- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
900 പേർക്കു യാത്രചെയ്യാവുന്ന ഒരു മെട്രോ ട്രെയിനിൽ ഇനി കയറാനാകുക 75 പേർക്ക് മാത്രം; ട്രെയിനുകൾ നാല് മണിക്കൂർ ഇടവിട്ട് അണുവിമുക്തമാക്കും; സ്റ്റേഷനുകളിൽ വാതിലുകൾ തുറന്നിടുക 20 സെക്കൻഡ്; മാറിയ കാലത്തെ മെട്രോ സർവീസ് ഇങ്ങനെ
കൊച്ചി: ഈ മാസം ഏഴിന് കൊച്ചി മെട്രോ ഓടിത്തുടങ്ങുമ്പോൾ പുതിയ സാഹചര്യവും പുതിയ രീതികളും. കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും മെട്രോ സർവീസ് പുനരാരംഭിക്കുക. ഇതിനായി ജീവനക്കാർക്കുള്ള പരിശീലനം ഉൾപ്പെടെ സജീവമായി നടക്കുകയാണ്. ഏഴിനു രാവിലെ 7ന് സർവീസ് തുടങ്ങും. 26 ഡിഗ്രി സെൽഷ്യസ് ആയിരിക്കും കോച്ചിന്റെ അകത്തെ താപനില. ഒന്നിടവിട്ട സീറ്റിലേ യാത്രക്കാരെ അനുവദിക്കൂ. 900 പേർക്കു യാത്രചെയ്യാവുന്ന ഒരു മെട്രോ ട്രെയിനിൽ ലോക്‌ഡൗണിനു ശേഷം സർവീസ് പുനരാരംഭിക്കുമ്പോൾ 75 പേർക്കേ യാത്രചെയ്യാൻ അനുമതിയുള്ളൂ.
7, 8 തീയതികളിൽ ഉച്ചയ്ക്ക് ഒരുമണി മുതൽ രണ്ട് മണി വരെ മെട്രോ ഓടില്ല. ഈ രണ്ടു ദിവസങ്ങളിലും രാത്രി 8നു സർവീസ് അവസാനിപ്പിക്കും. സാധാരണ ദിവസങ്ങളിൽ സർവീസ് രാവിലെ 7 മുതൽ രാത്രി 9 വരെ. ഞായറാഴ്ച സർവീസ് രാവിലെ 8 മുതൽ മാത്രം. അവസാന ട്രെയിൻ ആലുവ, തൈക്കൂടം സ്റ്റേഷനുകളിൽ നിന്നു രാത്രി 9നു പുറപ്പെടും.10 മിനിറ്റ് ഇടവേളയിൽ സർവീസ്. ട്രെയിനിന്റെ വാതിൽ സ്റ്റേഷനുകളിൽ 20 സെക്കൻഡ് തുറന്നിടും. ട്രെയിനിനുള്ളിലെ വായുസഞ്ചാരം മെച്ചപ്പെടുത്താനും ആളുകൾക്കു തിരക്കുണ്ടാക്കാതെ കയറാനും ഇറങ്ങാനും വേണ്ടിയാണിത്. തൈക്കൂടം, ആലുവ സ്റ്റേഷനുകളിൽ ഓരോ യാത്രയ്ക്കു ശേഷവും ട്രെയിനിന്റെ എല്ലാ വാതിലുകളും 5 മിനിറ്റ് തുറന്നിടും.
മാർച്ച് 23 നു സർവീസ് നിർത്തിയശേഷം ഒരു യാത്രക്കാരനെപ്പോലും സ്റ്റേഷന്റെ അകത്തു കയറ്റിയിട്ടില്ല. ഓട്ടം ഇല്ലാത്ത കാലത്തും ട്രെയിനുകൾക്ക് ആഴ്ചയിൽ രണ്ടുവട്ടം അണുനശീകരണം ഉണ്ടായിരുന്നു. സർവീസ് ആരംഭിക്കുമ്പോൾ ട്രെയിനുകൾ 4 മണിക്കൂർ ഇടവിട്ട് അണുവിമുക്തമാക്കും. പ്ലാറ്റ്ഫോം, കൗണ്ടറുകൾ, എഎഫ്സി ഗേറ്റ്, പ്ലാറ്റ്ഫോം കസേരകൾ, എലിവേറ്റർ ബട്ടൺ, എസ്കലേറ്റർ എന്നിവയും 4 മണിക്കൂർ ഇടവിട്ട് അണുനശീകരണം നടത്തും. കൊച്ചി വൺ കാർഡ് കാലാവധി നീട്ടും. യാത്രാ കാർഡിൽ ബാക്കി ഉണ്ടായിരുന്ന പണം നഷ്ടമാകില്ല. മാർച്ച് 23 നു കാർഡിൽ ഉണ്ടായിരുന്ന ബാക്കി തുക ഇനിയുള്ള ദിവസങ്ങളിൽ ഉപയോഗിക്കാം. 84,000 കൊച്ചി വൺ കാർഡുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്.
മാർഗ നിർദ്ദേശങ്ങൾ ഇങ്ങനെ..
കേന്ദ്രസർക്കാരിന്റെ അൺലോക്ക്-4 മാർഗരേഖ പ്രകാരം കർശന നിയന്ത്രണങ്ങളോടെയാകും ഏഴു മുതൽ മെട്രോ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുക. ഒന്നിലധികം ലൈനുകളുള്ള ഡൽഹി മെട്രോയിലും 12ഓടെ മാത്രമെ സർവീസ് പൂർണ തോതിലാകൂ. താപനില നോക്കി രോഗലക്ഷങ്ങളില്ലാത്തവരെ മാത്രമെ ട്രെയിനിൽ പ്രവേശിപ്പിക്കാവൂ എന്നും മാസ്‌ക്കും സമൂഹ്യ അകലവും കർശനമാക്കണമെന്നും മാർഗരേഖയിൽ പറയുന്നു.
- കണ്ടെയ്‌ന്മെന്റ് സോണുകളിൽ ട്രെയിൻ ഓടില്ല. കണ്ടെയ്‌മെന്റ് സോണുകളിലെ സ്‌റ്റേഷനുകളിൽ നിറുത്തില്ല
- സ്‌റ്റേഷൻ കവാടത്തിൽ താപനില പരിശോധിക്കണം. സമൂഹ്യ അകലത്തിന് ട്രെയിനിൽ സ്ഥലം അടയാളപ്പെടുത്തണം
- യാത്രക്കാരെ പരിശോധിക്കുന്ന ഇടങ്ങളിലും മറ്റും ഒരു മീറ്റർ അകലം വിടണം. സ്‌റ്റേഷൻപരിസരത്ത് തിരക്ക് പാടില്ല
- യാത്രക്കാരെ കുറയ്‌ക്കാൻ ചില സ്‌റ്റേഷനുകൾ ഒഴിവാക്കാം. തിരക്ക് നിയന്ത്രിക്കാൻ ട്രെയിനുകൾ തമ്മിലുള്ള ഇടവേള കൂട്ടണം
- ചെറിയ ലഗേജുകൾ മാത്രം അനുവദിക്കും. യാത്രയ്‌ക്ക് സ്‌മാർട്ട് ടിക്കറ്റ് (സ്‌മാർട്ട് കാർഡ്)
മറുനാടന് ഡെസ്ക്