഷിച്ച ഈ നടന്റെ വിടവാങ്ങാൽ സിനിമാ ലോകം വേദനയോടെയാണ് ഉൾക്കൊള്ളുന്നത്.

അയത്തിൽ പുളിയത്തുമുക്ക് എസ്‌വി നഗർ ഒന്ന് നളിനത്തിൽ കൊച്ചനിയൻ ( 72) കഴിഞ്ഞ ദിവസമാണ് നിര്യാതനായി. സംസ്‌കാരം ഇന്നു മൂന്നിനു വീട്ടുവളപ്പിൽ. ഏതാനും നാളുകളായി ചികിൽസയിലായിരുന്നു. ദൂരദർശനിൽ സംപ്രേഷണം ചെയ്ത 'അറബിക്കടലിന്റെ റാണി' എന്ന സീരിയലിൽ പ്രധാനവേഷം കൈകാര്യം ചെയ്തുകൊണ്ടായിരുന്നു മിനിസ്‌ക്രീനിലെ അരങ്ങേറ്റം. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത 'കാര്യം നിസാരം' ആയിരുന്നു ആദ്യ ചിത്രം. 'നേരറിയാൻ സിബിഐ' ഉൾപ്പെടെ ഇരുപത്തഞ്ചോളം ചിത്രങ്ങളിൽ അഭിനയിച്ചു.

'ഏഴു രാത്രികൾ' ആണ് അവസാനമായി അഭിനയിച്ച സീരിയൽ. ഇതു പൂർത്തിയാക്കാനായില്ല. ഭാര്യ: ജി.നളിനാംബിക. മക്കൾ: സ്വപ്ന (ഫെഡറൽ ബാങ്ക്, ആലുവ), പിങ്കി. മരുമക്കൾ: ശ്യാം പി.നായർ (റയിൽവേ), ജി.എസ്.നാരായണൻ (ഷാർജ).