- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിലയൻസിനെ വഴിവിട്ടു സഹായിക്കാനുള്ള നീക്കത്തിൽനിന്ന് കൊച്ചി നഗരസഭ പിന്മാറുന്നു; 4 ജി കേബിൾ വിഷയം കൗൺസിലിനുമുന്നിൽ വയ്ക്കും: മറുനാടൻ മലയാളി ഇംപാക്ട്
കൊച്ചി: കോർപറേറ്റ് ഭീമന്മാരായ റിലയൻസിനെ വഴിവിട്ടു സഹായിക്കാനുള്ള നീക്കത്തിൽനിന്ന് കൊച്ചി നഗരസഭ പിന്മാറുന്നു. റിലയൻസ് 4 ജി കേബിൾ സ്ഥാപിക്കാൻ റോഡ് കുഴിക്കുന്നതിന് തുച്ഛമായ തുക ഈടാക്കാനുള്ള തീരുമാനത്തിൽ നിന്നാണ് നഗരസഭ പിൻവലിയുന്നത്. കോർപറേറ്റ് ഭീമനുമായുള്ള ഇടപാടിന്റെ രേഖകൾസഹിതം കഴിഞ്ഞ ദിവസം മറുനാടൻ മലയാളി വാർത്ത റിപ്പോർട്ടുചെ
കൊച്ചി: കോർപറേറ്റ് ഭീമന്മാരായ റിലയൻസിനെ വഴിവിട്ടു സഹായിക്കാനുള്ള നീക്കത്തിൽനിന്ന് കൊച്ചി നഗരസഭ പിന്മാറുന്നു. റിലയൻസ് 4 ജി കേബിൾ സ്ഥാപിക്കാൻ റോഡ് കുഴിക്കുന്നതിന് തുച്ഛമായ തുക ഈടാക്കാനുള്ള തീരുമാനത്തിൽ നിന്നാണ് നഗരസഭ പിൻവലിയുന്നത്. കോർപറേറ്റ് ഭീമനുമായുള്ള ഇടപാടിന്റെ രേഖകൾസഹിതം കഴിഞ്ഞ ദിവസം മറുനാടൻ മലയാളി വാർത്ത റിപ്പോർട്ടുചെയ്തിരുന്നു. സംഭവം വിവാദമായതോടെയാണ് മേയർ ടോണി ചമ്മണി ഇടപെട്ട് റിലയൻസുമായുള്ള കരാർ താൽക്കാലികമായി പിൻവലിക്കാൻ തീരുമാനിച്ചത്. സംഭവം വിവാദമായതോടെ അജൻഡ കൗൺസിലിന് മുൻപാകെ വന്നതിന് ശേഷം തീരുമാനമെടുത്താൽ മതിയെന്ന നിർദ്ദേശമാണ് മേയർ നൽകിയിരിക്കുന്നത്.
വൈകിയാണ് ഇക്കാര്യത്തിൽ കൊച്ചി മേയർക്കും ഭരണസമിതിക്കും ബുദ്ധി ഉദിച്ചത്. എല്ലാ കാര്യങ്ങളിലും അത്തരത്തിലാണ് കൊച്ചി നഗരസഭയുടെ തീരുമാനങ്ങൾ വരുന്നത്. മറേയതുമില്ലാതെ വിവാദ തീരുമാനമെടുക്കുക. പിന്നീട് പഴിയും തെറിയും കേട്ടശേഷം നാണംകെട്ട് പിൻവലിയുക.
4 ജി കേബിൾ സ്ഥാപിക്കലിലും ഇതുതന്നെയാണ് സംഭവിച്ചത്. വിവാദമായതോടെ റിലയൻസിനെ വഴിവിട്ട് സഹായിക്കാനുള്ള നഗരസഭ മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി തീരുമാനം പിൻവലിക്കാൻ മേയർ ടോണി ചമ്മണി സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺ സൗമിനി ജെയിന് നിർദ്ദേശം നൽകി. റിലയൻസ് 4 ജി കേബിൾ സ്ഥാപിക്കുന്നതിന് റോഡ് കുഴിക്കുന്നതിനായി കമ്പനിയോട് തുച്ഛമായ തുക ഈടാക്കാനുള്ള തീരുമാനമാണ് മേയർ ഇടപ്പെട്ട് താൽക്കാലികമായി തിരുത്തിയിരിക്കുന്നത്.
മറ്റു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ റോഡ് മീറ്ററിന് വെറും 100 രൂപ മാത്രം നിരക്കിൽ റോഡ് കുഴിക്കാൻ അനുവാദം നൽകിയ മരാമത്ത് സ്റ്റാൻഡിങ് കമ്മറ്റിയുടെ തീരുമാനം മറുനാടൻ മലയാളി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഈ ഇനത്തിൽ വെറും 1.25 കോടി രൂപമാത്രമാണ് കോർപ്പറേഷന് റിലയൻസ് അടയ്‌ക്കേണ്ടിയിരുന്നത്. സംഭവം വിവാദമായതോടെയാണ് അജൻഡ കൗൺസിലിന് മുൻപാകെ വന്നതിന് ശേഷം തീരുമാനമെടുത്താൽ മതിയെന്ന നിർദ്ദേശം മേയർ നൽകിയത്.
ബിഎം ആൻഡ് ബിസി റോഡുകളിൽ ഒരു മീറ്ററിന് 3464 രൂപയും മറ്റു റോഡുകളിൽ 3000 രൂപ വരെയുമാണ് പിഡബ്ല്യുഡി ഈ ഇനത്തിൽ ഈടാക്കുന്നത്. സമീപ പഞ്ചായത്തുകളിൽ പോലും ഈ തുക ഈടാക്കുമ്പോഴാണ് നഗരമധ്യത്തിൽ കൂടി മീറ്ററിന് വെറും നൂറുരൂപ മാത്രം ഈടാക്കി സ്റ്റാൻഡിങ് കമ്മിറ്റി റിലയൻസിനെ വഴിവിട്ട് സഹായിച്ചത്. ഫോർട്ട് കൊച്ചി പോലുള്ള ഉൾപ്രദേശങ്ങളിൽ ഇതിലും ചെറിയ തുക നൽകിയാൽ മതിയെന്നായിരുന്നു കോർപ്പറേഷന്റെ നിലപാട്.
സംഗതി വിവാദത്തിന് വഴിവച്ചതോടെ പ്രതിപക്ഷം സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്‌സണെതിരെ അഴിമതി ആരോപണവുമായി രംഗത്തെത്തി. അജൻഡ കൗൺസിലിൽ വരാതെ സ്റ്റാൻഡിങ് കമ്മിറ്റി എടുത്ത തീരുമാനം ചട്ടവിരുദ്ധമാണെന്ന ആരോപണമാണ് അവർ ഉന്നയിച്ചിരുന്നത്. എന്തായാലും ഈ മാസം നടക്കുന്ന ആദ്യ കൗൺസിലിൽ തന്നെ റിലയൻസ് വിഷയം അജൻഡയായി വന്നേക്കും. കോൺഗ്രസിലെ ഒരു വിഭാഗവും പ്രതിപക്ഷവും ഒന്നിച്ചെതിർത്താൽ മുൻ തീരുമാനം നടക്കാൻ സാധ്യത വിരളമാണ്.
റോഡിന്റെ കാര്യത്തിൽ മുൻപും മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി പ്രതിപക്ഷ ആരോപണത്തിന് വിധേയമായിരുന്നു. അന്ന് പണം വാങ്ങി എന്നതുൾപ്പെടെയുള്ള ആക്ഷേപങ്ങൾ കൗൺസിൽ യോഗങ്ങളിൽ ബഹളത്തിനും വഴിവച്ചു. എന്തായാലും വിവാദ തീരുമാനം കൗൺസിൽ പരിഗണനയ്ക്ക് വച്ചതോടെ പ്രശ്‌നത്തിൽ നിന്ന് താൽക്കാലികമായെങ്കിലും തടിയൂരിയിരിക്കുകയാണ് യുഡിഎഫ് നേതൃത്വം.