കൊച്ചി: കാക്കനാട് ഫ്‌ളാറ്റിൽ നിലമ്പൂർ വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയെ കൊലപ്പെടുത്തി ഒളിപ്പിച്ച കേസിൽ പ്രതി അൻഷാദ് പ്രതി കുറ്റം സമ്മതിച്ചു. പ്രതി ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന് എസിപി പി വി ബേബി മാധ്യമങ്ങളോട് പറഞ്ഞു. കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്.

തെളിവെടുപ്പിനിടെ കൊല നടത്തിയ രീതി പ്രതി വിശദീകരിച്ചു. ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിന് കാരണമായത്. ലഹരി ഇടപാടിലെ കണ്ണികളെ കുറിച്ച് വിപുലമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

സജീവ് കൃഷ്ണയെ സുഹൃത്തായ അൻഷാദ് കൊലപ്പെടുത്തിയതു കടം വാങ്ങിയ 50,000 രൂപ തിരികെ നൽകാതിരുന്നതിനെ തുടർന്നാണെന്നും പൊലീസ് അറിയിച്ചു. കടമായി വാങ്ങിയ പണം തിരികെ നൽകാതിരുന്നതോടെ പകരം ലഹരി മരുന്നു നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതും പാലിക്കാതെ വന്നതോടെ അടുക്കളയിൽ ഉപയോഗിക്കുന്ന കറിക്കത്തി ഉപയോഗിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ.

ഇവർ ഒരുമിച്ചു ലഹരി ഉപയോഗിക്കുന്നതിനിടെ ഇതു സംബന്ധിച്ച തർക്കം ഉടലെടുക്കുകയും ആക്രമിക്കുകയുമായിരുന്നുവെന്നാണ് വിവരം. എന്നാൽ മുൻകൂട്ടി നിശ്ചയിച്ചു കൊലപ്പെടുത്തിയതാണോ എന്നു സംശയവുമുണ്ട്. അർഷാദിനു പുറമേ കൂടുതൽ പ്രതികൾ കേസിലുണ്ടെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ സംബന്ധിച്ച വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. അർഷാദിനൊപ്പം കാസർകോടുനിന്നു പിടിയിലായ ലഹരി മരുന്നു കേസ് പ്രതിക്ക് കേസുമായി ബന്ധമുണ്ടോ എന്നു സ്ഥിരീകരിക്കാനും പൊലീസ് തയാറായിട്ടില്ല.

കാസർകോട് നിന്ന് ഇന്നാണ് അൻഷാദിനെ കൊച്ചിയിലെത്തിച്ചത്. പ്രതിയെ ഇൻഫോപാർക്കിലെ ഫ്‌ളാറ്റിലെത്തിച്ച് പൊലീസ് തെളിവെടുത്തു. മയക്കുമരുന്ന് ഇടപാടിലെ തർക്കത്തിനിടയിലാണ് അർഷാദ് മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയെ ഫ്‌ളാറ്റില് വച്ച് കൊലപെടുത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

കൊലപാതകം നടന്ന ഫ്‌ളാറ്റിൽ ലഹരിമരുന്നിന്റെ ഉപയോഗവും വിൽപ്പനയും നടന്നിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയിലെ ഫ്‌ളാറ്റിലെത്തിയാണ് പലരും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നത്. കൊലക്ക് പിന്നിൽ ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണെന്നും പൊലീസ് സ്ഥിരീകരിച്ചു.

സജീവ് കൃഷ്ണയെ ക്രൂരമായി കൊലപ്പെടുത്തിയ അർഷാദ് ഫ്‌ളാറ്റിലെ രക്തക്കറ മായ്ച്ച് പ്ലാസ്റ്റിക് കവറിലും തുണിയിലും പൊതിഞ്ഞാണ് ഒളിപ്പിച്ചത്. മൃതദേഹം ഫ്‌ളാറ്റിലെ ഡക്ടിൽ തൂക്കിയിട്ട നിലയിലായിരുന്നു.

കൊല നടത്തിയ ശേഷം മൃതദേഹം മറവു ചെയ്യുന്നതിനും പദ്ധതികൾ തയാറാക്കിയിരുന്നു. വീടു വൃത്തിയാക്കിയിട്ടതും മൃതദേഹം പൊതിഞ്ഞു കെട്ടിയതുമെല്ലാം കൃത്യമായ പ്ലാനോടു കൂടിയായിരുന്നു. എന്നാൽ വിചാരിച്ച രീതിയിൽ മൃതദേഹം താഴെ എത്തിക്കാൻ സാധിക്കാതിരുന്നതാണു പദ്ധതികളെ അട്ടിമറിച്ചത്.

പണം നൽകുന്ന ആളുകൾക്ക് മുറിയിലെത്തി ലഹരി ഉപയോഗിക്കാനുള്ള സംവിധാനം ഒരുക്കിയിരുന്നതായും ഇവിടെ നിരവധി യുവാക്കൾ വന്നു പോയിരുന്നതായും വ്യക്തമായിട്ടുണ്ട്. ഇക്കാര്യങ്ങളിൽ സമീപ ഫ്‌ളാറ്റുകളിലുള്ളവർ പൊലീസിനു വിവരം നൽകിയിട്ടുണ്ട്. ഇവിടെ താമസക്കാർ പലപ്രാവശ്യം മാറി വന്നിട്ടുണ്ട്. വാടകയും മറ്റും കൃത്യമായി ലഭിച്ചിരുന്നതിനാൽ ഫ്‌ളാറ്റ് ഉടമയ്ക്കും ഇക്കാര്യത്തിൽ പരാതി ഉണ്ടായിരുന്നില്ല.

കാക്കനാട് പ്രദേശത്ത് ഇത്തരത്തിൽ നിരവധി ഫ്‌ളാറ്റുകളിൽ യുവാക്കൾ താമസിക്കുന്നതായി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസിനെ പോലും ഫ്‌ളാറ്റുകളിൽ കയറ്റേണ്ട എന്ന നിലപാടാണ് ചില ഫ്‌ളാറ്റ് അസോസിയേഷനുകളും സ്വീകരിച്ചു വരുന്നത്.

നേരത്തെ പൊലീസ് സ്റ്റേഷനു സമീപത്തു തന്നെയുള്ള ഒരു ഫ്‌ളാറ്റിൽ നിന്നു ലഹരി പിടികൂടിയ സംഭവത്തിൽ പൊലീസിനെ ഫ്‌ളാറ്റിൽ കയറ്റിയതിൽ അസോസിയേഷൻ എതിർപ്പ് അറിയിച്ചതായി വെളിപ്പെടുത്തലുണ്ടായിരുന്നു. ലഹരി മരുന്നുമായി ബന്ധപ്പെട്ട് കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള ഫ്‌ളാറ്റുകളിൽ വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തുന്നതിനു സിറ്റി പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.