കോഴിക്കോട്: ലുലുമാളിൽ അപമാനിക്കപ്പെട്ട യുവ നടി യുവാക്കളോട് മാപ്പു പറഞ്ഞു എന്നായിരുന്നു ആദ്യം പ്രതികരിച്ചിരുന്നത്. എന്നാൽ യുവാക്കളുടെ വാവിട്ട വാക്കുകൾ അവർക്കുതന്നെ തിരിച്ചടിയാവുകയാണ്. ഇനി കേസിൽ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്നാണ് നടിയുടെ പിതാവ് ഒരു ഓൺലൈൻ പോർട്ടലിനോട് പ്രതികരിക്കുന്നത്.

നടിയുടെ പിതാവിന്റെ പ്രതികരണം ഇങ്ങനെയാണ്.'അങ്ങനെ സംഭവിച്ചത് മനഃപൂർവ്വം അല്ലെന്ന് പറയാനല്ലെ അവർക്ക് സാധിക്കൂ, അതിനെ സാധാരണ പ്രതികൾ പറയുന്ന മറുപടിയായി കണക്കാക്കുന്നു. സംഭവത്തിന്റെ സി.സി.ടി.വി ഫൂട്ടേജുകൾ പൊലീസിന്റെ കൈവശമുണ്ട്. മനഃപൂർവ്വമല്ലെങ്കിൽ ആരായാലും വന്ന് ക്ഷമ ചോദിക്കുമല്ലോ, അങ്ങനെ അവർ ചെയ്തില്ല. അവർ വീണ്ടും പിറകെ നടന്നും, ഓരോന്ന് ചോദിച്ചും ശല്യം ചെയ്യുകയാണുണ്ടായത്. അവരുടെ സ്റ്റേറ്റ്‌മെന്റിൽ തന്നെ അവർ പറയുന്നത് ജാഡയാണെന്നാണ്, ഇങ്ങനെ വീണ്ടും അപമാനിക്കുന്ന രീതിയിലാണ് അവരുടെ പ്രതികരണം. അതായത് ഇത്രയും ഉപദ്രവങ്ങൾ ചെയ്തിട്ടും, മകൾ ജാഡ പോലെ സംസാരിച്ചു എന്നൊക്കെയാണ് പറയുന്നത്.

മാത്രമല്ല, ലുലു മാളിന്റെ പ്രധാനകവാടത്തിൽ പേര് വിവരങ്ങൾ നൽകാതെ ഇവർ കയറിപ്പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വക്കീലിന്റെ ഉപദേശം തേടി പറയുന്ന സ്റ്റേറ്റ്‌മെന്റായെ ഈ പ്രതികരണത്തെ കാണുന്നുള്ളൂ. ഒരാൾ അബദ്ധത്തിൽ വന്ന് മുട്ടുന്നതും മനഃപൂർവ്വം മുട്ടുന്നതും തിരിച്ചറിയാൻ സാധിക്കുമല്ലോ.പൊലീസ് നല്ല രീതിയിൽ തന്നെ സംഭവം അന്വേഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പൊലീസിന്റെ നിഗമനത്തിനാണ് വിടുന്നത്. കുട്ടികളല്ലെ കടുത്ത നിലപാടിലേക്ക് പോകേണ്ട എന്ന ആലോചനയിലായിരുന്നു ആദ്യം, പക്ഷെ ഇനിയെന്തായാലും കടുത്ത നിലപാടിലേക്ക് പോകാമെന്ന തീരുമാനത്തിലാണ്. കേസുമായി സഹകരിക്കുന്നുണ്ട്, അമ്മയുടെ മൊഴി പൊലീസ് എടുത്തിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് 22ന് മകളെത്തിയാൽ മൊഴി നൽകും.'- അദ്ദേഹം വ്യക്തമാക്കി.

ഡിസംബർ 17നാണ് കുടുംബത്തോടൊപ്പം കൊച്ചി ലുലു മാളിൽ ഷോപ്പിങിനെത്തിയ നടിയെ അപമാനിക്കാൻ ശ്രമം നടന്നത്. പിന്നാലെ കൂടി രണ്ട് പേർ ശരീരത്തിൽ സ്പർശിച്ച് കടന്നുപോയെന്നാണ് നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. പിന്നീട് അവർ പിന്നാലെ നടന്ന് ശല്യം ചെയ്തുവെന്നും നടി വെളിപ്പെടുത്തിയിരുന്നു. ഇതോടെ പൊലീസ് സ്വമേധയാ കേസ് എടുക്കുകയും മലപ്പുറം കടന്നമണ്ണ സ്വദേശികളായ മലപ്പുറം മങ്കട കടന്നമണ്ണ സ്വദേശികളായ കരിമല ചെണ്ണൻകുന്നൻ സി കെ റംഷാദ് (24), മടശേരി ആദിൽ മുഹമ്മദ് (24) എന്നിവരെ പിടികൂടുയും ചെയ്തിരുന്നു. എന്നാൽ നടിയെ മനപ്പൂർവ്വം അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് പ്രതികൾ പറഞ്ഞു. നടിയുടെ പിറകെ നടന്നിട്ടില്ല. സെൽഫി എടുക്കാൻ ശ്രമിച്ചിരുന്നു, അതിനെ നടി എതിർത്തു. ഇത് മോശമായി അനുഭവപ്പെട്ടതാകാം. നടിയോട് മാപ്പ് ചോദിക്കുന്നതായും പ്രതികൾ പറഞ്ഞിരുന്നു