കൊച്ചി: കൊച്ചി മെട്രോ ലാഭത്തിലേക്ക് പോകണമെന്നാണ് മലയാളികളെല്ലാം ആഗ്രഹിക്കുന്നത്. കേരളത്തിന്റെ ഈ സ്വപ്‌ന പദ്ധതിയുടെ ആദ്യാരവങ്ങൾ അടങ്ങിയപ്പോൾ, വരുമാനം കുറഞ്ഞത് ആശങ്കകൾ ഉയർത്തിയിരുന്നു.ഏറ്റവുമൊടുവിൽ, മെട്രോയ്ക്ക്‌വേണ്ടി സ്ഥലം വിട്ടുകൊടുത്തവർക്കു പുതിയ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം വർധിച്ച നഷ്ട പരിഹാരത്തിന് അർഹതയുണ്ടെന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരിക്കുകയാണ്. സർക്കാരുമായുണ്ടാക്കിയ വിൽപനക്കരാറിൽ പറയുന്ന പ്രതിഫലത്തുക പ്രാഥമിക വിലയായി പരിഗണിച്ച് തുക വർധിപ്പിച്ചു കിട്ടാൻ ഭൂഉടമകൾക്ക് ആവശ്യപ്പെടാം.

പുതിയ നിയമം നടപ്പാക്കുമ്പോൾ നഷ്ടപരിഹാരം കൂട്ടുന്നപക്ഷം അതിന് അർഹതയുണ്ടാകുമെന്നു സർക്കാർ ഭൂഉടമകളുമായുണ്ടാക്കിയ മിക്ക കരാറുകളിലും വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നു പറഞ്ഞ കോടതി ഏതെങ്കിലും കരാറിൽ അതില്ലെന്ന പേരിൽ അവരോടു വിവേചനം കാണിക്കരുതെന്നും കൂട്ടിച്ചേർത്തു.

പുതിയ നിയമപ്രകാരം നഷ്ടപരിഹാരം കൂട്ടിക്കിട്ടണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജിയിൽ സിംഗിൾ ജഡ്ജി അനുകൂല ഉത്തരവിറക്കിയതിനെതിരെ സംസ്ഥാന സർക്കാരും കെഎംആർഎലും നൽകിയ അപ്പീലാണു ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. നഷ്ട പരിഹാരം കൂട്ടിക്കിട്ടാൻ ഭൂഉടമകൾ ജില്ലാ കലക്ടർക്കു നിവേദനം നൽകേണ്ടതാണെന്നു കോടതി വ്യക്തമാക്കി. കലക്ടർ അപേക്ഷകൾ ആറാഴ്ചയ്ക്കുള്ളിൽ പുതിയ നിയമപ്രകാരമുള്ള അധികാരികൾക്കു വിടണം. ഭൂമി കൈവശത്തിലെടുത്ത തീയതി മുതൽ പലിശ നിശ്ചയിക്കാം. വർധിപ്പിച്ച നഷ്ടപരിഹാരത്തിനു പലിശ കണക്കാക്കുമ്പോൾ ഇതിനകം നൽകിയ സ്ഥലവില ഒഴിവാക്കിയുള്ള തുകയ്ക്കു പലിശ നിർണയിച്ചാൽ മതിയെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

മെട്രോ റെയിലിനു സ്ഥലമെടുക്കുമ്പോൾ പുതിയ നിയമം നടപ്പാക്കാൻ ചട്ടം രൂപീകരിച്ചിരുന്നില്ലെന്നും അടിയന്തര സാഹചര്യത്തിൽ ഉടമകളുമായി ചർച്ചനടത്തി വാങ്ങുകയായിരുന്നുവെന്നും നഷ്ടപരിഹാരത്തുകയുടെ 80% നൽകി ഭൂമി കൈവശത്തിലെടുത്തുവെന്നും കെഎംആർഎൽ ബോധിപ്പിച്ചു. രാജ്യത്ത് വിവിധ സംസ്ഥാന സർക്കാരുകളും പൊതു സ്ഥാപനങ്ങളും ഇങ്ങനെ ഭൂഉടമകളുമായി ചർച്ചചെയ്തു ഭൂമി വാങ്ങുന്നുണ്ടെന്ന് അഡീഷനൽ അഡ്വക്കറ്റ് ജനറൽ അറിയിച്ചു. എന്നാൽ, നിയമം പ്രവർത്തനക്ഷമമാകും മുൻപ് താൽക്കാലിക സംവിധാനമെന്ന നിലയ്ക്കാണു വിൽപനക്കരാർ ഉണ്ടാക്കിയതെന്നു ഭൂഉടമകൾ വാദിച്ചു.

അതസമയം മെട്രോയുടെ വരുമാനത്തെ ചൊല്ലിയുള്ള ആശങ്കകൾ്ക്ക് ഇനിയും പൂർണപരിഹാരം ആയിട്ടില്ല. ശരാശരി 9 മുതൽ 10 ലക്ഷം രൂപ വരെയാണ് പ്രതിദിന വരുമാനം. മഹാരാജസ് വരെ മെട്രോ സർവ്വീസ് നീട്ടിയതും യാത്രക്കാർക്ക് ആകർഷകമായ പാക്കേജുകൾ പ്രഖ്യാപിച്ചതുമാണ് നേട്ടം കൈവരിക്കാൻ സഹായകമായത്.

ഉദ്ഘാടന മാസത്തിലാണ് റെക്കോഡ് വരുമാനമുണ്ടായത്. മെട്രോയിൽ യാത്ര ചെയ്തവർ, 46696 പേർ.വരുമാനം 1 കോടി 56 ലക്ഷത്തി ആറായിരത്തി അറനൂറ്റി നാല്പത്തി ഏഴ് രൂപ(1,566647).ആദ്യയാത്രയുടെ കൗതുകം മാറിയതോടെ യാത്രക്കാരുടെ എണ്ണത്തിലും ഇടിവുണ്ടായി. ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ യാത്രക്കാർ നേർ പകുതിൽ താഴെ മാത്രം. 22,640 പേർ. ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ കൊച്ചി മെട്രോയിൽ കയറിയവർ 26,540പേർ.

എന്നാൽ ഒക്ടോബർ 3 ന് മെട്രോ മഹാരാജസ് വരെ സർവ്വീസ് തുടങ്ങിയതോടെ യാത്രക്കാരുടെ എണ്ണം 29,582എത്തി. അതോടെ 7ലക്ഷം മുതൽ 8 ലക്ഷം വരെയായിരുന്ന പ്രതിദിന ശരാശരി വരുമാനം 11,50248 പതിനൊന്ന് ലക്ഷത്തി അമ്പതിനായിരത്തി ഇരുനൂറ്റി നാല്പത്തിയെട്ട് രൂപയായി.

എന്നാൽ മടക്കയാത്ര സൗജന്യമാണ് മികച്ച പ്രതികരണമുണ്ടാക്കിയിരിക്കുന്നത്.നവംബർ 14 മുതൽ 23 വരെയുള്ള 9 ദിവസം കൊണ്ട് മാത്രം യാത്രക്കാരുടെ എണ്ണം നാല്പത്തി അയ്യായിരം കടന്നു.ഉദ്ഘാടനമാസത്തെ യാത്രക്കാരുടെ എണ്ണത്തിന് അടുത്ത്.

പരസ്യ ബോർഡുകളും,അനൗൺസ്മെന്റുകളും വഴി ടിക്കറ്റ് ഇതര വരുമാനവും കണ്ടെത്താനുള്ളശ്രമങ്ങൾ നടക്കുന്നുണ്ട്. വിദ്യാർത്ഥികൾക്കും,സ്ഥിരം യാത്രക്കാർക്കും പ്രത്യേക പാസും കൊണ്ടുവരുന്നതോടെ മെട്രോയിൽ നിന്നുള്ള വരുമാനം ഇനിയും വർധിക്കുമെന്നാണ് കെഎംആർഎല്ലിന്റെ പ്രതീക്ഷ.