കൊച്ചി: കെനിയൻ താരങ്ങളുടെ ആധിപത്യത്തിൽ ഇക്കുറിയും കൊച്ചി രാജ്യാന്തര ഹാഫ് മാരത്തൺ. കെനിയൻ താരം ബർണാഡ് കിപ്‌ഗോ പുരുഷവിഭാഗത്തിലും ഹേല കിപ്‌റോപ് വനിത വിഭാഗത്തിലും ചാമ്പ്യന്മാരായി. ഒരു മണിക്കൂർ രണ്ടുമിനിറ്റ് 40 സെക്കൻഡിലാണ് കിപ്‌ഗോ ഫിനിഷ് ചെയ്തത്.

ഇന്ത്യൻ താരങ്ങളുടെ വനിതാ വിഭാഗത്തിൽ മലയാളിതാരം ഒ പി ജയ്ഷയാണ് ഒന്നാമതെത്തിയത്. കഴിഞ്ഞ വർഷം മൂന്നാം സ്ഥാനത്തെത്തിയ പ്രീജ ശ്രീധരന് ശ്വാസതടസം നേരിട്ടതിനെത്തുടർന്ന് മൽസരം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. ഇന്ത്യൻ പുരുഷ വിഭാഗത്തിൽ ജേതാവായത് ജി ലക്ഷ്മണാണ്.

എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ സൂപ്പർ താരം മോഹൻലാലാണ് ഹാഫ് മാരത്തൺ ഫ്ളാഗ്‌ ഓഫ് ചെയ്തത്. പതിനായിരത്തിലേറെപ്പേരാണ് വിവിധ വിഭാഗങ്ങളിലായി മാരത്തണിൽ അണിചേർന്നത്. സുരക്ഷാ സൗകര്യങ്ങളൊരുക്കാൻ നൂറുകണക്കിനു പൊലീസ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ നേതൃത്വത്തിലാണു പ്രഥമശുശ്രൂഷ ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയത്.