കൊച്ചി: സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായി വിശേഷിപ്പിക്കപ്പെട്ട ഒന്നാണ് കൊച്ചി മെട്രോ. ഇതിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകിയ ഇ ശ്രീധരൻ എന്ന മെട്രോ മാനെ കേരളം ആവോളം വാഴ്‌ത്തുകയും ചെയ്തു.

ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഉദ്ഘാടനചടങ്ങിൽ പോലും ഏറെ കൈയടി നേടിയതും ഇ ശ്രീധരൻ ആയിരുന്നു. നിശ്ചിത സമയത്തിനുള്ളിൽ പദ്ധതി യാഥാർഥ്യമാക്കാൻ സാധിച്ചെന്നതാണ് കൊച്ചി മെട്രോയുടെ പ്രത്യേകത. ഇതു പൂർത്തീകരിക്കാനായി ആയിരക്കണക്കിനു തൊഴിലാളികളാണ് രാപ്പകൽ ഭേദമില്ലാതെ കഠിനാദ്ധ്വാനം ചെയ്തത്. അതുകൊണ്ടു തന്നെ മെട്രോയ്ക്കു പിന്നിൽ പ്രവർത്തിച്ച തൊഴിലാളികളെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് കെച്ചി മെട്രോ റെയിൽ കോർപറേഷൻ ആദരിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇവർക്ക് ചെയ്ത പണിക്കുള്ള കൂലി പോലും ലഭിച്ചിട്ടില്ലെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ശമ്പളം കിട്ടാത്തതിനെ തുടർന്ന് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മെട്രോ തൊഴിലാളികൾ നടത്തുന്ന പണിമുടക്ക് പത്താം ദിവസവും തുടരുകയാണ്. ഇതേത്തുടർന്ന് കലൂർ മുതൽ മഹാരാജാസ് വരെയും കടവന്ത്ര മുതൽ വൈറ്റില വരെയുമുള്ള മെട്രോ നിർമ്മാണം പൂർണമായും നിലച്ചിരിക്കുകയാണ്. ഈ ഭാഗത്തെ നിർമ്മാണ കരാർ എടുത്തിരിക്കുന്നത് സോമ കൺസ്ട്രക്ഷൻസാണ്. ഈ കരാർ കമ്പനിക്കു കീഴിലുള്ള 242 തൊഴിലാളികളാണ് പണിമുടക്കുന്നത്.

പണിമുടക്കിയ തൊഴിലാളികൾ താമസിക്കുന്ന ഏലൂരിലെ ഫാക്ട് മെട്രോ യാർഡിലേക്ക് സോമ കൺസ്ട്രക്ഷൻസിലെ മാനേജർമാരെ പ്രവേശിപ്പിക്കാതെ ഗേറ്റടച്ചിട്ടിരിക്കുകയാണ്. അതേസമയം പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ഒരു തൊളിലാളി സംഘടന പോലും രംഗത്തെത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. തൊളിലാളി സ്‌നേഹവും വിപ്ലവവും പറയുന്ന പല സംഘടനകളും സമരം കണ്ടില്ലെന്നു നടിക്കുകയാണ്.

തങ്ങൾക്ക് ആറു മാസത്തെ ശമ്പളം കുടിശ്ശിക ഉണ്ടെന്നാണ് തൊഴിലാളികൾ പറഞ്ഞത്. മാസം 13,000 രൂപ മുതൽ 25,000 രൂപ വരെയാണ് ഇവരിൽ പലരുടെയും മാസ ശമ്പളം. ആഹാരം കഴിക്കാനുള്ള പണം പോലുമില്ലാത്ത അവസ്ഥയിലാണ് തൊഴിലാളികളിൽ പലരും. വീട്ടിലേക്ക് പണമയച്ചിട്ട് മാസങ്ങളായെന്നും ഇവർ പറയുന്നു. ആറുമാസമായതിനാൽ ശമ്പള കുടിശ്ശിക കിട്ടിയിട്ടേ ഇനി ജോലിക്ക് കയറുന്നുള്ളൂവെന്നും തൊഴിലാളികൾ പറയുന്നു.

അതേസമയം ജി.എസ്.ടി. വന്നതിനാലാണ് ശമ്പളം വൈകുന്നതെന്ന് സോമ കൺസ്ട്രക്ഷൻസ് മാനേജർ പറയുന്നത്. ഏപ്രിൽ, മെയ്‌, ജൂൺ മാസത്തെ ശമ്പളം മാത്രമാണ് കുടിശ്ശികയുള്ളതെന്നും രണ്ടു മൂന്നു ദിവസത്തിനുള്ളിൽ ഇതുകൊടുക്കുമെന്നും ഇയാൾ പറയുന്നു. ഹൈദരാബാദിൽ നിന്നാണ് ഇവരുടെ ശമ്പളം പാസായി വരേണ്ടതെന്നുമാണ് ഇദ്ദേഹത്തിന്റെ വാദം.

എന്നാൽ ജി.എസ്.ടി. നിലവിൽ വരുന്നതിനു മുമ്പുള്ള മാസങ്ങളിലും ശമ്പളം നൽകിയിട്ടില്ലെന്നാണ് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്. ശമ്പളംനൽകാതെ ജി.എസ്.ടി. പേരുപറഞ്ഞ് പ്രശ്‌നത്തിൽനിന്നും ഒളിച്ചോടാനാണ് കമ്പനി ശ്രമിക്കുന്നതെന്നും തൊഴിലാളികൾ പറയുന്നു.

തൊഴിലാളികൾ പണിമുടക്കിയതോടെ യാർഡിന്റെ പ്രവർത്തനം പൂർണമായും നിലച്ചു. പണിമുടക്കിനെ തുടർന്ന് പ്രധാന ഗേറ്റ് തൊഴിലാളികൾ പൂട്ടി. കഴിഞ്ഞ ആറ് മാസമായി പണിയെടുപ്പിച്ച് അവധികൾ പറഞ്ഞ് ബുദ്ധിമുട്ടിക്കുകയാണെന്ന് തൊഴിലാളികളുടെ ആരോപണം. പ്രദേശത്തെ കടകളിൽനിന്ന് വാങ്ങിയ സാധനങ്ങളുടെ പണം പോലും കൊടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഇവർ പറയുന്നു.

അതേസമയം മെട്രോയുടെ ഉദ്ഘാടന സമയത്ത് നിർമ്മാണത്തിന് രാപകലില്ലാതെ വിയർപ്പൊഴുക്കിയവർക്ക് ആദരം നൽകിയവർ പോലും ഇപ്പോൾ ഇവരുടെ ദുരന്തം കണ്ടില്ലെന്നു നടിക്കുകയാണ്. കൊച്ചിയുടെ മെട്രോ യാഥാർത്ഥ്യമാക്കാൻ വിയർപ്പൊഴുക്കിയതിൽ നല്ല പങ്കും അന്യസംസ്ഥാന തൊഴിലാളികളാണ്. കരാറുകാർ ബംഗാളിൽ നിന്നും ബിഹാറിൽ നിന്നുമെല്ലാമാണ് നിർമ്മാണ തൊഴിലാളികൾ കൊച്ചിയിലേക്കെത്തിച്ചത്. എറണാകുളം ടി.ഡി. റോഡിലെ എസ്.എസ്. വിദ്യാമന്ദിറിൽ സദ്യ ഉൾപ്പെടെ ഒരുക്കിയാണ് തൊഴിലാളികളെ അന്ന് ആദരിച്ചത്.