- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി മെട്രോ പൂർണതയിലേക്ക് നീങ്ങുന്നു; തൃപ്പൂണിത്തുറ പേട്ടയിലേക്കുള്ള പണികൾ പൂർത്തിയായി പരീക്ഷണ ഓട്ടം നടത്തി; പൈലിങ് നടത്തി 27 മാസങ്ങൾക്കുള്ളിൽ നിർമ്മാണം പൂർത്തിയാക്കി; 453 കോടി രൂപയുടെ പദ്ധതി പൂർണമായും പൂർത്തിയാക്കിയത് കെഎംആർഎൽ; മൊത്തം സ്റ്റേഷനുകളുടെ എണ്ണം 22 ൽ നിന്ന് 24 ആകും
കൊച്ചി: കൊച്ചി നഗരത്തിലെ ഗതാഗത സൗകര്യം വികസിപ്പിക്കാൻ വേണ്ടി തുടങ്ങിയ കൊച്ചി മെട്രോ പദ്ധതി അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. തൃപ്പൂണിത്തുറയിലേക്ക് നീട്ടിയ പദ്ധതിയാണ് അവസാന ഘട്ടത്തിൽ എത്തിയത്. ഇതോടെ ആലുവയിൽ നിന്നു തൃപ്പൂണിത്തുറ വരെയായി മെട്രോ സർവീസ്. ഇന്നലെ അർധരാത്രി 12നു പേട്ട പാലം കടന്നു കൊച്ചി മെട്രോ തൃപ്പൂണിത്തുറയിലേക്കു എത്തിയിട്ടുണ്ട്.
രാത്രി 12 മുതൽ തിങ്കൾ പുലർച്ചെ വരെയും പരീക്ഷണ ഓട്ടം നടന്നു. തിങ്കൾ രാത്രി മുതൽ ചൊവ്വ പുലർച്ചെ വരെയുമാണു പുതിയ പാതയിലൂടെ മെട്രോ ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടക്കുക. പേട്ട മുതൽ വടക്കേക്കോട്ട വരെയും തുടർന്നു എസ്എൻ ജംക്ഷൻ വരെയുമാണ് ട്രയൽ റൺ. ഇതിനായി മെട്രോ റെയിൽ പാതകളുടെ അവസാനവട്ട പണികളും പാളങ്ങൾ വൃത്തിയാക്കലുമാണ് ഇന്നലെ നടന്നത്.
മണിക്കൂറിൽ 5 കിലോമീറ്റർ വേഗത്തിലാണു ട്രയൽ റണ്ണിൽ മെട്രോ ഓടിക്കുക. തുടർന്നു സിഗ്‌നലുകളും പാളങ്ങളും വിശദമായി പരിശോധിക്കും. ഡിഎംആർസിയുമായുള്ള കരാർ അവസാനിച്ചതിനെ തുടർന്നു കെഎംആർഎൽ നേരിട്ടാണു പേട്ട മുതൽ എസ്എൻ ജംക്ഷൻ വരെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. രണ്ടു വർഷവും 3 മാസവും എടുത്താണു കെഎംആർഎൽ നിർമ്മാണം പൂർത്തിയാക്കിയത്. 453 കോടി രൂപയാണു മൊത്തം നിർമ്മാണ ചെലവ്. സ്റ്റേഷൻ നിർമ്മാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കലിന് 99 കോടി രൂപയാണു ചെലവഴിച്ചത്.
വടക്കേക്കോട്ട, എസ്എൻ ജംക്ഷൻ സ്റ്റേഷനുകളുടെ നിർമ്മാണത്തിന്റെ 95% പൂർത്തിയായി. അവസാന മിനുക്കുപണികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. മെട്രോ പാത എസ്എൻ ജംക്ഷൻ വരെ എത്തുന്നതോടെ കൊച്ചി മെട്രോ സ്റ്റേഷനുകളുടെ എണ്ണം 22 ൽ നിന്ന് 24 ആകും. എസ്എൻ ജംക്ഷൻ മുതൽ തൃപ്പൂണിത്തുറ സ്റ്റേഷൻ വരെയുള്ള ഭാഗമാണു ഇനി ബാക്കിയുള്ളത്. ഇതിന്റെ നിർമ്മാണം പ്രാരംഭ ഘട്ടത്തിലാണ്. സ്റ്റേഷൻ നിർമ്മാണത്തിനുള്ള പൈലിങ് ആരംഭിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനു സമീപമാണു മെട്രോ സ്റ്റേഷനും നിർമ്മിക്കുന്നത്.
കോവിഡ് നിബന്ധനകളിൽ ഇളവുകൾ നിലവിൽ വന്നതിനെ തുടർന്ന് കൊച്ചി മെട്രോ തിങ്കൾ മുതൽ ട്രയിനകൾക്കിടയിലെ സമയദൈർഘ്യവും കുറയ്ക്കാൻ ഒരുങ്ങുകയാണ്. തിങ്കൾ മുതൽ ശനിവരെ തിരക്ക് കൂടിയ സമയങ്ങളിൽഇനി മുതൽ 7 മിനിറ്റ് 30 സെക്കന്റ് ഇടിവിട്ടും തിരക്ക് കുറഞ്ഞ സമയങ്ങളിൽ 9 മിനിറ്റ് ഇടവിട്ടും ട്രയിൻ സർവീസ് ഉണ്ടാകും. മെട്രോസ്റ്റേഷനുകളിൽ നിന്ന് ഇലക്ട്രിക് ബസ് സർവീസിന് ധാരണ പത്രം ഒപ്പുവെച്ചു.
കൊച്ചി മെട്രോസ്റ്റേഷനുകളിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന് ഇലക്ട്രിക് ബസുകളുടെ സർവീസ് ആരംഭിക്കുന്നു. 10 ഇലക്ട്രിക് ബസുകളാണ് സർവീസ് ആരംഭിക്കുന്നത്. വിവിധ മെട്രോ സ്റ്റേഷനുകളിൽ നിന്ന് നോർത്ത് പറവൂർ, ഇൻഫോ പാർക്ക്, കൊച്ചിൻ സ്പെഷൽ ഇക്കണോമിക് സോൺ, തൃപ്പൂണിത്തുറ, അരൂർ, തോപ്പുംപടി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവീസിന് മഹാവോയേജ് ഗ്രൂപ്പിന് കെ.എം.ആർ.എൽ ലൈസൻസ് നൽകി.
സർവീസ് നടത്തുന്നത് ക്ലീൻ സ്മാർട് ബസ് ലിമിറ്റഡ് ആണ്. കെ.എം.ആർ.എൽ ഡയറക്ടർ(സിസ്റ്റംസ്) ഡി.കെ സിൻഹയുടെ സാന്നിദ്ധ്യത്തിൽ ജനറൽ മാനേജർ (ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ്) എ.മണികണ്ഠൻ കെ.എസ്.ബി.എൽ ഡയറക്ടർ കെ.പി ജയിംസ്, മാഹാവോയേ് പ്രതിനിധി സാഗർ എന്നിവർ ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചു.ഒരു വർഷത്തേക്കാണ് കരാർ. മഹാവോയേജ്, കെ.എസ്.ബി.എൽ എന്നിവരുടെ ആഭിമുഖ്യത്തിലാണ് ബസ് സർവീസ് നടത്തുന്നത്. ഇതിനാവശ്യമായ ലൈസൻസും സ്ഥലസൗകര്യവുമാണ് കെ.എം.ആർ.എൽ നൽകുന്നത്.
കൊച്ചി മെട്രോയുടെ നഷ്ടം ആയിരം കോടിയിൽ
സർവിസ് തുടങ്ങി നാല് വർഷം പിന്നിട്ടപ്പോൾ കൊച്ചി മെട്രോ കുതിക്കുന്നത് വൻനഷ്ടത്തിലേക്കാണ് നീങ്ങുന്നത്. 5000 കോടി ചെലവഴിച്ച് പൂർത്തിയാക്കിയ മെട്രോ നാല് വർഷം കൊണ്ട് 1092 കോടി രൂപയുടെ നഷ്ടത്തിലാണ് സർവിസ് നടത്തുന്നതെന്നാണ് കണക്കുകൾ പറയുന്നത്. 64,000 കോടി ചെലവഴിച്ച് കെ റെയിൽ പദ്ധതി നടപ്പാക്കാൻ സർക്കാർ വാശിപിടിക്കുമ്പോഴാണ് വളരെ വേഗം ലാഭത്തിലെത്തുമെന്ന് പ്രതീക്ഷിച്ച മെട്രോ റെയിലിന്റെ നഷ്ടക്കണക്ക് പുറത്തുവരുന്നത്.
ഓരോ വർഷം പിന്നിടുമ്പോഴും നഷ്ടത്തിന്റെ കണക്ക് കുത്തനെ വർധിക്കുകയാണ്. 2017ൽ നിന്ന് 2021 ലെത്തുമ്പോൾ നഷ്ടം ഇരട്ടിയായി വർധിച്ചു. 2017 -18 സാമ്പത്തിക വർഷം 167 കോടി രൂപയാണ് മെട്രോയുടെ നഷ്ടം. 2018- 2019 ൽ അത് 281 കോടി രൂപയായി. 2019 -2020 ൽ നഷ്ടം 300 കോടി കടന്നു, 310 കോടി രൂപയാണ് 2019 ലെ നഷ്ടം. 2020 - 2021 ൽ 334 കോടി രൂപയാണ് കണക്കുകൾ പ്രകാരം നഷ്ടം. വിവരാവകാശ പ്രവർത്തകനായ സി.എസ്. ഷാനവാസിന് ലഭിച്ച രേഖകളിലാണ് നഷ്ടക്കണക്കുകൾ ഉള്ളത്.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തുല്യ ഓഹരി പങ്കാളിത്തമുള്ള പദ്ധതിയുടെ എസ്റ്റിമേറ്റ് തുക 5181.79 കോടി രൂപയാണ്. 2015 ൽ പ്രതിദിനം 3.8 ലക്ഷം യാത്രക്കാർ മെട്രോയിലെത്തുമെന്നായിരുന്നു അവകാശ വാദം. 2020 ൽ അത് 4.6 ലക്ഷമായി ഉയരുമെന്നുമായിരുന്നു ഡീറ്റെയിൽ പ്രോജക്ട് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. സർവിസ് തുടങ്ങി നാല് വർഷം പിന്നിട്ടിട്ടും ഒരു ദിവസം പോലും പ്രതീക്ഷിച്ചതിന്റെ പകുതിയാത്രക്കാർ മെട്രോയിൽ സഞ്ചരിച്ചിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ