കൊച്ചി: ഒരൂ രൂപയ്ക്ക് ഒരു ലിറ്റർ ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കുന്ന കൊച്ചി വാട്ടർ പദ്ധതിയുടെ വിജയത്തെത്തുടർന്ന് പദ്ധതി കൂടുതൽ ഇടങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാൻ പദ്ധതിയുടെ നടത്തിപ്പുകാരായ സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ഒരുങ്ങുന്നു. കൊച്ചി നഗരസഭയ്ക്കു മുമ്പു തന്നെ മലപ്പുറം, കാസർഗോഡ്, പാലക്കാട് മുനിസിപ്പാലിറ്റികളിലും പദ്ധതി വിജയകരമായി നടപ്പാക്കിയിരുന്നു.

പദ്ധതിയുടെ 250-ഓളം പ്ലാന്റുകളെങ്കിലും ഈ സാമ്പത്തിക വർഷാവസാനത്തോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങങ്ങളിൽ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കൊച്ചി പാണ്ടിക്കുടിയിലുള്ള കൊച്ചി വാട്ടറിന്റെ ആദ്യപ്ലാന്റ് സന്ദർശിക്കാനെത്തിയ വനിതാ വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ പി. ടി. എം. സുനീഷ് പറഞ്ഞു. പാണ്ടിക്കുടിക്കു പുറമെ നഗരസഭയിലെ ഇടപ്പള്ളി, ചിലവന്നൂർ, രവിപുരം എന്നിവിടങ്ങളിലെ കുടുംബശ്രീ യൂണിറ്റുകളുടെ പ്ലാന്റുകളും നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.

ഇവയ്ക്കു പുറമെ 10 ഡിവിഷനുകളിൽ കൂടി ഇത്തരം പ്ലാന്റുകൾ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പുകളും നടക്കുന്നു. ജലഭ്യതയുണ്ടെങ്കിലും ശുദ്ധമായ കുടിവെള്ളത്തിന് കടുത്ത ക്ഷാമം നേരിടുന്ന കൊച്ചിയിൽ ലിറ്ററിന് 1 രൂപ നിരക്കിൽ ലഭ്യമാകുന്ന കൊച്ചി വാട്ടർ പൊതുജനങ്ങൾക്ക് ഏറെ ആശ്വാസകരമാണെന്നാണു വിലയിരുത്തൽ. കഴിഞ്ഞ മാസം കമ്മീഷൻ ചെയ്യപ്പെട്ട പാണ്ടിക്കുടിയിലെ പ്ലാന്റ് പ്രതിദിനം ഇപ്പോൾ 20 ലിറ്ററിന്റെ 300-ലേറെ ജാറുകൾ വിറ്റഴിക്കുന്നുണ്ടെന്ന് വനിതാ വികസന കോർപ്പറേഷനു വേണ്ടി പദ്ധതി നടപ്പാക്കുന്ന ധാരണ ഇൻഫ്രാസ്ട്രക്ചർ പ്രൊജക്റ്റസ് മാനേജിങ് ഡയറക്ടർ എബി തോമസ് പറഞ്ഞു.

20 ലിറ്റർ ജാറിന് 10 രൂപ ഉൽപ്പാദനച്ചെലവു വരുന്ന കൊച്ചി വാട്ടർ 20 രൂപയ്ക്കാണ് കുടുംബശ്രീ യൂണിറ്റുകൾ പൊതുജനങ്ങൾക്ക് വിൽക്കുന്നത്. സാധാരണ 20 ലിറ്റർ ജാറിന് പൊതുവിപണിയിലെ ബ്രാൻഡുകൾ ചുരുങ്ങിയത് 50 രൂപ ഈടാക്കുമ്പോഴാണ് പകുതിയിലും താഴ്ന്ന വിലയ്ക്ക് ശുദ്ധജലം ലഭ്യമാക്കുന്നതെന്ന് കൊച്ചി മേയർ സൗമിനി ജയിൻ പറഞ്ഞു. പദ്ധതിയുടെ ഭാഗമാകുന്ന ഓരോ കുടുംബശ്രീ യൂണിറ്റിനും മാന്യമായ ഒരു ലാഭവും 10 പേർക്ക് തൊഴിലും ലഭിക്കുമെന്നതാണ് പദ്ധതിയുടെ മറ്റൊരു ആകർഷണം.

25.5 ലക്ഷം രൂപ സ്ഥാപനച്ചെലവ് വരുന്ന പ്ലാന്റിൽ സ്ഥാപിക്കുന്ന സാധാരണ കിണറിൽ നിന്നാണ് വെള്ളമെടുക്കുന്നത്. അയേൺ റിമൂവൽ ഫിൽട്ടർ, ഡ്യൂവൽ ഫിൽട്ടർ, കാർബൺ ഫിൽട്ടർ, മൈക്രോൺ ഫിൽട്ടർ, റിവേഴ്‌സ് ഓസ്‌മോസിസ്, അൾട്രാവയലറ്റ് ഫിൽട്ടർ എന്നീ ആറ് ഘട്ടങ്ങളിലായാണ് ശുദ്ധീകരണം. 'കടൽവെള്ളം ഒഴിച്ചുള്ള ഏത് അശുദ്ധജലവും ഈ മാർഗത്തിലൂടെ ശുദ്ധീകരിക്കാം. മണിക്കൂറിൽ 2000 ലിറ്റർ ശുദ്ധീകരിക്കാൻ ഈ പ്ലാന്റുകൾക്ക് ശേഷിയുണ്ട്. ഒരു ദിവസം 20 ലിറ്ററിന്റെ 2400 ജാറുകൾ വിപണിയിലെത്തിക്കാനാകുമെന്നും എബി തോമസ് പറഞ്ഞു.

കൊച്ചി, മലപ്പുറം, കാസർഗോഡ്, പാലക്കാട് നഗരസഭകളിൽ വിജയിച്ച പദ്ധതിയെപ്പറ്റി അറിഞ്ഞ് ഒട്ടേറെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതി നടപ്പാക്കാൻ മുന്നോട്ടു വരുന്നുണ്ടെന്ന് ഡോ. പി. ടി. എം. സുനീഷ് പറഞ്ഞു.