കൊച്ചി: കൊച്ചി മേയർ സൗമിനി ജെയിനിന്റെ ഔദ്യോഗികവാഹനത്തിനു മുകളിൽ ഘടിപ്പിച്ചിട്ടുള്ള ബീക്കൺ ലൈറ്റ് ഉടൻ ഊരി നീക്കണമെന്നാവശ്യപ്പെട്ട് ആർ.ഡി.ഒ നോട്ടീസ് നൽകി. ചട്ടങ്ങളനുസരിച്ച് മേയർക്ക് ഔദ്യോഗിക വാഹനത്തിനു മുകളിൽ ബിക്കൺ ലൈറ്റ് വയ്്ക്കാൻ അധികാരമില്ലെന്നാണ് ഇതിനു മോട്ടോർ വാഹന വകുപ്പിന്റെ വിശദികരണം. പുതുമോടി മാറും മുൻപേ വിവാദത്തിൽ പെട്ട മേയർ സൗമിനി ജെയിൻ നോട്ടീസ് കിട്ടിയതോടെ വെട്ടിലായി.

മേയർ ഉപയോഗിക്കുന്ന വാഹനത്തിന്റെ രജിസ്‌ട്രേഷൻ നഗരസഭാ സെക്രട്ടറിയുടെ പേരിലായതുകൊണ്ട് ആ പേരിലാണ് മേയർക്കെതിരെ ഇമെയിൽ വഴിയും തപാൽ വഴിയും വാഹനവകുപ്പിന്റെ നോട്ടീസ് വന്നത്. മേയറുടെ നീല ബീക്കൺ ലൈറ്റ് നിയമവിരുദ്ധമെന്നു കാണിച്ചാണ് ആർ.ടി.ഒ, എം. ഷാജി നോട്ടീസ് നൽകിയത്. ഉടനെ വാഹനത്തിൽനിന്നു നിയമവിരുദ്ധമായി ഘടിപ്പിച്ചിട്ടുള്ള ലൈറ്റ് ഉടനെ മാറ്റണമെന്നാണ് ആർ.ടി ഒ നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. കടുത്ത പനിയും തലവേദനയും ആയതിനാൽ ഈ വിവാദത്തോട് പ്രതികരിക്കാനില്ലെന്നു മേയർ സൗമിനി ജെയിൻ മറുനാടൻ മലയാളിയോട് പറഞ്ഞു

മോട്ടോർ വാഹനവകുപ്പ് നിയമപ്രകാരം ചുവപ്പ്, നീല നിറങ്ങളിൽ വാഹനത്തിനു മുകളിൽ ഘടിപ്പിക്കാവുന്ന ജനപ്രതിനിധികളുടെയും ന്യായാധിപന്മാരുടെയും ഉദ്യോഗസ്ഥരുടെയും പട്ടികകൾ അടങ്ങിയ ഉത്തരവ് ഇപ്പോൾ പ്രാബല്യത്തിലുണ്ടെന്നും അതു പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നുമാണ് മോട്ടോർ വാഹന വകുപ്പു നൽകുന്ന വിശദികരണം. ഇതെല്ലം കാറ്റിൽപ്പറത്തി യാതൊരു നിയമവ്യവസ്ഥയുമറിയാതെ കൊച്ചി മേയർ ഇത് ഉപയോഗിക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് മോട്ടോർ വാഹനവകുപ്പ് നോട്ടിസ് അയച്ചത്.

ജനപ്രതിനിധികളിൽ മുഖ്യമന്ത്രി, മറ്റു മന്ത്രിമാർ, നിയമസഭാ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരുടെ വാഹനത്തിലാണ് ചുവപ്പ് ബിക്കൺ ലൈറ്റ് ഘടിപ്പിക്കാൻ അനുമതിയുള്ളത്. ഹൈക്കോടതി ചിഫ് ജസ്റ്റിസ്, ഹൈക്കോടതി ജഡ്ജിമാർ, പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ എന്നിവർക്കും ചുവപ്പ് ബിക്കൺ ലൈറ്റ് ഉപയോഗിക്കാം.

ഡെപ്യൂട്ടി സ്പീക്കർ ഒഴികെയുള്ളവർക്ക് ചുവപ്പുനിറത്തിലുള്ള മിന്നിക്കത്തുന്ന ചുവപ്പ് ബിക്കൺ ലൈറ്റ് ഉപയോഗിക്കാം. എന്നാൽ ഡെപ്യൂട്ടി സ്പീക്കറുടെ വാഹനത്തിൽ ചുവപ്പ് ബീക്കൺ ലൈറ്റ് തെളിക്കാമെന്നല്ലാതെ മിന്നിക്കത്തിക്കാൻ അനുവാദമില്ല. ചീഫ് സെക്രട്ടറി, അഡ്വക്കറ്റ് ജനറൽ, സംസ്ഥാന ഇലക്ഷൻ കമ്മീഷണർ, പി.എസ്.സി. ചെയർമാൻ തുടങ്ങിയവർക്കും മിന്നിത്തെളിയാത്ത ചുവപ്പ് ബിക്കൺ ലൈറ്റ് ഉപയോഗിക്കാമെന്നാണ് ഇപ്പോൾ പ്രാബല്യത്തിലുള്ള ചട്ടം.

പി എസ്.സി അംഗങ്ങൾ, പ്ലാനിങ്ങ് ബോർഡ് അംഗങ്ങൾ, ജില്ലാ കലക്ടർ, ജില്ലാ ജഡ്ജി, ഗവ. സെക്രട്ടറിമാർ, വൈസ് ചാൻസലർമാർ, നോർക്ക വൈസ് ചെയർമാൻ, ജില്ലാ പൊലീസ് മേധാവികൾ, ട്രാൻസ്‌പോർട്ട് കമ്മീഷണർ തുടങ്ങിയവർക്കു മാത്രമാണ് നീല ബിക്കൺ ലൈറ്റ് ഉപയോഗിക്കാൻ അനുമതിയുള്ളത്. ഒരുപാട് ചർച്ചകളും പ്രതിസന്ധികളും കടന്നാണ് സൗമിനി ജെയിൻ കൊച്ചി മേയർ ആകുന്നത്. മേയർ സ്ഥാനത്തിനായി ഐ ഗ്രൂപ്പിൽ നിന്നും എ ഗ്രൂപ്പിൽ നിന്നും ക്രിസ്ത്യൻ സഭാ മേലധ്യക്ഷന്മാരിൽനിന്നും പല മുറവിളികളും ആദ്യ ഘട്ടത്തിൽ ഉയർന്നുവന്നിരുന്നു.

കൊച്ചി മേയർ സ്ഥാനം പെയ്‌മെന്റ് സീറ്റ് ആണെന്നുള്ള ആരോപണങ്ങൾ ജില്ലാ കോൺഗ്രസിൽനിന്നും പാർട്ടിയിൽ നിന്നുംവരെ ഉയർന്ന സാഹചര്യത്തിനൊടുവിലാണ് കെപിസിസി പ്രസിഡണ്ട് വി എം സുധിരന്റെ നിർദേശപ്രകാരം സൗമിനി ജെയിനെ കൊച്ചി മേയറാക്കുന്നത്.