കൊച്ചി: അറബിക്കടലിന്റെ റാണി മയക്കുമരുന്ന് വ്യാപാരത്തിന്റെ സ്വന്തം ഹബ്ബായി മാറുന്നുവെന്ന സർക്കാർ നിലപാട് ശരിവച്ച് പൊലീസും. സംസ്ഥാനത്ത് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നടന്ന മിക്ക കൊലപാതകങ്ങളുടേയും അക്രമപരമ്പരകളുടേയും പുറകിൽ വില്ലനായത് മദ്യവും മയക്കുമരുന്നുമാണെന്നു കണക്കുകൾ വ്യക്തമാക്കുന്നു. മദ്യനിരോധനമാണ് തങ്ങളുടെ ലക്ഷ്യമെന്ന് സർക്കാർ പ്രഖ്യാപിച്ച വർഷം തന്നെയാണ് അതേ ലഹരി ഊർജമാക്കി അക്രമികൾ അഴിഞ്ഞാടിയതെന്നാണ് കണക്കുകൾ. യുഡി എഫ് സർക്കാർ ബാർപൂട്ടൽ ഉൾപ്പെടെയുള്ള പുതിയ നയം രൂപീകരിച്ചത് മദ്യനിരോധനമെന്ന ആശയപൂർത്തീകരണത്തിന് മുന്നോടിയാണെന്ന വാദം ഉയർത്തുന്നതിനിടെയാണ് ബാർ പൂട്ടൽ കൊണ്ടൊന്നും ലഹരി ഉപഭോഗം കുറയില്ലെന്നു തെളിയിച്ച് കണക്കുകൾ പുറത്തുവരുന്നത്.

മദ്യത്തിന്റെ ലഭ്യത കുറയുമ്പോൾ അതിലും വീര്യമുള്ള മറ്റു പല ലഹരിയിലേക്കും നമ്മുടെ യുവത്വം വീണുപോകുമെന്ന ഞെട്ടിക്കുന്ന വിവരമാണ് പൊലീസ് സർക്കാരിനു മുൻപിൽ സമർപ്പിച്ച വിശദമായ റിപ്പോർട്ടിലുള്ളത്. കൊച്ചി, കോഴിക്കോട് , തിരുവനന്തപുരം, തൃശൂർ, പാലക്കാട് തുടങ്ങി സംസ്ഥാനത്തെ എട്ടോളം ജില്ലകളിൽ സുഗമമായി കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ലഭിക്കുന്നുണ്ടെന്ന് പൊലീസ് ആഭ്യന്തര വകുപ്പ് തന്നെ സമ്മതിക്കുന്നുണ്ട്. ഈയിടെ കേരളം ഏറെ ചർച്ച ചെയ്ത മിക്ക കൊലപാതകകേസുകളിലും വില്ലൻ മയക്കുമരുന്ന് തന്നെയാണ്.

വിവാദമായ തൃശൂരിലെ ചന്ദ്രബോസ് വധക്കേസിൽ കൊലയാളി വ്യവസായി കിങ്ങ്‌സ് ബീഡി ഉടമ മുഹമ്മദ് നിസാമിന് കുറ്റകൃത്യം ചെയ്യാൻ ഊർജം നൽകിയതുകൊക്കെയിൻ അടക്കമുള്ള വർദ്ധിത വീര്യമുള്ള ലഹരി വസ്തുക്കളായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. നിസാം കേസിന് സമാനമായി, തൃശൂരിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിനു പെൺകുട്ടി ഉൾപ്പെടെ നാലുപേരെ കാറിടിച്ചുകൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയായ യുവാവിനും ഉത്തേജനം മയക്കുമരുന്ന് തന്നെയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. ആലപ്പുഴയിൽ കാറിന്റെ ഡിക്കി തുറന്നുകിടക്കുകയാണെന്ന് പറഞ്ഞതു തെറ്റിദ്ധരിച്ച്് ബൈക്കിൽ പോകുകയായിരുന്ന രണ്ടുപേരെ പിന്തുടർന്നുപോയി കൊലപ്പെടുത്തിയ കേസിലും അന്വേഷണം ചെന്നെത്തിയത് പ്രതികളായ രണ്ടുപേരുടേയും മയക്കുമരുന്ന് ഉപയോഗത്തിൽ തന്നെയാണ്.

ഇങ്ങനെ നിരവധി ഉദാഹരണങ്ങളാണ് ഇതുമായി ബന്ധപ്പെട്ടുള്ളത്. കേസുകളിൽ പിടിയിലാകുന്നവർ മിക്കവരുടേയും പ്രായവും ഞെട്ടിക്കുന്നതാണ് .പലരും 18-28നു പ്രായമുള്ളവർ. മദ്യത്തേക്കാളും യുവതലമുറയെ കാർന്നുതിന്നുന്ന വിപത്തായി മയക്കുമരുന്ന് മാറിക്കഴിഞ്ഞുവെന്നുതന്നെയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കൊച്ചി തന്നെയാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും മുൻപിൽ. എന്നാൽ കേരളത്തിൽ എത്രയും പെട്ടെന്ന് കഞ്ചാവ് അടക്കമുള്ള ലഹരി സാധനങ്ങൾ ലഭിക്കാൻ ഏറ്റവും എളുപ്പമുള്ള ജില്ല തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന പാലക്കാട് തന്നെയാണ്.

തമിഴ്‌നാട്ടിൽ നിന്നും മംഗലാപുരത്തുനിന്നുമാണ് കേരളത്തിലേക്ക് കഞ്ചാവ് ഒഴുകുന്നത്. എന്നാൽ ഇത് കൃത്യമായി തടയുന്നതിൽ നമ്മുടെ എക്‌സൈസ് വകുപ്പ് പരാജയമാണെന്നാണ് പൊലീസിന്റെ ഈ റിപ്പോർട്ട് തെളിയിക്കുന്നത്. അതിർത്തിയിലെ പരിശോധനകളിൽ പൊലീസും വീഴ്‌ച്ച വരുത്തുന്നുണ്ട്.പാലക്കാട് ജില്ലയിലെ ഏജന്റുമാർ തന്നെയാണ് കൊച്ചിയിലേക്കും തൃശൂരിലേക്കും സാധനം എത്തിക്കുന്നത്. കടത്ത് മിക്കവാറും ട്രെയിൻ മാർഗംതന്നെ. കഞ്ചാവ് പിടിച്ചെടുത്ത് പരിശോധിക്കുന്നതിൽ റെയിൽവെ പൊലീസും പൂർണപരാജയമാണ്്.

മെട്രോ നഗരമായി വളരുന്ന കൊച്ചിയിൽ സ്ത്രീകളാണ് കഞ്ചാവ് വിൽപ്പനക്കാരിൽ 60 ശതമാനവും എന്ന ഞെട്ടിക്കുന്ന കണക്ക് കൂടിയുണ്ട്. ഇവരിൽ പലരും സമൂഹത്തിന്റെ ഉന്നതശ്രേണിയിൽപ്പെട്ടവരാണ്. അതുകൊണ്ട് ഈ വിഷയത്തിൽ അവരെ ആരും സംശയിക്കുകയില്ല. മറൈൻഡ്രൈവ്, ബോട്ട് ജെട്ടി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും മുൻപെങ്ങുമില്ലാത്ത വിധത്തിൽ കഞ്ചാവ് കച്ചവടക്കാർ ഉണ്ടെന്നാണ് റിപ്പോർട്ട്. പൊലീസിന്റേയും എക്‌സൈസിന്റേയും സംയുക്ത ഓപ്പറേഷൻ മയക്കുമരുന്ന് വേട്ടയിൽ ഉണ്ടാകുന്നില്ലെന്നതും ശ്രദ്ധേയമാണ്.

കൊച്ചിയിലെ പല മയക്കുമരുന്ന് കേസുകൾക്കും തുടർച്ചയില്ലാത്തത്തും വമ്പൻ സ്രാവുകളിലേക്ക് അന്വേഷണം എത്താത്തതും വീണ്ടും നഗരത്തിൽ സാധനം സുലഭമാകാൻ കാരണമാകുന്നു. കോളേജ് വിദ്യാർത്ഥി മുതൽ സോഫ്റ്റ്‌വെയർ എഞ്ചിനിയർമാർ വരെയുള്ളവർ ഈ ലഹരിക്ക് അടിമപ്പെടുന്നു. ലഹരിയുടെ ഉപയോഗം കുറയ്ക്കാനായി റെയ്ഡുകളോടൊപ്പം തന്നെ കൃത്യമായ ബോധവത്കരണവും വേണമെന്നാണ് അധികൃതരുടെ പക്ഷം.എന്നാൽ വകുപ്പിലെ ചില ഉന്നതർ തന്നെ ഇത് അട്ടിമറിക്കുകയാണെന്നാണ് ആക്ഷേപം.