നെടുമ്പാശേരി: കേരളത്തിന്റെ തനതു പാരമ്പര്യം വിളിച്ചോതുന്ന തരത്തിൽ ലോക നിലവാരമുള്ള പുതിയ ആഭ്യന്തര ടെർമിനൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പ്രവർത്തനസജ്ജമായി. എട്ടുകെട്ടിന്റെ വാസ്തു ശിൽപ ചാരുതയും പാരമ്പര്യ തനിമയും വിളിച്ചോതുന്ന കേരളത്തിന്റെ തനതു കലാരൂപങ്ങളുടെടെയും തച്ചുശാസ്ത്ര വൈവിധ്യങ്ങളുടെയും ഗ്യാലറിയും ഹരിത കേരളത്തിന്റെ സൗന്ദര്യം, ഓണപ്പെരുമ, പാരമ്പര്യം എന്നിവ വിളിച്ചോതുന്ന പെയ്ന്റിങ്ങുകൾ, ചുവർ ചിത്രങ്ങൾ എന്നിവയടക്കം അനവധി വിസ്മയങ്ങളുമായാണ് നെടുമ്പാശേരി വിമാനത്താവളത്തിലെ നവീകരിച്ച ടെർമിനൽ ടി1 ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്.

ഡിസംബർ 12നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നവീകരിച്ച ടെർമിനൽ 1ന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. ഇതോടെ ഡിസംബർ മൂന്നാം വാരത്തോടെ നിലവിലെ ആഭ്യന്തര ടെർമിനൽ ആയ ടി2 വിൽ നിന്നു പ്രവർത്തനം പൂർണമായി ടി1ലേക്കു മാറ്റും. കഴിഞ്ഞ മാർച്ചിൽ കമ്മിഷൻ ചെയ്ത മൂന്നാം ടെർമിനലിലേക്കു രാജ്യാന്തര സർവീസുകൾ മാറ്റിയതോടെയാണു നേരത്തെ രാജ്യാന്തര ടെർമിനൽ പ്രവർത്തിച്ചിരുന്ന ടി-1ന്റെ നവീകരണപ്രവർത്തനങ്ങൾ ആരംഭിച്ചത്.

്240 കോടി രൂപ മുടക്കിയാണ് സിയാൽ ടി1 രൂപകൽപ്പന ചെയ്തിരിക്കുന്നത്. രാജ്യാന്തര യാത്രക്കാർക്കു ലഭിക്കുന്ന സേവന നിലവാരവും അടിസ്ഥാന സൗകര്യങ്ങളും ആഭ്യന്തര യാത്രക്കാർക്കു കൂടി ലഭ്യമാകുന്ന തരത്തിലാണു സിയാൽ ടി1 രൂപകൽപ്പന ചെയ്തത്. ഇതിനായി ലോകത്തെ പ്രധാന വിമാനത്താവളങ്ങളിൽ സിയാൽ സംഘം പഠനം നടത്തിയിരുന്നു. ഇതിൽ നിന്നും വ്യത്യസ്തത ഉൾക്കൊണ്ടാണ് പാരമ്പര്യ തനിമയോടെ എട്ടുകെട്ടിന്റെ മാതൃകയിൽ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.

വിസ്തീർണം നിലവിലെ ഒരു ലക്ഷം ചതുരശ്രയടിയിൽ നിന്ന് ആറു ലക്ഷത്തിലേക്കാണ് ഉയർത്തിയിരിക്കുന്നത്. ഏഴ് എയ്‌റോ ബ്രിജുകൾ, 12 വിമാനങ്ങളിൽ നിന്നുള്ള ബാഗേജുകൾ ഒരേസമയം കൈകാര്യം ചെയ്യാൻ ശേഷിയുള്ള അത്യാധുനിക കൺവെയർ ബെൽറ്റ് സംവിധാനം. 56 ചെക്ക്-ഇൻ കൗണ്ടറുകൾ, മണിക്കൂറിൽ 4000 യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി (നിലവിലുള്ളതിന്റെ അഞ്ചിരട്ടി), കേരളത്തിന്റെ തനതു കലാരൂപങ്ങളുടെടെയും തച്ചുശാസ്ത്ര വൈവിധ്യങ്ങളുടെയും ഗ്യാലറി, ഹരിത കേരളത്തിന്റെ സൗന്ദര്യം, ഓണപ്പെരുമ, പാരമ്പര്യം എന്നിവ വിളിച്ചോതുന്ന പെയ്ന്റിങ്ങുകൾ, ചുവർ ചിത്രങ്ങൾ, ചിത്രകലാ പ്രദർശന ഹാൾ, ഫുഡ് കോർട്ട്, എക്സിക്യൂട്ടീവ് ലോഞ്ച്, അരലക്ഷം ചതുരശ്രയടി ഷോപ്പിങ് ഏരിയ തുടങ്ങി വൻ സൗകര്യങ്ങളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.

പുതിയ ടെർമിനലിൽ പുറപ്പെടുന്ന (ഡിപാർച്ചർ) യാത്രക്കാർ ചെക്ക്-ഇൻ ചെയ്തു വലത്തേക്കു നീങ്ങി ഒന്നാം നിലയിലെ സെക്യൂരിറ്റി ഹോൾഡ് ഏരിയയിലേക്കാണ് എത്തുക. ഇവിടേക്ക് എത്തിയ യാത്രക്കാർ എയ്‌റോ ബ്രിജ് വഴി താഴത്തെ നിലയിലെത്തും. കസ്റ്റംസ്, ഇമിഗ്രേഷൻ, ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ തുടങ്ങിയവ ആഭ്യന്തര സർവീസുകൾക്ക് ആവശ്യമില്ലാത്തതിനാൽ ആറു ലക്ഷം ചതുരശ്രയടി വിസ്തീർണത്തിന്റെ വിശാലതയാണ് ആഭ്യന്തര യാത്രക്കാർക്കു ലഭിക്കുക.

രാജ്യത്തെ ഇതര വിമാനത്താവളങ്ങളിൽ നിന്നു വ്യത്യസ്തമായി കേരളത്തിന്റെ തനതു വാസ്തുശിൽപ്പ ശൈലിയാണു സിയാലിന്റെ മൂന്നു ടെർമിനലുകളുടെയും പ്രത്യേകത. പരമ്പരാഗത എട്ടുകെട്ടിന്റെ ശിൽപചാരുതയാണ് ടി1നും ഒരുക്കിയത്. വാഹനങ്ങൾ വന്നു നിൽക്കുന്ന കനോപി മുതൽ സെക്യൂരിറ്റി ഏരിയ വരെ ഈ ശൈലി പിന്തുടർന്നിട്ടുണ്ട്. എട്ടുകെട്ടു തറവാടുകളുടെ പൂമുഖം, ചാരുപടി, അറയും നിരയുമെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. ചുവരുകൾ, മേലാപ്പ്, മുഖവാരം, അകച്ചമയം എന്നിവിടങ്ങളിലെല്ലാം എട്ടുകെട്ടിന്റെ വാസ്തുശിൽപ ഘടകങ്ങൾ സമ്മേളിക്കുന്നു.

പൂർണമായി സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ വിമാനത്താവളമാണു സിയാൽ. 2015 ഓഗസ്റ്റ് 18 ന് 13 മെഗാവാട്ട് ശേഷിയുള്ള സൗരോർജ പ്ലാന്റ് കാർഗോ ടെർമിനലിനു സമീപം ഉദ്ഘാടനം ചെയ്തതോടെയാണു സിയാൽ ഈ നേട്ടം കൈവരിച്ചത്. നിലവിൽ 30 മെഗാവാട്ടാണു സിയാലിന്റെ മൊത്തം സൗരോർജ സ്ഥാപിത ശേഷി. 12ന് ഇത് 40 മെഗാവാട്ടായി ഉയരും. പ്രതിദിനം 1.6 ലക്ഷം യൂണിറ്റ് വൈദ്യുതി ആണ് ഇതിൽ നിന്നു ലഭിക്കുക. ടെർമിനൽ-1 പൂർണ സജ്ജമാകുന്നതോടെ 1.3 ലക്ഷം യൂണിറ്റ് വൈദ്യുതിയാണു സിയാലിനു പ്രതിദിനം വേണ്ടി വരിക. തങ്ങളുടെ ഉപയോഗം കഴിഞ്ഞ് 30,000 യൂണിറ്റ് വൈദ്യുതി സിയാലിന് കെഎസ്ഇബിക്കു കൈമാറാനാകും.

ലോകത്തെ ഏറ്റവും വലിയ സൗരോർജ കാർപോർട്ടുള്ള വിമാനത്താവളമെന്ന ഖ്യാതിയും സിയാലിനു സ്വന്തമാവുകയാണ്. 2600 കാറുകൾ പാർക്ക് ചെയ്യാവുന്ന രണ്ടു കാർപാർക്കുകൾ ആണ് ഇവിടെയുള്ളത്. 5.1 മെഗാവാട്ടാണു മൊത്തം സ്ഥാപിത ശേഷി.