കൊച്ചി: കൊച്ചി മെട്രോയുടെ മുതൽമുടക്ക് വളരെ ഭീമമായ തുകയാണ്. വൻതുക ചെലവിട്ടു നിർമ്മിച്ച മെട്രോയുടെ വരുമാനത്തിൽ തുടക്കത്തിൽ വലിയ കുതിപ്പാണ് ഉണ്ടായത്. എന്നാൽ, പിന്നീട് സ്ഥിതിഗതികൾ മാറി. ആദ്യത്തെ കൗതുകത്തിന് ശേഷം മെട്രോയെ ആശ്രയിക്കുന്നവരുടെ എണ്ണം കുറഞ്ഞു. എങ്കിലും ഉദ്ഘാടനം ചെയ്ത് ഒന്നര വർഷം പിന്നിടുമ്പോൾ നൂറ് കോടി രൂപ കലക്ട് ചെയ്തിരിക്കയാണ് കേരളത്തിലെ ആദ്യത്തെ മെട്രോ. മറ്റ് മെട്രോകളുടെ വരുമാനവുമായി തട്ടിച്ചു നോക്കുമ്പോൾ മികച്ച നേട്ടമാണ് ഇതെന്നാണ് പൊതുവിലയിരുത്തൽ.

സർക്കാർ നിയമസഭയിൽ നൽകിയ കണക്കനുസരിച്ച് കഴിഞ്ഞ നവംബർ വരെ കൊച്ചി മെട്രോ 105.76 കോടി രൂപ വരുമാനമുണ്ടാക്കി. ടിക്കറ്റ് വരുമാനവും ടിക്കറ്റ് ഇതര വരുമാനവും കൂട്ടിയുള്ള കണക്കാണിത്. ഉദ്ഘാടന ദിവസം മുതൽ നവംബർ വരെ 49.85 കോടി രൂപ ടിക്കറ്റിതര വരുമാനമായി ലഭിച്ചു. ടിക്കറ്റിൽ നിന്ന് 55.91 കോടി രൂപ വരുമാനം. മറ്റു മെട്രോകളുമായുള്ള താരതമ്യത്തിൽ ടിക്കറ്റ് ഇതര വരുമാനത്തിൽ കൊച്ചി മെട്രോ മുന്നിലാണ്.

പരസ്യ വരുമാനമാണു ടിക്കറ്റിതര വരുമാനത്തിന്റെ വലിയ ഭാഗവും. മെട്രോ തൂണുകളിലെ പരസ്യം വഴി പ്രതിവർഷം 5.7 കോടി രൂപ മെട്രോയ്ക്കു ലഭിക്കുന്നു. സ്റ്റേഷന് അകത്തും പുറത്തും പരസ്യത്തിനു നൽകിയതിലൂടെ 5.8 കോടി രൂപയും സ്റ്റേഷനുകൾക്കു സ്വകാര്യ സ്ഥാപനങ്ങളുടെ പേരു നൽകിയതു വഴി 11 കോടി രൂപയും ലഭിച്ചു. ഇടപ്പള്ളിയിലും എംജി റോഡിലും വാണിജ്യ സ്ഥാപനങ്ങളിലേക്കു പ്രത്യേക നടപ്പാലം നിർമ്മിച്ചും അധിക വരുമാനം നേടി.

സ്റ്റേഷനുകളിലെ സ്ഥലം വാണിജ്യാവശ്യത്തിനു നൽകുന്നതു വഴിയും വരുമാനം ലഭിക്കുന്നുണ്ട്. നിലവിൽ വിവിധ സ്റ്റേഷനുകളിലായി വിവിധ വ്യാപാര സ്ഥാപനങ്ങളുടെ ഔട്ട്ലെറ്റുകളും ചായ-കോഫി ഷോപ്പുകളും എടിഎം കൗണ്ടറുകളും പ്രവർത്തിക്കുന്നുണ്ട്. സിനിമ, പരസ്യ ചിത്രീകരണം, പാർക്കിങ് ഫീസ് എന്നിവയാണു ടിക്കറ്റിനു പുറമെയുള്ള മറ്റു വരുമാന മാർഗങ്ങൾ. അടുത്ത ജൂണിൽ തൈക്കൂടം വരെ മെട്രോ സർവീസ് ആരംഭിക്കുമ്പോൾ ടിക്കറ്റ് വരുമാനത്തിലും പരസ്യ വരുമാനത്തിലും കാര്യമായ വർധനയുണ്ടാകുമെന്നാണു കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) പ്രതീക്ഷിക്കുന്നത്.

അതേസമയം കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം ദീർഘിപ്പിക്കുന്നതിന്റെ ഭാഗമായി പേട്ട മുതൽ എസ്.എൻ ജങ്ഷൻ വരെയുള്ള ഭാഗത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഈ ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 359 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. 2021 ഡിസംബറിൽ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യം. എസ്.എൻ ജങ്ഷൻ മുതൽ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ വരെയുള്ള ഭാഗത്തിന്റെ വിശദമായ പദ്ധതി റിപ്പോർട്ട് ഭരണാനുമതി നൽകുന്നതിനായി സർക്കാരിന്റെ പരിശോധനയിലാണ്.

ഈ പദ്ധതിക്കായി 356 രൂപയാണ് പദ്ധതി റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുള്ളത്. 2017 ജൂൺ 17നായിരുന്നു കൊച്ചി മെട്രോ സർവീസുകളുടെ ഉദ്ഘാടനം. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കി.മീറ്ററിലായിരുന്നു ഉദ്ഘാടന സർവീസ്. ആലുവ മുതൽ പേട്ട വരെയുള്ള ഒന്നാം ഘട്ട പദ്ധതിയിൽ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള 18 കി.മീ ദൂരത്തിലാണ് നിലവിൽ മെട്രോ സർവീസ് നടത്തുന്നത്. ശേഷിച്ച 7.612 കി.മീറ്ററിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.

മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള ഭാഗം അടുത്ത വർഷം ജൂണിലും പേട്ട വരെയുള്ള ഭാഗം അടുത്ത വർഷാവസാനവും കമ്മീഷൻ ചെയ്യാനാവുമെന്ന് കെഎംആർഎലിന്റെ കണക്കുകൂട്ടൽ. കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള 11.2 കി.മീ നീളത്തിലാണ് 2310 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ടം. കാക്കനാട് സിവിൽലൈൻ റോഡ്, സീപോർട്ട്-എയർപോർട്ട് റോഡ്, ഇൻഫോപാർക്ക് റോഡ് എന്നിവ വഴി കടന്നുപോവുന്ന മെട്രോക്ക് ആകെ 11 സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി രൂപരേഖക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടുണ്ട്. കേന്ദ്രത്തിന്റെ അനുമതിക്ക് വേണ്ടിയാണ് ഇനി കാത്തിരിപ്പ്.

മെട്രോയുടെ വരവും ചെലവും തമ്മിൽ പ്രതിദിന അന്തരം 22 ലക്ഷം രൂപയാണ്. മാസം 6.60 കോടി രൂപയുടെ നഷ്ടം. പ്രതിദിന ടിക്കറ്റ് കലക്ഷൻ 12 ലക്ഷം രൂപ മാത്രം. ടിക്കറ്റ് ഇതര വരുമാനം 5.16 ലക്ഷം. മെട്രോയുടെ ഒരു ദിവസത്തെ നടത്തിപ്പു ചെലവ് 38 ലക്ഷം വരുന്ന അവസ്ഥയുമുണ്ട്. ടിക്കറ്റ് വരുമാനത്തിലൂടെ ഇന്ത്യയിൽ ഒരു മെട്രോയും ലാഭത്തിലായിട്ടില്ലെന്നതു മാത്രമാണു കൊച്ചി മെട്രോയുടെ ആശ്വാസം. മൂന്നും നാലും വർഷം കഴിഞ്ഞാണ് മറ്റു മെട്രോകൾ പിടിച്ചുനിൽക്കാറായത്. എന്നാൽ, മറ്റു മെട്രോകൾ ടിക്കറ്റ് ഇതര വരുമാനത്തിലൂടെ ലാഭമുണ്ടാക്കുമ്പോൾ അത്തരം വരുമാനത്തിനുള്ള കൊച്ചി മെട്രോയുടെ പദ്ധതി സർക്കാർ കെട്ടിപ്പൂട്ടി വച്ചിരിക്കുകയാണ്. കാക്കനാട് എൻജിഒ ക്വാർട്ടേഴ്‌സിൽ മെട്രോ ടൗൺഷിപ് പദ്ധതിക്കായി 17 ഏക്കർ സ്ഥലം കൈമാറാനുള്ള തീരുമാനത്തിലാണു സർക്കാർ ഒന്നര വർഷമായി അടയിരിക്കുന്നത്.

പ്രതിദിനം 70,000 യാത്രക്കാരെങ്കിലും യാത്ര ചെയ്യാനുണ്ടെങ്കിൽ മാത്രമേ കൊച്ചി മെട്രോയ്ക്കു വരവും ചെലവും ഒത്തുപോകൂ. ഇപ്പോൾ 35000 50000 യാത്രക്കാരാണു പ്രതിദിനം എത്തുന്നത്. ശരാശരി 42000 പേർ. കൊച്ചി വൺ യാത്രാ കാർഡ് കൂടുതലായി ഇറക്കിയും സ്ഥിരം യാത്രക്കാർക്ക് ഇളവുകൾ നൽകിയും യാത്രക്കാരുടെ എണ്ണം കൂട്ടാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും മെട്രോ തൃപ്പൂണിത്തുറവരെ എത്താതെ യാത്രക്കാരുടെ എണ്ണം 70000 എത്തിക്കാനാവില്ല. യാത്രക്കാർ 70000 ആയാൽ പോലും നഷ്ടമില്ലാതെ സർവീസ് നടത്താമെന്നേയുള്ളു.

ഭാവി വികസനത്തിനു കൂടുതൽ പണം വേണം. എല്ലാ മെട്രോകൾക്കും ഇത്തരം ഇതര ധനാഗമ മാർഗങ്ങൾ വേണമെന്നു മെട്രോ കരാറിലും പുതിയ മെട്രോ നയത്തിലും നിഷ്‌കർഷിക്കുന്നുണ്ട്. മെട്രോയ്ക്കു ടിക്കറ്റിതര വരുമാനം കണ്ടെത്താൻ കാക്കനാട് എൻജിഒ ക്വാർട്ടേഴ്‌സിൽ 17 ഏക്കർ സ്ഥലം കൈമാറി കഴിഞ്ഞ സർക്കാരിന്റെ കാലത്തു മന്ത്രിസഭാ തീരുമാനമുണ്ടായതാണ്. പുതിയ സർക്കാർ വന്നതോടെ ഭൂമി കൈമാറ്റം വീണ്ടും മന്ത്രിസഭ ചർച്ച ചെയ്യണമെന്നു തീരുമാനമുണ്ടായി. അത് ഇതുവരെ നടന്നില്ല.