- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ധാന്യമില്ല് തുടങ്ങാൻ ലൈസൻസിന് കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥന്റെ മുഖത്ത് പ്രവാസി യുവ സംരംഭക അപേക്ഷ കീറി എറിഞ്ഞ സംഭവത്തോടെ കളി മാറി; മറുനാടൻ വാർത്തയെ തുടർന്ന് കൈക്കൂലിക്കാരനെ സസ്‌പെൻഡ് ചെയ്തുകൊച്ചി കോർപ്പറേഷൻ; മേയറുടെ അതിവേഗ ഇടപെടൽ
കൊച്ചി:പ്രവാസി യുവതിക്ക് സംരംഭം തുടങ്ങാൻ ലൈസൻസിനായി കൊച്ചി കോർപ്പറേഷൻ പള്ളുരുത്തി സോണൽ ഓഫീസിൽ കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. കുവൈറ്റിൽ നിന്ന് തിരിച്ചെത്തി ധാന്യമിൽ തുടങ്ങാൻ ലൈസൻസിന് അപേക്ഷിച്ച മിനി മരിയ ജോസി എന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. ഈ വിഷയത്തിൽ കോർപറേഷൻ ഡെപ്യൂട്ടി സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് പ്രകാരം കൈക്കൂലി ചോദിച്ച ജീവനക്കാരനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതായി മേയർ അഡ്വ. എം.അനിൽ കുമാർ അറിയിച്ചു. മറുനാടൻ മലയാളിയുടെ വാർത്തയെ തുടർന്നാണ് മേയറുടെ ഇടപെടൽ. കൈക്കൂലി ആവശ്യപ്പെട്ട ജീവനക്കാരനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തും. ഓഫീസ് മര്യാദകൾക്ക് നിരക്കാത്ത നിലയിൽ പ്രവർത്തിച്ച ജീവനക്കാരനെ സെക്ഷനിൽ നിന്നും മാറ്റിയും ഉത്തരവിറക്കുവാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഈ വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കുമെന്നും മേയർ അറിയിച്ചു.
മേയറുടെ അറിയിപ്പ്
'കഴിഞ്ഞ ദിവസം (20.01.2022, വ്യാഴാഴ്ച) രാവിലെ സോഷ്യൽ മീഡിയയിൽ ഒരു യുവതിയുടെ പരാതി ശ്രദ്ധയിൽപ്പെട്ടിരുന്നു. നഗരസഭയുടെ പള്ളുരുത്തി സോണൽ ഓഫീസുമായി ബന്ധപ്പെട്ടുണ്ടായ തിക്താനുഭവമാണ് യുവ സംരംഭക നവമാധ്യമത്തിലൂടെ പങ്കുവച്ചത്. വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അഡീഷണൽ സെക്രട്ടറിയുടെ ചുമതലയുള്ള ഡെപ്യൂട്ടി സെക്രട്ടറിയെ ഈ വിഷയം അന്വേഷിക്കാൻ ചുമതലപ്പെടുത്തി. ഇന്ന് (21.10.20222) ഈ വിഷയത്തിലുള്ള ഡെപ്യൂട്ടി സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ചു. അന്വേഷണ റിപ്പോർട്ട് പ്രകാരം കൈക്കൂലി ആവശ്യപ്പെട്ട ജീവനക്കാരനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തും, ഓഫീസ് മര്യാദകൾക്ക് നിരക്കാത്ത നിലയിൽ പ്രവർത്തിച്ച ജീവനക്കാരനെ സെക്ഷനിൽ നിന്നും മാറ്റിയും ഉത്തരവിറക്കുവാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കുന്നതായിരിക്കും.
വ്യവസായ വകുപ്പ് മന്ത്രിയും ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. നഗരസഭയിലെ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. വി.എ. ശ്രീജിത്ത്, ഡിവിഷൻ കൗൺസിലർ ശ്രീ.രഞ്ജിത്ത് മാസ്റ്റർ എന്നിവർ ഇന്നലെ (20.01.2022) തന്നെ പരാതിക്കാരിയെ വീട്ടിലെത്തി കണ്ട് കാര്യങ്ങൾ മനസ്സിലാക്കിയിരുന്നു നിയമാനുസൃതമുള്ള സഹായങ്ങൾ ഉറപ്പു നൽകികൊണ്ടുള്ള അവരുടെ സന്ദർശനത്തിൽ പരാതിക്കാരി തൃപ്തിയും രേഖപ്പെടുത്തിയിട്ടുണ്ട്.'
അതിവേഗത്തിൽ ഇടപെട്ട് മന്ത്രി പി.രാജീവ്
പ്രവാസി യുവതിക്ക് സംരംഭം തുടങ്ങാൻ ലൈസൻസിനായി കോർപ്പറേഷൻ ഉദ്യോഗസ്ഥൻ കൈക്കൂലി ചോദിച്ച സംഭവത്തിൽ അതിവേഗ നടപടിയുമായി വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. യുവതിക്ക് എത്രയും വേഗം സംരംഭം തുടങ്ങാനുള്ള ലൈസൻസ് നൽകണമെന്ന് വേണ്ടപ്പെട്ട ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശം നൽകി. കേരള സർക്കാർ നിക്ഷേപം സ്വീകരിക്കാൻ തെലുങ്കാനയിൽ പോയി നിക്ഷേപ സംഗമം നടത്തുമ്പോഴാണ് ഇവിടെ നേർ വിപരീതമായ സംഭവം ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് സർക്കാർ അതിവേഗം വിഷയത്തിൽ ഇടപെട്ടു കൊണ്ട് രംഗത്തുവന്നതും.
കഴിഞ്ഞ ദിവസം പള്ളുരുത്തി പെരുമ്പടപ്പ് സ്വദേശിനായ മിനി ജോസി എന്ന പ്രവാസിയ യുവതിയുടെ ദുരവസ്ഥയുടെ വാർത്ത അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി. മന്ത്രി യുവതിയെ ഫോണിൽ വിളിച്ച് കാര്യങ്ങൾ മനസ്സിലാക്കുകയും രണ്ട് ദിവസത്തിനകം സംരംഭം തുടങ്ങാനുള്ള ലൈസൻസ് തരുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
ചെറുകിട വ്യവസായം തുടങ്ങുന്നതിനായുള്ള ലൈസൻസിനായി കോർപ്പറേഷനിലെത്തിയ മിനി കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥന്റെ മുഖത്ത് അപേക്ഷയും സർട്ടിഫിക്കറ്റുകളും കീറി എറിഞ്ഞിരുന്നു. കൈക്കൂലി കൊടുത്ത് ഇവിടെ ഒരു സംരംഭവും തുടങ്ങാൻ താൽപര്യമില്ലെന്നും പറഞ്ഞ് കോർപ്പറേഷൻ ഓഫീസിൽ നിന്നും ഇറങ്ങിപ്പോയി. കൊച്ചി കോർപ്പറേഷൻ മേഖലാ കാര്യാലയത്തിലാണ് സംഭവം നടന്നത്. പള്ളുരുത്തി പെരുമ്പടപ്പ് ബംഗ്ലാവിൽ വീട്ടിൽ മിനി ജോസി എന്ന യുവതിയാണ് കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥന്റെ മുഖത്തേക്ക് അപേക്ഷയും കയ്യിലുണ്ടായിരുന്ന സർട്ടിഫിക്കറ്റുകളും കീറി എറിഞ്ഞത്. ഇനി ഇവിടെ നിൽക്കുന്നില്ലെന്നും വിദേശത്തേക്ക് മടങ്ങിപ്പോകുകയാണെന്നും മിനി മറുനാടനോട് പറഞ്ഞിരുന്നു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതിയെ ചൊടിപ്പിച്ച സംഭവം അരങ്ങേറിയത്. ഒരു വർഷമായി വിദേശത്ത് നിന്നും നാട്ടിലെത്തിയ മിനി വയോധികരായ മാതാ പിതാക്കൾക്കൊപ്പം നാട്ടിൽ തന്നെ നിൽക്കാനായി ധാന്യം പൊടിപ്പിക്കുന്ന മില്ല് തുടങ്ങാൻ തീരുമാനിച്ചു. ഇതിനായി പഴയ വീട് തിരഞ്ഞെടുക്കുകയും ലൈസൻസിനായുള്ള അപേക്ഷ നൽകുകയും ചെയ്തു. മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും ലൈസൻസ് ലഭിച്ചെങ്കിലും കോർപ്പറേഷൻ ഓഫീസിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിച്ചില്ല.
പലതവണ മേഖലാ ഓഫീസിൽ കയറിയിറങ്ങിയെങ്കിലും സർട്ടിഫിക്കറ്റ് നൽകാൻ ഉദ്യോഗസ്ഥൻ തയ്യാറായില്ല എന്നാണ് മിനി പറയുന്നത്. ഒടുവിൽ ഉദ്യോഗസ്ഥൻ കൈക്കൂലി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കൈക്കൂലി നൽകാൻ മിനി തയ്യാറായില്ല. ഇതോടെ സർട്ടിഫിക്കറ്റ് നൽകാൻ വൈകുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായി മിനി പറയുന്നു. വേഗത്തിൽ കിട്ടുന്ന സർട്ടിഫിക്കറ്റ് നൽകാൻ തയ്യാറാകാത്തതെന്തു കൊണ്ടെന്ന് ചോദ്യം ചെയ്ത മിനിക്ക് നേരെ ഉദ്യോഗസ്ഥൻ തട്ടിക്കയറി. ഈ സമയം അപേക്ഷയും സർട്ടിഫിക്കറ്റുകളും ഉദ്യോഗസ്ഥന്റെ മുഖത്തേക്ക് കീറി എറിയുകയും ഇറങ്ങി പോകുകയുമായിരുന്നു.
വാർധക്യമെത്തിയ മാതാപിതാക്കൾക്കു കൈത്താങ്ങാവാനാണ് 14 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി മിനി ജോസി നാട്ടിൽ വന്നത്. വീടിനോടു ചേർന്നുള്ള പഴയ കെട്ടിടത്തിൽ അരിയും മറ്റും പൊടിച്ചു നൽകുന്ന മിൽ തുടങ്ങാനായിരുന്നു ശ്രമം. ഇതിനായി കേന്ദ്ര സർക്കാരിന്റെ മുദ്രാ വായ്പയ്ക്ക് അപേക്ഷിക്കാനായാണ് രേഖകൾ തയാറാക്കാൻ ഓഫിസുകൾ കയറിയിറങ്ങിയത്. ഒന്നര മാസമായി വിവിധ ഓഫിസുകളിൽ ഇതിനായി പോയി. ആരോഗ്യ വിഭാഗത്തിൽ നിന്നും മലിനീകരണ ബോർഡിന്റെയുമെല്ലാം അനുമതി ലഭിച്ചു. കോർപ്പറേഷൻ ഓഫിസിൽ ചെന്നപ്പോൾ ആദ്യത്തെ ഓഫിസിൽ ആവശ്യപ്പെട്ടത് 25,000 രൂപ. അഞ്ചു പേർക്ക് അയ്യായിരം രൂപ വീതം നൽകാനാണെന്നു പറഞ്ഞു.
കെട്ടിടം വ്യാവസായിക ആവശ്യത്തിനുള്ളതാക്കി മാറ്റിയാൽ മാത്രമേ പദ്ധതി തുടങ്ങാനാകൂ. വായ്പ ലഭിക്കാനാണെങ്കിലും ഔദ്യോഗിക രേഖകൾ ആവശ്യമുണ്ട്. ഇതിനായി റവന്യു ഓഫിസിൽ ഒന്നര ആഴ്ച കയറിയിറങ്ങി. അഞ്ചു പ്രാവശ്യമെങ്കിലും ഓഫിസിൽ ചെന്നു. ഓരോ പ്രാവശ്യവും എന്തെങ്കിലും കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കി വിടും. ഒടുവിൽ കെട്ടിടത്തിനു പുറത്തു വച്ചു കണ്ടപ്പോഴാണ് ഓഫിസിലെ ജീവനക്കാരൻ ''അതിനു ചില കാര്യങ്ങളൊക്കെ ഉണ്ട് കേട്ടോ'' എന്നു പറഞ്ഞത്. ഇത് കൈക്കൂലി ലഭിക്കാനാണെന്ന് അപ്പോഴേ മനസിലായി. ഓഫിസിലെത്തി അപേക്ഷ നൽകിയപ്പോൾ 25 വർഷം മുമ്പുള്ള കെട്ടിട നമ്പർ വേണമെന്ന് ആവശ്യപ്പെട്ടു. ഫോൺ നമ്പരും വേണമെന്നു പറഞ്ഞു. ഫോമിൽ നമ്പരുള്ളപ്പോൾ പിന്നെ ഫോൺ നമ്പർ ചോദിക്കണ്ട കാര്യമില്ല. കൈക്കൂലി കൊടുക്കാതെ ഇവിടെയും കാര്യം നടക്കില്ലെന്നു മനസിലായതോടെയാണ് മകൾ മിനി ജോസി ദേഷ്യപ്പെട്ടത്. ഇതോടെ കയ്യിലിരുന്ന സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥന്റെ മുഖത്തേക്ക് കീറി എറിഞ്ഞത്.
ഓഫിസിൽ നേരിട്ട കാര്യങ്ങൾ വിജിലൻസ് ഓഫിസിലും വിളിച്ച് അറിയിച്ചു. അവിടെ നിന്ന് ഉദ്യോഗസ്ഥർ വിളിച്ചതിനാലാവണം, ഓഫിസിൽ നിന്ന് ഒത്തുതീർപ്പിനും ശ്രമമുണ്ടായി. ഇക്കാര്യം നാട്ടുകാരെ അറിയിക്കുന്നതിനാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തത്. ഉദ്യോഗസ്ഥരുടെ ധാർഷ്ട്യത്തിനെതിരെ പിന്തുണയുമായി നിരവധിപ്പേർ ഇതിനകം വിളിച്ചു. വിജിലൻസ് ഓഫിസിലെ ഉദ്യോഗസ്ഥരും പരാതിയിൽ നടപടി സ്വീകരിക്കാമെന്ന് അറിയിച്ചു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം മന്ത്രി വിളിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്തത്. തന്റെ പ്രശ്‌നത്തിൽ ഇടപെട്ട മന്ത്രിക്ക് ഒരു പാട് നന്ദിയുണ്ടെന്ന് മിനി പറഞ്ഞു. കൂടാതെ തന്നെ പോലെ പ്രശ്‌നത്തിൽപ്പെട്ടിരിക്കുന്ന സാധാരണക്കാർക്ക്കും ഇതേ രീയിതിൽ നീതി നടപ്പാക്കി നൽകണമെന്നും അവർ പറഞ്ഞു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.