കൊച്ചി: ഇൻഫോ പാർക്കിന് സമീപത്തെ കെന്റ് മഹൽ ഫ്ളാറ്റിൽ നിന്നും ലഹരി മരുന്നുമായി ഏഴു യുവാക്കൾക്കൊപ്പം പിടിയിലായ യുവതിയെ പ്രണയം നടിച്ച് പ്രതികളിലൊരാൾ സംഘത്തിലേക്കെത്തിക്കുകയായിരുന്നു എന്ന് വിവരം. തിരുവനന്തപുരം വഴുതക്കാട് സ്വദേശിയായ ശങ്കരനാരായണൻ(23) കോട്ടയം വില്ലൂന്നി സ്വദേശി കാർത്തിക(26)യെ പ്രണയത്തിലാക്കി ഒപ്പം കൂട്ടുകയും പിന്നീട് ലഹരിമരുന്നിന് അടിമയാക്കുകയുമായിരുന്നു. ലഹരി ഉപയോഗിക്കുന്നതിനൊപ്പം കച്ചവടത്തിനും കാർത്തികയെ ഒപ്പം കൂട്ടി.

വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ കാർത്തിക ഒരു സുഹൃത്തിന്റെ ജന്മദിനാഘോഷത്തിന്റെ ഇടയിലാണ് ശങ്കരനാരായണനെ കണ്ടുമുട്ടുന്നത്. ഈസമയം ഒരു പ്രണയം തകർന്ന മനോ വിഷമത്തിലായിരുന്നു കാർത്തിക. ശങ്കരനാരായണൻ ഇത് മുതലാക്കി ചങ്ങാത്തം കൂടുകയും പിന്നീട് പ്രണയത്തിലാവുകയും ചെയ്തു. പ്രണയം മൂർദ്ധന്യത്തിലെത്തിയതോടെ ഇരുവരും ഒന്നിച്ചായി താമസം. ഒന്നര മാസത്തോളം ബ്രഹ്മപുരത്തെ കെന്റ് മഹൽ ഫ്ളാറ്റിൽ ലിവിങ്ടുഗതർ ജീവിതം തുടർന്ന് വരികയായിരുന്നു. ഇതിനിടയിലാണ് കാർത്തിക ലഹരി ഉപയോഗം തുടങ്ങിയതും പിന്നീട് ഇവർക്കൊപ്പം ചേർന്ന് ലഹരി വിൽപ്പനയും നടത്തിയത്.

കോട്ടയത്തെ വീട്ടിൽ കാർത്തിക പറഞ്ഞിരുന്നത് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് എന്നാണ്. മാസം കൃത്യമായ ഒരു തുക വീട്ടിലേക്ക് അയച്ചിരുന്നു. മാതാപിതാക്കൾ ഒരിക്കലും അറിഞ്ഞിരുന്നില്ല, കാർത്തികയുടെ ജീവിതെ താളം തെറ്റിയെന്ന്. ലഹരിമരുന്നുമായി ഇൻഫോ പാർക്ക് പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ മാതാപിതാക്കളെ വിളിച്ചു വരുത്തിയപ്പോൾ മാത്രമാണ് കാർത്തികയുടെ താളം തെറ്റിയ ജീവിതം അവർ മനസ്സിലാക്കാക്കുന്നത്. ആദ്യമൊക്കെ മകൾക്ക് ഈ കേസുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു അവരുടെ വാദം. എന്നാൽ പൊലീസ് തെളിവുകൾ നിരത്തിയപ്പോൾ അവർക്ക് പിന്നെ ഒന്നും പറയാനില്ലായരുന്നു. പൊലീസ് പിടിയിലായ മറ്റൊരു പ്രതി ആലപ്പുഴ വള്ളികുന്നം സ്വദേശി മുഹമ്മദ് സിറാജിന്റെ ഫോണിലേക്ക് കരുനാഗപ്പള്ളി സ്വദേശിനി 20 തവണയോളം വിളിച്ചിരുന്നു. ഈ പെൺകുട്ടിക്കും ലഹരി കച്ചവടവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

ഓൺ ഡെലിവറി ജീവനക്കാരായും ഗ്രാഫിക് ഡിസൈറായും ജോലി ചെയ്യാനായി കൊച്ചിയിലെത്തിയ യുവാക്കളും യുവതിയുമാണ് ഹാഷിഷ് ഓയിലും എം.ഡി.എം.എയുമായി ഇൻഫോ പാർക്ക് പൊലീസിന്റെയും ഡാൻസാഫ് ടീമിന്റെയും പിടിയിലായത്. ബ്രഹ്മപുരത്തെ കെന്റ് മഹൽ ഫ്‌ളാറ്റിൽ നിന്നുമാണ് ആലപ്പുഴ വള്ളികുന്നം സ്വദേശി മുഹമ്മദ് സിറാജ്(21), തിരുവനന്തപുരം കല്ലമ്പലം സ്വദേശി റിസ്വാൻ(23), തിരുവനന്തപുരം വഴുതക്കാട് സ്വദേശി ശങ്കരനാരായണൻ(23), ആലപ്പുഴ ചേർത്തല, മണപ്പുറം സ്വദേശി ജിഷ്ണു(22), തേക്കുമുറി, പുളിയന്നൂർ സ്വദേശി അനന്തു(27), ഹരിപ്പാട് ചിങ്ങോട് സ്വദേശി അഖിൽ(24), തൃശൂർ ചാവക്കാട് പിള്ളക്കാട് സ്വദേശി അൻസാരി(23), കോട്ടയം വില്ലൂന്നി സ്വദേശിനി കാർത്തിക(26) എന്നിവരെ പൊലീസ് പിടികൂടിയത്.

പ്രതികൾ താമസിച്ചിരുന്ന പത്തൊൻപതാം നിലയിലെ ഫ്‌ളാറ്റിൽ നിന്നും 82 കുപ്പി ഹാഷിഷ് ഓയിലും 1.1ഗ്രാം എംഡിഎംഎയുമാണ് കണ്ടെടുത്തത്. ഹാഷിഷ് ഓയിൽ ചെറിയ കുപ്പി ഒന്നിന് 1,500 മുതൽ 3,000 രൂപവരെയാണ് ഇവർ ഈടാക്കയിരുന്നത്. ആദ്യമായി വാങ്ങുന്നവർക്ക് 3,000 രൂപയും സ്ഥിരമായി വാങ്ങുന്നവർ 1,500 - 2,000 എന്നീ നിരക്കുകളിലായിരുന്നു വിൽപ്പന. പൊലീസ് ഫ്‌ളാറ്റിലെത്തുമ്പോൾ യുവതിയടക്കം എട്ടുപേരായിരുന്നു ഉണ്ടായിരുന്നത്. ഇവർക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്ന പ്രധാന പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. പ്രതികളിൽ നിന്നും മയക്കുമരുന്നു വാങ്ങുന്നരിൽ ഭുരിഭാഗവും ജെയിൻ യൂണിവേഴ്‌സിറ്റിയിലേയും രാജഗിരി കോളേജിലെയും വിദ്യാർത്ഥികളാണെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ നിന്നും ലഭിച്ച ഫോൺ നമ്പറുകളുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ കണ്ടെത്തി മാതാപിതാക്കളെ വിവരമറിയിക്കുമെന്നും പൊലീസ് അറിയിച്ചു.

ആറുമാസം മുൻപാണ് പ്രതികളിൽ നാലുപേർ ചേർന്ന് ഉത്തരേന്ത്യൻ സ്വദേശിയുടെ പേരിലുള്ള ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്ത് താമസം തുടങ്ങിയത്. ഇവിടെ സ്ഥിരമായി പുറത്ത് നിന്നും ആളുകൾ എത്തുന്നത് പതിവായിരുന്നു. പലപ്പോഴും അർദ്ധ രാത്രിയിൽ ഇവരുടെ മുറിയിൽ നിന്നും ഉച്ചത്തിൽ പാട്ടും ബഹളവും ഉണ്ടാകുമായിരുന്നു. ഇതിനിടയിലാണ് കൊച്ചി സിറ്റി പൊലീസിന് ഇവിടെ മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും നടക്കുന്നതായുള്ള രഹസ്യ വിവരം ലഭിക്കുന്നത്. തുടർന്നായിരുന്നു ഡാൻസാഫും ഇൻഫോ പാർക്ക് പൊലീസും സംയുക്തമായി റെയ്ഡ് നടത്തിയത്.

റെയ്ഡിനെത്തുമ്പോൾ പ്രതികൾ ലഹരി ഉപയോഗിച്ചു കൊണ്ടിരിക്കുകയായിരുന്നു. പൊലീസിനെ കണ്ട് പരിഭ്രമിച്ച പ്രതികൾ കുതറി ഓടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പൊലീസിന് മുന്നിൽ പൊട്ടിക്കരഞ്ഞു അബദ്ധം പറ്റിയതെന്ന് പറഞ്ഞെങ്കിലും പൊലീസ് ഇത് മുഖവിലയ്ക്കെടുത്തില്ല. കാരണം ദിവസങ്ങളായി ഇവർ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കോട്ടയം സ്വദേശിനിയായ കാർത്തിക വഴുതക്കാട് സ്വദേശി ശങ്കരനാരായണന്റെ കാമുകിയാണ്. ആഡംബര ജീവിതത്തിനായാണ് സംഘം ഇതിൽ നിന്നും കിട്ടുന്ന പണം വിനിയോഗിച്ചിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം ഇന്ന് റിമാൻഡ് ചെയ്യും.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ വി.യു കൂര്യാക്കോസിന്റെ നിർദ്ദേശാനുസരണം നർക്കോട്ടിക് സെൽ പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ കെ.എ അബ്ദുൾ സലാമിന്റെ നേതൃത്വത്തിൽ കൊച്ചി സിറ്റി പൊലീസ് ഡാൻസാഫും ഇൻഫോ പാർക്ക് എസ്.എച്ച്.ഒ ടി.ആർ സന്തോഷ്, പ്രിൻസിപ്പൽ എസ്‌ഐ മനു പി മേനോൻ, എസ്‌ഐമാരായ ജേക്കബ് മാണി, മണികണ്ഠൻ, എഎസ്ഐ മാരായ സുനിൽ, രാജിമോൾ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മുരളീധരൻ, അനിൽ ജെബി, അനിൽ, സിവിൽ പൊലീസ് ഓഫീസർമാരായ ജയകുമാർ, ബിയാസ്, ഷബ്‌ന, ശരത് മോൻ എന്നിവരും ചേർന്നു നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് കൊച്ചി സിറ്റി പൊലീസ് പറഞ്ഞു.


(മെയ് ദിനവും മറുനാടൻ മലയാളിയുടെ വാർഷികവും പ്രമാണിച്ച് മറുനാടൻ മലയാളിയുടെ ഓഫീസിന് അവധി ആയതു കൊണ്ട് നാളെ(01-05-2022) അപ്‌ഡേഷൻ ഉണ്ടായിരിക്കില്ല- എഡിറ്റർ)