ലയാളികളുടെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ അഴിമതിക്ക് അരങ്ങൊരുക്കുന്ന പദ്ധതിയാണോ എന്ന സംശയം പ്രൊജക്ടിന്റെ തുടക്കം മുതൽ തന്നെ ചില കോണുകളിൽ നിന്നും ഉയർന്നു കേട്ടതാണ്. പദ്ധതിയുടെ നിർമ്മാണ പങ്കാളിത്തം ഡിഎംആർസിക്ക് തനിയെ നൽകാതെ സർക്കാർ കൂടി പങ്കാളിയായ കെഎംആർഎൽ എന്ന കമ്പനി രൂപീകരിച്ച് നടപ്പാക്കാൻ തീരുമാനിച്ചപ്പോൾ മുതൽ പിന്നിൽ സാമ്പത്തിക താല്പര്യങ്ങളെ കുറിച്ചും ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ആ സംശയത്തെ ബലപ്പെടുത്തുന്ന വിവരങ്ങളും പുറത്തുവരുന്നു. കൊച്ചി മെട്രോയുടെ കോച്ച് നിർമ്മാണ കരാർ നൽകിയ കമ്പനിയുടെ അഴിമതി നിറഞ്ഞ പശ്ചാത്തലമാണ് വിവാദങ്ങൾക്ക് ഇടയാക്കുന്നത്. അഴിമതിയിൽ മുങ്ങിക്കുളിച്ച് വിവിധ രാഷ്ട്രങ്ങളിൽ അന്വേഷണം നേരിടുന്ന അൽസ്‌റ്റോം കമ്പനിക്കാണ് കൊച്ചി മെട്രോയുടെ കോച്ച് നിർമ്മാണ കരാർ നൽകിയിരിക്കുന്നത്. ഡൽഹി മെട്രോയുടെ കരാർ നേടാൻ പ്രസ്തുത കമ്പനി കോഴ നൽകിയെന്ന് യുകെയിലെ ആന്റി ഫ്രോഡ് യൂണിറ്റ് കണ്ടെത്തുകയും ചെയ്തതോടെ കൊച്ചി മെട്രോ കരാർ അൽസ്‌റ്റോം നേടിയതിന് പിന്നിലും ചില 'കളി'കൾ നടന്നിട്ടുണ്ടാകാം എന്ന സംശയം ബലപ്പെടുകയാണ്.

ഇന്ത്യയിലും പോളണ്ടിലും ടുണീഷ്യയിലുമായി വിവിധ ഗതാഗത കരാറുകൾ നേടാൻ ആൽസ്റ്റോമിന്റെ ബ്രിട്ടീഷ് സബ്‌സിഡിയറി ആറുവർഷ കാലയളവിനുള്ളിൽ 8.5 മില്യൻ ഡോളർ (ഏകദേശം 51.67 കോടി രൂപ) കോഴ നൽകിയതായി ബ്രിട്ടീഷ് സീരിയസ് ഫ്രോഡ് ഓഫീസ് (എസ്എഫ്ഒ) കണ്ടെത്തി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നത്.

കൊച്ചി മെട്രോയ്ക്ക് കോച്ച് നിർമ്മിച്ചു നൽകാനുള്ള കരാറിൽ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തത് അൽസ്റ്റോം ആയിരുന്നു. 633 കോടി രൂപയാണ് അൽസ്റ്റോമിന്റെ ക്വോട്ട്. ടെൻഡറിൽ പങ്കെടുക്കാനുള്ള യോഗ്യതയിൽ പ്രത്യേക ഇളവുകൾ അനുവദിച്ചുകൊണ്ടാണ്, അൽസ്റ്റോമിനെ റീടെൻഡറിൽ പങ്കെടുപ്പിച്ചത്. ആദ്യ ടെൻഡറിൽ ആവശ്യത്തിനു കമ്പനികൾ പങ്കെടുത്തില്ല എന്ന കാരണം പറഞ്ഞുകൊണ്ടാണ്, റീ ടെൻഡറിന് കെഎംആർഎൽ നടപടി സ്വീകരിച്ചത്. കെഎംആർഎലിനും സംസ്ഥാന സർക്കാരിനും താത്പര്യമുള്ള കമ്പനിയെ സഹായിക്കാനാണ് ടെൻഡർ വ്യവസ്ഥ ലഘൂകരിച്ചത് എന്ന് അന്നുതന്നെ ആക്ഷേപം ഉയർന്നിരുന്നു. ഇതോടെ കൊച്ചി മെട്രോയുടെ കരാറിനു പിന്നിലും അഴിമതിപ്പണത്തിന്റെ കൈമാറ്റം ഉൾപ്പെട്ടിട്ടുണ്ടോ എന്ന സംശയം ശക്തമായിരിക്കുകയാണ്. ആദ്യ ടെൻഡർ ഉപേക്ഷിച്ചതു തന്നെ അഴിമതിക്ക് കളമൊരുക്കാനായിരുന്നു എന്നാണ് ആരോപണം.

ആൽസ്റ്റോം നെറ്റ്‌വർക്ക് യുകെ എന്ന സബ്‌സിഡിയറിക്കെതിരെ അഴിമതി, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളിൽ ആറു കുറ്റങ്ങളാണ് ചാർത്തിയിട്ടുള്ളത്. ഡൽഹി മെട്രോയുടെ കരാർ ലഭിക്കാനായും വാഴ്‌സോയിലേയും ടുണീസിലെയും ട്രാം, ഇൻഫ്രാസ്ട്രക്ചർ ഡീലുകൾ ലഭിക്കുന്നതിനായും കമ്പനി കൈക്കൂലി നൽകി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2000 ജൂൺ 1നും 2006 നവംബർ 30നും ഇടയ്ക്കായിരുന്നു, ഇടപാടുകൾ.

ആൽസ്റ്റോമിന്റെ ഫ്രാൻസ് ആസ്ഥാനമായ പേരന്റ് കമ്പനി അതിന്റെ ഊർജ്ജ ബിസിനസിൽ ഭൂരിഭാഗവും 16.9 ബില്യൺ ഡോളറിന് യുഎസ് ബഹുരാഷ്ട്ര കമ്പനിയായ ജനറൽ ഇലക്ട്രിക്കിന് വിൽക്കാനുള്ള ധാരണയായ സമയത്താണ് ഈ വെളിപ്പെടുത്തൽ വന്നിരിക്കുന്നത്. ഈ ഡീൽ നടന്നാൽ ധാരണാപ്രകാരം ഫ്രഞ്ച് സർക്കാരിന് ജിഇയിൽ ഓഹരി പങ്കാളിത്തത്തിന് അവസരമുണ്ടാകുമായിരുന്നു.

കൺസൽട്ടൻസി കരാറുകൾ എന്ന വ്യാജേനയാണ്, അൽസ്റ്റോമിന്റെ യുകെ സബ്‌സിഡിയറി കോഴ കൈമാറിയത് എന്നാണ്, അന്താരാഷ്ട്ര തലത്തിലുള്ള ഈ അഴിമതി ആരോപണത്തെ കുറിച്ച് കഴിഞ്ഞ അഞ്ചുവർഷമായി കുറ്റാന്വേഷണം നടത്തുന്ന എസ്എഫ്ഒ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്.

ഇൻഡോ യൂറോപ്യൻ വെഞ്ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഗ്ലോബൽ കിങ് ടെക്‌നോളജി ലിമിറ്റഡ്, പോളണ്ടിലെ സാഗക്‌സ് എഞ്ചിനീറിങ് ലിമിറ്റഡ്, കാവൻ ബിവി, ടുണീഷ്യയിലെ കൺസ്ട്രക്ഷൻ എറ്റ് ജെസ്റ്റിയോൺ നെവ്‌കോ എന്നീ കമ്പനികളുമായാണ് അൽസ്റ്റോം നെറ്റ്‌വർക്ക് യുകെ കൺസൽട്ടൻസി കരാറുകളിൽ ഏർപ്പെട്ടത്. ഡൽഹി മെട്രോ കരാർ നേടാനായി ഒരു സ്വകാര്യ കമ്പനി രണ്ട് ഇന്ത്യക്കാർക്ക് മൂന്നു മില്യൻ പൗണ്ട് (30 കോടിയിലേറെ രൂപ) നൽകി എന്ന ആരോപണത്തിന്റെ സത്യാവസ്ഥ അന്വേഷിക്കാൻ എസ്എഫ്ഒ, സിബിഐയുടെ സഹായം തേടിയതായി ഫെബ്രുവരിയിൽ വാർത്ത പുറത്തുവന്നിരുന്നു. ഹോങ് കോങ് ആസ്ഥാനമായ ഒരു സ്വകാര്യ കമ്പനിയെ ഡൽഹി മെട്രോയുടെ കൺസൽറ്റന്റായി പ്രവർത്തിക്കാൻ അൽസ്റ്റോം ഏർപ്പാടാക്കി എന്നായിരുന്നു ആരോപണം. ഇതുസംബന്ധിച്ച അന്വേഷണത്തിലാണ്, അൽസ്റ്റോമിന് കരാർ ലഭിക്കാനായി ഈ കമ്പനി മൂന്നു മില്യൻ പൗണ്ട് ഇന്ത്യയിൽ കൈക്കൂലി നൽകിയതായി വെളിവായത്. ഡൽഹി മെട്രോയ്ക്ക് ആവശ്യമായ ട്രെയിൻ കൺട്രോൾ, സിഗ്‌നലിങ് സിസ്റ്റങ്ങൾ അൽസ്റ്റോമാണ് നൽകിയത്.

നടപടി സംബന്ധിച്ച ഓദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്നും അതു ലഭിക്കുന്ന മുറയ്ക്ക് ഡിഎംആർസിയിൽ നിന്ന് നിശ്ചിത കാലയളവിനുള്ളിൽ റിപ്പോർട്ട് ആവശ്യപ്പെടുമെന്നും നഗരവികസന മന്ത്രാലയത്തിന്റെ ഔദ്യോഗികവക്താവ് പ്രതികരിച്ചു.

കുറ്റപത്രത്തിലെ ആരോപണങ്ങൾ കോടതി ശരിവയ്ക്കുന്ന പക്ഷം ആൽസ്റ്റോം നെറ്റ്‌വർക്ക് യുകെയ്ക്ക് വലിയ പിഴയോ യൂറോപ്യൻ യൂണിയനു കീഴിലെ പബ്ലിക് കോൺട്രാക്റ്റുകളിൽ പങ്കെടുക്കുന്നതിൽ നിന്നു വിലക്കോ ലഭിക്കാം. ഒക്ടോബർ 6നാണ് കേസിന്റെ അടുത്ത അവധി.

സ്വിസ് ഫെഡറൽ ബാങ്കിങ് കമ്മിഷന്റെ ഓഡിറ്റർമാർ 2004ൽ അൽസ്റ്റോമിന്റെ ചില സാമ്പത്തിക കൃത്രിമങ്ങൾ സംബന്ധിച്ച രേഖകൾ കണ്ടെത്തിയതുമുതൽ ഇവരുടെ വിവിധ സബ്‌സിഡിയറികൾ പല ലോക രാഷ്ട്രങ്ങളിലും നിരീക്ഷണങ്ങളും അന്വേഷണങ്ങളും നേരിടുകയാണ്. കൈക്കൂലി തടയാൻ ശ്രമിക്കാഞ്ഞതിന്റെ പേരിൽ കോർപ്പറേറ്റ് നിരുത്തരവാദിത്വം ആരോപിച്ച് 41 മില്യൻ ഡോളർ പിഴ അടയ്ക്കാൻ 2011ൽ സ്വിസ് അറ്റോർണി ജനറൽ ആൽസ്റ്റോമിനോട് ആവശ്യപ്പെട്ടിരുന്നു. ബ്രിട്ടീഷ് സാമ്പത്തിക കുറ്റാന്വേഷകർക്ക് തെളിവുകൾ ശേഖരിക്കുന്നതിന് സഹായകമായത് സ്വിസ് ഏജൻസിയുടെ കണ്ടെത്തലുകളായിരുന്നു.

തെറ്റ് ചെയ്തതായും കമ്പനിക്കുവേണ്ടി കൈക്കൂലി നൽകിയതായും അൽസ്റ്റോമിന്റെ കണക്റ്റികട്ടിലുള്ള യുഎസ് സബ്‌സിഡിയറിയിലെ മൂന്ന് എക്‌സിക്യൂട്ടീവുകൾ നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. വിദേശ സർക്കാർ പ്രതിനിധികൾക്ക് കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന് കേസിലാണ്, കഴിഞ്ഞ ജൂലൈ 17ന് യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് മുമ്പാകെ ഇവർ കുറ്റസമ്മതം നടത്തിയത്. ഇന്തോനേഷ്യയിൽ ഒരു ഊർജ്ജക്കരാർ നേടുന്നതിനു വേണ്ടിയായിരുന്നു, ഈ കൈക്കൂലി. ഈ ഇടപാട് മറയ്ക്കാനായി കമ്പനി മനഃപൂർവ്വം രണ്ട് പ്രമുഖ കൺസൽറ്റൻസി കമ്പനികളെ ഇടനില നിർത്തിയതായും അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു. നാലുവർഷം മുമ്പ് കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ, അക്കൗണ്ടിങ് കൃത്രിമം എന്നീ കുറ്റങ്ങൾക്ക് അൽസ്റ്റോമിന്റെ മൂന്ന് യുകെ ബോർഡ് അംഗങ്ങളെ എസ്എഫ്ഒ അറസ്റ്റ് ചെയ്തിരുന്നു. ബ്രസീലിലും അൽസ്റ്റോം അന്വേഷണം നേരിടുന്നുണ്ട്. അഞ്ച് രാഷ്ട്രങ്ങളിൽ എങ്കിലും കൈക്കൂലി നൽകുന്നതിന് 53 മില്യൻ ഡോളർ അൽസ്റ്റോം മുടക്കി എന്നാണ് കേസ്. സാംബിയയിൽ അനധികൃതമായ പണം കൈമാറ്റം നടത്തിയതിനെ തുടർന്ന് 2012ൽ അൽസ്റ്റോമിന്റെ രണ്ടു യൂണിറ്റുകളെ ലോക ബാങ്ക് സാമ്പത്തിക സഹായം നൽകുന്ന പൊതു പദ്ധതികളിൽ നിന്ന് മൂന്നു വർഷത്തേക്ക് വിലക്കിയതായി സാമ്പത്തിക വാർത്താ ഏജൻസിയായ ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തിരുന്നു.

തീവണ്ടികളും ടർബൈനുകളും നിർമ്മിക്കുന്ന ഫ്രഞ്ച് ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനിയാണ് ആൽസ്റ്റോം. കേരളത്തിലെ പ്രമാദമായ പിഎസ്‌പി നവീകരണ കരാറിൽ ലാവലിൻ കമ്പനി ടെൻഡർ ഒഴിവാക്കി ടർബൈൻ അടക്കമുള്ള എക്വിപ്‌മെന്റുകൾ വാങ്ങിയത് ആൽസ്റ്റോമിന്റെ കനേഡിയൻ സബ്‌സിഡിയറിയിൽ നിന്നായിരുന്നു. ജി കാർത്തികേയൻ വൈദ്യുതിമന്ത്രിയായിരുന്നപ്പോഴാണ്, കനേഡിയൻ കമ്പനിയിൽ നിന്ന് ടെൻഡർ കൂടാതെ സാമഗ്രികൾ വാങ്ങാൻ ലാവലിന് പ്രത്യേക അനുമതി നൽകുന്ന വ്യവസ്ഥ കൂടി ഉൾപ്പെടുത്തി ധാരണാപത്രം ഒപ്പിട്ടത്. ഈ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ പിഎസ്‌പി നവീകരണത്തിന് ആവശ്യമായ ഉപകരണങ്ങൾ അൽസ്റ്റോമാണ് സപ്ലൈ ചെയ്തത്.