കൊച്ചി: ചെറുകിട വ്യവസായം തുടങ്ങുന്നതിനായുള്ള ലൈസൻസിനായി കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥന്റെ മുഖത്ത് അപേക്ഷയും കിട്ടിയ സർട്ടിഫിക്കറ്റുകളും കീറി എറിഞ്ഞ് യുവതി. കൈക്കൂലി കൊടുത്ത് ഇവിടെ ഒരു സംരംഭവും തുടങ്ങാൻ താൽപര്യമില്ലെന്നും പറഞ്ഞ് കോർപ്പറേഷൻ ഓഫീസിൽ നിന്നും ഇറങ്ങിപ്പോയി. കൊച്ചി കോർപ്പറേഷൻ മേഖലാ കാര്യാലയത്തിലാണ് സംഭവം. പള്ളുരുത്തി പെരുമ്പടപ്പ് ബംഗ്ലാവിൽ വീട്ടിൽ മിനി ജോസ് എന്ന യുവതിയാണ് കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥന്റെ മുഖത്തേക്ക് അപേക്ഷയും കയ്യിലുണ്ടായിരുന്ന സർട്ടിഫിക്കറ്റുകളും കീറി എറിഞ്ഞത്. ഇനി ഇവിടെ നിൽക്കുന്നില്ലെന്നും വിദേശത്തേക്ക് മടങ്ങിപ്പോകുകയാണെന്നും മിനി മറുനാടനോട് പറഞ്ഞു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതിയെ ചൊടിപ്പിച്ച സംഭവം അരങ്ങേറിയത്. ഒരു വർഷമായി വിദേശത്ത് നിന്നും നാട്ടിലെത്തിയ മിനി വയോധികരായ മാതാപിതാക്കൾക്കൊപ്പം നാട്ടിൽ തന്നെ നിൽക്കാനായി ധാന്യം പൊടിപ്പിക്കുന്ന മില്ല് തുടങ്ങാൻ തീരുമാനിച്ചു. ഇതിനായി പഴയ വീട് തിരഞ്ഞെടുക്കുകയും ലൈസൻസിനായുള്ള അപേക്ഷ നൽകുകയും ചെയ്തു. മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും ലൈസൻസ് ലഭിച്ചെങ്കിലും കോർപ്പറേഷൻ ഓഫീസിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിച്ചില്ല.

പലതവണ മേഖലാ ഓഫീസിൽ കയറിയിറങ്ങിയെങ്കിലും സർട്ടിഫിക്കറ്റ് നൽകാൻ ഉദ്യോഗസ്ഥൻ തയ്യാറായില്ല എന്നാണ് മിനി പറയുന്നത്. ഒടുവിൽ ഉദ്യോഗസ്ഥൻ കൈക്കൂലി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കൈക്കൂലി നൽകാൻ മിനി തയ്യാറായില്ല. ഇതോടെ സർട്ടിഫിക്കറ്റ് നൽകാൻ വൈകുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായി മിനി പറയുന്നു. വേഗത്തിൽ കിട്ടുന്ന സർട്ടിഫിക്കറ്റ് നൽകാൻ തയ്യാറാകാത്തതെന്തു കൊണ്ടെന്ന് ചോദ്യം ചെയ്ത മിനിക്ക് നേരെ ഉദ്യോഗസ്ഥൻ തട്ടിക്കയറി. ഈ സമയം അപേക്ഷയും സർട്ടിഫിക്കറ്റുകളും ഉദ്യോഗസ്ഥന്റെ മുഖത്തേക്ക് കീറി എറിയുകയും ഇറങ്ങി പോകുകയുമായിരുന്നു.

'ഒന്നരമാസമായി ഇതിന് പുറകെ നടക്കുകയാണ്. എന്റെ മാതാപിതാക്കൾക്കൊപ്പം നിൽക്കാനായാണ് എന്തെങ്കിലും ഒരു വരുമാന മാർഗ്ഗം എന്ന നിലയിൽ ധാന്യം പൊടിക്കുന്ന മില്ല് തുടങ്ങാൻ തീരുമാനിച്ചത്. എന്നാൽ കൈക്കൂലിക്കാരായ ഉദ്യോഗസ്ഥർ മൂലം എനിക്ക് അത് പൂർത്തീകരിക്കാൻ കഴിയില്ലെന്ന് മനസ്സിലായി. അതിനാലാണ് അപേക്ഷയും മുൻപ് കിട്ടിയ സർട്ടിഫിക്കറ്റുകളും കീറി എറിഞ്ഞത്. മലീനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് കിട്ടാനായി കോർപ്പറേഷൻ ഓപീസിലെ ഒരു ജീവനക്കാരി പറഞ്ഞതനുസരിച്ച് പുറത്തുള്ള യുവതി സമീപിച്ചു. അപേക്ഷ നൽകാനും മറ്റുമായി 8,000 രൂപ വാങ്ങിയെടുക്കുകയും ചെയ്തു. കീറി എറിഞ്ഞ സർട്ടിഫിക്കറ്റുകൾക്കായി 17,000 രൂപയോളം മുടക്കിയതാണ്. ഇനി മുന്നോട്ട് പോകാൻ പണക്കൊതിയരായ ഉദ്യോഗസ്ഥർ സമ്മതിക്കില്ലെന്ന് അറിയാം. അതു കൊണ്ട് ഈ ശ്രമം ഉപേക്ഷിച്ച് തിരികെ വിദേശത്തേക്ക് തന്നെ പോകുകയാണ്';- മിനി പറയുന്നു.

'പ്രവാസികൾക്ക് സ്വയം തൊഴിൽ ചെയ്യാനായി സർക്കാർ സഹായം ചെയ്യുമെന്ന് പലവട്ടം മുഖ്യമന്ത്രി പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷേ അതൊക്കെ ഇവിടെ യാഥാർത്ഥ്യമാകുന്നുണ്ടോ എന്ന് അദ്ദേഹം അന്വേഷിക്കുന്നില്ല. അതിനാലാണ് എന്നെ പോലെ ഉള്ളവർക്ക് ഈ ഗതി വരുന്നത്. ഒന്നും ആരോടും പറയാതെ ഇവിടെ നിന്നും തിരിച്ചു പോകാമെന്ന് കരുതിയതാണ്. പക്ഷേ ഇനിയും സാധാരണക്കാരായ മറ്റുള്ളവർ ഇത്തരം ആർത്തിക്കാരായ ഉദ്യോഗസ്ഥരുടെ മുന്നിൽ വീഴരുത്. അതുകൊണ്ട് മാത്രമാണ് ഇക്കാര്യങ്ങൾ തുറന്നു പറയുന്നത്. എനിക്കെതിരെ ഇനി എന്തൊക്കെ കഥകളാണ് അവർ പറഞ്ഞു പരത്താൻ പോകുന്നതെന്ന് അറിയില്ല. എന്ത് തന്നെയായാലും അത് നേരിടാൻ ഞാൻ തയ്യാറാണ്' എന്നും മിനി ജോസ് മറുനാടനോട് പറഞ്ഞു.

അതേ സമയം മിനിയുടെ ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് കോർപ്പറേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. മിനിയുടെ വീട്ടിൽ സ്ഥാപനം തുടങ്ങാൻ നിലവിലെ കെട്ടിട ലൈസൻസ് കൊണ്ട് പറ്റില്ല. അത് കോമേഴ്സ്യൽ ലൈസൻസാക്കിയെങ്കിൽ മാത്രമേ സ്ഥാപനം തുടങ്ങാൻ കഴിയൂ. അതിനായി പഴയ രജിസ്റ്റർ ബുക്കുകൾ പരിശോധിച്ച് നടപടികൾ സ്വീകരിക്കാൻ സമയം എടുക്കും. അക്കാര്യം പറഞ്ഞപ്പോൾ മിനി ഉടൻ വേണമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുകയായിരുന്നു.

ഫയലുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥന് നേരെ കയർക്കുകയും അസഭ്യം പറയുകയും ചെയ്തു. എന്നിട്ടും അവരെ സമാധാനിപ്പിച്ച് അടുത്ത ദിവസം തന്നെ എല്ലാം ശരിയാക്കി നൽകാമെന്ന് പറഞ്ഞു. പക്ഷേ മിനി അപേക്ഷയും സർട്ടിഫിക്കറ്റുകളും ഉദ്യോഗസ്ഥന്റെ മുഖത്തേക്ക് കീറി എറിയുകയായിരുന്നു എന്നും കോർപ്പറേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു.