കൊച്ചി: അതിവേഗം മെട്രോ നഗരമായി മാറുകയാണ് കൊച്ചി. വികസനകുതിപ്പിലേക്ക് നീങ്ങുന്ന കൊച്ചി കോർപ്പറേഷന് പിടിപ്പതു പണിയായ മാലിന്യ പ്രശ്‌നം പരിഹരിച്ചത് അടുത്തിടെയാണ്. ബ്രഹ്മപുരം മാലിന്യപ്ലാന്റ് നവീകരിച്ചതോടെ കൊച്ചിക്ക് നേട്ടം തന്നെയായിരുന്നു. എന്നാൽ പോയ കാലങ്ങളിൽ മെട്രോ നഗരമായിട്ടും കൊച്ചിക്ക് സ്വന്തമായി മാലിന്യം നീക്കാൻ ആവശ്യത്തിന് വണ്ടികൾ ഇല്ലെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ മാലിന്യം നീക്കുന്നതിനായി ടിപ്പറുകളും ജെസിബികളും വാടയ്ക്ക് എടുക്കേണ്ടിയും വരുന്നു. ഈ ഇനത്തിൽ കോർപ്പറേഷനിൽ നിന്നും കോടികൾ ചെലവാകുന്നുവെന്ന റിപ്പോർട്ടാണ് പുറത്തുവന്നത്.

കൊച്ചി കോർപറേഷൻ പരിധിയിലുള്ള മാലിന്യങ്ങൾ ശേഖരിക്കാനും, ബ്രഹ്മപുരം മാലിന്യ സംസ്‌കരണ ശാലയിൽ നിർമ്മാർജനം ചെയ്യാനുമായി ടിപ്പറുകളും, ജെ.സി. ബി.യും വാടകക്ക് എടുത്തതിനും കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കൊച്ചി കോർപറേഷൻ ചെലവാക്കിയത് 15 കോടി രൂപയോളമാണ്. ഇത്രയും തുകയ്ക്ക് സ്വന്തമായി വാഹനം വാങ്ങിച്ചു ഓടിച്ചാൽ വാടക ഇനത്തിൽ ചിലവകിയ തുകയെക്കാൾ കുറവായിരിക്കും എന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. ഇന്ധന ചെലവ് പോലുള്ള മറ്റു ചെലവ് ഉൾപ്പെടാതെയാണ് ഈ തുക എന്ന പരിശോധിക്കുമ്പോഴാണ് ഖജനാവ് ചോരുന്ന വഴി അറിയുക.

2010 മുതല 2015 വരെയുള്ള കാലഘട്ടത്തിലെ മാത്രമാണ് ഇത്രയും അധികം തുക മാലിന്യ നീക്കത്തിനായി ചിലവഴിച്ചത്. മുൻ മേയർ ടോണി ചമ്മിയുടെ ഭരണസമിതിയാണ് ഇത്രയും തുക വാടക ഇനത്തിൽ മാത്രം ചിലവഴിച്ചത്. മാലിന്യം വഹിച്ചുകൊണ്ട് കൊച്ചിയിൽ നിന്ന് ബ്രഹമാപുരത്തു എത്തുവാനുള്ള ടിപ്പറുകളും മാലിന്യ സംസ്‌കരണത്തിനും മറ്റും ഉപയോഗിക്കുന്ന ജെ.സി.ബി ക്കും വർഷം തോറും കോടി കണക്കിന് രൂപയാണ് കോർപറേഷൻ വാടക ഇനത്തിൽ ചിലവക്കുന്നതെന്ന് രേഖകൾ സൂചിപ്പിക്കുന്നു.

വിവരാവകാശ രേഖകൾ പ്രകാരം വർഷങ്ങൾ അടിസ്ഥാനപെടുത്തി നോക്കിയാൽ മാലിന്യം കൊച്ചിയിൽ നിന്ന് നിക്കം ചെയ്യാനായി ടിപ്പറുകൾ ജെ.സി.ബികളും വാടകയ്ക്ക് എടുത്ത വകയിൽ 2010-2011 വർഷത്തിൽ 2,8284070 രൂപയും, 2011-2012 കാലയളവിൽ 1,5735173 രൂപയും, 2012-2013 കാലയളവിൽ 3,0303014 രൂപയും 2013-2014 കാലയളവിൽ 3,9136500 രൂപയും 2014-2015 കാലയളവിൽ 4,078315 രൂപയും വാടക തുകയായി കോർപറേഷൻ ചിലവഴിച്ചുവെന്ന് വ്യക്തമാകും. ഇങ്ങനെ മാലിന്യ നിർമ്മാർജ വാഹന ഇനത്തിൽ അഞ്ചു വർഷത്തിനിടെ കോർപറേഷൻ ചെലവാക്കിയ ആകെ തുക 15,4241907 രൂപ വരും.

കൊച്ചിയിലെ മാലിന്യ പ്രശ്‌നത്തിന്റെ പേരിൽ നിരവധി വിമർശനങ്ങൾ നേരിടേണ്ടി വരുന്ന ഘട്ടത്തിലാണ് ഈ തുകയുടെ കണക്കും പുറത്തുവന്നത്. പദ്ധതികൾക്കു വേണ്ടി വർഷാവർഷം പല തുകകളും അനുവദിച്ചിച്ചു കിട്ടുമ്പോഴും ലോക ബാങ്ക് വായ്‌പ്പകൾ എടുത്തുകൂട്ടി കൊച്ചിയെ വിശാലമാകാൻ ഒരുങ്ങുന്ന കോർപറേഷൻ മാലിന്യ നിർമ്മാർജനത്തിന് ആവിശ്യമായ വണ്ടികൾ വാങ്ങിക്കാതെ വാടകക്ക് ടെണ്ടർ കൊടുത്തു കോടികൾ വാടക കൊടുക്കുന്നതിൽ വൻ അഴിമതികൾ ഉണ്ടെന്ന ആരോപണവും ഉയർന്നിരുന്നു.

നേരത്തെ മാലിന്യനീക്കത്തിനായി വാങ്ങിയ പെട്ടി ഓട്ടോറിക്ഷകൾ കാണാതായ സംഭവത്തിന്മേൽ മുൻ ഭരണ സമിതി വിജിലൻസ് അന്വേഷണവും നേരിട്ടിരുന്നു. ഇപ്പോഴും ആവശ്യത്തിന് വാഹനങ്ങൾ സ്വന്തമായി ഇല്ലെന്നാണ് ആക്ഷേപം.