- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കിട്ടിയത് രണ്ടു കിലോയുടെ രഹസ്യ വിവരം; പിടിച്ചത് 84 ഗ്രാം; മൊബൈൽ ഫോൺ ഓണാക്കി പ്രതികളെ ഒരുമിച്ച് നിർത്തി മാറി നിന്നപ്പോൾ സത്യം പുറത്ത്; വിട്ടയച്ചത് വിവാഹ വാഗ്ദാനത്തിൽ കുടുങ്ങിയ ഡിവോഴ്സിയെ; കുരച്ചു ചാടിയ നായയെ മെരുക്കിയവർ മുതലും പിടിച്ചു; കൊച്ചി ഓപ്പറേഷൻ സമ്പൂർണ്ണ വിജയം
കൊച്ചി: മാരക മയക്കുമരുന്നായ എം.ഡി.എം.എ കഴിഞ്ഞ ദിവസം കൊച്ചിയിൽ എക്സൈസ് സംഘം പിടിച്ചെടുത്തിരുന്നു. രണ്ടു കിലോ തൂക്കം വരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തത് ഒരു സ്ത്രീ ഉൾപ്പെടെ അഞ്ചംഗ സംഘത്തിൽ നിന്നാണ്. 11 കോടി രൂപയിലധികം വരുന്ന മയക്കു മരുന്ന് പിടിച്ചെടുത്തതുകൊച്ചി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ എൻ.ശങ്കറിന്റെ അന്വേഷണ മികവിലാണ്. കൃത്യമായ അന്വേഷണത്തിനൊടുവിൽ കേവലം 84 ഗ്രാമിൽ ഒതുങ്ങിപ്പോകേണ്ടുന്ന കേസ് രണ്ട് കിലോ തൂക്കം വരുന്ന മയക്കു മരുന്ന് പിടികൂടാനായത് പ്രത്യേക അഭിനന്ദനം അർഹിക്കുന്ന കാര്യമാണ്.
കസ്റ്റംസ് പ്രവിവന്റീവ് ഓഫീസർ നൽകിയ രഹസ്യ വിവരത്തെ തുടർന്നാണ് എൻ.ശങ്കറും ടീമും വാഴക്കാല മേലേപ്പാടം റോഡിലുള്ള ഓയോ ഹോട്ടലിൽ എത്തിയത്. രത്രീ 12 മണിയോടെയായിരുന്നു പരിശോധന. വിവരം കൃത്യമായതിനാൽ പ്രതികൾ തമ്പടിച്ചിരുന്ന റൂമിലേക്ക് തന്നെയായിരുന്നു നേരിട്ട് പ്രവേശിച്ചത്. ഈ സമയം രണ്ട് യുവതികളും അഞ്ച് പുരുഷന്മാരുമാണ് അവിടെയുണ്ടായിരുന്നത്. പരിശോധനയിൽ 84 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. തുടർന്ന് ഇവർ സഞ്ചരിച്ചിരുന്ന ഐ20 കാറിൽ പരിശോധനയ്ക്കെത്തിയപ്പോഴാണ് സംഘം നടുങ്ങിപ്പോയത്.
കടിച്ചു കീറാനുള്ള ശൗര്യത്തോടെ നിൽക്കുന്ന മൂന്ന് റോഡ് വീലർ നായക്കൾ. വാഹനത്തിന് അടുത്തെത്തിയപ്പോൾ സംഘത്തിന് നേരെ കുരച്ചു ചാടി. ഇതോടെ കസ്റ്റഡിയിലെടുത്ത പ്രതികളോട് നായയെ വാഹനത്തിൽ നിന്നും ഇറക്കാൻ ആവശ്യപ്പെട്ടു. പിന്നീട് വാഹനം വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. നായ്ക്കളെ വാഹനത്തിനുള്ളിൽ തന്നെ പൂട്ടിയിട്ട് പ്രതികളുമായി മടങ്ങി.
എക്സൈസിന്റെ രഹസ്യ കേന്ദ്രത്തിൽ വച്ചുള്ള ചോദ്യം ചെയ്യലിൽ രണ്ടു പേർ ഇവരുടെ ഒപ്പം മനസ്സറിവില്ലാതെ വന്നുപെട്ടതാണെന്ന് മനസ്സിലായി. ഇടുക്കി സ്വദേശിനിയായ യുവതി സംഘത്തിലൊരാളുടെ കാമുകിയായിരുന്നു. വിവാഹ ബന്ധം വേർപെട്ടു നിന്ന യുവതിയെ വിവാഹം കഴിക്കാം എന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ ഒപ്പം കൂട്ടിയിരുന്നത്. നിപരാധിയാണെന്ന് മനസ്സിലാക്കിയതോടെ സംഘം ഇവരെ ഒഴിവാക്കി.
പിന്നീട് കാസർഗോഡ് സ്വദേശിയായ യുവാവിനെയും സമാന രീതിയിൽ ഒഴിവാക്കുകയായിരുന്നു. തുടർന്ന് കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ്, ശ്രീമോൻ, ഷബ്ന, ഇടുക്കി വണ്ണപ്പുറം സ്വദേശി മുഹമ്മദ് അഫ്സൽ, കാസർകോട് സ്വദേശി മുഹമ്മദ് അജ്മൽ എന്നിവരെ പ്രതി ചേർത്ത് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
പിന്നീട് വിശദമായ ചോദ്യം ചെയ്യലിൽ സംഘം ഒളിപ്പിച്ച 1.115 കിലോ എം.ഡി.എം.എ. കൂടി ഇവരുടെ അപ്പാർട്ട്മെന്റിന് സമീപത്തുനിന്ന് കണ്ടെത്തുകയായിരുന്നു. എക്സൈസ് സംഘം തന്ത്രപൂർവമാണ് ഇത് കണ്ടെത്തിയത്. പ്രതികളെ പിടിച്ചപ്പോൾ 84 ഗ്രാം എം.ഡി.എം.എ. മാത്രമാണ് കിട്ടിയത്. ഇവർ രണ്ട് കിലോ എം.ഡി.എം.എ. ചെന്നൈയിൽനിന്ന് കൊച്ചിയിലേക്ക് എത്തിച്ചതായിട്ടാണ് എക്സൈസിന് വിവരം ലഭിച്ചത്. ചോദ്യം ചെയ്യലിൽ ഇവർ രണ്ട് കിലോ എം.ഡി.എം.എ. എത്തിച്ചില്ലെന്ന് തറപ്പിച്ചു പറഞ്ഞു.
ഇതോടെ പ്രതികളെ ഒരുമിച്ചു നിർത്തിയ ശേഷം ഉദ്യോഗസ്ഥർ തന്ത്രപൂർവം മാറി നിന്നു. ഇതിനിടെ തങ്ങളുടെ കൈയിലുള്ള ബാക്കി ലഹരിമരുന്ന് മാറ്റുന്ന കാര്യം ഇവർ പരസ്പരം സംസാരിച്ചു. പ്രതികളറിയാതെ എക്സൈസ് ഉദ്യോഗസ്ഥർ സമീപത്ത് ഒരു മൊബൈൽ ഫോൺ റെക്കോഡ് മോദിൽ വെച്ചിരുന്നു. ഇതിൽ ഇവരുടെ സംഭാഷണം ലഭിച്ചതോടെ പ്രതികൾക്ക് കള്ളംപറഞ്ഞ് നിൽക്കാനാവാത്ത സ്ഥിതിയായി.
താമസിച്ചിരുന്ന അപ്പാർട്ട്മെന്റിനു സമീപത്തു തന്നെയുള്ള സ്ഥലത്ത് ഒളിപ്പിച്ച എം.ഡി.എം.എ. ഇവർ എക്സൈസ് സംഘത്തിന് കാട്ടിക്കൊടുത്തു. 1.115 കിലോ എം.ഡി.എം.എ. ആണ് ഇവിടെ നിന്ന് ലഭിച്ചത്. പ്രതികൾ കോടികളുടെ ലഹരി ഇടപാട് നടത്തിയിരുന്നതായി ഇതോടെ സ്ഥിരീകരിച്ചു. രണ്ടു കിലോയിൽ ബാക്കി ഇവർ ചെന്നൈയിൽനിന്ന് വരുന്ന വഴി കൈമാറിയതായാണ് സൂചന. ഇതു സംബന്ധിച്ച് വിശദമായി അന്വേഷിക്കും. ഇവരുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കും.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും. ഇവരുടെ ഫോൺ രേഖകളും പരിശോധിക്കും. ഒരു കാറും മൂന്ന് വിദേശ നായ്ക്കളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എറണാകുളത്ത് വിവിധ സ്ഥലങ്ങളിൽ ഫ്ളാറ്റുകൾ വാടകയ്ക്ക് എടുത്താണ് സംഘം പ്രവർത്തിച്ചിരുന്നതെന്ന് സ്പെഷ്യൽ സ്ക്വാഡിലെ ഇൻസ്പെക്ടർ എൻ.ശങ്കർ പറഞ്ഞു.
കാറിൽ കുടുംബസമേതമെന്ന മട്ടിൽ സഞ്ചരിച്ചായിരുന്നു സംഘം മയക്കുമരുന്നു കടത്തിയിരുന്നത്. തെറ്റിദ്ധരിപ്പിക്കാൻ സ്ത്രീകളോടൊപ്പം വിദേശ ഇനം നായ്ക്കളുമായിട്ടായിരുന്നു ഇവർ കാറിൽ സഞ്ചരിച്ചിരുന്നത്. ചെന്നൈയിൽനിന്ന് എത്തിച്ചിരുന്ന മയക്കുമരുന്ന് കേരളത്തിന്റെ വിവിധ ഇടങ്ങളിൽ ഇവർ വിതരണം ചെയ്തിരുന്നതായി എക്സൈസ് പറഞ്ഞു.
ഇൻസ്പെക്ടറോടൊപ്പം പ്രിവന്റീവ് ഓഫീസർ കെ.എസ്.പ്രമോദ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്, ശിവകുമാർ, ഷിബു, രാജേഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ അഞ്ജു ആനന്ദ് എന്നിവരുമുണ്ടായിരുന്നു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.