- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ട്രെയിനിൽ മൂന്ന് ബോഗികൾ; ഓരോ ബോഗിയിലും ഇരുന്നും നിന്നും 300 പേർക്ക് യാത്ര ചെയ്യാം; യാത്രക്കാർ കയറിയാൽ ഉടൻ വാതിലുകൾ താനെ അടയും; ആനക്കൊമ്പിന്റെ രൂപത്തിൽ ഹെഡ്ലൈറ്റുകളും പച്ച നിറവും: കൊച്ചി മെട്രോ കോച്ചുകൾ പരിചയപ്പെടാം..
ഹൈദരാബാദ്: ലോകോത്തര നിലവാരത്തോടെ കിടപിടിച്ച് കേരളത്തിലൂടെ ഒരു യാത്ര.. കുറച്ചുകാലം മുമ്പ് മലയാളികളുടെ ഒരു സ്വപ്‌നം മാത്രമായിരുന്നു ഇത്. എന്നാൽ, ആ സ്വപ്‌നം കൊച്ചി മെട്രോ റെയിലിലൂടെ യാഥാർത്ഥ്യമാകാൻ ഒരുങ്ങുകയാണ് മലയാളികൾ ഇപ്പോൾ. പൊതുജനങ്ങൾക്ക് ഉപയോഗിക്കുന്ന വിധത്തിലേക്ക് പാകപ്പെടാൻ ഇനിയും ഒരു വർഷത്തോളം എടുക്കുമെങ്കിലും കൊച്ചി മ
ഹൈദരാബാദ്: ലോകോത്തര നിലവാരത്തോടെ കിടപിടിച്ച് കേരളത്തിലൂടെ ഒരു യാത്ര.. കുറച്ചുകാലം മുമ്പ് മലയാളികളുടെ ഒരു സ്വപ്‌നം മാത്രമായിരുന്നു ഇത്. എന്നാൽ, ആ സ്വപ്‌നം കൊച്ചി മെട്രോ റെയിലിലൂടെ യാഥാർത്ഥ്യമാകാൻ ഒരുങ്ങുകയാണ് മലയാളികൾ ഇപ്പോൾ. പൊതുജനങ്ങൾക്ക് ഉപയോഗിക്കുന്ന വിധത്തിലേക്ക് പാകപ്പെടാൻ ഇനിയും ഒരു വർഷത്തോളം എടുക്കുമെങ്കിലും കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടത്തിനായി മെട്രോയുടെ ബോഗികൾ കേരളത്തിലേക്ക് എത്തുകയാണ്. മൂന്ന് മെട്രോബോഗികളുമായി ഹൈദരാബാദിൽ നിന്നും കൊച്ചിയിലേക്ക് ട്രെയ്‌ലർ പുറപ്പെട്ടു കഴിഞ്ഞു. ഇന്നലെ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ നേതൃത്വത്തിൽ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിൽ നിന്നും കേരളം ഏറ്റുവാങ്ങിയത് അത്യാധുനിക സൗകര്യങ്ങളുള്ള മെട്രോ ബോഗികളാണ്.
മൂന്ന് ബോഗികൾ അടങ്ങിയ ട്രെയിനാണ് കേരളത്തിലേക്ക് യാത്രതിരിച്ചത്. ആനക്കൊമ്പിന്റെ രൂപഭംഗിയുള്ള ഹെഡ്‌ലൈറ്റുകളാണ്, ശ്രീസിറ്റിയിലെ അൽസ്റ്റോം പ്ലാന്റിൽ നിന്നു കൊച്ചിയിലേക്കു പുറപ്പെട്ട ആദ്യ മെട്രോ കോച്ചിനുള്ളത്. ഇതാണ് കേരളത്തനിമ നിറഞ്ഞതായി ട്രെയിനിനെ മാറ്റുന്നത്. മെട്രോ കോച്ചും വഹിച്ചുള്ള ആദ്യ ട്രെയ്‌ലർ ശ്രീസിറ്റിയിൽനിന്നു വെങ്കയ്യ നായിഡു ഫ്‌ലാഗ് ഓഫ് ചെയ്തു. എല്ലാ അർഥത്തിലും 'മെയ്ഡ് ഇൻ ഇന്ത്യ' കോച്ചുകളാണു കൊച്ചി മെട്രോയ്ക്കു ലഭിക്കുന്നതെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. 70 ശതമാനവും തദ്ദേശീയമായി ലഭ്യമായ അസംസ്‌കൃത വസ്തുക്കളാണു കൊച്ചി മെട്രോ കോച്ചുകളിൽ ഉപയോഗിക്കുന്നത്. ഏറ്റവും കുറഞ്ഞ നിർമ്മാണച്ചെലവിൽ, ഏറ്റവും മികച്ച സാങ്കേതികവിദ്യയും സൗകര്യങ്ങളുമുള്ളതാണ് ഈ കോച്ചുകൾ. കൊച്ചി മെട്രോയുടെ ജലഗതാഗത പദ്ധതി ജർമൻ ഫണ്ടിങ് ഏജൻസിയായ കെഎഫ്ഡബ്ല്യുവിന്റെ സാമ്പത്തിക സഹായത്തിനായി ധനകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്-വെങ്കയ്യ
8.4 കോടി രൂപ ചെലവിട്ടാണ് കൊച്ചി മെട്രോയുടെ മൂന്ന് ബോഗികൾ നിർമ്മിച്ചിരിക്കുന്നത്. ഓരോ ബോഗിയിലും ഇരുന്നും നിന്നും 300 പേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരക്കുന്നത്. മൂന്ന് ബോഗികളിലായി മൊത്തം 975 പേർക്ക് യാത്ര ചെയ്യാൻ സാധിക്കും. മെട്രോയുടെ ഒരു കോച്ചിന് 22 മീറ്റർ നീളവും 2.5 മീറ്റർ വീതിയും രണ്ടു മീറ്റർ ഉയരവുമാണ് ഉള്ളത്. ട്രെയിനിൽ ഇരിക്കാനുള്ള സൗകര്യം 136 പേർക്ക്. ഓരോ കോച്ചിനും ഒരു വശത്ത് നാലു വാതിലുകൾ. വിശാലമായ ചില്ലു ജനലുകൾ. സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ച കോച്ചുകൾക്ക് 35 വർഷമാണ് ആയുസ്സ് പറയുന്നത്. അറ്റകുറ്റപ്പണികൾ എളുപ്പം, ഉറപ്പു കൂടുതൽ, ശബ്ദം വളരെ കുറവാണ്. ട്രെയിൻ നീങ്ങുന്നത് തന്നെ ആരും അറിയില്ലെന്നതാണ് പ്രത്യേകത.
അതിസുന്ദരമാണ് മെട്രോ ബോഗികൾ എന്നതാണ് മറ്റൊരു പ്രത്യേകത. അഴകു വിടരുന്ന ആനക്കൊമ്പിനു സമാനമായ ഹെഡ്‌ലൈറ്റുകൾ കൊച്ചി മെട്രോ ട്രെയിനിന്റെ മാത്രം പ്രത്യേകത. ഈ എൽഇഡി ഹെഡ്‌ലൈറ്റുകൾ രാത്രിയാത്രയിൽ ട്രെയിനിന്റെ അഴക് കൂട്ടും. നീലയും പച്ചയും കലർന്ന വൈഡൂര്യപ്പച്ച (ടർക്വയിസ്) നിറത്തിലുള്ള മുൻഭാഗത്തുകൊച്ചി മെട്രോയുടെ തിളങ്ങുന്ന ലോഗോയും കൂടിയാകുമ്പോൾ മെട്രോ കേരളത്തിന്റെ സ്വന്തമാകും.
അത്യാധുനിക സാങ്കേതിക വിദ്യയാണ് കൊച്ചി മെട്രോയോക്കായി ഉപയോഗിച്ചിരിക്കുന്നത്. കമ്യൂണിക്കേഷൻസ് ബേസ്ഡ് ട്രെയിൻ കൺട്രോൾ (സിബിടിസി) സംവിധാനത്തിലാണു ട്രെയിനുകളുടെ പ്രവർത്തനം. 90 സെക്കൻഡ് മാത്രം ഇടവേളയിട്ടു ട്രെയിനുകൾ ഓടിക്കാൻ കഴിയും. ഓവർഹെഡ് വൈദ്യുതി കേബിളുകൾക്കു പകരം താഴെ ട്രാക്കിനോടു ചേർന്നുള്ള തേർഡ് റയിൽ ലൈനിലൂടെയാണു വൈദ്യുതി വിതരണം. ബ്രേക്ക് ചെയ്യുമ്പോൾ ഉൽപാദിപ്പിക്കപ്പെടുന്ന അധിക വൈദ്യുതി ഗ്രിഡിലേക്കു തിരിച്ചു നൽകുകയും ചെയ്യും.
യാത്രാക്കാർക്കും ഏറെ എളുപ്പമാണ് മെട്രോ ഉപയോഗിക്കാൻ എന്നതാണ് മറ്റൊരു പ്രത്യേകത. ഓരോ കോച്ചിലും രണ്ട് എസി യൂണിറ്റുകൾ, ഓരോ ട്രെയിനിലും മുൻ, പിൻ ഭാഗങ്ങളിൽ വീൽ ചെയറുകൾക്കായി പ്രത്യേക ഭാഗം. ഭിന്നശേഷിയുള്ളവർക്കായി മടക്കിവയ്ക്കാവുന്ന ടിപ് അപ് സീറ്റുകൾ, ഓരോ കോച്ചിലും ഗർഭിണികൾ ഉൾപ്പെടെ അതീവ പരിഗണന അർഹിക്കുന്നവർക്കായി കുഷ്യനുള്ള നാലു പ്രത്യേക സീറ്റുകൾ. യാത്രക്കാർ കയറിയാൽ ഉടനെ അടയുന്ന ഓട്ടോമാറ്റിക് വാതിലുകളാണ് മെട്രോ കോച്ചിന്റെ പ്രത്യേകത.
കോച്ചിനുള്ളിൽ കയറിയാൽ കണ്ണിന് സുഖം പകരുന്ന നിറങ്ങളാണ് ഉള്ളത്. ടർക്വയിസ്, കുരുത്തോലപ്പച്ച എന്നീ നിറങ്ങളിലുള്ള സീറ്റുകൾ. നീല നിറത്തിലുള്ള സീറ്റുകൾ പൊതു വിഭാഗക്കാർക്കും പച്ച നിറത്തിലുള്ള സീറ്റുകൾ സ്ത്രീകളുൾപ്പെടെ പ്രത്യേക പരിഗണന അർഹിക്കുന്നവർക്കും വേണ്ടിയുള്ളതാണ്. ഓരോ ഭാഗത്തെയും കൈപ്പിടികളും ഇതേ നിറങ്ങളിൽ.
കോച്ചിൽ കൊച്ചി നഗരത്തിന്റെ വിശദമായ മാപ്പുകളും മലയാളം, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിലുള്ള അനൗൺസ്‌മെന്റ്, അറിയിപ്പിനും പരസ്യങ്ങൾക്കുമായി വലിയ എൽസിഡി ഡിസ്‌പ്ലേ, യാത്രക്കാരുടെ സുരക്ഷയ്ക്കായി ഒരു കോച്ചിൽ നാലു സിസിടിവി ക്യാമറകൾ, ഓരോ കോച്ചിന്റെയും പുറം ഭാഗത്തും യാത്രാ ദിശ സംബന്ധിച്ച സൂചനകൾ, അടിയന്തര ഘട്ടങ്ങളിൽ യാത്രക്കാർക്കു ഡ്രൈവറുമായി ആശയവിനിമയം നടത്താൻ വാതിലിനടുത്ത് എമർജൻസി ഇന്റർകോം, അഗ്‌നിബാധ മുന്നറിയിപ്പു സംവിധാനം, മൊബൈൽ, ലാപ്‌ടോപ് ചാർജിങ് യൂണിറ്റ് തുടങ്ങിയ സൗകര്യങ്ങളും ഉണ്ടാകും.
കെ.വി. തോമസ് എംപി, തിരുപ്പതി എംപി വരപ്രസാദ് റാവു വെലഗപള്ളി, എംഎൽഎമാരായ ഹൈബി ഈഡൻ, അൻവർ സാദത്ത്, ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ, കൊച്ചി മെട്രോ റയിൽ ലിമിറ്റഡ് എംഡി ഏലിയാസ് ജോർജ്, പുതുച്ചേരിയിലെ ഫ്രഞ്ച് കോൺസൽ ജനറൽ ഫിലിപ് ജാൻവിയർ കാമിയാമ, ഡിഎംആർസി എംഡി: മംഗുസിങ്, നഗരവികസന മന്ത്രാലയത്തിലെ നഗരഗതാഗത ചുമതലയുള്ള ഒഎസ്ഡി മുകുന്ദ് കുമാർ സിൻഹ, അൽസ്റ്റോം ഡപ്യൂട്ടി സീനിയർ വൈസ് പ്രസിഡന്റ് ഷാൻ ഫ്രാൻസ്വ ബോഡ്‌വാൻ, അൽസ്റ്റോം ഇന്ത്യ എംഡി ഭരത് സൽഹോത്ര തുടങ്ങിയവർ ബോഗി കൈമാറ്റം ചെയ്യുന്ന ചടങ്ങിൽ പങ്കെടുത്തു.
കൊച്ചിയിൽ പരീക്ഷണ ഓട്ടത്തിനുള്ള ആദ്യ ട്രെയിനിന്റെ മൂന്നു കോച്ചുകളാണു പുറപ്പെട്ടത്. ആദ്യ കോച്ച് ഈ മാസം പത്തിനു കൊച്ചിയിലെത്തും. ഗതാഗത കുരുക്കുകൾ ഒഴിവാക്കി രാത്രി മാത്രമാണു യാത്ര. മുട്ടം മെട്രോ യാഡിൽ എത്തിക്കുന്ന കോച്ചുകൾ അവിടെ വച്ചാണു കൂട്ടിയോജിപ്പിക്കുക. മറ്റു പരിശോധനകൾ പൂർത്തിയാക്കി 900 മീറ്റർ നീളമുള്ള ടെസ്റ്റ്ട്രാക്കിലേക്കു മാറ്റും. 23നു പരീക്ഷണ ഓട്ടം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഫ്‌ലാഗ് ഓഫ് ചെയ്യും.
കോച്ചുകൾ ഡിസംബർ പകുതിയോടെ കൊച്ചിയിൽ എത്തിച്ച് ജനുവരിയിൽ പരീക്ഷണ ഓട്ടം തുടങ്ങാനായിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാൽ, ചെന്നൈയിലെ വെള്ളപ്പൊക്കം കോച്ചുകളുടെ കൈമാറ്റം വൈകിപ്പിക്കുകയായിരുന്നു.