കൊച്ചി: കൊച്ചി മെട്രോ പ്രതിദിനം ഏകദേശം 18 ലക്ഷം രൂപയോളം നഷ്ടത്തിലാണ് ഓടുന്നതെന്ന് സമ്മതിച്ച് സംസ്ഥാന സർക്കാരും. ഇതോടെ കെ എസ് ആർ ടി സിയേക്കാൾ വലിയൊരു വെള്ളാനയായി കൊച്ചി മെട്രോ മാറുമെന്ന ആശങ്കയാണ് സജീവമാകുന്നത്. ടിക്കറ്റ് ഇതര വരുമാനം കണ്ടെത്താനുള്ള ശ്രമങ്ങൾ സജീവമാക്കുന്നുണ്ട്. ഇതിലാണ് സർക്കാരിന്റെ പ്രതീക്ഷ. ഇതും പൊളിഞ്ഞാൽ കൊച്ചി മെട്രോ കേരളത്തിന് വലിയൊരു ബാധ്യതയാവുകയും ചെയ്യും. ഈ സാഹചര്യത്തിൽ തിരുവനന്തപുരത്തേയും കോഴിക്കോട്ടേയും ലൈറ്റ് മെട്രോ പ്രോജക്ടിലും സർക്കാർ തീരുമാനം കരുതലോടെ മാത്രമേ എടുക്കൂ.

മെട്രോയുടെ തൂണുകളിലും മീഡയനുകളിലും പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നുള്ള കരാർ നൽകിയത് ഇതര വരുമാന മാർഗ്ഗം കണ്ടെത്താനാണ്. നാഷണൽ ഹൈവേ അഥോറിറ്റിയുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ പരസ്യം പ്രദർശിപ്പിക്കുന്നതിനുള്ള അനുമതി ലഭിക്കാനും നീക്കം തുടങ്ങിയിട്ടുണ്ട്. പ്രോപ്പർട്ടി ഡെവലപ്പ്‌മെന്റിലും സജീവമാകും. ഇതിനായി പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കാക്കനാടുള്ള 17.315 ഏക്കർ ഭൂമി വിട്ടു നൽകുന്നത് സർക്കാർ പരിശോധിക്കുന്നുമുണ്ട്. ഇതിലൊക്കെ മാത്രമായി കൊച്ചി മെട്രോയുടെ സർക്കാരിന്റെ പ്രതീക്ഷകൾ ഒതുങ്ങുകയാണ്. ഈ പദ്ധതികളും പൊളിഞ്ഞാൽ ഖജനാവ് കാലിയാക്കുന്ന പദ്ധതിയായി ഇത് മാറും. കൊച്ചി മെട്രോയുടെ സ്ഥിതി ഇതാണെങ്കിൽ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ സമ്പൂർണ്ണ പരാജയമാകുമെന്ന് തന്നെയാണ് സർക്കാരിന്റെ വിലയിരുത്തൽ.

കൊച്ചി മെട്രോ കേരളത്തിന്റെ സ്വപ്ന സാക്ഷാത്കാരമായിരുന്നു. കൊച്ചിയിലെ നീറുന്ന പ്രശ്നങ്ങൾക്കുള്ള ഒറ്റമൂലിയെന്ന് ഏവരും വിലയിരുത്തി. അപ്പോൾ തന്നെ ചില സംശയങ്ങൾ സജീവമായിരുന്നു. മെട്രോയെന്നാൽ മെട്രോ നഗരത്തിലേത്. എന്നാൽ കൊച്ചി മെട്രോയിലേക്കുള്ള കുതിപ്പിൽ മാത്രമാണ്. അവിടെ എത്താൻ ഇനിയും ബഹുദൂരം വണ്ടി ഓടണം. അതിന് മുമ്പ് കൊച്ചിക്ക് മെട്രോ തീവണ്ടിയുടെ ആവശ്യമുണ്ടോ എന്നതായിരുന്നു ഉയർന്ന ചോദ്യം. വമ്പൻ മുതൽമുടക്കിൽ കടമെടുത്ത് ചെയ്യുന്ന പദ്ധതി കേരളത്തിന് വമ്പൻ പ്രതിസന്ധിയുണ്ടാക്കുമെന്നും വിലയിരുത്തലെത്തി. ഇതൊന്നും ആരും മുഖവിലയ്‌ക്കെടുത്തില്ല. നിക്ഷേപ സൗഹൃദ വ്യവസായ സംസ്ഥാനമാകാൻ കേരളവും മെട്രോ നടപ്പാക്കി. ഇത് വമ്പൻ ബാധ്യതയാകുമ്പോൾ ഇത്തരം ഗതാഗത പരിഷ്‌കാരങ്ങൾ ഇനി വേണമോ എന്ന ചിന്തയിലാണ് സർക്കാർ. കൊച്ചി മെട്രോയുടെ നഷ്ടക്കണക്ക് നിയമസഭയിൽ സർക്കാർ രേഖാമൂലമാണ് അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കോഴിക്കോട് മോണോ റെയിൽ പദ്ധതികൾക്ക് സംസ്ഥാനം വേണ്ടത്ര താൽപ്പര്യം കാട്ടുന്നില്ലെന്ന് മെട്രോ മാൻ ഇ ശ്രീധരൻ പറഞ്ഞിരുന്നു. കൊച്ചി മെട്രോയുടെ നഷ്ടക്കണക്കുകാണ് ഇതിന് കാരണമെന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. മെട്രോയുടെ വരവും ചെലവും തമ്മിൽ പ്രതിദിന അന്തരം 18 ലക്ഷം രൂപയാണെന്നാണ് സർക്കാർ തന്നെ സമ്മതിക്കുന്നത്. മാസം 5.40 കോടി രൂപയുടെ നഷ്ടം. പ്രതിദിന ടിക്കറ്റ് കലക്ഷൻ 12 ലക്ഷം രൂപ മാത്രം. ടിക്കറ്റ് ഇതര വരുമാനം 5.16 ലക്ഷം. മെട്രോയുടെ ഒരു ദിവസത്തെ നടത്തിപ്പു ചെലവ് 35 ലക്ഷത്തിൽ ഏറെയും. അങ്ങനെ കെ എസ് ആർടിസിക്ക് പിന്നാലെ പേരുദോഷം നൽകുകയാണ് മെട്രോയും. മെട്രോ തുടങ്ങിയ ആദ്യ നാളുകളിൽ വലിയ വിജയമായിരുന്നു. വിനോദ സഞ്ചാരികൾ മെട്രോ യാത്രയെ ആഘോഷമാക്കി. വിദേശ-സ്വദേശ സഞ്ചാരികൾ മെട്രോയിൽ കൊച്ചി ചുറ്റിക്കണ്ടു. ഇത് കഴിഞ്ഞതോടെയാണ് നഷ്ടത്തിലേക്കുള്ള യാത്ര കൊച്ചി മെട്രോ തുടങ്ങിയത്.

പ്രതിദിനം 70,000 യാത്രക്കാരെങ്കിലും യാത്ര ചെയ്യാനുണ്ടെങ്കിൽ മാത്രമേ കൊച്ചി മെട്രോയ്ക്കു വരവും ചെലവും ഒത്തുപോകൂ. ഇപ്പോൾ 35000 50000 യാത്രക്കാരാണു പ്രതിദിനം എത്തുന്നത്. ശരാശരി 42000 പേർ. കൊച്ചി വൺ യാത്രാ കാർഡ് കൂടുതലായി ഇറക്കിയും സ്ഥിരം യാത്രക്കാർക്ക് ഇളവുകൾ നൽകിയും യാത്രക്കാരുടെ എണ്ണം കൂട്ടാനാണ് നീക്കം. എന്നാൽ മെട്രോ തൃപ്പൂണിത്തുറവരെ എത്താതെ യാത്രക്കാരുടെ എണ്ണം 70000 എത്തിക്കാനാവില്ല. യാത്രക്കാർ 70000 ആയാൽ പോലും കൊച്ചി മെട്രോയുടെ ഭാവി ശോഭനമല്ല. സർക്കാരിന്റെ അടിയന്തര ഇടപെടൽ ഈ വിഷയത്തിൽ ഉണ്ടായേ മതിയാകൂവെന്നാണ് കൊച്ചി മെട്രോയുടെ നിലപാട്.

ടിക്കറ്റ് വരുമാനത്തിലൂടെ ഇന്ത്യയിൽ ഒരു മെട്രോയും ലാഭത്തിലായിട്ടില്ല. മൂന്നും നാലും വർഷം കഴിഞ്ഞാണ് മറ്റു മെട്രോകൾ പിടിച്ചുനിൽക്കാറായത്. മറ്റു മെട്രോകൾ ടിക്കറ്റ് ഇതര വരുമാനത്തിലൂടെ ലാഭമുണ്ടാക്കുമ്പോൾ അതുകൊച്ചിക്ക് കഴിയുന്നില്ല. കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിൽ മെട്രോ ടൗൺഷിപ് പദ്ധതിയാണ് ഏറെ പ്രതീക്ഷ വച്ച പദ്ധതി. എന്നാൽ ഇതിന് വേണ്ട 17 ഏക്കർ സ്ഥലം കൈമാറാനുള്ള തീരുമാനം സർക്കാർ ഇനിയും എടുക്കുന്നില്ല.

രാജ്യത്തെ ആദ്യ മൾട്ടിമോഡൽ ട്രാൻസ്പോർട്ട് സിസ്റ്റമായ കൊച്ചി മെട്രോ യഥാർഥ്യമാകാൻ ജനം കുറച്ചൊന്നുമല്ല കാത്തിരുന്നത്. മെട്രോ നിർമ്മാണത്തെ തുടർന്ന് കൊച്ചിയിലും സമീപപ്രദേശങ്ങളിലും അനുഭവപ്പെട്ട ട്രാഫിക് കുരുക്ക്, അഴുക്കും പൊടിയുമെല്ലാം കൊണ്ട് നട്ടം തിരിഞ്ഞവരാണ് പ്രതീക്ഷകളുമായി കാത്തിരുന്നത്. മറ്റ് മെട്രോകളിൽ നിന്നെല്ലാം വ്യത്യസ്തമായി സാങ്കേതിക വിദ്യകൊണ്ടും, അതിവേഗം പൂർത്തീകരിച്ച പദ്ധതിയെന്നതുകൊണ്ടും, കുടുംബശ്രീ വനിതകൾക്കും ട്രാൻജെൻഡേഴ്സിനും തൊഴിൽ നല്കിയും മെട്രോ മുന്നേറുമ്പോൾ വലിയ ജനപിന്തുണ തന്നെ കൊച്ചി മെട്രോയ്ക്ക് ലഭിച്ചു.

പ്രാരംഭ ഘട്ടത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസം നേരിട്ടിരുന്നു. പദ്ധതി യാഥാർഥ്യമായാലും കൊച്ചിയിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്നു പല കോണുകളിൽ നിന്നും അഭിപ്രായം സജീവമായി ഉയരുന്നുണ്ട്.