- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ വർഷം റിലീസ് ചെയ്ത യുഎസ് ക്രൈം ത്രില്ലർ സിനിമ 'ബേണി'ന്റെ പരസ്യം പോലെയാണു ഗ്രാഫിറ്റി എഴുത്ത്; ജീവനക്കാരുടെ പ്രതിഷേധം പടം വരയായോ എന്നും സംശയം; മുട്ടം യാർഡിലെ സുരക്ഷാ വീഴ്ചയിലും പൊലീസിന് തുമ്പൊന്നുമില്ല; കൊച്ചി മെട്രോയിലെ എഴുത്തിൽ ദുരൂഹത മാത്രം
കൊച്ചി: മെട്രോ കോച്ചിന്റെ പുറത്ത് ഗ്രാഫിറ്റി രൂപത്തിൽ ബേൺഎന്ന് എഴുതിയവരെ കണ്ടെത്താനാകാതെ പൊലീസ്. മെട്രോ യാഡിലെ ഗുരുതര സുരക്ഷാവീഴ്ചയിലും വ്യക്തമായ കാരണം തിരിച്ചറിഞ്ഞിട്ടില്ല. സ്‌പ്രേപെയിന്റ് ഉപയോഗിച്ച് മെട്രോ കോച്ചിന്റെ ഒരു വശത്താണ് ബേൺ എന്ന് എഴുതിയിരിക്കുന്നത്. 'ഫസ്റ്റ് ഹിറ്റ് കൊച്ചി'യെന്ന് ചെറുതായും രണ്ടിടത്ത് '22' എന്നും എഴുതിയിട്ടുണ്ട്. ഐപിസി 447, 427 വകുപ്പുകൾ പ്രകാരം അതിക്രമിച്ചു കടന്നു കയറൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ കുറ്റങ്ങൾക്കാണു പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
മെട്രോ കോച്ചിൽ ചിത്രം പ്രത്യക്ഷപ്പെട്ടത് ഈ മാസം 22നാണെന്നു സൂചനയുണ്ട്. ഈ വർഷം റിലീസ് ചെയ്ത യുഎസ് ക്രൈം ത്രില്ലർ സിനിമ 'ബേണി'ന്റെ പരസ്യം പോലെയാണു ഗ്രാഫിറ്റി എഴുത്തെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു പറഞ്ഞു. നിരീക്ഷണ ക്യാമറകൾ പരിശോധിച്ച പൊലീസിനു സംശയകരമായി നീങ്ങുന്ന രണ്ടു പേരുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മുഖം തിരിച്ചറിഞ്ഞിട്ടില്ല. പമ്പ എന്ന ട്രെയിനിന്റെ പുറത്താണ് ഗ്രാഫിറ്റി പ്രത്യക്ഷപ്പെട്ടത്.
ട്രെയിൻ മുട്ടം മെട്രോ യാഡിൽ പാർക്ക് ചെയ്തിരുന്നപ്പോഴാണ് എഴുത്തു നടന്നതെന്നു കരുതുന്നു. കൊച്ചി മെട്രോയുടെ അതിസുരക്ഷാ മേഖലയാണു മുട്ടം യാഡ്. ഉയരമുള്ള ചുറ്റുമതിലും ഗേറ്റിൽ സായുധ പൊലീസ് കാവലുമുണ്ട്. കെഎംആർഎൽ മാനേജ്‌മെന്റിനോട് എന്തെങ്കിലും തരത്തിൽ പ്രതിഷേധമുള്ള ജീവനക്കാരാണോ സംഭവത്തിനു പിന്നിലെന്നും അന്വേഷിക്കുന്നു. ട്രെയിനുകളിൽ വരകളും വാചകങ്ങളും എഴുതിയിടാറുള്ള ലോക വ്യാപകമായുള്ള ട്രെയിൻ ഹൂൺസുമായി ബന്ധമുള്ളവരാണോ പിന്നിലെന്നും തിരക്കുന്നു.
മുട്ടം യാർഡിൽ നിർത്തിയിട്ടിരുന്ന മെട്രോ ട്രെയിനിന്റെ ബോഗിയിൽ പെയ്ന്റുപയോഗിച്ച് ഭീഷണി സന്ദേശം എഴുതിയത് വിരൽ ചൂണ്ടുന്നത് സുരക്ഷാ വീഴ്ചയിലേക്കാണ്. 26-ന് ഉച്ചകഴിഞ്ഞ് മൂന്നിനും നാലിനും ഇടയിലാണ് സംഭവം എന്നായിരുന്നു ആദ്യ റിപ്പോർട്ട്. ഇതാണ് 22നാണെന്ന പുതിയ സംശയത്തിലേക്ക് എത്തുന്നത്. ഏതായാലും അടിമുടി ദുരൂഹത ഇക്കാര്യത്തിലുണ്ട്. കൊച്ചി മെട്രോക്കാർ ഒന്നും പറയുന്നുമില്ല. യാർഡിനു ചുറ്റും 10 അടി ഉയരമുള്ള മതിൽക്കെട്ടും അതിനു മുകളിൽ കമ്പിവേലിയുമുണ്ട്. വേലി മുറിച്ച് ഉള്ളിൽക്കടന്ന് അവിടെ നിർത്തിയിട്ടിരുന്ന 'പമ്പ' എന്ന ട്രെയിനിലെ മൂന്നു ബോഗികളിലും സ്പ്രേ പെയിന്റ് കൊണ്ട് ചിത്രരചനയ്ക്ക് സമാനമായ സന്ദേശം ഇംഗ്ലീഷിൽ എഴുതി. സംഭവത്തിൽ കൊച്ചി മെട്രോയും ആഭ്യന്തര അന്വേഷണം തുടങ്ങി.
സ്‌ഫോടനത്തിന്റെ സൂചന എന്ന രീതിയിലാണ് മെട്രോയിലെഴുതിയിരിക്കുന്ന സന്ദേശങ്ങൾ വ്യാഖ്യാനിക്കപ്പെടുന്നത്. ആക്രമണങ്ങൾക്കുള്ള മുന്നറിയിപ്പ് എന്ന സംശയവുമുണ്ട്. ഇതിനൊപ്പം ഗ്രാഫിറ്റിയെന്ന കലാപരമായ എഴുത്താണോ എന്ന സാധ്യതയും പരിശോധിക്കുന്നുണ്ട്. ട്രെയിനിന്റെ ബോഗിയിലാണ് സ്‌പ്രേ പെയിന്റ് കൊണ്ടുള്ള എഴുത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അന്താരാഷ്ട്രതലത്തിലുള്ള റെയിൽഹൂൺസ് എന്ന സംഘത്തിന് ഇതുമായി ബന്ധമുണ്ടോയെന്നതും പരിശോധിക്കുന്നുണ്ട്.
റെയിൽഹൂൺസ് ഉൾപ്പെട്ട സംഭവങ്ങൾ കേരളത്തിൽ മുൻപ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ട്രെയിനുകളുടെ കോച്ചുകളിൽ ഇവരുടെ പേരിൽ ഗ്രാഫിറ്റി പ്രത്യക്ഷപ്പെട്ട സംഭവത്തിൽ മുൻപ് ആർ.പി.എഫ്. അന്വേഷണം നടത്തിയിരുന്നു. രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുട്ടം യാർഡ് അധികൃതർ കളമശ്ശേരിയിലെ മെട്രോ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതോടെയാണ് കേസെടുത്തത്. മെട്രോ സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.എൻ. മനോജിനാണ് അന്വേഷണ ചുമതല. സംഭവത്തിൽ സംസ്ഥാന സർക്കാരിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എ.ടി.എസ്.) സ്പെഷ്യൽ ബ്രാഞ്ചും അന്വേഷണം നടത്തുന്നുണ്ട്. കേന്ദ്ര ഏജൻസികളും പരിശോധന നടത്തുന്നുണ്ട്.
പ്ലേ യുഫോസ്, ബേൺ ഫസ്റ്റ് ഹിറ്റ് കൊച്ചി, എന്നിങ്ങനെയാണ് വിവിധ നിറങ്ങളുപയോഗിച്ച് വലുപ്പത്തിൽ എഴുതിയിരിക്കുന്നത്. അതിൽ 'ബേൺ ഫസ്റ്റ് ഹിറ്റ് കൊച്ചി' എന്നെഴുതിയതാണ് തീവ്രവാദ ഭീഷണി എന്ന സംശയമുണ്ടാക്കിയത്. മലയാളികളാണ് സംഭവത്തിനു പിന്നിലെന്നാണ് സംശയം. യാർഡിന്റെ മതിലിലെ കമ്പി അറുത്തുമാറ്റി ഉള്ളിൽക്കയറിയ രണ്ടുപേരാണ് ഇതു ചെയ്തതെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു വ്യക്തമാക്കി. സി.സി.ടി.വി. ദൃശ്യങ്ങളുണ്ടെങ്കിലും അതിൽ ആളുകളെ തിരിച്ചറിയാൻ കഴിയുന്നില്ല. സന്ദേശമെഴുതിയ ട്രെയിൻ യാർഡിൽ സൂക്ഷിച്ചിരിക്കുകയാണ്.
2018ൽ എറണാകുളം റെയിൽവേ സ്റ്റേഷനിലെ മാർഷലിങ് യാഡിൽ നിർത്തിയിരുന്ന രണ്ടു കോച്ചുകളിലും ചിലർ കലാവിരുത് പ്രദർശിപ്പിച്ചിരുന്നു്. 2016ൽ ഷൊർണൂർ യാഡിലും തിരുച്ചിറപ്പള്ളിയിലും സമാന രീതിയിൽ കോച്ചുകളിൽ ചിത്രങ്ങൾ വരച്ചിരുന്നു. പൊതു ഇടങ്ങളിൽ ചിത്രങ്ങൾ വരയ്ക്കുകയും മുദ്രാവാക്യങ്ങൾ എഴുതുകയും ചെയ്യുന്ന 'റെയിൽ ഹൂൺസ്' എന്ന ഗൂഢ സംഘടനയുടെ സാന്നിധ്യമാണ് അന്ന് സംശയിച്ചിരുന്നത്. എന്നാൽ കേസന്വേഷണം എങ്ങുമെത്താതെ അവസാനിച്ചു. ചിത്രങ്ങൾ വന്നതോടെ കോച്ചുകളുടെ 'വൃത്തികേട്' മാറിയെന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. എന്നാൽ അതിന് അപ്പുറത്തേക്കാണ് മുട്ടത്തെ കാര്യങ്ങൾ. സുരക്ഷാ ക്രമീകരണങ്ങൾ ഏറെയുണ്ട്. അവിടെ. അത് അപ്രസക്തമാക്കിയാണ് വര എന്നതാണ് ആശങ്ക കൂട്ടുന്നത്.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ ഉടമസ്ഥതയിൽ എറണാകുളം-ആലുവ റൂട്ടിൽ മുട്ടം-അമ്പാട്ടുകാവ് സ്റ്റേഷനുകൾക്കിടയിലാണ് മെട്രോ യാർഡ്. ട്രെയിനുകളുടെ അറ്റകുറ്റപ്പണികളും ദൈനംദിന പരിശോധനകളും നടത്തുന്നത് 40 ഏക്കറിലായി സ്ഥിതിചെയ്യുന്ന യാർഡിലാണ്. യാർഡിൽ അതിക്രമിച്ച് കയറിയത് ആദ്യസംഭവമാണ്. വെള്ളിയാഴ്ചയാണ് ഇത് ശ്രദ്ധയിൽപ്പെടുന്നത്. ഉടനെ പൊലീസിൽ പരാതി നൽകിയതായി മെട്രോ അധികൃതർ വ്യക്തമാക്കി.
ട്രെയിനിൽ ഭീഷണി സന്ദേശം കണ്ടെത്തിയ സംഭവം വിരൽചൂണ്ടുന്നത് സുരക്ഷാവീഴ്ചയിലേക്കാണ്. സംഭവം നടന്ന മെട്രോയുടെ മുട്ടത്തെ യാർഡ് അതീവ സുരക്ഷയുള്ള മേഖലയാണ്. ട്രെയിനുകൾ നിർത്തിയിടുന്നതും ട്രെയിനുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതുമെല്ലാം ഇവിടെയാണ്. സാധാരണഗതിയിൽ ജീവനക്കാർക്ക് മാത്രമാണ് പ്രവേശനം.
മറുനാടന് മലയാളി ബ്യൂറോ