കൊച്ചി: കേരളത്തെ ഒരുകാലത്ത് പിടിച്ച് കുലുക്കിയ ബ്ലൂ ബ്ലാക്ക്‌മെയ്‌ലിങ്ങ് കേസ് അട്ടിമറിക്കപ്പെടുന്നതായി ആരോപണം. കേസിൽ പിടിയിലായ ബ്ലാക്ക് മെയിൽ തട്ടിപ്പ് പ്രതികളിൽ ഒരാളും അന്നത്തെ അന്വേഷണ സംഘത്തിലെ പ്രധാനിയും ചേർന്നാണ് ഒരു പ്രതിക്കെതിരായി മാത്രം കുറ്റം ചാർത്താൻ ശ്രമം നടത്തുന്നതെന്നാണ് ആക്ഷേപം. കേസിൽ ഇത് വരെ കുറ്റപത്രം സമർപ്പിച്ചിട്ടുമില്ല. ഈ അന്വേഷണ ഉദ്യോഗസ്ഥനും പ്രതിയായ യുവതിയും ഒരുമിച്ചാണ് താമസമെന്ന് പറയപ്പെടുന്നു.

നോർത്തിൽ നിന്ന് ക്യാമ്പിലേക്ക് മാറ്റിയ ഇയാൾ ചേരാനെല്ലൂരിനടുത്ത് ഒരു വീടെടുത്താണ് പ്രതിയോടൊപ്പം താമസിക്കുന്നത്. ഇയാളുടെ പൊലീസുകാരിയായ ഭാര്യ ഇത് സംബന്ധിച്ച് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയെങ്കിലും പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ഇടപെട്ട് പരാതി മുക്കിയെന്നാന് അറിയുന്നത്. സിറ്റി പൊലീസിലെ ഉദ്യോഗസ്ഥർ തന്നെ ഇയാൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് രഹസ്യമായും പരസ്യമായും ഉന്നയിക്കുന്നത്. ഇയാൾ ഉൾപ്പെടെയുള്ള അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസിലെ പ്രതിയായ ബിന്ധ്യാസ് തോമസിന്റെ പരാതിയിന്മേൽ വകുപ്പ് തല അന്വേഷണവും നടക്കുന്നുണ്ട്.

ഇവരുടെ നേതൃത്വത്തിൽ കേസന്വേഷിച്ച പൊലീസുകാർ തന്റെ കോൾ വിശദാംശങ്ങൾ പരിശോധിച്ച് അതിൽ കൂടുതൽ ദൈർഘ്യം സംസാരിച്ചവരെ വിളിച്ച് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി വൻതുകകൾ കൈപറ്റിയെന്ന് ബിന്ധ്യാസ് വെഞ്ഞാറമൂട്ടിൽ വച്ചാണ് സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ചിനോട് പരാതി പറഞ്ഞത്. അന്നത്തെ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ തന്റെ മൊഴി രേഖപ്പെടുത്തിയതായും ബിന്ധ്യ പറയുന്നു.

ഇതിൽ അഞ്ച് പൊലീസുകാർക്കെതിരായാണ് അന്വേഷണം പുരോഗമിക്കുന്നത്. ഈ സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ പ്രധാനിയും കേസിലെ പ്രതിയായ യുവതിയും ഒരുമിച്ചാണ് താമസിക്കുന്നതെന്ന തരത്തിൽ പൊലീസിൽ തന്നെ പരാതിയുയർന്നിരിക്കുന്നത്. കേസ് ഇത് വരെ കോടതിയിൽ എത്താത്തതിനാൽ പൊലീസിന് ആരെ വേണമെങ്കിലും കേസിൽ നിന്ന് പ്രതി -സാക്ഷി പട്ടികയിൽ ഉൾപ്പെടുത്താം. അന്ന് കേസന്വേഷിച്ച ഉദ്യോഗസ്ഥന്മാർ തന്നെയാണ് പിന്നീട് ഈ കേസിൽ കോടതിയിൽ ഹാജരായി മൊഴി കൊടുക്കേണ്ടത്. ഇതെല്ലാം നിലനിൽക്കുമ്പോഴാണ് പൊലീസുകാരനെതിരെ തന്നെ ആക്ഷേപമുയർന്നിരിക്കുന്നത്. ക്യാമ്പിലേക്ക് സ്ഥലം മാറ്റിയ ഇയാൾ ഏതാണ്ട് മൂന്ന് മാസക്കലം ലീവെടുത്തിരുന്നു.

ഇപ്പോൾ ക്യാമ്പിന്റെ കമ്പനി ചുമതലക്കാരനായി ഇദ്ദേഹം സേവനമനുഷ്ടിക്കുന്നുണ്ട്. പ്രതിയോടൊപ്പം ചേർന്ന് കേസ് അട്ടിമറിക്കാൻ ഇയാൾ ശ്രമിക്കുന്നെന്ന് കാണിച്ച് ഒരു പരാതിയും സംസ്ഥാന പൊലീസ് മേധാവിയുടെ മുൻപിൽ എത്തിയിട്ടുണ്ടെന്നാണ് സൂചന. ഇതേ കേസിലിൽ ഉൾപ്പെട്ട ചിലരെ ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന ആരോപണം നേരിടുന്ന ഉദ്യോഗസ്ഥന് സിഐ ആയി സ്ഥാനക്കയറ്റം നൽകിയത് ഏറെ വിവാദമായിരുന്നു.

ബിസിനസുകാരും സിനിമാക്കാരുമുൾപ്പെടെയുള്ളവരെ കിടപ്പറ രംഗങ്ങൾ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് ബ്ലൂ ബ്ലാക്ക്‌മെയിലിങ്ങ് കേസ്. ബിന്ധ്യാസ് തോമസും ,ചേർത്തല സ്വദേശിനി രുക്‌സാനയും ചേർന്നാണ് പലരേയും ഭീഷണിപ്പെടുത്തി പണം തട്ടിയതെന്നാണ് പരാതി.കേസിൽ കോൺഗ്രസ്സുകാരനായ ജയചന്ദ്രനും പ്രതിയാണ്. കുറ്റപത്രം സമർപ്പിക്കാതെ കേസ് വൈകിപ്പിക്കുന്നതിന് പിന്നിൽ വൻഗൂഢാലോചന നടക്കുന്നു എന്നാണ് ആക്ഷേപം.

അതേസയം പൊലീസ് ഉദ്യോഗസ്ഥർക്കെതിരായി ഉയർന്ന ആരോപണത്തിന്മേൽ കൂടുതൽ അന്വേഷണം നടത്താൻ ഡിജിപി നിർദ്ദേശിച്ചതായാണ് അറിയുന്നത്. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വൈകുന്നത് പൊലീസിന് തന്നെ നാണക്കേടുണ്ടാക്കിയിട്ടുണ്ട്. പിടിച്ചെടുത്ത ബിന്ധ്യാസിന്റെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക് ഉൾപ്പെടെയുള്ള തൊണ്ടി മുതൽ കാണാനില്ലെന്നും പറയപ്പെടുന്നു. ഇതിലാണ് ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള പ്രധാന തെളിവുകൾ ഉള്ളത്.