പെരുമ്പാവൂർ: ഫർണിച്ചർ വ്യവസായങ്ങൾക്ക് പേരുകേട്ട പെരുമ്പാവൂർ അന്യസംസ്ഥാന തൊഴിലാളികൾക്ക് ഗൾഫാണ്. ഇവിടേക്ക് തൊഴിൽ തേടി ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ എത്തുന്നത് എന്നതു കൊണ്ട് തന്നെ ദേശീയതലത്തിൽ ശ്രദ്ധ നേടിയ സ്ഥലം കൂടിയാണ് പെരുമ്പാവൂർ. ഇപ്പോൾ ഈ കൊച്ചു നഗരം ശ്രദ്ധനേടിയത്് ഡൽഹി മോഡൽ ബലാത്സംഗ കൊലപാതകത്തിന്റെ പേരിലാണ്. സോഷ്യൽ മീഡിയയുടെ ഇടപെടലോടെ ശ്രദ്ധ നേടിയ ജിഷയുടെ മൃഗീയ കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസം മുമ്പാണ് വിശദമായി പുറത്തുവന്നത്. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളം പ്രതിഷേധം നടക്കുന്നതിനിടെയായിരുന്നു മറുനാടൻ പ്രതിനിധി അരുംകൊല നടന്ന ജിഷയുടെ വീട് സന്ദർശിച്ചത്.

കഴിഞ്ഞ വ്യാഴാഴ്‌ച്ച നടന്ന കൊലപാതകത്തിന് ശേഷം അടച്ചു പൂട്ടിയിരിക്കയാണ് കുറുപ്പംപടിയിലുള്ള ജിഷയുടെ ഒറ്റമുറി വീട്. ജിഷയും അമ്മ രാജേശ്വരിയുമാണ് മാലിന്യകനാലിന് സമീപത്തെ പുറമ്പോക്കിലെ ഒറ്റമുറി വീട്ടിൽ താമസിച്ചത്. ഹോളോബ്രിക്‌സുകൊണ്ടുണ്ടാക്കിയ ഈ വീടിന്റെ പരിസരത്ത് എത്തിയപ്പോൾ കണ്ടത് അരുകൊല നടന്ന വീടാണെന്ന ലക്ഷണങ്ങണൊന്നും പ്രത്യക്ഷത്തിലില്ല. എന്നാൽ, മാദ്ധ്യമങ്ങളിലുടെ കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞെത്തിയതോടെ നിരവധി പേർ ഇവിടേക്ക് എത്തിയിരുന്നു. രാഷ്ട്രീയക്കാരും അയൽവാസികളും സ്ഥലത്തെത്തുകയുണ്ടായി. എന്താണ് സംഭവിച്ചതെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു എല്ലാവരും. നടക്കുന്നത് വളരെ നാടകീയമായ സംഭവങ്ങളാണെന്നും ഇവർക്കെല്ലാം അറിവുമുണ്ട്.

സംഭവം നടന്ന വീട് ഇപ്പോൾ അടച്ചിട്ടിരിക്കയാണ്. ചുറ്റും വനിതാ പൊലീസുകാർ അടക്കം പത്തോളം പൊലീസുകാരും കാവൽ നിന്നിരുന്നു. ആളുകൾ കൂടുതലായി വീട്ടിലേക്ക് എത്തുന്ന സാഹചര്യത്തിലായിരുന്നു പൊലീസ്. ആഭ്യന്തര മന്ത്രി സ്ഥലത്തെത്തുമെന്നും അവർക്ക് വിവരം ലഭിച്ചിരുന്നു. ആസ്ബറ്റോസ് മേഞ്ഞ ഒറ്റമുറി വീടിന് അടുത്തേക്ക് പോയപ്പോൾ ജനൽ വഴി ഉള്ളിലേക്ക് നോക്കി. ജിഷ കൊലയാളിയുമായി മൽപ്പിടുത്തമുണ്ടായ ലക്ഷണങ്ങൾ തന്നെയാണ് മുറിക്കുള്ളിലും.

ഹോളോബ്രിക്‌സ് ഭിത്തിയിൽ എല്ലാ ദൈവങ്ങളുടെയും ചിത്രങ്ങളും കാണാം.. സരസ്വതിയുടെയും അയ്യപ്പന്റെയും ശിവ-പാർവതിയുടെയും ചിത്രങ്ങൾക്കെല്ലാം കൂടി ഒരു പ്ലാസ്റ്റിക് പൂമാലയും ചാർത്തിയിരിക്കുന്നു. ചുവടെയുള്ള ടേബിളിൽ ഭസ്മങ്ങളും ചന്ദനത്തിരിയുമൊക്കെയുണ്ട് താനും. ഈ ദൈവങ്ങളെല്ലാം കാൺകെയായിരിക്കണം ജിഷ അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്.. ജീവിതത്തിലെ മോഹങ്ങളെല്ലാം കൊലയാളി തല്ലിത്തകർക്കുമ്പോൾ ഭയന്ന് ദൈവത്തെ വിളിച്ചിട്ടുണ്ടാവില്ലേ..? എന്നിട്ടും ദൈവങ്ങളൊന്നും കനിയാതിരുന്നതെന്തേ..? ചിത്രങ്ങൾ കണ്ടപ്പോൾ മനസിൽ തോന്നിയ സ്വാഭാവിക ചോദ്യങ്ങൾ ഇതായിരുന്നു...

വീടിന്റെ ചിത്രങ്ങളെടുത്ത ശേഷം പുറത്തിറങ്ങിയപ്പോൾ അയൽവാസികളായ ചിലരോട് സംസാരിച്ചു. അപ്പോൾ അവർ വ്യത്യസ്തമായ വിവരങ്ങളാണ് ജിഷയെയും അമ്മയെയും കുറിച്ച് ലഭിച്ചത്. ഒറ്റമുറി വീട്ടിൽ താമസിച്ചിരുന്ന ജിഷ തന്റെ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള തത്രപ്പാടിലായിരുന്നു. അതിന് വേണ്ടിയുള്ള തീവ്രപരിശ്രമങ്ങൾ അവളുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നതായി അയൽവാസികളായ ചില സ്ത്രീകൾ പറഞ്ഞു. പൊതുവേ സൗമ്യ സ്വഭാവക്കാരിയാണ് ജിഷ. എന്നാൽ, അമ്മയും മകളും തമ്മിൽ വീട്ടിൽ ഇടയ്ക്കിടെ വഴക്കിടാറുണ്ടായിരുന്നെന്നുമാണ് നാട്ടുകാർ പറയുന്നത്. ഇതിൽ ഇടപെടാൻ ശ്രമിച്ചപ്പോൾ പലരെയും രാജേശ്വരി ശകാരിച്ചിരുന്നതായിരുന്നു.

അയൽപക്കക്കാരുമായി അത്രയ്ക്ക് നല്ല ബന്ധമായിരുന്നില്ല ജിഷയ്ക്കും അമ്മയ്ക്കും അതിന് കാരണം ഇവർക്കിടയിലുണ്ടായിരുന്ന വഴക്കായിരുന്നു. ജിഷ കണ്ടാൽ മിണ്ടുന്ന ആളാണെന്ന് അടുത്ത് താമസിക്കുന്ന ചിലർ പറയുന്നു. കല്യാണം കഴിക്കേണ്ട പ്രായമായി കല്യാണം കഴിക്കണം എന്നൊക്കെ ഇവരിൽ ചിലർ ജിഷയെ ഉപദേശിച്ചിരുന്നു. എന്നാൽ കല്യാണം കഴിക്കാൻ ഇഷ്ടമല്ല എൽഎൽബി കഴിഞ്ഞു ഏതെങ്കിലും ഒരു കമ്പനിയുടെ ലീഗൽ അഡൈ്വസർ ആയി ജോലി ചെയ്തു ജീവിതം മുന്നോട്ടു കൊണ്ടുപോകാനാണ് ആഗ്രഹമെന്നായിരുന്നു ജിഷ സുഖാനവേഷികളോട് പറഞ്ഞിരുന്നത്.

ജിഷയെ അതിക്രൂരമായി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്നു സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന വാർത്ത പല നാട്ടുകാരും ഇതിനോടകം തന്നെ അറിഞ്ഞിരുന്നു. ആരെയാണ് കസ്റ്റഡിയിൽ എടുത്തതെന്ന് നാട്ടുകാരിൽ ചിലരോട് ആരാഞ്ഞപ്പോൾ ആർക്കും വ്യക്തമായ യാതൊരു വിവരവുമുണ്ടായിരുന്നില്ല. കുറുപ്പുംപടി ജിഷയുടെ വീട് ഇരിക്കുന്ന സ്ഥലത്തു രാവിലെ മുതൽ വൈദ്യുതി ബന്ധം പോയ നിലയിലായിരുന്നു. ഇതുകൊണ്ട് തന്നെ ആരാണ് പൊലീസ് പിടിയിലായത് എന്നറിയാനുള്ള ഓട്ടത്തിലായിരുന്നു നാട്ടുകാരും നാട്ടുകാർ. ജിഷയുടെ തന്നെ ബന്ധുവാണ് പൊലീസ് പിടിയിലായത് എന്നാണ് ഇതിനിടെ വാർത്ത പരന്നത്. ഒപ്പം രണ്ടു ഒഡിഷക്കാരും പിടിയിലായി എന്നും നാട്ടുകാർ പറയുന്നത് കേട്ടു. മറ്റു ചില കിംവതന്ദികളും നാട്ടുകാർക്കിടയിൽ പരക്കുന്നുണ്ട്.

ഇതിനിടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സ്ഥലം സന്ദർശിക്കാനെത്തി. ബിന്ദു കൃഷ്ണയെയും പ്രാദേശിക കോൺഗ്രസ് നേതാക്കളെയും ഒപ്പം കൂട്ടിയാണ് രമേശ് ചെന്നിത്തല സ്ഥലം സന്ദർശിച്ചത്. നാട്ടുകാരിൽ ചിലരോടും പൊലീസുകാരോടും കാര്യങ്ങൾ തിരക്കി വീട്ടിനുള്ളിൽ കയറിയ ശേഷം അധികം പ്രതികരണങ്ങൾക്ക് നിൽക്കാതെ ചെന്നിത്തല മടങ്ങുകയും ചെയ്തു. ഇതിനിടെ വീട്ടിൽ നിന്നും സംഭവ ദിവസം ഉച്ച കഴിഞ്ഞ് കരച്ചിൽ കേട്ടിരുന്നുവെന്ന് നാട്ടുകാർ പറയുന്നുണ്ടെങ്കിലും ഇടക്കിടെ വീട്ടിൽ വഴക്ക് പതിവെന്നാണ് ഇത് ശ്രദ്ധിക്കാതിരുന്നവർ പറയുന്ന വാദം. ആ കരച്ചിൽ ആരെങ്കിലുമൊന്ന് കേട്ടിരുന്നെങ്കിൽ ഇതു പൊലെ നടന്ന ക്രൂര പീഡനങ്ങളിൽ നിന്ന് ജിഷയ്ക്ക് ഒരു മോചനമെങ്കിലും ലഭിക്കുമായിരുന്നു എന്ന് വിശ്വസിക്കുന്നവരുമുണ്ട്.

പെൺകുട്ടി വീട്ടിൽ ഒറ്റക്കാണെന്നും ഇവരുടെ ജീവിത സാഹചര്യങ്ങളും വളരെ കൃത്യമായി മനസ്സിലാക്കിയാണ് അക്രമികൾ കൃത്യത്തിന് എത്തിയെന്നതാണ് നാട്ടുകാരും പറയുന്നത്. ജിഷയുടെ അമ്മ രാജേശ്വരി ഇടക്കിടെ മാനസിക അസ്വസ്ഥ്യം കാണിച്ചിരുന്നതായി പറയുന്നു. അപ്പോഴുണ്ടാകുന്ന വഴക്കാണ് സംഭവ ദിവസം നടന്നതെന്നായിരുന്നുവത്രെ അയൽവാസികൾ കരുതിയിരുന്നത്. വീട് എന്ന് പറയാവുന്ന ഒരിടത്തായിരുന്നില്ല ഈ അമ്മയും മകളും താമസിച്ചിരുന്നത്. പ്രായ പൂർത്തിയായ മകളുമായി അടച്ചുറപ്പില്ലാത്ത ഒരു ഒറ്റ മുറിയിൽ പിന്നിലും മുന്നിലും മാത്രം വാതിലുകളുമായി കഴിഞ്ഞ അമ്മയെയും മകളെയും ആരും തിരിഞ്ഞ് നോക്കിയിരുന്നില്ല.

സംഭവത്തിന് തൊട്ടു തലേ ദിവസം തങ്ങൾക്ക് ഒരു വീടു വയ്ക്കാൻ ലോൺ അനുവദിച്ചതിനെ തുടർന്ന് പണിക്കായി ആദ്യമിറക്കേണ്ട ഹോളോബ്രിക് കടമായി ഇറക്കാൻ ഒരു ബ്രിക് കമ്പനിയിലേക്ക് ഒരു കത്ത് നല്കാൻ ഈ അമ്മ മുട്ടാത്ത വാതിലുകളില്ല. ലോൺ ലഭിച്ചു കഴിയുമ്പോൾ പണം തിരികെ നൽകാമെന്നും അത് ഒരു പൊതു പ്രവർത്തകൻ ഉറപ്പ് നല്കിയാൽ ലഭിക്കുമെന്നുമുള്ള അമ്മയുടെ കരച്ചിൽ ആരും കേട്ടില്ല. പെരുമ്പാവൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്നും കരഞ്ഞ് വാങ്ങിയെടുത്ത 20 രൂപ കൊണ്ടാണ് അമ്മ തനിക്ക് ചെറു മുഖ പരിചയമെങ്കിലുമുള്ളവരെ തേടി ഒരു ദിവസം മുഴുവൻ അലഞ്ഞത്. തന്റെ പൊന്നോമന ആ ഒറ്റ മുറി വീട്ടിൽ സുരക്ഷിതയല്ലെന്ന അമ്മയുടെ തിരിച്ചറിവിന് അധിക ആയുസ്സുണ്ടായില്ല. ഇന്നലെ ആശുപത്രിയിൽ എത്തുന്നവരെ കെട്ടി പിടിച്ച് പൊട്ടിക്കരയുമ്പോൾ അമ്മ പറഞ്ഞു തീർക്കുന്നത് ഈ സങ്കടങ്ങൾ മാത്രമാണ്. സ്ഥലത്തെ ഒരു പ്രമുഖ സംഘടന മാസവരി കൊടുക്കാത്തതിന്റെ പേരിൽ പോലും ഈ കുടുംബത്തെ ഒറ്റപ്പെടുത്തിയിരുന്നു.

മകൾ അതിക്രൂരമായി മകൾ കൊല ചെയ്യപ്പെട്ടതിന്റെ ആഘാതത്തിലാണ് ജിഷയുടെ മാതാവ് രാജേശ്വരിയും. മാദ്ധ്യമങ്ങൾ പ്രതികരണമാരാഞ്ഞ് എത്തുമ്പോൾ അലമുറയിട്ട് കരയുകയാണ് ഇവർ. മകളുടെ സുരക്ഷയെ കുറിച്ച് പലപ്പോവും അവർക്ക് ആശങ്കയുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഭീഷണിയുണ്ടെന്ന് പൊലീസിൽ പരാതിയും നൽകിയിരുന്നു. എന്നാൽ, പരാതി കണക്കിലെടുക്കാനോ അന്വേഷിക്കാനോ പൊലീസ് തയ്യാറായിരുന്നില്ലെന്ന ആക്ഷേപവും ഈ മാതാവിനുണ്ട്.