കൊച്ചി: കുവൈറ്റിലേക്കു ജോലി തേടി പോകുന്നവരുടെ വൈദ്യപരിശോധന നടത്തുന്ന ഖദാമത്ത് ഏജൻസിയുടെ കൊച്ചിയിലേയും ഹൈദരാബാദിലെയും ഓഫീസുകൾ പൂട്ടാൻ കുവൈറ്റ് കോൺസുലേറ്റിന്റെ നിർദ്ദേശം.

കഴിഞ്ഞ ദിവസം ഖദാമത്തിന് അംഗീകാരം നൽകുമെന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, കൊച്ചിയിലും ഹൈദരാബാദിലും ഖദാമത്ത് കേന്ദ്രങ്ങൾക്ക് അംഗീകാരമില്ലെന്നാണ് പുതിയ വാർത്തകൾ.

ഇനി വൈദ്യപരിശോധന നടത്താൻ ഡൽഹിയിലും മുംബൈയിലുമേ സാധിക്കു. കുവൈറ്റിലേക്കു ജോലി തേടി പോകുന്ന മലയാളികളെ പ്രതികൂലമായി ബാധിക്കുന്ന നടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

വൈദ്യപരിശോധനയ്ക്കായി മുമ്പ് വൻതുക ഈടാക്കിയിരുന്നു എന്ന പരാതിയെതുടർന്ന് ഖദാമത്തിന്റെ അംഗീകാരം കുവൈറ്റ് സർക്കാർ നേരത്തെ റദ്ദാക്കിയിരുന്നു. തുടർന്ന് ഗാംക ഏജൻസിയെ ഏൽപ്പിക്കുന്നു എന്ന വാർത്തകളും പുറത്തുവന്നിരുന്നു. എന്നാൽ, ഗാംകയുടെ അംഗീകാരവും റദ്ദാക്കിയിരുന്നു.

കുവൈത്തിലേക്കുള്ള റിക്രൂട്ട്‌മെന്റിനു മാത്രമാണ് ഗാംകയ്ക്കു പരിശോധനയ്ക്കു തടസമുള്ളത് എന്നാണു റിപ്പോർട്ട്. നേരത്തെ അംഗീകാരം റദ്ദാക്കിയ ഖദാമത്തിന് വീണ്ടും അംഗീകാരം നൽകാനുള്ള തീരുമാനം കേന്ദ്രത്തിന്റെ പിടിപ്പുകേടാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇതിനു പിന്നാലെയാണ് കൊച്ചിയിലും ഹൈദരാബാദിലും അംഗീകാരമില്ല എന്ന വാർത്തകളും പുറത്തുവന്നത്.

വൻ തുക മേടിക്കുന്നുവെന്ന പരാതിയെത്തുടർന്നാണ് കുവൈറ്റ് സർക്കാർ ഖദാമത്തിന്റെ ലൈസൻസ് റദ്ദാക്കിയത്. പിന്നീട് ഗാംക എന്ന ഏജൻസിയാണ് വൈദ്യപരിശോധനകൾ നടത്തിയിരുന്നത്. 3700 രൂപ മാത്രം ഫീസായി ഈടാക്കിയിരുന്ന ഏജൻസിയാണു ഗാംക.

നിലവിൽ പരിശോധന നടത്തുന്ന ഗാംകയുടെയും അംഗീകാരം റദ്ദാക്കിയത് കുവൈറ്റിലേക്കുള്ള ഉദ്യോഗാർഥികൾക്കു വൻ തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണിലാണ് ഖദാമത്തിന്റെ അംഗീകാരം കുവൈത്ത് കോൺസുലേറ്റ് റദ്ദാക്കിയത്. ഇതിന് പകരം കേരളത്തിൽ പതിനഞ്ച് കേന്ദ്രങ്ങളുള്ള ഗാംകയ്ക്ക് പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകാനുള്ള അംഗീകാരം നൽകുകയും ചെയ്തു. ഇതും റദ്ദാക്കിയത് മലയാളികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.