കൊച്ചി: പൊള്ളുന്ന ചൂടും പൊരിവെയിലുമേറ്റ് റോഡിലൂടെ വയോധികൻ നടന്നത് മണിക്കൂറുകളോളം. ഓട്ടോ റിക്ഷകൾക്ക് കൈകാണിച്ചിട്ടും ആരും നിർത്തിയില്ല. ഒടുവിൽ മാധ്യമ പ്രവർത്തകൻ സഹായിക്കാനെത്തിയിട്ടും ഓട്ടോക്കാർ വയോധികനെ കയറ്റിയില്ല. തമ്മനം ജംഗ്ഷന് സമീപം സൗത്ത് ഇന്ത്യൻ ബാങ്കിന് മുന്നിലാണ് സംഭവം. പാലാരി വട്ടം ഭാഗത്ത് നിന്നും പൊന്നുരുന്നിയിലേക്ക് പോകുകയായിരുന്ന പൊന്നുരുന്നി സ്വദേശിയായ നീലകണ്ഠൻ എന്ന എഴുപത്തി ആറുകാരനോടാണ് കൊച്ചിയിലെ ഓട്ടോ ഡ്രൈവർ മാർ ക്രൂരത കാട്ടിയത്.

ഇദ്ദേഹത്തിന് നിവർന്ന് നിൽക്കാനുള്ള ത്രാണിയില്ല. അതിനാൽ നടക്കുന്നത് തന്നെ പിഞ്ചു കുട്ടികൾ നടക്കുന്നതിനേക്കാളും പതുക്കെയാണ്. ഉച്ചയ്ക്ക് രണ്ട് മണിയോടെ തമ്മനത്തുള്ള ബന്ധുവീട്ടിൽ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു നീലക്ണ്ഠൻ. അത് വഴി കടന്ന് വന്ന നിരവധി ഓട്ടോറിക്ഷകൾക്ക് കൈകാട്ടിയെങ്കിലും നിർത്തിയില്ല. അതിനാൽ പതുക്കെ നടന്ന് നീങ്ങുകയായിരുന്നു. കൂനിക്കൂടി റോഡിലൂടെ നടക്കുന്നത് ശ്രദ്ധയിൽ പ്പെട്ട ഞങ്ങളുടെ ലേഖകൻ വയോധികനോട് സംസാരിച്ചപ്പോഴാണ് ഒരു ഓട്ടോ റിക്ഷപോലും നിർത്തുന്നില്ല എന്ന് പറഞ്ഞത്. തുടർന്ന് വിശദ വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി.

ഒരു ഓട്ടോ പിടിച്ചു തരാമോ എന്റെ കൈയിൽ കാശുണ്ട് എന്ന് നീലകണ്ഠൻ ലേഖകനോട് പറഞ്ഞു. ഇതിനെ തുടർന്ന അത് വഴി വന്ന ഒരു ഓട്ടോയ്ക്ക് കൈകാട്ടി. ഓട്ടോ നിർത്തിയെങകിലും വയോധികനെ കയറ്റാനാണെന്ന് പറഞ്ഞതോടെ വേറെ വഴിക്ക് പോകാനാണെന്നും പറഞ്ഞ് തടി തപ്പി. പിന്നാലെ വന്ന പന്ത്രണ്ടോളം ഓട്ടോ റിക്ഷകളും സമാനമായ രീതിയിലാണ് പെരുമാറിയത്. ഇതോടെ ഞങ്ങളുടെ ലേഖകൻ വിഷയം ലൈവിലൂടെ പുറത്ത് വിടുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ തടിച്ചു കൂടുകയും മിക്ക ദിവസവും ഈ വയോധികനെ ഓട്ടോറിക്ഷക്കാർ കയറ്റാറില്ലെന്നും പറഞ്ഞു. ഇതിനിടയിൽ അത് വഴി വന്ന ഒരു ഓട്ടോ തടഞ്ഞു നിർത്തുകയും വയോധികനെ നാട്ടുകാർ കയറ്റി അയക്കുകയുമായിരുന്നു.

കൊച്ചി നഗരത്തിൽ മിക്ക ഓട്ടോ റിക്ഷക്കാരും യാത്രക്കാരോട് വളരെ മോശമായ സമീപനമാണ് കാഴ്ചവെയ്ക്കുന്നത്. അമിത ചാർജ്ജ് ഈടാക്കുക, കുറഞ്ഞ ദൂരത്തിനുള്ള ഓട്ടം പോകാതിരിക്കുക എന്നത് ഇവരുടെ സ്ഥിരം പരിപാടികളാണ്. അതിനിടയിലാണ് ഇങ്ങനെയുള്ളവരെ ഓട്ടോയിൽ കയറ്റാതിരിക്കുന്നത്. എന്തായാലും ഈ സംഭവത്തിൽ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.