കൊച്ചി: ഓടുന്ന വാഹനത്തിൽ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ മെഡിക്കൽ വിദ്യാർത്ഥികളെ കാണിച്ചുവെന്ന പ്രചരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പൾസർ സുനി നടിയെ ക്രൂരമായി ആക്രമിക്കുന്ന ദൃശ്യങ്ങൾ മെഡിക്കൽ വിദ്യാർത്ഥികളെ പഠനത്തിന്റെ ഭാഗമായി കാണിച്ചുവെന്നാണ് ആരോപണം. എന്നാൽ ഇത് തെറ്റാണെന്നും അന്വേഷണം അട്ടിമറിക്കാനുള്ള ആരോപണമാണെന്നും പൊലീസ്. ഇത്തരത്തിൽ പ്രചരണം നടത്തിയവർക്കായി അന്വേഷണം ആരംഭിച്ചെന്നും അന്വേഷണ സംഘം പറഞ്ഞു.

ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്ന് പറയുന്ന മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗം മേധാവി, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രചരണം വസ്തുതപരമല്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് അന്വേഷണം നടത്താൻ തീരുമാനിച്ചത്. കേരള കൗമുദിയാണ് ഇത്തരത്തിൽ വാർത്ത നൽകിയത്. മുതിർന്ന മാധ്യമ പ്രവർത്തകൻ എംഎം സുബൈറിന്റെ ബൈലൈനിലായിരുന്നു റിപ്പോർട്ട് പത്രത്തിലെത്തിയത്. കൊച്ചി അമൃതാ മെഡിക്കൽ കോളേജിൽ ഇതേ തുടർന്ന് പൊലീസ് അന്വേഷണത്തിന് എത്തുകയും ചെയ്തു. ആശുപത്രി മാനേജ്‌മെന്റ് ഇത്തരത്തിലൊരു കാര്യം നടന്നില്ലെന്ന മൊഴിയാണ് പൊലീസ് പറഞ്ഞത്.

കേസിലെ പ്രതികൾ ഒളിപ്പിച്ച പല നിർണ്ണായക തെളിവുകളും ഇപ്പോഴും കണ്ടെത്താൻ പൊലീസിനായിട്ടില്ല. ദൃശ്യങ്ങൾ എവിടെയെന്ന കാര്യത്തിൽ വ്യക്തമായ അറിവുള്ളത് പൾസർ സുനിക്ക് മാത്രമാണ്. എന്നാൽ പൊലീസിനോട് ഇത് വ്യക്തമാക്കാൻ പൾസർ തയ്യാറായിട്ടില്ല. കേസിൽ ലഭ്യമായ ദൃശ്യങ്ങൾ സീൽ ചെയ്ത കവറിൽ കോടതിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവ ചോർന്നു എന്നാണ് പ്രചരണം. €ാസ് മുറിയിൽ ദൃശ്യങ്ങൾ കണ്ട വിദ്യാർത്ഥികൾ ഇത് മാതാപിതാക്കളെ അറിയിച്ചുവെന്നായിരുന്നു വാർത്തകൾ.

നടി ആക്രമിക്കപ്പെട്ട കേസിലെ വിവാദ ദൃശ്യങ്ങൾ ഒരു സ്വകാര്യ ആശുപത്രിയിലെ വിദ്യാർത്ഥികൾക്ക് മുമ്പിൽ പഠനാവശ്യങ്ങൾക്കായി പ്രദർശിപ്പിച്ചുവെന്ന് കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ദിലീപ് അറസ്റ്റിലാകുന്നതിന് മുമ്പേ ഈ ദൃശ്യങ്ങൾ കൊച്ചിയിലെ ആശുപത്രിയിലെ വിദ്യാർത്ഥികൾക്ക് ഫോറൻസിക് വിഭാഗം തലവൻ കാണിച്ചു കൊടുത്തുവെന്നാണ് ആരോപണം. ഏത് ആശുപത്രിയിലാണ് ഇത് സംഭവിച്ചതെന്ന് കേരള കൗമുദി റിപ്പോർട്ട് ചെയ്തതുമില്ല. ഈ വാർത്ത വിവാദമായതിന് പിന്നാലെയാണ് കൊച്ചിയിലെ അമൃതാ ആശുപത്രിയിൽ പൊലീസ് സംഘം എത്തിയത്. ആശുപത്രിയിൽ പൊലീസ് പരിശോധനയ്ക്ക് എത്തുന്ന ദൃശ്യങ്ങൾ മറുനാടന് ലഭിച്ചിരുന്നു. അസിസ്റ്റന്റ് കമ്മീഷണർ ലാല്ജിയുടെ നേതൃത്വത്തിലെത്തിയ സംഘം ആശുപത്രി മാനേജ്മെന്റുമായി ചർച്ച നടത്തി. ആശുപത്രിയുടെ ഡയറക്ടർ പ്രേംനാഥുമായും സംസാരിച്ചു.

ഏതാണ്ട് ഒരു മണിക്കൂറോളം സംഘം ആശുപത്രയിലുണ്ടായിരുന്നു. പിന്നീട് ഈ കോളേജിലെ കുട്ടികളുമായി ആശയ വിനിമയം നടത്തി വ്യക്തത വരുത്തി. രാജ്യത്തെ പ്രമുഖ ഫോറൻസിക് വിദഗ്ധന്മാരാണ് ഇവിടെ ക്ലാസ് എടുക്കുന്നത്. ഇതിൽ ഒരാളാണ് കഥയിലെ വില്ലനെന്നാണ് ആരോപണം. പൾസർ സുനിയും സംഘവും യുവനടിയെ പീഡിപ്പിച്ച ദൃശ്യങ്ങൾ കൊച്ചിയിലെ ഒരു പ്രമുഖ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ കണ്ടത് ദിലീപിന്റെ അറസ്റ്റിനും മുമ്പായിരുന്നു. അതായത് വളരെ മുമ്പ് തന്നെ ദൃശ്യങ്ങൾ ചോർന്നിരുന്നുവെന്നാണ് സൂചനയാണ് കേരള കൗമുദി വാർത്ത പങ്കവച്ചത്. കൊച്ചിയിലെ മെഡിക്കൽ കോളേജിലെ ഫോറൻസിക് വിദഗ്ധന് എങ്ങനെ ഈ ദൃശ്യങ്ങൾ കിട്ടിയെന്നത് പൊലീസ് പരിശോധിക്കുകയാണ്. ദൃശ്യങ്ങളുടെ ആധികാരിക ഉറപ്പാക്കാൻ തക്ക വൈദഗ്ധ്യമുള്ള ഡോക്ടറാണ് ഇദ്ദേഹം.

രണ്ടാംവർഷ മെഡിക്കൽ വിദ്യാർത്ഥികളെ ഫോറൻസിക് പഠനത്തിന്റെ ഭാഗമായി അദ്ധ്യാപകൻ ഈ ദൃശ്യങ്ങൾ കാണിക്കുകയായിരുന്നുവെന്നായിരുന്നു വാർത്ത. പ്രകൃതി വിരുദ്ധപീഡനത്തിന്റെ മൃഗീയമായ രണ്ട് ദൃശ്യങ്ങളാണ് പ്രധാനമായും ഇതിലുള്ളതെന്നാണ് ഇതു കണ്ട വിദ്യാർത്ഥികൾ പുറത്ത് നൽകിയ വിവരം. ജൂൺ അവസാന ആഴ്ചയിലാണ് ഈ ദൃശ്യങ്ങൾ കോളേജിൽ കാണിച്ചത്. കേരളകൗമുദിയാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഇത് പൊലീസിനേയും ഞെട്ടിച്ചു. പരിശോധനയ്ക്ക് നൽകിയ ദൃശ്യങ്ങളാകാം വിദ്യാർത്ഥികൾക്ക് മുമ്പിലെത്തിയതെന്നായിരുന്നു ആരോപണം. ദൃശ്യങ്ങൾ കണ്ട ചില വിദ്യാർത്ഥികൾ വീട്ടിൽ വിവരം അറിയിച്ചു. ഇതിൽ ഒരു രക്ഷാകർത്താവ് ഡോക്ടറായിരുന്നു. അദ്ദേഹം പ്രമുഖനായ മറ്റൊരു ഡോക്ടർക്ക് വിവരം കൈമാറി. എന്നാൽ അങ്ങനെ സംഭവിക്കാനുള്ള ഒരു സാദ്ധ്യതയുമില്ലെന്നാണ് ദൃശ്യങ്ങളുടെ വിശദാംശങ്ങൾ ജോലിയുടെ ഭാഗമായി നേരത്തേ അറിഞ്ഞിരുന്ന പ്രമുഖഡോക്ടർ മറുപടി നൽകിയത്.

എന്നാൽ ദൃശ്യം കണ്ട വിദ്യാർത്ഥിയിൽ നിന്ന് സീൻ ബൈ സീനായി വിവരിച്ച് കിട്ടിയത് രക്ഷാകർത്താവ് അറിയിച്ചപ്പോൾ ഡോക്ടർ അത് ശരിവയ്ക്കുകയായിരുന്നു. രണ്ടര മിനിട്ടാണ് ദൃശ്യങ്ങളുടെ ദൈർഘ്യമെന്നുള്ള കൃത്യമായ വിവരവും വിദ്യാർത്ഥിയിൽ നിന്ന് മനസിലാക്കാനായി. ഈ ദൃശ്യങ്ങൾ കോളേജിൽ കാണിച്ച വിവരം ചില രക്ഷാകർത്താക്കൾ കഴിഞ്ഞ ദിവസങ്ങളിൽ ഉന്നതപൊലീസുദ്യോഗസ്ഥരെ അറിയിച്ചെന്നും കേരള കൗമുദി റിപ്പോർട്ട് ചെയ്തു. ഇതോടെയാണ് അന്വേഷണം തുടങ്ങിയത്.